عَنْ عَبْدِ اللهِ بْنِ مَسْعُودٍ رَضيَ اللهُ عنهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ كَانَ يَقُولُ:
«اللهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى، وَالْعَفَافَ وَالْغِنَى».
[صحيح] - [رواه مسلم] - [صحيح مسلم: 2721]
المزيــد ...
അബ്ദുല്ലാഹി ബ്നു മസ്ഊദ് (رَضيَ اللهُ عنهُ) നിവേദനം: നബി ﷺ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:
"അല്ലാഹുവേ! സന്മാർഗവും ധർമ്മനിഷ്ഠയും ജീവിതവിശുദ്ധിയും ധന്യതയും ഞാൻ നിന്നോട് ചോദിക്കുന്നു."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2721]
നബി ﷺ യുടെ പ്രാർത്ഥനകളിൽ പെട്ട ഒരു ദുആയാണ് ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നത്. അവിടുന്ന് അല്ലാഹുവിനോട് സന്മാർഗം ചോദിക്കുമായിരുന്നു; സത്യം ഏതാണെന്ന് അറിയാനും അത് പ്രവർത്തിക്കാനും നേരായ മാർഗത്തിൽ പ്രവേശിക്കാനുമുള്ള സൗഭാഗ്യമാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്. ധർമ്മനിഷ്ഠയും (തഖ്‌വ) അവിടുന്ന് അല്ലാഹുവിനോട് ചോദിക്കുമായിരുന്നു; അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കാനും വിലക്കുകൾ ഉപേക്ഷിക്കാനുമുള്ള സൗഭാഗ്യമാണ് അതിൻ്റെ ഉദ്ദേശ്യം. ജീവിതവിശുദ്ധിയും അവിടുന്ന് ചോദിക്കുമായിരുന്നു; അല്ലാഹു അനുവദിച്ചിട്ടില്ലാത്തതും മാന്യമല്ലാത്തതുമായ വാക്കുകളും പ്രവർത്തികളും ഉപേക്ഷിക്കാനുള്ള ഉതവിയാണ് അതിൻ്റെ ഉദ്ദേശ്യം. ധന്യതയും അവിടുന്ന് അല്ലാഹുവിനോട് ചോദിക്കുമായിരുന്നു; സൃഷ്ടികളോട് ആവശ്യം തേടേണ്ട അവസ്ഥ വരാതെ, അല്ലാഹുവിനോടല്ലാതെ മറ്റാരോടും തേടേണ്ടതില്ലാത്ത സ്ഥിതിയാണ് അതിൻ്റെ ഉദ്ദേശ്യം.