عَنْ أَبِي هُرَيْرَةَ رضي الله عنه عَنِ النَّبِيِّ صلى الله عليه وسلم قَالَ:
«دَعُونِي مَا تَرَكْتُكُمْ، إِنَّمَا هَلَكَ مَنْ كَانَ قَبْلَكُمْ بِسُؤَالِهِمْ وَاخْتِلَافِهِمْ عَلَى أَنْبِيَائِهِمْ، فَإِذَا نَهَيْتُكُمْ عَنْ شَيْءٍ فَاجْتَنِبُوهُ، وَإِذَا أَمَرْتُكُمْ بِأَمْرٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ».
[صحيح] - [متفق عليه] - [صحيح البخاري: 7288]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഞാൻ പറയാതെവിട്ട കാര്യങ്ങൾ നിങ്ങൾ (ചോദിക്കാതെ) വിടുക. നിങ്ങൾക്ക് മുൻപുള്ളവർ നശിച്ചത് അവരുടെ അധികരിച്ച ചോദ്യങ്ങളും തങ്ങളുടെ നബിമാരോടുള്ള അവരുടെ എതിരിടലും കാരണത്താലാണ്. അതിനാൽ ഞാൻ നിങ്ങളോട് വല്ലതും വിലക്കിയാൽ നിങ്ങൾ അത് അകറ്റി നിർത്തുക. ഞാൻ നിങ്ങളോട് ഒരു കാര്യം കൽപ്പിച്ചാൽ -നിങ്ങൾക്ക് സാധ്യമാകുന്നിടത്തോളം- അത് നിങ്ങൾ ചെയ്യുക."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 7288]
ഇസ്‌ലാമിക വിധിവിലക്കുകൾ മൂന്നു വിധത്തിലുണ്ടെന്ന് നബി -ﷺ- അറിയിക്കുന്നു; നിശബ്ദത പാലിക്കപ്പെട്ട കാര്യങ്ങളും, വിലക്കപ്പെട്ട കാര്യങ്ങളും, കൽപ്പിക്കപ്പെട്ട കാര്യങ്ങളും.
ഒന്നാമത്തേത്; ഇസ്‌ലാം നിശബ്ദത പാലിച്ച വിഷയങ്ങളാണ്. പ്രത്യേകിച്ചൊരു വിധി വന്നിട്ടില്ലാത്ത ഇത്തരം കാര്യങ്ങളിൽ, അവയൊന്നും നിർബന്ധമല്ല എന്ന അടിത്തറയിൽ നിലയുറപ്പിച്ചാൽ മതിയാകും. നബി -ﷺ- ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ ഇത്തരം വിഷയങ്ങളെ കുറിച്ച് ചോദിക്കുന്നത് നിർബന്ധമായും ഉപേക്ഷിക്കേണ്ടതായിരുന്നു. കാരണം ചോദിക്കപ്പെട്ട വിഷയം നിർബന്ധമാക്കി കൊണ്ടോ, നിഷിദ്ധമാക്കി കൊണ്ടോ വിധി അവതരിക്കാൻ സാധ്യതയുള്ള കാലമായിരുന്നു അത്. ഇത്തരം കാര്യങ്ങളിൽ പ്രത്യേകം വിധി അവതരിപ്പിക്കാതെ വിട്ടത് അല്ലാഹു അവൻ്റെ ദാസന്മാർക്ക് ചെയ്ത കാരുണ്യമാണ്. എന്നാൽ നബി -ﷺ- യുടെ മരണത്തിന് ശേഷം ഇത്തരം വിഷയങ്ങളുടെ വിധി മനസ്സിലാക്കുന്നതിന് വേണ്ടിയോ അവയെ കുറിച്ച് പഠിച്ചറിയുന്നതിന് വേണ്ടിയോ ചോദിക്കുന്നത് അനുവദനീയമാണ്. അല്ല, ഒരു വേള അവ ചോദിച്ചു പഠിക്കുന്നത് കൽപ്പിക്കപ്പെട്ട കാര്യമാണെന്നു തന്നെ പറയാം.
എന്നാൽ വിഷയങ്ങളിൽ അനാവശ്യമായ കണിശത പുലർത്തുകയും കൃത്രിമത്വം കാണിക്കുകയും ചെയ്തു കൊണ്ടുള്ള ചോദ്യമാണെങ്കിൽ, അത് ഉപേക്ഷിക്കുക തന്നെ വേണം എന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം.
കാരണം ഇത്തരം ചോദ്യങ്ങൾ ബനൂ ഇസ്റാഈലുകാർക്ക് സംഭവിച്ച അതേ അവസ്ഥയിലേക്ക് എത്തിപ്പെടാനാണ് കാരണമാകുക. അവരോട് ഒരു പശുവിനെ അറുക്കാൻ കൽപ്പിക്കപ്പെട്ട ആദ്യവേളയിൽ ഏതെങ്കിലുമൊരു പശുവിനെ അറുത്തിരുന്നെങ്കിൽ അവർ അല്ലാഹുവിൻ്റെ കൽപ്പന അനുസരിച്ചവരാകുമായിരുന്നു. എന്നാൽ അവർ അനാവശ്യമായ കണിശത കാണിക്കുകയും അവർക്ക് കഠിനമായ വിധിവിലക്കുകൾ നൽകപ്പെടുകയും ചെയ്തു.
രണ്ടാമത്തേത്, വിലക്കപ്പെട്ട കാര്യങ്ങളാണ്. അവ ഉപേക്ഷിക്കുന്നതിന് പ്രതിഫലവും പ്രവർത്തിക്കുന്നവന് ശിക്ഷയുമുണ്ടായിരിക്കും. അതിനാൽ വിലക്കപ്പെട്ട കാര്യങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കുക എന്നത് നിർബന്ധമാണ്.
മൂന്നാമത്തേത്, കൽപ്പനകളാണ്. അവ പ്രവർത്തിക്കുന്നവന് പ്രതിഫലമുണ്ടായിരിക്കും; ഉപേക്ഷിക്കുന്നവന് ശിക്ഷയും. കൽപ്പിക്കപ്പെട്ട കാര്യങ്ങൾ സാധ്യമാകുന്നിടത്തോളം പ്രവർത്തിക്കുക എന്നത് നിർബന്ധമാണ്.