+ -

عَنْ مُعَاذِ بْنِ جَبَلٍ رضي الله عنه قَالَ:
كُنْتُ مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي سَفَرٍ، فَأَصْبَحْتُ يَوْمًا قَرِيبًا مِنْهُ وَنَحْنُ نَسِيرُ، فَقُلْتُ: يَا رَسُولَ اللهِ أَخْبِرْنِي بِعَمَلٍ يُدْخِلُنِي الجَنَّةَ وَيُبَاعِدُنِي عَنِ النَّارِ، قَالَ: «لَقَدْ سَأَلْتَنِي عَنْ عَظِيمٍ، وَإِنَّهُ لَيَسِيرٌ عَلَى مَنْ يَسَّرَهُ اللَّهُ عَلَيْهِ، تَعْبُدُ اللَّهَ وَلاَ تُشْرِكْ بِهِ شَيْئًا، وَتُقِيمُ الصَّلاَةَ، وَتُؤْتِي الزَّكَاةَ، وَتَصُومُ رَمَضَانَ، وَتَحُجُّ البَيْتَ» ثُمَّ قَالَ: «أَلاَ أَدُلُّكَ عَلَى أَبْوَابِ الخَيْرِ: الصَّوْمُ جُنَّةٌ، وَالصَّدَقَةُ تُطْفِئُ الخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ، وَصَلاَةُ الرَّجُلِ مِنْ جَوْفِ اللَّيْلِ» قَالَ: ثُمَّ تَلاَ: «{تَتَجَافَى جُنُوبُهُمْ عَنِ الْمَضَاجِعِ}، حَتَّى بَلَغَ {يَعْمَلُونَ}» ثُمَّ قَالَ: «أَلاَ أُخْبِرُكَ بِرَأْسِ الأَمْرِ كُلِّهِ وَعَمُودِهِ، وَذِرْوَةِ سَنَامِهِ؟» قُلْتُ: بَلَى يَا رَسُولَ اللهِ، قَالَ: «رَأْسُ الأَمْرِ الإِسْلاَمُ، وَعَمُودُهُ الصَّلاَةُ، وَذِرْوَةُ سَنَامِهِ الجِهَادُ» ثُمَّ قَالَ: «أَلاَ أُخْبِرُكَ بِمَلاَكِ ذَلِكَ كُلِّهِ؟» قُلْتُ: بَلَى يَا نَبِيَّ اللهِ، فَأَخَذَ بِلِسَانِهِ قَالَ: «كُفَّ عَلَيْكَ هَذَا» فَقُلْتُ: يَا نَبِيَّ اللهِ، وَإِنَّا لَمُؤَاخَذُونَ بِمَا نَتَكَلَّمُ بِهِ؟ فَقَالَ: «ثَكِلَتْكَ أُمُّكَ يَا مُعَاذُ، وَهَلْ يَكُبُّ النَّاسَ فِي النَّارِ عَلَى وُجُوهِهِمْ أَوْ عَلَى مَنَاخِرِهِمْ إِلاَّ حَصَائِدُ أَلْسِنَتِهِمْ».

[صحيح بمجموع طرقه] - [رواه الترمذي وابن ماجه وأحمد] - [سنن الترمذي: 2616]
المزيــد ...

മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹം പറഞ്ഞു:
"അല്ലാഹുവിൻ്റെ റസൂലേ! എന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും നരകത്തിൽ നിന്ന് അകറ്റുകയും ചെയ്യുന്ന ഒരു പ്രവർത്തനം എനിക്ക് അറിയിച്ചു തന്നാലും." നബി -ﷺ- പറഞ്ഞു: "നീ ചോദിച്ചിരിക്കുന്നത് വളരെ വലിയ ഒരു കാര്യം തന്നെയാണ്. എന്നാൽ അല്ലാഹു എളുപ്പമാക്കി നൽകിയവർക്ക് അത് ലളിതവുമാണ്. നീ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക. നിസ്കാരം നിലനിർത്തുക. സകാത്ത് നൽകുക. റമദാൻ മാസം നോമ്പെടുക്കുക. ഹജ്ജ് നിർവ്വഹിക്കുക." ശേഷം നബി -ﷺ- ചോദിച്ചു: "നന്മയുടെ കവാടങ്ങൾ ഞാൻ നിനക്ക് അറിയിച്ചു തരട്ടെയോ?! നോമ്പ് പരിചയാണ്. വെള്ളം അഗ്നിയെ കെടുത്തുന്നത് പോലെ, ദാനധർമ്മം തിന്മകളെ കെടുത്തുന്നതാണ്. രാത്രിയുടെ മധ്യ വേളയിലുള്ള നിസ്കാരവും. ശേഷം അവിടുന്ന് പാരായണം ചെയ്തു: "ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ റബ്ബിനോട് പ്രാർത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങൾ വിട്ട് അവരുടെ പാർശ്വങ്ങൾ അകലുന്നതാണ്. അവർക്ക് നാം നല്കിയതിൽ നിന്ന് അവർ ചെലവഴിക്കുകയും ചെയ്യും. എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവർക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാൾക്കും അറിയാവുന്നതല്ല." ശേഷം നബി -ﷺ- പറഞ്ഞു: "സർവ്വ നന്മയുടെയും ശിരസ്സും സ്തംഭവും അതിൻ്റെ ഉയർച്ചയും ഏതിലെല്ലാമാണെന്ന് ഞാൻ പറഞ്ഞു തരട്ടെയോ?!" ഞാൻ പറഞ്ഞു: "അതെ! അല്ലാഹുവിൻ്റെ റസൂലേ!" നബി -ﷺ- പറഞ്ഞു: "കാര്യങ്ങളുടെ ശിരസ്സ് ഇസ്ലാമാണ്. അതിൻ്റെ സ്തംഭം നിസ്കാരവും, അതിൻ്റെ ഉയർച്ച ജിഹാദുമാണ്." ശേഷം നബി -ﷺ- ചോദിച്ചു: "ഇതെല്ലാം ഉടമപ്പെടുത്തുന്ന കാര്യം എന്താണെന്ന് ഞാൻ നിനക്ക് അറിയിച്ചു തരട്ടെയോ?!" ഞാൻ പറഞ്ഞു: "അറിയിച്ചാലും! അല്ലാഹുവിൻ്റെ റസൂലേ!" അവിടുന്ന് തൻ്റെ നാവ് പിടിച്ചു കൊണ്ടു പറഞ്ഞു: "ഇത് നീ പിടിച്ചു വെക്കുക." ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ ദൂതരേ! നാം സംസാരിക്കുന്നതിൻ്റെ പേരിൽ നമ്മൾ പിടികൂടപ്പെടുമോ?!" അവിടുന്ന് പറഞ്ഞു: "ജനങ്ങൾ നരകത്തിലേക്ക് തങ്ങളുടെ മുഖങ്ങൾ കുത്തിയ നിലയിൽ -അല്ലെങ്കിൽ മൂക്കു കുത്തിയ നിലയിൽ- വീഴുന്നത് അവരുടെ നാവുകൾ കൊയ്തെടുത്തത് കൊണ്ടല്ലാതെ മറ്റെന്താണ്?!"

- - [سنن الترمذي - 2616]

വിശദീകരണം

മുആദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഞാൻ നബി -ﷺ- യോടൊപ്പം ഒരു യാത്രയിലായിരുന്നു. ഒരു ദിവസം യാത്രക്കിടയിൽ ഞാൻ അവിടുത്തോട് ഏറെ സമീപത്തായി തീർന്നു. അപ്പോൾ ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും നരകത്തിൽ നിന്ന് എന്നെ അകറ്റുകയും ചെയ്യുന്ന ഒരു പ്രവൃത്തിയെ കുറിച്ച് എനിക്ക് പറഞ്ഞു തന്നാലും." അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ ചോദിച്ചിരിക്കുന്നത് ഏറെ മഹത്തരമായ ഒരു കാര്യത്തെ കുറിച്ചാണ്; അത് പ്രവർത്തിച്ചു തീർക്കാൻ മനസ്സ് ലഭിക്കുക എന്നത് പ്രയാസകരം തന്നെ. എന്നാൽ അല്ലാഹു എളുപ്പമാക്കി നൽകിയവർക്ക് അത് വളരെ ലളിതമായ കാര്യവുമാണ്. ഇസ്‌ലാമിലെ ഈ നിർബന്ധ ബാധ്യതകൾ നീ നിറവേറ്റുക.
ഒന്ന്: നീ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണ്.
രണ്ട്: അഞ്ചു നേരത്തെ നിർബന്ധമായ നിസ്കാരങ്ങൾ -സുബ്ഹ്, ദ്വുഹ്ർ, അസ്വർ, മഗ്‌രിബ്, ഇശാഅ് എന്നിവ- അവയുടെ നിബന്ധനകളും സ്തംഭങ്ങളും നിർബന്ധ ഘടകങ്ങളും പാലിച്ചു കൊണ്ട് നിർവ്വഹിക്കുക എന്നതാണ്.
മൂന്ന്: നിർബന്ധ ദാനമായ സകാത്ത് നൽകലാണ്. നിശ്ചിത അളവെത്തിയ നിർണ്ണിത സമ്പത്തിൽ നിന്ന് നിർബന്ധമായും നൽകേണ്ട ദാനമാണ് സകാത്ത്. അതിനർഹതയുള്ള അവകാശികൾക്കാണ് ആ വിഹിതം നൽകേണ്ടത്.
നാല്: റമദാനിൽ നോമ്പെടുക്കലാണ്. അല്ലാഹുവിനുള്ള ഇബാദത്താണെന്ന ഉദ്ദേശ്യത്തോടെ ഭക്ഷണപാനീയങ്ങളും മറ്റും ഉപേക്ഷിച്ചു കൊണ്ട്, പുലരി മുതൽ സൂര്യാസ്തമയം വരെ കഴിച്ചു കൂട്ടുക എന്നതാണ് ഇസ്‌ലാമിലെ നോമ്പ്.
അഞ്ച്: ഹജ്ജ് നിർവഹിക്കുക. അതായത് ഹജ്ജിന്റെ കർമ്മങ്ങൾ പൂർത്തിയാക്കുക എന്ന ഉദ്ദേശ്യത്തോടെയും അല്ലാഹുവിനുള്ള ആരാധനയുടെ ഭാഗമായും മക്കയിലെ കഅ്ബയിലേക്ക് യാത്ര ചെയ്യുക.
ശേഷം നബി -ﷺ- പറഞ്ഞു: നന്മയുടെ വാതിലുകളിലേക്ക് നിന്നെ എത്തിക്കുന്ന ഒരു വഴിയെ കുറിച്ച് ഞാൻ നിന്നെ അറിയിക്കട്ടെയോ?! ഇതുവരെ പറഞ്ഞ നിർബന്ധ കർമ്മങ്ങൾക്കൊപ്പം ഐഛികമായ (സുന്നത്തായ) കർമ്മങ്ങൾ കൂടെ നീ നിർവ്വഹിക്കുക എന്നതാണത്.
ഒന്നാമത്തേത്; സുന്നത്തായ നോമ്പുകളാണ്. തിന്മകളിൽ വീണു പോകുന്നതിൽ നിന്ന് തടഞ്ഞു നിർത്തുന്ന നന്മയാണത്. ലൈംഗികതൃഷ്ണ കുറക്കുന്നതിലും ശക്തി കുറക്കുന്നതിലും നോമ്പിന് പങ്കുണ്ട്.
രണ്ട്; സുന്നത്തായ ദാനധർമ്മങ്ങളാണ്. സംഭവിച്ചു പോയ തിന്മകളെ അണക്കാനും ഇല്ലാതെയാക്കാനും അതിൻ്റെ അനന്തര ഫലങ്ങളെ മായ്ച്ചു കളയാനും ദാനധർമ്മങ്ങൾ കൊണ്ട് സാധിക്കും.
മൂന്ന്; രാത്രിയുടെ അവസാന മൂന്ന് യാമങ്ങളിൽ അവസാനത്തെതില്‍ തഹജ്ജുദ് നിസ്കരിക്കുക എന്നതാണ്. ശേഷം നബി -ﷺ- സൂറ സജ്ദയിലെ വചനം പാരായണം ചെയ്തു: "ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാർത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങൾ വിട്ട് അവരുടെ പാർശ്വങ്ങൾ അകലുന്നതാണ്. അവർക്ക് നാം നല്കിയതിൽ നിന്ന് അവർ ചെലവഴിക്കുകയും ചെയ്യും. എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവർക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാൾക്കും അറിയാവുന്നതല്ല." അവർ തങ്ങളുടെ റബ്ബിനോട് പ്രാർത്ഥിക്കും എന്ന് പറഞ്ഞതിൽ നിസ്കാരവും ദിക്റുകളും ഖുർആൻ പാരായണവും പ്രാർത്ഥനകളുമെല്ലാം ഉൾപ്പെടുന്നതാണ്. അന്ത്യനാളിൽ സ്വർഗത്തിൽ അവർക്ക് കൺകുളിർമയേകുന്ന അനുഗ്രഹങ്ങൾ ഒരുക്കി വെക്കപ്പെട്ടിരിക്കുന്നു.
ശേഷം നബി -ﷺ- മുആദിനോട് ചോദിച്ചു: "ദീനിൻ്റെ അടിത്തറ ഏതെന്നും, അത് നിലകൊള്ളുന്ന സ്തംഭം ഏതാണെന്നും, അതിൻ്റെ ഉന്നതശിഖ ഏതാണെന്നും ഞാൻ നിനക്ക് വിവരിച്ചു തരട്ടെയോ?!"
"അതെ! (പറഞ്ഞു തന്നാലും) അല്ലാഹുവിൻ്റെ റസൂലേ!" എന്നായിരുന്നു മുആദിൻ്റെ മറുപടി.
നബി -ﷺ- പറഞ്ഞു: "കാര്യങ്ങളുടെ അടിത്തറയും ശിരസ്സുമെന്നു പറയാവുന്നത് രണ്ട് സാക്ഷ്യവചനങ്ങൾ അടങ്ങുന്ന ഇസ്‌ലാമാണ്. ആ രണ്ട് ശഹാദത്തുകളിലൂടെ ഒരാളുടെ പക്കൽ ഇസ്‌ലാമിൻ്റെ അടിത്തറ രൂപപ്പെട്ടു കഴിഞ്ഞു." അതിൻ്റെ സ്തംഭം എന്നു പറയുന്നത് നിസ്കാരമാണ്. തൂണുകളില്ലാതെ വീടുകൾക്ക് നിലനിൽക്കാൻ കഴിയില്ലെന്ന പോലെ, നിസ്കാരമില്ലാതെ ഇസ്‌ലാം ഒരാളിൽ നിലകൊള്ളുകയില്ല. അതിനാൽ ഒരാൾ നിസ്കരിച്ചാൽ അവൻ്റെ ദീൻ ശക്തമാവുകയും ഉന്നതമാവുകയും ചെയ്യും. അതിൻ്റെ ഉന്നതശിഖ എന്നു പറയാവുന്നത് -ഇസ്‌ലാമിൻ്റെ ഉന്നതിയും ഉയർച്ചയുമുണ്ടാകുന്നത്- അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദിലൂടെയാണ്. അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിന് വേണ്ടി, ഇസ്‌ലാമിൻ്റെ ശത്രുക്കൾക്കെതിരെ പോരാടിക്കൊണ്ടാണ് അത് നിർവ്വഹിക്കേണ്ടത്.
ശേഷം നബി -ﷺ- പറഞ്ഞു: "ഈ പറഞ്ഞതെല്ലാം നേരാവണ്ണം നിലനിർത്താനും കൃത്യത വരുത്താനുമുള്ള കാര്യം എന്താണെന്ന് ഞാൻ നിനക്ക് പറഞ്ഞു തരട്ടെയോ?!" തൻ്റെ നാവ് പിടിച്ചു കൊണ്ട് അവിടുന്ന് പറഞ്ഞു: "ഇതിനെ നീ തടഞ്ഞു വെക്കുക! നിനക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കാതെ നിൻ്റെ നാവിനെ പിടിച്ചു വെക്കുക!" മുആദ് -رَضِيَ اللَّهُ عَنْهُ- ചോദിച്ചു: "നാം സംസാരിക്കുന്ന എല്ലാ കാര്യത്തിലും നമ്മുടെ റബ്ബ് നമ്മെ വിചാരണ ചെയ്യുകയും പിടികൂടുകയും ശിക്ഷിക്കുകയും ചെയ്യുന്നതാണോ?!"
അപ്പോൾ നബി -ﷺ- പറഞ്ഞു: "നിൻ്റെ ഉമ്മയെ നിനക്ക് നഷ്ടമാകട്ടെ!" ഒരാൾ ഇന്നകാര്യം അറിയേണ്ടതായിരുന്നു എന്നോ ശ്രദ്ധിക്കേണ്ടതായിരുന്നു എന്നോ സൂചിപ്പിക്കുന്നതിനും ഉണർത്തുന്നതിനും വേണ്ടി അറബികൾ പ്രയോഗിക്കാറുള്ള, പദാനുപദ അർത്ഥം ഉദ്ദേശ്യമില്ലാത്ത ഒരു വാചകം മാത്രമാണിത്. ശേഷം നബി -ﷺ- പറഞ്ഞു: "ജനങ്ങളെ അവരുടെ മുഖം കുത്തി വീഴ്ത്തുകയും നരകത്തിൽ ആപതിപ്പിക്കുകയും ചെയ്യുന്നത് അവരുടെ നാവുകൾ കൊണ്ട് അവർ കൊയ്തെടുത്ത പ്രവർത്തികളല്ലാതെ മറ്റെന്താണ്?! അല്ലാഹുവിനെയും റസൂലിനെയും നിഷേധിക്കുന്ന കുഫ്റും, പതിവ്രതകളെ മോശം പറയുക എന്നതും, ചീത്ത വാക്കുകൾ പറയുക എന്നതും, പരദൂഷണവും ഏഷണിയും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുക എന്നതുമെല്ലാം നാവ് കൊണ്ടാണല്ലോ അവർ ചെയ്തു കൂട്ടുന്നത് എന്നർത്ഥം.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് കുർദിഷ് ഹൗസാ സ്വാഹിലി തായ്ലാൻഡിയൻ ജെർമൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية Kargaria النيبالية الرومانية Malagasy Oromianina
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ദീനിൻ്റെ അറിവ് സമ്പാദിക്കുന്നതിൽ സ്വഹാബികൾക്ക് ഉണ്ടായിരുന്ന അതീവതാൽപ്പര്യം. അതു കൊണ്ടാണ് നബി -ﷺ- യോട് അവർ വൈജ്ഞാനിക വിഷയങ്ങൾ ചോദിച്ചറിയാൻ ധാരാളമായി ശ്രമിച്ചിരുന്നത്.
  2. പ്രവർത്തനങ്ങൾ സ്വർഗത്തിൽ പ്രവേശിക്കാനുള്ള കാരണമാണെന്ന് സ്വഹാബികൾ മനസ്സിലാക്കിയിരുന്നു എന്നതിൽ നിന്ന് അവർക്ക് ദീനിലുണ്ടായിരുന്ന അവഗാഹം മനസ്സിലാക്കാം.
  3. മുആദ് -رَضِيَ اللَّهُ عَنْهُ- ചോദിച്ച കാര്യം വളരെ ഗൗരവപ്പെട്ട ഒരു ചോദ്യമായിരുന്നു. കാരണം, ജീവിതത്തിൻ്റെയും മനുഷ്യ സൃഷ്ടിപ്പിൻ്റെയും പിറകിലെ യഥാർത്ഥ ലക്ഷ്യമാണതിലുള്ളത്. മനുഷ്യരിലും ജിന്നുകളിലും പെട്ട സർവ്വരുടെയും പര്യവസാനം ഒന്നുകിൽ സ്വർഗത്തിലോ, അതല്ലെങ്കിൽ നരകത്തിലോ ആണ്. അതിനെ കുറിച്ചാണ് ചോദ്യമെന്നതിനാൽ ആ ചോദ്യത്തിൻ്റെ ഗൗരവം അപാരമാണ്.
  4. ഇസ്‌ലാമിലെ അഞ്ചു സ്തംഭങ്ങൾ പ്രവർത്തിക്കുന്നവർക്ക് സ്വർഗം ലഭിക്കുമെന്ന ഓർമ്മപ്പെടുത്തൽ. തൗഹീദ് (അല്ലാഹുവിൻ്റെ ഏകത്വം അംഗീകരിക്കൽ), നിസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവയാണവ.
  5. ദീനിൻ്റെ ഏറ്റവും പ്രധാനപ്പെട്ടതും ഗൗരവപ്പെട്ടതുമായ കാര്യം അല്ലാഹുവിനെ ഏകനാക്കുക എന്ന തൗഹിദാണ്. അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണ് അതിൻ്റെ ഉദ്ദേശ്യം.
  6. അല്ലാഹു അവൻ്റെ ദാസന്മാർക്ക് ചെയ്ത കാരുണ്യത്തിൻ്റെ വിശാലത. നന്മയുടെ വാതിലുകൾ അവൻ അവർക്കായി തുറന്നു വെച്ചിരിക്കുന്നു. പ്രതിഫലത്തിൻ്റെയും പാപമോചനത്തിൻ്റെയും മാർഗത്തിൽ സാധ്യമാകുന്നത്ര അവർക്ക് മുന്നോട്ടു പോകാൻ സാധിക്കുന്നതിന് വേണ്ടിയത്രെ അത്.
  7. നിർബന്ധ കർമ്മങ്ങൾ പ്രവർത്തിക്കുന്നതിനോടനുബന്ധിച്ച് സുന്നത്തുകൾ പ്രവർത്തിക്കുന്നതിനുള്ള ശ്രേഷ്ഠത.
  8. കൂടാരങ്ങൾ തൂണുകൾക്ക് മുകളിലാണ് നിലയുറപ്പിക്കുക. ഇതു പോലെയാണ് ഇസ്‌ലാമിൽ നിസ്കാരത്തിനുള്ള സ്ഥാനം. തൂണുകൾ തകർന്നു വീണാൽ കൂടാരം തകരുന്നതു പോലെ, നിസ്കാരം നഷ്ടപ്പെട്ടാൽ അതോടെ ഇസ്‌ലാം ഇല്ലാതെയാകും.
  9. തൻ്റെ ദീനിൽ ഉപദ്രവമുണ്ടാക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും നാവിനെ സംരക്ഷിക്കുക എന്നത് നിർബന്ധമാണ്.
  10. നാവ് പിടിച്ചു വെക്കുകയും, അതിനെ നിയന്ത്രിക്കുകയും ചെയ്യുക എന്നത് എല്ലാ നന്മകളുടെയും അടിസ്ഥാനമാണ്.
കൂടുതൽ