عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«قَالَ اللَّهُ: كُلُّ عَمَلِ ابْنِ آدَمَ لَهُ، إِلَّا الصِّيَامَ، فَإِنَّهُ لِي وَأَنَا أَجْزِي بِهِ، وَالصِّيَامُ جُنَّةٌ، وَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ فَلاَ يَرْفُثْ وَلاَ يَصْخَبْ، فَإِنْ سَابَّهُ أَحَدٌ أَوْ قَاتَلَهُ، فَلْيَقُلْ إِنِّي امْرُؤٌ صَائِمٌ، وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ، لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ المِسْكِ، لِلصَّائِمِ فَرْحَتَانِ يَفْرَحُهُمَا: إِذَا أَفْطَرَ فَرِحَ، وَإِذَا لَقِيَ رَبَّهُ فَرِحَ بِصَوْمِهِ».
[صحيح] - [متفق عليه] - [صحيح البخاري: 1904]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"അല്ലാഹു പറഞ്ഞിരിക്കുന്നു: 'ആദമിൻ്റെ സന്തതികളുടെ എല്ലാ പ്രവർത്തനങ്ങളും അവനുള്ളതാണ്; നോമ്പൊഴികെ. തീർച്ചയായും അതെനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നൽകുക. നോമ്പ് ഒരു പരിചയാകുന്നു. നിങ്ങളിലൊരാളുടെ നോമ്പിൻ്റെ ദിവസമായാൽ അവൻ മ്ലേഛത പ്രവർത്തിക്കുകയോ അട്ടഹസിക്കുകയോ ചെയ്യരുത്. അവനെ ആരെങ്കിലും ആക്ഷേപിക്കുകയോ അവനോട് ആരെങ്കിലും വഴക്കുണ്ടാക്കുകയോ ചെയ്താൽ അവൻ പറയട്ടെ: ഞാൻ നോമ്പുകാരനാണ്. മുഹമ്മദിൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നോമ്പുകാരൻ്റെ വായയുടെ മണം അല്ലാഹുവിങ്കൽ കസ്തൂരിയേക്കാൾ സുഗന്ധപൂരിതമാണ്. നോമ്പുകാരന് രണ്ട് ആഹ്ളാദങ്ങളുണ്ട്. അവൻ നോമ്പ് തുറന്നാൽ നോമ്പു തുറക്കാൻ കഴിഞ്ഞതിൽ അവൻ സന്തോഷിക്കുന്നു. അവൻ തൻ്റെ റബ്ബിനെ കണ്ടുമുട്ടിയാൽ തൻ്റെ നോമ്പ് കൊണ്ട് അവൻ വീണ്ടും സന്തോഷിക്കും."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1904]
ഖുദ്സിയായ ഈ ഹദീഥിൽ അല്ലാഹു പറഞ്ഞതായി നബി -ﷺ- അറിയിക്കുന്നു:
ആദം സന്തതികളുടെ എല്ലാ സൽകർമ്മങ്ങളും പത്തിരട്ടി മുതൽ എഴുന്നൂറ് ഇരട്ടി വരെയായി വർദ്ധിക്കപ്പെടും; നോമ്പ് ഒഴികെ. അത് എനിക്കുള്ളതാണ്; കാരണം അതിൽ ലോകമാന്യം കടന്നുകൂടുകയില്ല. അതിനാൽ അതിനുള്ള പ്രതിഫലം ഞാനാണ് നൽകുക; അതിൻ്റെ തോതോ അത് എത്ര ഇരട്ടിയായി നൽകപ്പെടുമെന്നതോ എനിക്കല്ലാതെ മറ്റൊരാൾക്കും അറിയില്ല.
നോമ്പ് ഒരു പരിചയാണ്: നരകത്തിൽ നിന്ന് കാവലേകുന്ന മറയും കോട്ടയുമാണത്. ദേഹേഛകളിൽ നിന്നും തിന്മകളിൽ വീണുപോകുന്നതിൽ നിന്നും സ്വന്തത്തെ പിടിച്ചു നിർത്തുകയാണല്ലോ നോമ്പുകാരൻ ചെയ്യുന്നത്; നരകമാകട്ടെ ദേഹേഛകൾ കൊണ്ട് പൊതിയപ്പെട്ട നിലയിലാണ് താനും.
നിങ്ങൾ നോമ്പിൻ്റെ ദിവസത്തിലാണെങ്കിൽ അവൻ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു കൊണ്ടോ, അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഴുകിക്കൊണ്ടോ, മോശമായ എന്തെങ്കിലും വാക്കുകൾ പറഞ്ഞു കൊണ്ടോ മ്ലേഛത പ്രവർത്തിക്കരുത്.
തർക്കങ്ങളിലും അട്ടഹാസങ്ങളിലും ഏർപ്പെട്ടു കൊണ്ട് (അവൻ നോമ്പിൻ്റെ നന്മ നഷ്ടപ്പെടുത്തുകയുമരുത്.)
റമദാൻ മാസത്തിൽ ആരെങ്കിലും അവനെ ആക്ഷേപിക്കുകയോ അവനുമായി ശണ്ഠ കൂടാൻ വരുകയോ ചെയ്തെന്നിരിക്കട്ടെ; എന്നാൽ 'ഞാൻ നോമ്പുകാരനാണ്' എന്ന് അവൻ പറയട്ടെ. ചിലപ്പോൾ അവനുമായി ശണ്ഠക്ക് വരുന്നവൻ അതിൽ നിന്ന് പിന്മാറിയേക്കാം. എന്നിട്ടും അയാൾ പിന്മാറുന്നില്ലെങ്കിൽ ഏറ്റവും അനുയോജ്യമായതും ലഘുവായതുമായ വഴിയിലൂടെ അവൻ്റെ അതിക്രമത്തെ അയാൾ തടുക്കാൻ ശ്രമിക്കട്ടെ.
ശേഷം നബി -ﷺ- തൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനെ (അല്ലാഹുവിനെ) കൊണ്ട്
സത്യം ചെയ്തു പറയുന്നു: നോമ്പുകാരൻ്റെ നോമ്പ് കാരണത്താൽ അവൻ്റെ വായിലുണ്ടാകുന്ന ദുർഗന്ധം നിങ്ങളുടെ അടുക്കൽ കസ്തൂരിക്കുള്ളതിനേക്കാൾ നല്ല ഗന്ധമായാണ് അല്ലാഹുവിങ്കൽ ഗണിക്കപ്പെടുക. ജുമുഅകളിലും വിജ്ഞാന സദസ്സുകളിലും ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കപ്പെട്ട ഈ സുഗന്ധത്തേക്കാൾ പുണ്യവും പ്രതിഫലവും നോമ്പുകാരൻ്റെ വായുടെ ഗന്ധം മൂലം അവന് ലഭിക്കുന്നതാണ്.
നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ടായിരിക്കും;
അവൻ നോമ്പ് തുറന്നാൽ തൻ്റെ വിശപ്പും ദാഹവും മാറിയതിലും, നോമ്പ് തുറക്കാൻ തനിക്ക് അനുവാദം നൽകപ്പെട്ടതിലും സന്തോഷമുള്ളവനായിരിക്കും. തൻ്റെ നോമ്പ് പൂർത്തീകരിക്കാൻ കഴിഞ്ഞതിലും ഇബാദത്ത് പൂർണ്ണമാക്കാൻ സാധിച്ചതിലും, അല്ലാഹു നൽകിയ ഇളവിലും, ഇനിയും തനിക്ക് നോമ്പ് നോൽക്കാൻ അല്ലാഹു തൗഫീഖ് ചെയ്യുമെന്നതിലും അവൻ സന്തോഷവാനായിരിക്കും.
അതോടൊപ്പം അല്ലാഹുവിനെ (സ്വർഗത്തിൽ)
കണ്ടു മുട്ടുമ്പോൾ തനിക്ക് ലഭിക്കുന്ന പ്രതിഫലത്തിലും അവൻ സന്തോഷിക്കുന്നതാണ്.