+ -

عَنْ أَنَسِ بْنِ مَالِكٍ رَضيَ اللهُ عنه قَالَ:
بَيْنَمَا نَحْنُ فِي الْمَسْجِدِ مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذْ جَاءَ أَعْرَابِيٌّ، فَقَامَ يَبُولُ فِي الْمَسْجِدِ، فَقَالَ أَصْحَابُ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: مَهْ مَهْ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «لَا تُزْرِمُوهُ، دَعُوهُ» فَتَرَكُوهُ حَتَّى بَالَ، ثُمَّ إِنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ دَعَاهُ فَقَالَ لَهُ: «إِنَّ هَذِهِ الْمَسَاجِدَ لَا تَصْلُحُ لِشَيْءٍ مِنْ هَذَا الْبَوْلِ، وَلَا الْقَذَرِ إِنَّمَا هِيَ لِذِكْرِ اللهِ عَزَّ وَجَلَّ، وَالصَّلَاةِ وَقِرَاءَةِ الْقُرْآنِ» أَوْ كَمَا قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: فَأَمَرَ رَجُلًا مِنَ الْقَوْمِ فَجَاءَ بِدَلْوٍ مِنْ مَاءٍ فَشَنَّهُ عَلَيْهِ.

[صحيح] - [متفق عليه] - [صحيح مسلم: 285]
المزيــد ...

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഒരിക്കൽ ഞങ്ങൾ നബി -ﷺ- യോടൊപ്പം മസ്ജിദിലായിരിക്കെ ഗ്രാമീണ അറബികളിൽ പെട്ട ഒരാൾ അവിടേക്ക് കയറിവരികയും, മസ്ജിദിൽ നിന്നു കൊണ്ട് മൂത്രമൊഴിക്കാൻ ആരംഭിക്കുകയും ചെയ്തു! അപ്പോൾ നബി -ﷺ- യുടെ സ്വഹാബികൾ പറഞ്ഞു: "നിർത്തൂ! നിർത്തൂ!" അപ്പോൾ നബി -ﷺ- പറഞ്ഞു: "അയാളെ തടയേണ്ട! അയാളെ വിട്ടേക്കുക." അങ്ങനെ അവർ അയാളെ വിടുകയും, അയാൾ മൂത്രം ഒഴിച്ചു തീരുകയും ചെയ്തു. പിന്നീട് നബി -ﷺ- അയാളെ വിളിച്ച് അവനോട് പറഞ്ഞു: "തീർച്ചയായും ഈ മസ്ജിദുകൾ ഈ മൂത്രത്തിനോ മറ്റ് അഴുക്കുകൾക്കോ യോജിച്ചതല്ല. അവ അല്ലാഹുവിനെ സ്മരിക്കുന്നതിനും നിസ്കരിക്കുന്നതിനും ഖുർആൻ പാരായണം ചെയ്യുന്നതിനും മാത്രമുള്ളതാണ്." -അല്ലെങ്കിൽ നബി -ﷺ- എപ്രകാരമാണോ പറഞ്ഞത്, അതുപോലെ-. അങ്ങനെ നബി -ﷺ- ജനങ്ങളിൽ ഒരാളോട് കൽപ്പിച്ചതു പ്രകാരം, അയാൾ ഒരു ബക്കറ്റ് വെള്ളവുമായി വന്ന് അതിന്മേൽ ഒഴിച്ചു.

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 285]

വിശദീകരണം

നബി -ﷺ- തന്റെ മസ്ജിദിൽ സ്വഹാബികളോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു ഗ്രാമീണൻ വന്നു, മസ്ജിദിന്റെ ഒരു ഭാഗത്ത് മൂത്രമൊഴിക്കാൻ ഇരുന്നു. അപ്പോൾ സ്വഹാബികൾ അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു: "നിർത്തൂ! നീ ചെയ്യുന്ന ഈ കാര്യം നിർത്തി വെക്കൂ!" അപ്പോൾ നബി -ﷺ- പറഞ്ഞു: "അയാളെ വിട്ടേക്കുക! അയാൾ മൂത്രമൊഴിക്കുന്നത് ഇടയിൽ വെച്ച് മുറിക്കരുത്." അങ്ങനെ അവർ അയാളെ മൂത്രമൊഴിച്ച് തീരുന്നതു വരെ വിട്ടു.
പിന്നീട് നബി -ﷺ- അയാളെ വിളിച്ച് കൊണ്ട് പറഞ്ഞു: "തീർച്ചയായും ഈ പള്ളികൾ ഈ മൂത്രത്തിനോ മറ്റ് അഴുക്കുകൾക്കോ യോജിച്ചതല്ല. അവ അല്ലാഹുവിനെ സ്മരിക്കുന്നതിനും നിസ്കരിക്കുന്നതിനും ഖുർആൻ പാരായണം ചെയ്യുന്നതിനും മറ്റും മാത്രമുള്ളതാണ്." പിന്നീട് നബി -ﷺ- സ്വഹാബികളിൽ നിന്ന് ഒരാളോട് കൽപ്പിച്ചതു പ്രകാരം, അദ്ദേഹം ഒരു ബക്കറ്റ് നിറയെ വെള്ളവുമായി വന്ന് മൂത്രത്തിന്മേൽ ആ വെള്ളം ഒഴിച്ചു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. മസ്ജിദുകളെ ആദരിക്കുകയും, അവയ്ക്ക് യോജിക്കാത്ത കാര്യങ്ങളിൽ നിന്ന് അവയെ സംരക്ഷിക്കുകയും ചെയ്യുക എന്നത് നിർബന്ധമാണ്.
  2. നവവി -رَحِمَهُ اللَّهُ- പറയുന്നു: "അഴുക്കുകൾ, മാലിന്യങ്ങൾ, തുപ്പൽ, ശബ്ദം ഉയർത്തൽ, വഴക്കുകൾ, കച്ചവടം, കരാറുകൾ തുടങ്ങിയുള്ള കാര്യങ്ങളെല്ലാം പള്ളികളിൽ നിന്ന് അകറ്റിനിർത്തണം എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം."
  3. അറിവില്ലാത്തവരോട് ദയ കാണിക്കുകയും, അവർ തെറ്റ് പ്രവർത്തിച്ചാൽ ശകാരിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാതെ എന്താണ് ശരിയായ രൂപം എന്ന് പഠിപ്പിക്കുകയുമാണ് വേണ്ടത്. അല്ലാഹുവിൻ്റെ വിധിവിലക്കുകളെ നിസ്സാരവൽക്കരിച്ചു കൊണ്ടോ, ധിക്കാരത്തോടെയോ പ്രവർത്തിക്കുന്നവനോട് സ്വീകരിക്കേണ്ട സമീപനമല്ല അവരോട് സ്വീകരിക്കേണ്ടത്.
  4. നബി -ﷺ- അതീവ കാരുണ്യമുള്ള ഒരു അദ്ധ്യാപകനായിരുന്നു. അങ്ങേയറ്റം സൗമ്യതയോടെയാണ് അവിടുന്ന് തൻ്റെ അനുചരന്മാർക്ക് ശിക്ഷണം നൽകിയത്. അപാരമായ ക്ഷമയോടെയാണ് അവരെ അവിടുന്ന് വളർത്തിയെടുത്തതും.
  5. നിസ്കാരത്തിലൂടെയും, ഖുർആൻ പാരായണത്തിലൂടെയും, അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെയും അല്ലാഹുവിന്റെ ഭവനങ്ങൾ സജീവമാക്കാൻ കൂടി ഈ ഹദീഥ് പ്രോത്സാഹനം നൽകുന്നുണ്ട്.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ