عَنْ أَبِي نَجِيحٍ العِرْبَاضِ بْنِ سَارِيَةَ رضي الله عنه قَالَ: وَعَظَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَوْعِظَةً وَجِلَتْ مِنْهَا القُلُوبُ، وَذَرَفَتْ مِنْهَا العُيُونُ، فَقُلْنَا: يَا رَسُولَ اللهِ! كَأَنَّهَا مَوْعِظَةُ مُوَدِّعٍ؛ فَأَوْصِنَا، قَالَ:
«أُوصِيكُمْ بِتَقْوَى اللَّهِ، وَالسَّمْعِ وَالطَّاعَةِ، وَإِنْ تَأَمَّرَ عَلَيْكُمْ عَبْدٌ، فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلَافًا كَثِيرًا، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ المَهْدِيينَ، عَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ؛ فَإِنَّ كُلَّ بِدْعَةٍ ضَلَالَةٌ».
[صحيح] - [رواه أبو داود والترمذي] - [الأربعون النووية: 28]
المزيــد ...
അബൂ നജീഹ്, ഇർബാദ്വ് ബ്നു സാരിയഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരു ദിവസം നബി -ﷺ- ഞങ്ങൾക്കിടയിൽ എഴുന്നേറ്റു നിന്നു. ശേഷം ഹൃദയസ്പർശിയായ ഒരു ഉപദേശം അവിടുന്ന് ഞങ്ങൾക്ക് നൽകി. ഹൃദയങ്ങൾ അത് കേട്ട് വിറക്കുകയും, കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്തു. അപ്പോൾ ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഒരു വിടവാങ്ങുന്ന വ്യക്തിയുടെ ഉപദേശമാണല്ലോ താങ്കൾ ഞങ്ങൾക്ക് നൽകിയത്; അതിനാൽ ഞങ്ങൾക്ക് വസ്വിയ്യത്ത് നൽകിയാലും." അപ്പോൾ അവിടുന്ന് പറഞ്ഞു:
"നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, (ഭരണാധികാരിയെ) -അതൊരു അബ്സീനിയക്കാരനായ അടിമയാണെങ്കിലും- കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. എനിക്ക് ശേഷം നിങ്ങൾ ധാരാളം ഭിന്നിപ്പുകൾ കാണുന്നതാണ്. അപ്പോൾ എൻ്റെ ചര്യയെയും നേർമാർഗത്തിൽ ചരിക്കുന്ന സന്മാർഗചിത്തരായ ഖലീഫമാരുടെ ചര്യയെയും നിങ്ങൾ പിൻപറ്റുക. അണപ്പല്ല് കൊണ്ട് നിങ്ങൾ അതിനെ കടിച്ചു പിടിക്കുക. പുതിയ കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും എല്ലാ ബിദ്അത്തുകളും (പുത്തനാചാരങ്ങൾ) വഴികേടുകളാണ്."
[സ്വഹീഹ്] - [رواه أبو داود والترمذي] - [الأربعون النووية - 28]
നബി -ﷺ- തൻ്റെ സ്വഹാബികൾക്ക് ഹൃദയസ്പർശിയായ ഒരു ഉപദേശം നൽകി. അവരുടെ ഹൃദയങ്ങൾ അത് കേട്ടു ഭയന്നു വിറക്കുകയും, കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്തു. അപ്പോൾ സ്വഹാബികൾ പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ! ഇതൊരു വിടവാങ്ങുന്ന സംസാരം പോലെയുണ്ടല്ലോ?! നബി -ﷺ- യുടെ പ്രഭാഷണത്തിലെ പ്രയോഗങ്ങളിൽ നിന്ന് അവർക്കത് മനസ്സിലായിരുന്നു. അതിനാൽ നബി -ﷺ- യുടെ വിയോഗത്തിന് ശേഷം തങ്ങൾക്ക് മുറുകെ പിടിക്കാൻ കഴിയുന്ന ഒരു വസ്വിയ്യത്തിനായി അവർ ആവശ്യപ്പെട്ടു. നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ സൂക്ഷിക്കാൻ ഞാൻ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു." അല്ലാഹുവിൻ്റെ നിർബന്ധകൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ വിലക്കിയ നിഷിദ്ധവൃത്തികൾ ഉപേക്ഷിച്ചു കൊണ്ടുമാണ് അല്ലാഹുവിനെ സൂക്ഷിക്കേണ്ടതും തഖ്‌വ പാലിക്കേണ്ടതും. ഭരണാധികാരിയെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക: നിങ്ങൾക്ക് മേൽ ബലപ്രയോഗത്തിലൂടെ ഒരു അടിമ അധികാരം കയ്യടക്കിയാലും അയാളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യണമെന്നർത്ഥം. ജനങ്ങളിൽ എത്ര സ്ഥാനം കുറഞ്ഞ വ്യക്തി അധികാരിയായാലും അയാൾക്കെതിരെ തിരിയുകയോ അയാളെ അനുസരിക്കാതിരിക്കുകയോ ചെയ്യരുത് എന്നർത്ഥം. നാട്ടിൽ കുഴപ്പങ്ങൾ ഉടലെടുക്കുമെന്ന ഭയത്താലാണ് നബി -ﷺ- ഈ നിർദേശം നൽകിയത്. പിന്നീട് തനിക്ക് ശേഷം ധാരാളം അഭിപ്രായഭിന്നതകൾ നിങ്ങൾ കാണേണ്ടി വരുമെന്ന് നബി -ﷺ- അറിയിച്ചു. ഈ ഭിന്നതകളിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയും നബി -ﷺ- അവർക്ക് പഠിപ്പിച്ചു നൽകി. നബി -ﷺ- യുടെ ചര്യയായ അവിടുത്തെ സുന്നത്തും, സന്മാർഗത്തിൽ ചരിക്കുകയും മാർഗദർശനം നൽകപ്പെട്ടവരുമായ ഖുലഫാഉകളുടെ ചര്യയെയും മുറുകെ പിടിക്കുക എന്നതാണത്. അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ-, ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ-, ഉഥ്മാൻ ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ-, അലി ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- എന്നിവരാണ് ഈ ഖലീഫമാർ. ഈ ചര്യകളെ അണപ്പല്ലു കൊണ്ട് മുറുകെ പിടിക്കാനും അവിടുന്ന് കൽപ്പിച്ചു; സുന്നത്തിനെ മുറുകെ പിടിക്കുന്നതിൽ ഉണ്ടായിരിക്കേണ്ട കണിശതയും താൽപ്പര്യവും സൂചിപ്പിക്കാനാണ് ഇപ്രകാരം പറഞ്ഞത്. ദീനിൽ പുതുതായി നിർമ്മിക്കപ്പെടുന്ന കാര്യങ്ങളിൽ നിന്ന് നബി -ﷺ- അവർക്ക് താക്കീത് നൽകുകയും ചെയ്തു. എല്ലാ പുതിയ ആചാരങ്ങളും വഴികേടുകളാണെന്നും അവിടുന്ന് അറിയിച്ചു.