عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«سَبْعَةٌ يُظِلُّهُمُ اللَّهُ تَعَالَى فِي ظِلِّهِ يَوْمَ لاَ ظِلَّ إِلَّا ظِلُّهُ: إِمَامٌ عَدْلٌ، وَشَابٌّ نَشَأَ فِي عِبَادَةِ اللَّهِ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي المَسَاجِدِ، وَرَجُلاَنِ تَحَابَّا فِي اللَّهِ، اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ، وَرَجُلٌ دَعَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ فَقَالَ: إِنِّي أَخَافُ اللَّهَ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَخْفَاهَا حَتَّى لاَ تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ، وَرَجُلٌ ذَكَرَ اللَّهَ خَالِيًا، فَفَاضَتْ عَيْنَاهُ».
[صحيح] - [متفق عليه] - [صحيح البخاري: 1423]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഏഴു പേർ; അല്ലാഹുവിൻ്റെ തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത ദിവസം അവർക്കവൻ തൻ്റെ (അർശിൻ്റെ) തണൽ വിരിക്കുന്നതാണ്. നീതിമാനായ ഭരണാധികാരി, അല്ലാഹുവിന് ഇബാദത്ത് ചെയ്തു വളർന്ന യുവാവ്, മസ്ജിദുകളുമായി തൻ്റെ ഹൃദയം ബന്ധിക്കപ്പെട്ട വ്യക്തി, അല്ലാഹുവിൻ്റെ മാർഗത്തിൽ പരസ്പരം സ്നേഹിച്ച രണ്ടു പേർ; അവൻ്റെ മാർഗത്തിൽ അവർ ഒരുമിക്കുകയും അതിലായിരിക്കെ (മരണപ്പെട്ട്) അവർ പിരിയുകയും ചെയ്തു, നല്ല തറവാടും ഭംഗിയുമുള്ള ഒരു സ്ത്രീ (തിന്മയിലേക്ക്) ക്ഷണിച്ചപ്പോൾ 'ഞാൻ അല്ലാഹുവിനെ ഭയക്കുന്നു' എന്ന് പറഞ്ഞവൻ, അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദാനം നൽകുകയും, അവൻ്റെ വലതു കൈ നൽകിയ ദാനം ഇടതു കൈ പോലും അറിയാത്ത വിധം അത് മറച്ചു വെക്കുകയും ചെയ്ത മനുഷ്യൻ, ഏകനായി അല്ലാഹുവിനെ സ്മരിക്കുകയും കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്ത ഒരു മനുഷ്യൻ; (ഇവരാണവർ)."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1423]
അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവരിൽ ഏഴ് വിഭാഗം ആളുകൾക്ക്, അല്ലാഹു നൽകുന്ന തണലല്ലാത്ത മറ്റൊരു തണലുമില്ലാത്ത ദിനത്തിൽ, അല്ലാഹു അവൻ്റെ സിംഹാസനത്തിൻ്റെ തണൽ നൽകുന്നതാണ് എന്ന് നബി -ﷺ- സന്തോഷവാർത്ത അറിയിക്കുന്നു. ഒന്ന്: നീതിമാനമായ ഭരണാധികാരി; അയാൾ തൻ്റെ സ്വന്തം ജീവിതത്തിൽ ദുഷ്പ്രവർത്തനങ്ങൾ ചെയ്യുന്നില്ല എന്നതിനോടൊപ്പം, തൻ്റെ ജനങ്ങളോട് അതിക്രമം ചെയ്യാതെ നീതി പാലിക്കുകയും ചെയ്യുന്നു. ഹദീഥിലെ പ്രഥമ ഉദ്ദേശ്യം രാജ്യത്തിൻ്റെ ഭരണാധികാരിയാണെങ്കിലും, മുസ്‌ലിംകളുടെ ഏതെങ്കിലുമൊരു പൊതുവിഷയത്തിൽ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെടുകയും അതിൽ നീതിപുലർത്തുകയും ചെയ്ത ഏതൊരാളും ഈ പറഞ്ഞതിൻ്റെ പരിധിയിൽ ഉൾപ്പെടാവുന്നതാണ്. രണ്ട്: അല്ലാഹുവിനെ ആരാധിക്കുന്നതിലും സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നതിലും മുഴുകി വളർന്നു വന്ന യുവാവ്. തൻ്റെ യുവത്വവും ഉന്മേഷമുള്ള കാലവും നന്മയിൽ ഉപയോഗിച്ചു കൊണ്ട് മരണം വരെ നിലകൊണ്ടവരാണ് അവർ. മൂന്ന്: മസ്ജിദുമായി ഹൃദയം ബന്ധിക്കപ്പെട്ട വ്യക്തി; മസ്ജിദിൽ നിന്ന് പുറത്തിറങ്ങിയാൽ അവിടേക്ക് തിരിച്ചു വരുന്നത് വരെ അയാളുടെ സ്ഥിതി അപ്രകാരമാണ്. മസ്ജിദിനോടുള്ള കഠിനമായ സ്നേഹം ഹൃദയത്തിൽ സൂക്ഷിക്കുകയും, ധാരാളമായി മസ്ജിദിൽ കഴിഞ്ഞു കൂടുകയും ചെയ്യുന്നവരാണ് അവർ. എന്തെങ്കിലും കാരണം കൊണ്ട് അവരുടെ ശരീരം മസ്ജിദിൻ്റെ പുറത്തായാൽ പോലും, അവരുടെ ഹൃദയം മസ്ജിദിൽ തന്നെ തുടരുന്നു. നാല്: അല്ലാഹുവിൻ്റെ മാർഗത്തിൽ യഥാർത്ഥ രൂപത്തിൽ പരസ്പരം സ്നേഹിച്ച രണ്ടു പേർ. ദീനിൻ്റെ മാർഗത്തിലുള്ള ആ സ്നേഹത്തിൽ അവർ തുടരുകയും, ഐഹികമായ ഒരു കാരണം കൊണ്ടും ആ ബന്ധത്തിൽ വിള്ളൽ വീഴ്ത്താതിരിക്കുകയും ചെയ്തവരാണ് അവർ. ഭൗതികശരീരങ്ങൾ തമ്മിൽ പരസ്പരം കണ്ടുമുട്ടിയാലും ഇല്ലെങ്കിലും അവരുടെ ഹൃദയങ്ങൾ യോജിച്ചിരിക്കുന്നു; മരണം അവരെ വേർപിരിക്കുന്നത് വരെ അവർ അതിൽ തുടരുന്നതാണ്. അഞ്ച്: സ്ഥാനമാനവും തറവാടിത്തവും ഭംഗിയും സമ്പത്തുമുള്ള ഒരു സ്ത്രീ വ്യഭിചാരത്തിലേക്ക് തന്നെ ക്ഷണിച്ചപ്പോൾ അവളുടെ ക്ഷണം തള്ളിക്കളയുകയും, 'ഞാൻ അല്ലാഹുവിനെ ഭയക്കുന്നു' എന്ന് പറഞ്ഞ് അതിൽ നിന്ന് മാറിനിൽക്കുകയും ചെയ്ത വ്യക്തി. ആറ്: ചെറുതോ വലുതോ ആയ ഒരു ദാനം നിർവ്വഹിക്കുകയും, അതിൽ യാതൊരു ലോകമാന്യമോ പ്രശംസിയോ മറ്റോ ഉദ്ദേശിക്കാതിരിക്കുകയും, വലതു കൈ കൊടുത്തത് ഇടതു കൈ പോലും അറിയാത്ത വിധത്തിൽ അത് മറച്ചു പിടിക്കുകയും ചെയ്ത വ്യക്തി. ഏഴ്: ജനങ്ങളിൽ നിന്ന് മാറിനിന്ന് ഏകാന്തനായി അല്ലാഹുവിനെ കുറിച്ച് ആലോചിച്ചു കൊണ്ട് ഹൃദയത്താൽ അല്ലാഹുവിനെ സ്മരിക്കുകയോ, നാവ് കൊണ്ട് അല്ലാഹുവിനെ സ്മരിക്കുകയോ ചെയ്യുകയും, അങ്ങനെ അല്ലാഹുവിനോടുള്ള ഭയഭക്തിയും അവനോടുള്ള ആദരവും കാരണത്താൽ രണ്ട് കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുകയും ചെയ്ത ഒരാൾ.