عَنْ سَلْمَانَ الْفَارِسِيِّ رَضيَ اللهُ عنه قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:
«ثَلَاثَةٌ لَا يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ: أُشَيْمِطٌ زَانٍ، وَعَائِلٌ مُسْتَكْبِرٌ، وَرَجُلٌ جَعَلَ اللَّهَ لَهُ بِضَاعَةً، فَلَا يَبِيعُ إِلَّا بِيَمِينِهِ وَلَا يَشْتَرِي إِلَّا بِيَمِينِهِ».
[صحيح] - [رواه الطبراني] - [المعجم الصغير: 821]
المزيــد ...
സൽമാനുൽ ഫാരിസി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"മൂന്ന് വിഭാഗം ആളുകൾ; അവരോട് അല്ലാഹു ഖിയാമത്ത് നാളിൽ സംസാരിക്കുകയില്ല. അവരെ ശുദ്ധീകരിക്കുകയുമില്ല. അവർക്ക് വേദനയേറിയ ശിക്ഷയുമുണ്ട്: വ്യഭിചാരിയായ വൃദ്ധൻ, അഹങ്കാരിയായ ദരിദ്രൻ, അല്ലാഹുവിന്റെ നാമത്തെ തന്റെ കച്ചവടച്ചരക്കാക്കിയവൻ; അവൻ സത്യം ചെയ്തുകൊണ്ടല്ലാതെ വിൽക്കുകയില്ല; സത്യം ചെയ്തുകൊണ്ടല്ലാതെ വാങ്ങുകയുമില്ല."
[സ്വഹീഹ്] - [ത്വബ്റാനി ഉദ്ധരിച്ചത്] - [المعجم الصغير - 821]
നബി -ﷺ- മൂന്ന് വിഭാഗം ആളുകളെക്കുറിച്ച് അറിയിച്ചു. അവർ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയോ, അവൻ അവരുടെ ശിക്ഷ ഒഴിവാക്കുകയോ ചെയ്തില്ലെങ്കിൽ, അന്ത്യനാളിൽ കഠിനമായ മൂന്ന് ശിക്ഷകൾക്ക് അവർ അർഹരായിരിക്കുന്നതാണ്: ഒന്നാമത്തേത്: അല്ലാഹുവിന് അവരോട് കഠിനമായ കോപമുള്ളതിനാൽ അന്ത്യനാളിൽ അവരോട് അല്ലാഹു സംസാരിക്കുകയില്ല; മറിച്ച്, അവൻ അവരിൽ നിന്ന് തിരിഞ്ഞു കളയും. അല്ലെങ്കിൽ അവർക്ക് യാതൊരു സന്തോഷവും പകരാത്തതും, അവൻ്റെ കോപം അവരെ അറിയിക്കുന്നതുമായ വിധത്തിൽ മാത്രമേ അവൻ സംസാരിക്കുകയുള്ളൂ. രണ്ടാമത്തേത്: അല്ലാഹു അവരെ ശുദ്ധീകരിക്കുകയില്ല, അവരെ പ്രശംസിക്കുകയുമില്ല, പാപങ്ങളിൽ നിന്ന് അവരെ മോചിപ്പിക്കുകയുമില്ല. മൂന്നാമത്തേത്: പരലോകത്ത് അവർക്ക് കഠിനമായ വേദനയേറിയ ശിക്ഷയുണ്ടാകും. ഈ വിഭാഗക്കാർ താഴെ പറയുന്നവരാണ്: ഒന്ന്: പ്രായം ചെന്ന പുരുഷൻ; എന്നിട്ടും വ്യഭിചാരമെന്ന ദുർവൃത്തിയിൽ അവൻ ഏർപ്പെടുന്നു. രണ്ട്: പണമില്ലാത്ത ദരിദ്രൻ; എന്നിട്ടും അവൻ ജനങ്ങളോട് അഹങ്കാരം കാണിക്കുന്നു. മൂന്ന്: വിൽക്കുമ്പോഴും വാങ്ങുമ്പോഴും അല്ലാഹുവിന്റെ പേരിൽ ധാരാളമായി സത്യം ചെയ്തു കൊണ്ട്, അല്ലാഹുവിന്റെ നാമത്തെ വിലകുറച്ച് കാണുന്നവൻ. റബ്ബിൻ്റെ പേര് അവൻ സമ്പാദിക്കാനുള്ള ഒരു ഉപാധിയാക്കിയിരിക്കുന്നു.