«أُعْطِيتُ خَمْسًا لَمْ يُعْطَهُنَّ أَحَدٌ قَبْلِي: نُصِرْتُ بِالرُّعْبِ مَسِيرَةَ شَهْرٍ، وَجُعِلَتْ لِي الأَرْضُ مَسْجِدًا وَطَهُورًا، فَأَيُّمَا رَجُلٍ مِنْ أُمَّتِي أَدْرَكَتْهُ الصَّلاَةُ فَلْيُصَلِّ، وَأُحِلَّتْ لِي المَغَانِمُ، وَلَمْ تَحِلَّ لِأَحَدٍ قَبْلِي، وَأُعْطِيتُ الشَّفَاعَةَ، وَكَانَ النَّبِيُّ يُبْعَثُ إِلَى قَوْمِهِ خَاصَّةً وَبُعِثْتُ إِلَى النَّاسِ عَامَّةً».
[صحيح] - [متفق عليه] - [صحيح البخاري: 335]
المزيــد ...
ജാബിർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"എനിക്ക് അഞ്ചു കാര്യങ്ങൾ നൽകപ്പെട്ടിരിക്കുന്നു. എനിക്ക് മുൻപുള്ള നബിമാരിൽ ഒരാൾക്കും അത് നൽകപ്പെട്ടിട്ടില്ല. ഒരു മാസം വഴിദൂരത്തേക്ക് (ശത്രുക്കളുടെ മനസ്സിൽ) ഭീതി നിറച്ചു കൊണ്ട് എനിക്ക് സഹായം നൽകപ്പെട്ടിരിക്കുന്നു. ഭൂമിയെ എനിക്ക് നിസ്കാരസ്ഥലവും ശുദ്ധീകരണത്തിനുള്ള മാർഗവുമായി നിശ്ചയിച്ചിരിക്കുന്നു. എൻ്റെ ഉമ്മത്തിൽ പെട്ട ഏതൊരു വ്യക്തിക്കും നിസ്കാര സമയമെത്തിയാൽ അവൻ നിസ്കരിക്കട്ടെ. എനിക്ക് യുദ്ധാർജ്ജിത സ്വത്തുകൾ അനുവദിക്കപ്പെട്ടിരിക്കുന്നു; എനിക്ക് മുൻപുള്ള ഒരാൾക്കും അത് അനുവദിക്കപ്പെട്ടിട്ടില്ല. എനിക്ക് ശഫാഅത് നൽകപ്പെട്ടിരിക്കുന്നു. (എനിക്ക് മുൻപ്) നബിമാർ അവരുടെ ജനതയിലേക്ക് മാത്രമായാണ് നിയോഗിക്കപ്പെട്ടിരുന്നത്. ഞാൻ സർവ്വ ജനങ്ങളിലേക്കുമായാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 335]
തനിക്ക് മുൻപുള്ള നബിമാർക്കൊന്നും നൽകപ്പെട്ടിട്ടില്ലാത്ത അഞ്ച് പ്രത്യേക കാര്യങ്ങൾ അല്ലാഹു തനിക്ക് നൽകിയിരിക്കുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു.
ഒന്ന്: എൻ്റെ ശത്രുക്കൾക്കും എനിക്കുമിടയിൽ ഒരു മാസത്തെ വഴിദൂരമുണ്ടെങ്കിലും, അവരുടെ മനസ്സിൽ എന്നെ കുറിച്ചുള്ള ഭയം ഇട്ടുനൽകിക്കൊണ്ട് ഞാൻ സഹായിക്കപ്പെട്ടിരിക്കുന്നു.
രണ്ട്: ഭൂമി മുഴുവൻ നമുക്ക് മസ്ജിദായി -നിസ്കരിക്കാൻ അനുയോജ്യമായ സ്ഥലമായി- നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതിനാൽ എവിടെയാണെങ്കിലും നമുക്ക് നിസ്കരിക്കുന്നതിന് തടസ്സമില്ല. അതോടൊപ്പം വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത സമയങ്ങളിൽ ശുദ്ധി വരുത്താൻ കഴിവുള്ള വസ്തുവായി ഭൂമിയെ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു.
മൂന്ന്: യുദ്ധാർജ്ജിത സ്വത്തുകൾ (ഗനീമഃ) നമുക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. കുഫ്ഫാറുകളോടുള്ള യുദ്ധത്തിലൂടെ പിടിച്ചെടുക്കുന്ന സമ്പത്താണ് ഗനീമഃ എന്നത് കൊണ്ട് ഉദ്ദേശ്യം.
നാല്: എനിക്ക് ഏറ്റവും വലിയ ശുപാർശ (ശഫാഅഃ ഉദ്മാ) നൽകപ്പെട്ടിരിക്കുന്നു. ഖിയാമത്ത് നാളിലെ ഭീതിതമായ നിൽപ്പിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകപ്പെടുക ഈ ശഫാഅത്ത് മുഖേനയായിരിക്കും.
അഞ്ച്: സർവ്വ സൃഷ്ടികളിലേക്കുമായി കൊണ്ടാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്; ജിന്നുകളിലേക്കും മനുഷ്യരിലേക്കുമായി. മുൻപുള്ള നബിമാർ അവരവരുടെ ജനതകളിലേക്ക് മാത്രമായിട്ടായിരുന്നു നിയോഗിക്കപ്പെട്ടിരുന്നത്.