+ -

عَنْ مُعَاذَةَ قَالَتْ:
سَأَلْتُ عَائِشَةَ، فَقُلْتُ: مَا بَالُ الْحَائِضِ تَقْضِي الصَّوْمَ، وَلَا تَقْضِي الصَّلَاةَ؟ فَقَالَتْ: أَحَرُورِيَّةٌ أَنْتِ؟ قُلْتُ: لَسْتُ بِحَرُورِيَّةٍ، وَلَكِنِّي أَسْأَلُ. قَالَتْ: كَانَ يُصِيبُنَا ذَلِكَ، فَنُؤْمَرُ بِقَضَاءِ الصَّوْمِ، وَلَا نُؤْمَرُ بِقَضَاءِ الصَّلَاةِ.

[صحيح] - [متفق عليه] - [صحيح مسلم: 335]
المزيــد ...

മുആദഃ -رَحِمَهَا اللَّهُ- നിവേദനം:
ഞാൻ ആഇശ -رَضِيَ اللَّهُ عَنْهَا- യോട് ചോദിച്ചു: "ആർത്തവകാരി (നഷ്ടമായ) നോമ്പ് നോറ്റുവീട്ടുന്നെങ്കിലും (നഷ്ടമായ) നിസ്കാരങ്ങൾ എന്തു കൊണ്ടാണ് മടക്കി നിർവ്വഹിക്കാത്തത്?" അവർ ചോദിച്ചു: "നീ 'ഹറൂറി'യാണോ?!" ഞാൻ പറഞ്ഞു: "ഞാൻ ഹറൂറിയൊന്നുമല്ല. (അറിയാൻ വേണ്ടി) ചോദിച്ചു വെന്നു മാത്രം." അവർ പറഞ്ഞു: "ഞങ്ങൾക്ക് അപ്രകാരം (ആർത്തവം) സംഭവിക്കാറുണ്ടായിരുന്നു. ഞങ്ങളോട് നോമ്പ് നോറ്റുവീട്ടാൻ കൽപ്പിക്കപ്പെടുമായിരുന്നെങ്കിലും നിസ്കാരം മടക്കി നിർവ്വഹിക്കാൻ കൽപ്പിക്കപ്പെടാറുണ്ടായിരുന്നില്ല."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 335]

വിശദീകരണം

ആഇശാ -رَضِيَ اللَّهُ عَنْهَا- യോട് മുആദഃ ഒരിക്കൽ ചോദിച്ചു: എന്തു കൊണ്ടാണ് ആർത്തവകാരി ആർത്തവ വേളയിൽ നഷ്ടമായ നോമ്പുകൾ നോറ്റുവീട്ടുന്നുണ്ടെങ്കിലും നഷ്ടമായ നിസ്കാരങ്ങൾ മടക്കി നിർവ്വഹിക്കാത്തത്?!" അപ്പോൾ ആഇശ -رَضِيَ اللَّهُ عَنْهَا- ചോദിച്ചു: "ഖവാരിജുകളിൽ പെട്ട ഹറൂറിയ്യഃക്കാരിയാണോ നീ?!" - അവർ അനാവശ്യമായി ചോദ്യങ്ങൾ അധികരിപ്പിക്കുകയും, ദീനിൽ അമിതമായി കാർക്കശ്യം കാണിക്കുന്നവരുമായിരുന്നു. മുആദഃ പറഞ്ഞു: "ഞാൻ ഹറൂറിയല്ല. മറിച്ച് അറിയാൻ വേണ്ടി ചോദിച്ചുവെന്നു മാത്രം." അപ്പോൾ ആഇശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞു: "നബിയുടെ -ﷺ- കാലഘട്ടത്തിൽ ഞങ്ങൾക്ക് ആർത്തവം സംഭവിക്കുകയും നോമ്പുകൾ നഷ്ടമാവുകയും ചെയ്താൽ അവിടുന്ന് അത് നോറ്റുവീട്ടാൻ കൽപ്പിക്കാറുണ്ടായിരുന്നു. എന്നാൽ നിസ്കാരം മടക്കി നിർവ്വഹിക്കാൻ ഞങ്ങളോട് അവിടുന്ന് കൽപ്പിക്കാറുണ്ടായിരുന്നില്ല."

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കുകയും, തർക്കസ്വഭാവം സ്വീകരിക്കുകയും ചെയ്യുന്ന എല്ലാവർക്കുമുള്ള താക്കീത് ഈ ഹദീഥിലുണ്ട്.
  2. കൂഫഃയുടെ അടുത്തുണ്ടായിരുന്ന ഒരു നാടായ 'ഹറൂറാഇ'ലേക്ക് ചേർത്തി കൊണ്ടാണ് ഹറൂറിയ്യഃ എന്നു പറയുന്നത്. ഖവാരിജുകളിൽ പെട്ട ഒരു കക്ഷിയായിരുന്നു അവർ. ദീനീ വിഷയങ്ങളിൽ അവർ സ്വീകരിച്ചിരുന്ന കാഠിന്യവും ചോദ്യങ്ങൾ -അതു തന്നെ അനാവശ്യമായി ചൂഴ്ന്നറിയാൻ ശ്രമിക്കുന്ന വിധത്തിലുള്ള ചോദ്യങ്ങൾ- അധികരിപ്പിക്കുന്ന അവരുടെ രീതിയും പരിഗണിച്ചു കൊണ്ടാണ് 'നീ ഹറൂറിയാണോ?' എന്ന് ആഇശ -رَضِيَ اللَّهُ عَنْهَا- ചോദിച്ചത്.
  3. പഠിക്കാൻ വേണ്ടിയും സത്യം മനസ്സിലാക്കാനും വേണ്ടി ചോദിക്കുന്നവർക്ക് അദ്ധ്യാപകർ ഉത്തരം വിവരിച്ചു നൽകണം.
  4. ഖുർആനിലെയോ ഹദീഥിലെയോ തെളിവുകൾ കൊണ്ട് ഉത്തരം നൽകുക എന്നതാണ് ഏറ്റവും നല്ല രീതി. ചോദ്യകർത്താവിൻ്റെ ചോദ്യത്തിന് ആഇശാ -رَضِيَ اللَّهُ عَنْهَا- നേർക്കുനേരെ ഉത്തരം നൽകിയില്ല; (എന്തു കൊണ്ട് നോമ്പ് നോറ്റുവീട്ടുകയും നിസ്കാരം മടക്കി നിർവ്വഹിക്കാതിരിക്കുകയും ചെയ്യുന്നില്ല എന്നതിനുള്ള കാരണം അവിടുന്ന് വിവരിച്ചില്ല). മറിച്ച്, (നബി -ﷺ- യുടെ കാലഘട്ടത്തിൽ അപ്രകാരമായിരുന്നു ഞങ്ങളോട് കൽപ്പിച്ചത് എന്ന) തെളിവ് വിവരിച്ചു കൊണ്ടുള്ള മറുപടിയാണ് ഏറ്റവും ഖണ്ഡിതമായ മറുപടി.
  5. അല്ലാഹുവിൻ്റെയും അവൻ്റെ ദൂതൻ്റെയും വിധിവിലക്കുകൾക്ക് കീഴൊതുങ്ങുകയും സ്വയം സമർപ്പിക്കുകയും ചെയ്യണം; വിധിവിലക്കുകളുടെ പിറകിലെ യുക്തിയും കാരണവും ബോധ്യപ്പെട്ടില്ല എന്നത് അതിന് തടസ്സമാകരുത്.
  6. അല്ലാമഃ നവവി -رَحِمَهُ اللَّهُ- പറയുന്നു: "ആർത്തവ സമയം നഷ്ടപ്പെടുന്ന നിസ്കാരങ്ങൾ മടക്കി നിർവ്വഹിക്കുന്നത് നിർബന്ധമാണെന്ന് ഖവാരിജുകളിൽ പെട്ട ഒരു കക്ഷി വാദിച്ചിരുന്നു. മുസ്‌ലിംകൾ ഏകോപിച്ച അഭിപ്രായത്തിന് കടകവിരുദ്ധമാണത്. ആഇശാ -رَضِيَ اللَّهُ عَنْهَا- തൻ്റെ ചോദ്യത്തിലൂടെ അവരെയാണ് ഉദേശിച്ചത്. ഹറൂറിയ്യാക്കളുടെ രീതിയിൽ പെട്ട -വളരെ മോശമായ ഒരു കാര്യമാണ് ഇത്- എന്നായിരുന്നു അവരുടെ ആ ചോദ്യത്തിൻ്റെ പിറകിലെ സൂചന."
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ