عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ قَالَ:
كُنْتُ سَاقِيَ القَوْمِ فِي مَنْزِلِ أَبِي طَلْحَةَ، وَكَانَ خَمْرُهُمْ يَوْمَئِذٍ الفَضِيخَ، فَأَمَرَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مُنَادِيًا يُنَادِي: أَلاَ إِنَّ الخَمْرَ قَدْ حُرِّمَتْ، قَالَ: فَقَالَ لِي أَبُو طَلْحَةَ: اخْرُجْ، فَأَهْرِقْهَا، فَخَرَجْتُ فَهَرَقْتُهَا، فَجَرَتْ فِي سِكَكِ المَدِينَةِ، فَقَالَ بَعْضُ القَوْمِ: قَدْ قُتِلَ قَوْمٌ وَهِيَ فِي بُطُونِهِمْ، فَأَنْزَلَ اللَّهُ: {لَيْسَ عَلَى الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جُنَاحٌ فِيمَا طَعِمُوا} [المائدة: 93] الآيَةَ.
[صحيح] - [متفق عليه] - [صحيح البخاري: 2464]
المزيــد ...
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
"ഞാൻ അബൂ ത്വൽഹയുടെ വീട്ടിലെ പരിചാരകനായിരുന്നു. അന്നേ ദിവസങ്ങളിൽ അവരുടെ മദ്യം 'ഫദ്വീഖ്' ആയിരുന്നു. അങ്ങനെയിരിക്കെ നബി -ﷺ- യുടെ വിളംബരക്കാരനോട് അവിടുന്ന് ഇപ്രകാരം വിളംബരം ചെയ്യാൻ കൽപ്പിച്ചു: "അറിയുക! തീർച്ചയായും മദ്യം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു."
അബൂ ത്വൽഹ എന്നോട് പറഞ്ഞു: "നീ പോയി ആ മദ്യക്കോപ്പകളെല്ലാം ഒഴുക്കിക്കളയുക." ഞാൻ പോയി അതെല്ലാം ഒഴിച്ചു കളയുകയും, മദീനയിലെ വഴികളിലൂടെ ആ മദ്യം ഒഴുകുകയും ചെയ്തു.
ജനങ്ങളിൽ ചിലർ പറഞ്ഞു: "ഈ മദ്യം വയറ്റിലുള്ള നിലയിൽ മരണപ്പെട്ട ചിലരുമുണ്ടായിരുന്നല്ലോ?!" അപ്പോൾ അല്ലാഹു ഖുർആനിലെ ഈ വചനം അവതരിപ്പിച്ചു: "(അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് മുൻപ് രുചിച്ചതിൻ്റെ പേരിൽ യാതൊരു തെറ്റുമില്ല." (മാഇദഃ: 93)
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 2464]
അനസ് ബ്നു മാലിക് (رضي الله عنه) യുടെ മാതാവിൻ്റെ (രണ്ടാം) ഭർത്താവായിരുന്നു അബൂ ത്വൽഹഃ (رضي الله عنه). അനസ് ബ്നു മാലിക് അബൂത്വൽഹയുടെ ഭവനത്തിൽ മദ്യം വിളമ്പാറുണ്ടായിരുന്നു. ഇളംപഴുപ്പുള്ള ഈത്തപ്പഴവും സാധാരണ ഈത്തപ്പഴവും കലർത്തിയുണ്ടാക്കുന്ന ഫദ്വീഖ് ആയിരുന്നു അന്ന് അവർ ഉപയോഗിച്ചിരുന്ന മദ്യം.
അങ്ങനെയിരിക്കെ, നബി -ﷺ- യുടെ വിളംബരക്കാരൻ മദ്യം നിഷിദ്ധമാക്കപ്പെട്ടതായി വിളിച്ചു പറയുന്നത് അദ്ദേഹം കേട്ടു. അപ്പോൾ അബൂ ത്വൽഹ അനസിനോട് പറഞ്ഞു: "നീ പോയി മദ്യമെല്ലാം ഒഴിച്ചു കളയുക." അദ്ദേഹം മദ്യം ഒഴിച്ചു കളയുകയും അത് മദീനയിലെ വഴികളിലൂടെ ഒഴുകുകയും ചെയ്തു. അപ്പോൾ ചിലർ പറഞ്ഞു: "മദ്യം നിഷിദ്ധമാക്കപ്പെടുന്നതിന് മുൻപ് അത് കുടിക്കാറുണ്ടായിരുന്ന ചിലർ മദ്യം കുടിച്ച നിലയിൽ മരണപ്പെട്ടു പോയിട്ടുണ്ട്." അപ്പോൾ അല്ലാഹു ഖുർആനിലെ ഈ വചനം അവതരിപ്പിച്ചു:
"(അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് മുൻപ് രുചിച്ചതിൻ്റെ പേരിൽ യാതൊരു തെറ്റുമില്ല." (മാഇദഃ: 93) മദ്യം നിഷിദ്ധമാക്കപ്പെടുന്നതിന് മുൻപ് അത് കഴിച്ച വിശ്വാസികൾക്ക് ഒരു തെറ്റുമില്ല എന്നർത്ഥം.