عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُما قَالَ:
إِنَّ اللهَ عَزَّ وَجَلَّ أَنْزَلَ: {وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللهُ فَأُولَئِكَ هُمِ الْكَافِرُونَ} [المائدة: 44] وَ {فَأُولَئِكَ هُمُ الظَّالِمُونَ} [المائدة: 45] وَ {فَأُولَئِكَ هُمُ الْفَاسِقُونَ} [المائدة: 47] ، قَالَ: قَالَ ابْنُ عَبَّاسٍ: أَنْزَلَهَا اللهُ فِي الطَّائِفَتَيْنِ مِنَ اليَهُودِ، وَكَانَتْ إِحْدَاهُمَا قَدْ قَهَرَتِ الأُخْرَى فِي الجَاهِلِيَّةِ، حَتَّى ارْتَضَوْا وَاصْطَلَحُوا عَلَى أَنَّ كُلَّ قَتِيلٍ قَتَلَتْهُ العَزِيزَةُ مِنَ الذَّلِيلَةِ فَدِيَتُهُ خَمْسُونَ وَسْقًا، وَكُلَّ قَتِيلٍ قَتَلَتْهُ الذَّلِيلَةُ مِنَ العَزِيزَةِ فَدِيَتُهُ مِائَةُ وَسْقٍ، فَكَانُوا عَلَى ذَلِكَ حَتَّى قَدِمَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ المَدِينَةَ، وَذَلَّتِ الطَّائِفَتَانِ كِلْتَاهُمَا لِمَقْدَمِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، ورَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَوْمَئِذٍ لَمْ يَظْهَرْ، وَلَمْ يُوطِئْهُمَا عَلَيْهِ، وَهُوَ فِي الصُّلْحِ، فَقَتَلَتِ الذَّلِيلَةُ مِنَ العَزِيزَةِ قَتِيلًا، فَأَرْسَلَتِ العَزِيزَةُ إِلَى الذَّلِيلَةِ: أَنِ ابْعَثُوا إِلَيْنَا بِمِائَةِ وَسْقٍ، فَقَالَتِ الذَّلِيلَةُ: وَهَلْ كَانَ هَذَا فِي حَيَّيْنِ قَطُّ دِينُهُمَا وَاحِدٌ، وَنَسَبُهُمَا وَاحِدٌ، وَبَلَدُهُمَا وَاحِدٌ، دِيَةُ بَعْضِهِمْ نِصْفُ دِيَةِ بَعْضٍ؟ إِنَّا إِنَّمَا أَعْطَيْنَاكُمْ هَذَا ضَيْمًا مِنْكُمْ لَنَا، وَفَرَقًا مِنْكُمْ، فَأَمَّا إِذْ قَدِمَ مُحَمَّدٌ فَلَا نُعْطِيكُمْ ذَلِكَ، فَكَادَتِ الحَرْبُ تَهِيجُ بَيْنَهُمَا، ثُمَّ ارْتَضَوْا عَلَى أَنْ يَجْعَلُوا رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بَيْنَهُمْ، ثُمَّ ذَكَرَتِ العَزِيزَةُ، فَقَالَتْ: وَاللهِ مَا مُحَمَّدٌ بِمُعْطِيكُمْ مِنْهُمْ ضِعْفَ مَا يُعْطِيهِمْ مِنْكُمْ، وَلَقَدْ صَدَقُوا، مَا أَعْطَوْنَا هَذَا إِلَّا ضَيْمًا مِنَّا، وَقَهْرًا لَهُمْ، فَدُسُّوا إِلَى مُحَمَّدٍ مَنْ يَخْبُرُ لَكُمْ رَأْيَهُ: إِنْ أَعْطَاكُمْ مَا تُرِيدُونَ حَكَّمْتُمُوهُ، وَإِنْ لَمْ يُعْطِكُمْ حَذِرْتُمْ فَلَمْ تُحَكِّمُوهُ، فَدَسُّوا إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ نَاسًا مِنَ المُنَافِقِينَ لِيَخْبُرُوا لَهُمْ رَأْيَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَلَمَّا جَاءَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَخْبَرَ اللهُ رَسُولَهُ بِأَمْرِهِمْ كُلِّهِ وَمَا أَرَادُوا، فَأَنْزَلَ اللهُ عَزَّ وَجَلَّ {يَا أَيُّهَا الرَّسُولُ لَا يَحْزُنْكَ الَّذِينَ يُسَارِعُونَ فِي الْكُفْرِ مِنَ الذِينَ قَالُوا آمَنَّا} [المائدة: 41] إِلَى قَوْلِهِ: {وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللهُ فَأُولَئِكَ هُمِ الْفَاسِقُونَ} [المائدة: 47] ثُمَّ قَالَ فِيهِمَا: وَاللهِ نَزَلَتْ، وَإِيَّاهُمَا عَنَى الله عَزَّ وَجَلَّ.
[حسن] - [رواه أحمد] - [مسند أحمد: 2212]
المزيــد ...
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
"അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാണ് കാഫിറുകൾ
(അവിശ്വാസികൾ)." (മാഇദ: 44), "അവർ തന്നെയാണ് അക്രമികൾ." (മാഇദ: 45), "അവർ തന്നെയാണ് ഫാസിഖുകൾ (ധിക്കാരികൾ)." (മാഇദ: 47) എന്നീ ആയത്തുകൾ അല്ലാഹു ഇങ്ങനെ അവതരിപ്പിച്ചിരിക്കുന്നു.
ഇബ്നു അബ്ബാസ് (رضي الله عنه) പറഞ്ഞു: "യഹൂദരിലെ രണ്ട് വിഭാഗങ്ങളെക്കുറിച്ചാണ് അല്ലാഹു ഈ ആയത്തുകൾ അവതരിപ്പിച്ചത്. ജാഹിലിയ്യാ കാലഘട്ടത്തിൽ അതിലൊരു വിഭാഗം മറു വിഭാഗത്തെ അടിച്ചമർത്തിയിരുന്നു. അങ്ങനെ, പ്രബലരായ വിഭാഗം ദുർബലരായ വിഭാഗത്തിൽ നിന്ന് ഒരാളെ കൊന്നാൽ, അതിന് നഷ്ടപരിഹാരമായി അമ്പത് വസ്ഖ് നൽകിയാൽ മതിയാകും; എന്നാൽ ദുർബലരായ വിഭാഗം പ്രബലരായ വിഭാഗത്തിൽ നിന്ന് ഒരാളെ കൊന്നാൽ, നഷ്ടപരിഹാരമായി നൂറ് വസ്ഖ് നൽകണം എന്ന വ്യവസ്ഥയിൽ അവർ യോജിപ്പിലും സന്ധിയിത്തിലുമെത്തി.
നബി (ﷺ) മദീനയിൽ വരുന്നത് വരെ അവർ ഈ നിലയിലായിരുന്നു. നബിയുടെ (ﷺ) വരവോടെ ഈ രണ്ട് വിഭാഗങ്ങളും അവിടുത്തെ മുമ്പിൽ താഴ്മ കാണിച്ചു. അന്ന് നബി (ﷺ) അവർക്കുമേൽ പൂർണ്ണ ആധിപത്യം നേടിയിരുന്നില്ല. അവരെ കീഴ്പ്പെടുത്തിയിരുന്നുമില്ല. അവിടുന്ന് അവരുമായി സന്ധിയിലായിരുന്നു.
അങ്ങനെയിരിക്കെ, ദുർബലരായ വിഭാഗം പ്രബലരായ വിഭാഗത്തിൽ നിന്ന് ഒരാളെ കൊലപ്പെടുത്തി. ഉടനെ പ്രബലർ ദുർബലരോട് നൂറ് വസ്ഖ് നഷ്ടപരിഹാരം കൊടുത്തയക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ ദുർബലർ പറഞ്ഞു: 'മതവും വംശവും നാടും ഒന്നായ രണ്ട് ഗോത്രങ്ങളിൽ, ചിലരുടെ നഷ്ടപരിഹാരം മറ്റുചിലരുടെ നഷ്ടപരിഹാരത്തിന്റെ പകുതിയാവുക എന്നത് എവിടെയെങ്കിലും കേട്ടുകേൾവിയുണ്ടോ? മുമ്പ് ഞങ്ങൾ നിങ്ങൾക്ക് അത് തന്നിരുന്നത് നിങ്ങൾ ഞങ്ങളെ അടിച്ചമർത്തിയത് കൊണ്ടും, ഞങ്ങൾക്ക് നിങ്ങളെ പേടിയുള്ളതുകൊണ്ടുമായിരുന്നു. എന്നാൽ ഇപ്പോൾ മുഹമ്മദ് (ﷺ) വന്ന സ്ഥിതിക്ക് ഞങ്ങൾ നിങ്ങൾക്കത് നൽകില്ല.'
അങ്ങനെ അവർക്കിടയിൽ യുദ്ധം പൊട്ടിപ്പുറപ്പെടാറായി. ഒടുവിൽ നബിയെ (ﷺ) തങ്ങൾക്കിടയിൽ വിധികർത്താവാക്കാം എന്ന് അവർ തീരുമാനിച്ചു. അപ്പോഴാണ് പ്രബലരായ വിഭാഗം ചിന്തിച്ചത്; അവർ പറഞ്ഞു: 'അല്ലാഹുവാണെ സത്യം, മുഹമ്മദ് ഒരിക്കലും അവർക്ക് നൽകുന്നതിന്റെ ഇരട്ടി നമുക്ക് നൽകില്ല. അവർ പറഞ്ഞത് സത്യമാണ്; അവർ നമ്മളെ ഭയന്നിരുന്നത് കാരണവും നാം അവരെ അടിച്ചമർത്തിയതുകൊണ്ടും മാത്രമാണ് അവർ നമുക്ക് അത് തന്നുകൊണ്ടിരുന്നത്. അതിനാൽ, മുഹമ്മദിന്റെ അഭിപ്രായം എന്താണെന്ന് അറിയാൻ നിങ്ങൾ രഹസ്യമായി ആളെ അയക്കുക. നിങ്ങൾക്ക് അനുകൂലമാണ് വിധിയെങ്കിൽ നിങ്ങൾ അദ്ദേഹത്തെ വിധികർത്താവാക്കുക. അതല്ലെങ്കിൽ നിങ്ങൾ ജാഗ്രത പാലിക്കുക, അദ്ദേഹത്തെ വിധികർത്താവാക്കരുത്.'
അങ്ങനെ നബിയുടെ (ﷺ) അഭിപ്രായം അറിയുന്നതിനായി അവർ കപടവിശ്വാസികളിൽ (മുനാഫിഖുകൾ) പെട്ട ചിലരെ രഹസ്യമായി നബിയുടെ (ﷺ) അടുത്തേക്ക് അയച്ചു. അവർ വന്നപ്പോൾ, അവരുടെ മുഴുവൻ കാര്യങ്ങളും അവരുടെ ഗൂഢലക്ഷ്യങ്ങളും അല്ലാഹു തന്റെ റസൂലിന് അറിയിച്ചുകൊടുത്തിരുന്നു. അങ്ങനെ അല്ലാഹു ഈ ആയത്തുകൾ അവതരിപ്പിച്ചു:
"ഓ റസൂലേ, വിശ്വാസം സ്വീകരിച്ചെന്ന് വായ കൊണ്ട് പറയുകയും ഹൃദയം കൊണ്ട് വിശ്വസിക്കാതിരിക്കുകയും ചെയ്തവരിൽ നിന്ന് അവിശ്വാസത്തിലേക്ക് കുതിക്കുന്നവർ അങ്ങയെ ദുഃഖിപ്പിക്കാതിരിക്കട്ടെ." (മാഇദ: 41) ഇവിടം മുതൽ "അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാണ് അധർമ്മികൾ." (മാഇദ: 47) എന്നതുവരെ അപ്പോഴാണ് അവതരിച്ചത്.
പിന്നീട് ഇബ്നു അബ്ബാസ്
(رضي الله عنه) പറഞ്ഞു: "അല്ലാഹുവാണെ സത്യം, ആ രണ്ട് വിഭാഗത്തെക്കുറിച്ചാണ് അല്ലാഹു ഇത് അവതരിപ്പിച്ചത്. അവരെ തന്നെയാണ് അല്ലാഹു ഉദ്ദേശിച്ചതും."
[ഹസൻ] - [അഹ്മദ് ഉദ്ധരിച്ചത്] - [مسند أحمد - 2212]
മദീനയിലെ ജൂതഗോത്രങ്ങളായിരുന്നു ബനൂ ഖുറൈളയും ബനൂ നദ്വീറും. ജാഹിലിയ്യാ കാലത്ത് അതിലൊരു ഗോത്രം മറു ഗോത്രത്തെ അടിച്ചമർത്തിയിരുന്നു. അങ്ങനെ പ്രബലരായ വിഭാഗം ദുർബലരായ വിഭാഗത്തിൽ നിന്ന് ഒരാളെ കൊന്നാൽ 50 വസ്ഖ് ദിയ നൽകിയാൽ മതിയാകുമെന്നും, എന്നാൽ ദുർബലരായവർ പ്രബലരായവരിൽ നിന്ന് ഒരാളെ കൊന്നാൽ അതിന്റെ ഇരട്ടി, അതായത് 100 വസ്ഖ് നൽകണമെന്നും അവർ തീരുമാനിച്ചു. (ഒരു വസ്ഖ് എന്നാൽ 60 സ്വാഅ് ആണ്). നബി (ﷺ) ഹിജ്റ ചെയ്ത് മദീനയിൽ എത്തുന്നത് വരെ ഇതായിരുന്നു അവസ്ഥ. നബിയുടെ (ﷺ) വരവോടെ രണ്ട് വിഭാഗവും അവിടുത്തോട് വിധേയത്വം കാണിച്ചു. ഹിജ്റയുടെ ആദ്യകാലമായതിനാൽ നബി (ﷺ) അന്ന് ശത്രുക്കളുടെ മേൽ വിജയം നേടിയിരുന്നില്ല. ആ രണ്ടു ഗോത്രത്തെയും തന്നെ അനുസരിക്കണമെന്ന് നബി (ﷺ) നിർബന്ധിച്ചിരുന്നുമില്ല. അവരുമായി സന്ധിയിലായിരുന്നു. അങ്ങനെയിരിക്കെ, ദുർബലരായ വിഭാഗം പ്രബലരായ വിഭാഗത്തിൽ നിന്ന് ഒരാളെ കൊലപ്പെടുത്തി. കരാർ പ്രകാരം 100 വസ്ഖ് നൽകണമെന്ന് പ്രബലർ ആവശ്യപ്പെട്ടു. എന്നാൽ ദുർബലർ അത് നിരസിച്ചു. ഒരേ മതവും ഒരേ വംശവും ഒരേ നാടും ഉള്ളവർക്കിടയിൽ നഷ്ടപരിഹാരത്തുകയിൽ വിവേചനം കാണിക്കുന്നത് അനീതിയാണെന്ന് അവർ വാദിച്ചു. ഇതുവരെ അപ്രകാരം നൽകിയത് പേടിച്ചിട്ടാണെന്നും അവർ പറഞ്ഞു. മുഹമ്മദ് നബി (ﷺ) വന്ന സ്ഥിതിക്ക് ഇനി ആ അനീതി സഹിക്കില്ലെന്ന് അവർ വ്യക്തമാക്കി. അങ്ങനെ അവർക്കിടയിൽ യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യമൊരുങ്ങി. എന്നാൽ പിന്നീട് നബിയെ (ﷺ) തങ്ങൾക്കിടയിൽ വിധികർത്താവാക്കാൻ അവർ തീരുമാനിച്ചു. എന്നാൽ, നബി (ﷺ) നീതിപൂർവ്വമായേ വിധിക്കൂ എന്നും തങ്ങൾക്ക് അനുകൂലമായി ഇരട്ടി നഷ്ടപരിഹാരം വിധിക്കില്ലെന്നും പ്രബല ഗോത്രക്കാർക്ക് മനസ്സിലായി. തങ്ങളുടെ അതിക്രമവും അടിച്ചമർത്തലും ഭയക്കുന്നത് കൊണ്ട് മാത്രമാണ് അവർ തങ്ങൾക്ക് ഇത്രയും കാലം ഇരട്ടി നഷ്ടപരിഹാരത്തുക തന്നിരുന്നത് എന്ന് അവർ പറഞ്ഞത് സത്യം തന്നെയാണ്. അതിനാൽ, നബിയുടെ (ﷺ) നിലപാട് രഹസ്യമായി അറിയാൻ അവർ കപടവിശ്വാസികളെ അയച്ചു. നബിയുടെ (ﷺ) വിധി തങ്ങൾക്ക് അനുകൂലമാണെങ്കിൽ മാത്രം വിധി തേടാനും, അല്ലെങ്കിൽ ഈ സന്ധിസംഭാഷണത്തിൽ നിന്ന് പിന്മാറാനുമായിരുന്നു അവരുടെ പദ്ധതി. അങ്ങനെ കപടവിശ്വാസികളിൽ പെട്ട ചിലരെ അവർ നബിയുടെ (ﷺ) തീരുമാനം എന്തായിരിക്കുമെന്ന് അറിയുന്നതിന് വേണ്ടി രഹസ്യമായി പറഞ്ഞയച്ചു. കപടവിശ്വാസികൾ വന്നെത്തുമ്പോഴേക്ക് അല്ലാഹു വഹ്‌യ് വഴി അവരുടെ ഗൂഢാലോചന നബിക്ക് (ﷺ) വെളിപ്പെടുത്തിക്കൊടുത്തിരുന്നു. തുടർന്ന്, ഈ വിഷയത്തെ കുറിച്ച് സൂറത്തുൽ മാഇദയിലെ 41 മുതൽ 47 വരെയുള്ള ആയത്തുകൾ അവതരിപ്പിച്ചു. "ഓ റസൂലേ! കുഫ്‌റിലേക്ക് അതിവേഗം പൊയ്‌ക്കൊണ്ടിരിക്കുന്നവർ താങ്കളെ ദുഃഖത്തിൽ ആഴ്ത്താതിരിക്കട്ടെ. ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന് വായ കൊണ്ട് പറയുന്നവരാണവർ..." ''അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാകുന്നു ഫാസിഖുകൾ'' [മാഇദ:47] എന്നത് വരെയുള്ള ആയത്തുകൾ അങ്ങനെയാണ് അവതരിച്ചത്. ഇബ്നു അബ്ബാസ് (رضي الله عنه) പറഞ്ഞു: "അല്ലാഹുവാണെ സത്യം, ഈ രണ്ട് വിഭാഗത്തെക്കുറിച്ചാണ് "അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാണ് കാഫിറുകൾ..."[മാഇദ:44] "അവർ തന്നെയാണ് അക്രമികൾ" [മാഇദഃ: 45] "അവർ തന്നെയാണ് അധർമ്മികൾ." [മാഇദഃ: 47] എന്നീ വചനങ്ങൾ അവതരിച്ചത്.