عَنْ عُمَرَ بْنِ الخَطَّابِ رَضِيَ اللَّهُ عَنْهُ:
أَنَّ رَجُلًا مِنَ اليَهُودِ قَالَ لَهُ: يَا أَمِيرَ المُؤْمِنِينَ، آيَةٌ فِي كِتَابِكُمْ تَقْرَؤُونَهَا، لَوْ عَلَيْنَا مَعْشَرَ اليَهُودِ نَزَلَتْ لاَتَّخَذْنَا ذَلِكَ اليَوْمَ عِيدًا، قَالَ: أَيُّ آيَةٍ؟ قَالَ: {اليَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلاَمَ دِينًا} [المائدة: 3] قَالَ عُمَرُ: قَدْ عَرَفْنَا ذَلِكَ اليَوْمَ، وَالمَكَانَ الَّذِي نَزَلَتْ فِيهِ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَهُوَ قَائِمٌ بِعَرَفَةَ يَوْمَ جُمُعَةٍ.

[صحيح] - [متفق عليه] - [صحيح البخاري: 45]
المزيــد ...

ഉമറുബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
യഹൂദരിൽ പെട്ട ഒരാൾ അദ്ദേഹത്തോട് (ഉമറിനോട്) പറഞ്ഞു: "അല്ലയോ അമീറുൽ മുഅ്മിനീൻ! നിങ്ങളുടെ ഗ്രന്ഥത്തിൽ (ഖുർആനിൽ) നിങ്ങൾ പാരായണം ചെയ്യുന്ന ഒരു വചനമുണ്ട്. അത് ഞങ്ങളുടെ മേൽ -യഹൂദരുടെ മേൽ- ആയിരുന്നു അവതരിച്ചിരുന്നതെങ്കിൽ, ആ ദിവസം ഞങ്ങൾ ഒരു ആഘോഷ ദിവസമായി ആചരിക്കുമായിരുന്നു." ഉമർ (رضي الله عنه) ചോദിച്ചു: "ഏതാണ് ആ വചനം?" അയാൾ പറഞ്ഞു: "'ഇന്നേദിവസം നിങ്ങൾക്ക് നിങ്ങളുടെ മതം ഞാൻ പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും, ഇസ്‌ലാമിനെ മതമായി നിങ്ങൾക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു." (മാഇദ: 3) അപ്പോൾ ഉമർ (رضي الله عنه) പറഞ്ഞു: "ആ ദിവസം ഏതാണെന്നും അത് അവതരിച്ച സ്ഥലം ഏതാണെന്നും ഞങ്ങൾക്ക് നന്നായി അറിയാം. നബി (ﷺ) അറഫയിൽ നിൽക്കുമ്പോൾ, ഒരു വെള്ളിയാഴ്ച ദിവസമാണ് ആ വചനം അവിടുത്തേക്ക് അവതരിച്ചത്. "

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 45]

വിശദീകരണം

യഹൂദരിൽ പെട്ട ഒരാൾ അമീറുൽ മുഅ്മിനീൻ ഉമർ (رضي الله عنه) വിന്റെ അടുത്ത് വന്ന് പറഞ്ഞു: "നിങ്ങളുടെ ഗ്രന്ഥമായ ഖുർആനിൽ നിങ്ങൾ പാരായണം ചെയ്യുന്ന ഒരു ആയത്തുണ്ട്. ഞങ്ങളുടെ മേൽ - യഹൂദർക്ക് മേൽ - ഞങ്ങളുടെ ഗ്രന്ഥമായ തൗറാത്തിൽ ആയിരുന്നു അത് അവതരിച്ചിരുന്നതെങ്കിൽ, ഈ മഹത്തായ വചനം ഇറക്കിക്കിട്ടിയ അനുഗ്രഹത്തിന് നന്ദിസൂചകമായി ആ ദിവസം ഞങ്ങൾ ഒരു പെരുന്നാൾ ദിവസമായി ആഘോഷിക്കുമായിരുന്നു." അപ്പോൾ ഉമർ (رضي الله عنه) ചോദിച്ചു: "ഏതാണ് ആ വചനം?" അയാൾ പറഞ്ഞു: "ഇന്നേദിവസം നിങ്ങൾക്ക് നിങ്ങളുടെ മതം ഞാൻ പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും, ഇസ്‌ലാമിനെ മതമായി നിങ്ങൾക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു." അപ്പോൾ ഉമർ (رضي الله عنه) പറഞ്ഞു: "ആ ദിവസം ഏതാണെന്നും, ഈ മഹത്തായ വചനം അവതരിച്ച സ്ഥലം ഏതാണെന്നും ഞങ്ങൾക്ക് നന്നായി അറിയാം. അത് അവതരിച്ചത് ഒരു പെരുന്നാൾ ദിവസമാണ്. നബി (ﷺ) അറഫയിൽ നിൽക്കുമ്പോൾ ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു അത്. (വെള്ളിയാഴ്ച ദിനം ആഴ്ചയിലെ ഈദാണ്). മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അറഫാ ദിനവും വെള്ളിയാഴ്ചയും ശ്രേഷ്ഠതയുള്ള രണ്ട് ദിവസങ്ങളാണ്."

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഖുർആനിലെ വചനങ്ങൾ അവതരിച്ച സ്ഥലത്തെക്കുറിച്ചും സമയത്തെക്കുറിച്ചുമുള്ള അറിവുകൾ മനസ്സിലാക്കുന്നതിൽ ഉമർ
  2. (رضي الله عنه) പുലർത്തിയിരുന്ന ശ്രദ്ധ.
  3. ഈ ഉമ്മത്തിന് അല്ലാഹു നൽകിയ അനുഗ്രഹത്തെ വ്യക്തമാക്കുന്ന ആയത്താണ് ഹദീഥിൽ പരാമർശിക്കപ്പെട്ടത്. അല്ലാഹു അവർക്ക് അവരുടെ ദീൻ (മതം) പൂർത്തിയാക്കി നൽകുകയും അനുഗ്രഹങ്ങൾ സമ്പൂർണ്ണമാക്കുകയും ചെയ്തു. അതിനാൽ മതകാര്യങ്ങളിൽ യാതൊരു കൂട്ടിച്ചേർക്കലിന്റെയും ആവശ്യമില്ല. അല്ലാഹു ദീൻ പൂർത്തിയാക്കിയതിന് ശേഷം, അതിൽ തെളിവില്ലാത്തതായി പുതുതായി ഉണ്ടാക്കുന്നതെല്ലാം വഴിപിഴച്ച ബിദ്അത്താണ് (പുത്തനാചാരം). നബിയിൽ (ﷺ) നിന്ന് സ്ഥിരപ്പെട്ടതുപോലെ: "നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) ഇല്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്."
  4. വേദംനൽകപ്പെട്ട മുൻകാല സമൂഹങ്ങൾ ചെയ്തിരുന്നത് പോലെ, ഏതെങ്കിലുമൊരാളുടെ അഭിപ്രായത്തിൻ്റെയോ പുതുനിർമ്മിതിയുടെയോ അടിസ്ഥാനത്തിൽ പെരുന്നാളുകളും ആഘോഷങ്ങളും ഉണ്ടാക്കരുതെന്നും, മറിച്ച് അവ നിശ്ചയിക്കാനുള്ള അടിസ്ഥാനം ഇസ്‌ലാമിക പ്രമാണങ്ങളും നബിയുടെ (ﷺ) മാതൃകയും മാത്രമാണെന്നും ഒരാൾക്ക് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാനുള്ള വഴിയുണ്ട്. ദീൻ പൂർത്തീകരിച്ചുവെന്നും അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹം സമ്പൂർണ്ണമാക്കിയെന്നും അറിയിക്കുന്ന ഖുർആനിലെ വചനം അല്ലാഹു അവതരിപ്പിച്ചത് മുസ്‌ലിംകൾക്ക് പെരുന്നാളായി നിശ്ചയിക്കപ്പെട്ട ഒരു ദിവസത്തിലാണ്. രണ്ട് നിലയ്ക്കാണ് അത് പെരുന്നാളാകുന്നത്: ഒന്ന്; ആഴ്ച്ചയിലെ പെരുന്നാളാണ് വെള്ളിയാഴ്ച്ച ദിവസം. രണ്ട്; ഹാജിമാരുടെ പെരുന്നാൾ ദിനമാണ് അറഫാ ദിവസം; അവരുടെ ഏറ്റവും വലിയ ഒത്തുചേരലിന്റെയും അറഫയിലെ മഹത്തരമായ നിറുത്തത്തിന്റെയും ദിവസമാണത്.
  5. ഹദീഥിൽ പരാമർശിക്കപ്പെട്ട ആയത്തിൻ്റെ വിശദീകരണത്തിൽ ശൈഖ് സഅ്ദി (رحمه الله) പറഞ്ഞു: "ഇന്നേദിവസം നിങ്ങൾക്ക് നിങ്ങളുടെ മതം ഞാൻ പൂർത്തിയാക്കി തന്നിരിക്കുന്നു." അതായത്, നിങ്ങളുടെ ദീനിനുള്ള സഹായം സമ്പൂർണ്ണമാക്കി കൊണ്ടും അടിസ്ഥാനപരവും ശാഖാപരവുമായ എല്ലാ നിയമങ്ങളും പൂർത്തീകരിച്ചുകൊണ്ടും നിങ്ങൾക്ക് ദീൻ പൂർണ്ണമാക്കി തന്നിരിക്കുന്നു. അതുകൊണ്ടുതന്നെ, മതത്തിന്റെ അടിസ്ഥാനപരവും ശാഖാപരവുമായ എല്ലാ വിധികൾക്കും ഖുർആനും സുന്നത്തും മാത്രം മതിയായതാണ്. വിശ്വാസവും വിധിവിലക്കുകളും മനസ്സിലാക്കാൻ ഖുർആനും സുന്നത്തുമല്ലാത്ത ഇൽമുൽ കലാം (വചനശാസ്ത്രം) പോലുള്ള മറ്റ് വിജ്ഞാനങ്ങൾ ആവശ്യമാണെന്ന് വാദിക്കുന്നവർ വിവരമില്ലാത്തവരും പിഴച്ച വാദത്തിൽ നിലകൊള്ളുന്നവരുമാണ്. അവരുടെ പുതുനിർമ്മിതികൾ കൊണ്ടും നിർമ്മിത മാർഗങ്ങൾ കൊണ്ടും മാത്രമേ ദീൻ പൂർണ്ണമാകൂ എന്നാണ് അവർ ജല്പിക്കുന്നത്. വലിയ അക്രമവും അല്ലാഹുവിനും റസൂലിനും അറിവില്ലയെന്ന് ആരോപിക്കലുമാണിത്.
  6. "എന്റെ അനുഗ്രഹം -അതായത്, പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങൾ- നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു." "ഇസ്‌ലാമിനെ മതമായി നിങ്ങൾക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു." അതായത്, ഞാൻ നിങ്ങൾക്ക് മതമായി ഇസ്‌ലാമിനെ തിരഞ്ഞെടുത്തു നൽകുകയും തൃപ്തിപ്പെട്ടു നൽകുകയും ചെയ്തിരിക്കുന്നു. ഞാൻ അതിനെ നിങ്ങൾക്ക് തൃപ്തിപ്പെട്ടതുപോലെ, നിങ്ങളും അതിൽ സംതൃപ്തരാവുക. ഏറ്റവും ശ്രേഷ്ഠവും ഉന്നതവും സമ്പൂർണ്ണവുമായ മതം കൊണ്ട് നിങ്ങളെ അനുഗ്രഹിച്ച നിങ്ങളുടെ റബ്ബിനെ നിങ്ങൾ സ്തുതിക്കുകയും അവന് നന്ദി കാണിക്കുകയും ചെയ്യുക.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി റഷ്യ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية الجورجية المقدونية الخميرية البنجابية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ