عَنْ أَنَسِ بْنِ مَالِكٍ رضي الله عنه قَالَ: بَلَغَ رَسُولَ اللهِ صلى الله عليه وسلم عَنْ أَصْحَابِهِ شَيْءٌ، فَخَطَبَ فَقَالَ:
«عُرِضَتْ عَلَيَّ الْجَنَّةُ وَالنَّارُ فَلَمْ أَرَ كَالْيَوْمِ فِي الْخَيْرِ وَالشَّرِّ، وَلَوْ تَعْلَمُونَ مَا أَعْلَمُ لَضَحِكْتُمْ قَلِيلًا وَلَبَكَيْتُمْ كَثِيرًا» قَالَ: فَمَا أَتَى عَلَى أَصْحَابِ رَسُولِ اللهِ صلى الله عليه وسلم يَوْمٌ أَشَدُّ مِنْهُ، قَالَ: غَطَّوْا رُءُوسَهُمْ وَلَهُمْ خَنِينٌ، قَالَ: فَقَامَ عُمَرُ فَقَالَ: رَضِينَا بِاللهِ رَبًّا، وَبِالْإِسْلَامِ دِينًا، وَبِمُحَمَّدٍ نَبِيًّا، قَالَ: فَقَامَ ذَاكَ الرَّجُلُ فَقَالَ: مَنْ أَبِي؟ قَالَ: «أَبُوكَ فُلَانٌ»، فَنَزَلَتْ: {يَا أَيُّهَا الَّذِينَ آمَنُوا لا تَسْأَلُوا عَنْ أَشْيَاءَ إِنْ تُبْدَ لَكُمْ تَسُؤْكُمْ} [المائدة: 101].
[صحيح] - [متفق عليه] - [صحيح مسلم: 2359]
المزيــد ...
അനസു ബ്നു മാലിക് (رضي الله عنه) നിവേദനം: സ്വഹാബികളെ കുറിച്ച് ഒരു കാര്യം നബിയുടെ (ﷺ) അറിവിലെത്തി. അപ്പോൾ അവിടുന്ന് ഒരു പ്രഭാഷണം നിർവ്വഹിച്ചു; ഇപ്രകാരം പറഞ്ഞു:
"സ്വർഗവും നരകവും എനിക്ക് കാണിക്കപ്പെട്ടു; നന്മയും തിന്മയും ഇന്ന് കണ്ടറിഞ്ഞതു പോലെ ഞാൻ മുൻപ് കണ്ടിട്ടില്ല. ഞാൻ അറിഞ്ഞത് നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ നിങ്ങൾ കുറച്ചു മാത്രം ചിരിക്കുകയും ധാരാളമായി കരയുകയും ചെയ്യുമായിരുന്നു.
അനസ്
(رضي الله عنه) പറഞ്ഞു: "നബിയുടെ (ﷺ) സ്വഹാബികൾക്ക് ആ ദിവസത്തേക്കാൾ കഠിനമായ മറ്റൊരു ദിവസം പിന്നീടുണ്ടായിട്ടില്ല. തങ്ങളുടെ ശിരസ്സ് മൂടിക്കൊണ്ട് അവർ തേങ്ങിക്കരഞ്ഞു കൊണ്ടിരുന്നു.
അങ്ങനെ ഉമർ (رضي الله عنه) എഴുന്നേറ്റു കൊണ്ട് പറഞ്ഞു: "അല്ലാഹുവിനെ ഞങ്ങളുടെ റബ്ബായും, ഇസ്‌ലാമിനെ ഞങ്ങളുടെ ദീനായും, മുഹമ്മദ് നബിയെ (ﷺ) ഞങ്ങളുടെ റസൂലായും ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു."
അപ്പോൾ അയാൾ എഴുന്നേറ്റു കൊണ്ട് ചോദിച്ചു: "എൻ്റെ പിതാവ് ആരാണ്?" നബി (ﷺ) പറഞ്ഞു: "നിൻ്റെ പിതാവ് ഇന്നയാളാണ്." അപ്പോഴാണ് അല്ലാഹുവിൻ്റെ ഈ വചനം അവതരിച്ചത്: "(അല്ലാഹുവിലും അവൻ്റെ റസൂലിലും) വിശ്വസിച്ചവരേ, നിങ്ങൾ ചില കാര്യങ്ങളെ കുറിച്ച് ചോദിക്കരുത്; അവ നിങ്ങൾക്ക് വ്യക്തമാക്കപ്പെട്ടാൽ നിങ്ങൾക്കത് പ്രയാസകരമായിരിക്കും." (മാഇദഃ: 101)
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 2359]
നബിയുടെ (ﷺ) സ്വഹാബിമാരെ കുറിച്ച് ഒരു കാര്യം അവിടുത്തെ ചെവിയിലെത്തി; നബിയോട് (ﷺ) അവർ ചോദ്യങ്ങൾ അധികരിപ്പിച്ചു എന്നതായിരുന്നു അത്. നബി (ﷺ) ഇക്കാര്യത്തിൽ ശക്തമായി കോപിക്കുകയും, ഒരു പ്രഭാഷണം നിർവ്വഹിക്കുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: "സ്വർഗവും നരകവും എനിക്ക് കാണിക്കപ്പെട്ടു; ഇന്ന് സ്വർഗത്തിൽ ഞാൻ വീക്ഷിച്ചതിനേക്കാൾ നന്മകൾ ഇതിന് മുൻപൊരിക്കലും ഞാൻ കണ്ടിട്ടില്ല. ഇന്ന് നരകത്തിൽ ഞാൻ കണ്ടതിനേക്കാൾ തിന്മകളും പ്രയാസങ്ങളും ഇതിന് മുൻപൊരിക്കലും ഞാൻ കണ്ടിട്ടില്ല. ഈ ദിവസം ഞാൻ കണ്ടത് നിങ്ങൾ കാണുകയും, ഞാൻ അറിഞ്ഞത് പോലെ നിങ്ങൾ അറിയുകയും ചെയ്തിരുന്നെങ്കിൽ നിങ്ങൾക്ക് അത് കടുത്ത പ്രയാസം സൃഷ്ടിക്കുമായിരുന്നു. നിങ്ങളുടെ ചിരി കുറയുകയും, നിങ്ങളുടെ കരച്ചിൽ അധികരിക്കുകയും ചെയ്യുമായിരുന്നു. അനസ്
(رضي الله عنه) പറഞ്ഞു: നബിയുടെ (ﷺ) സ്വഹാബിമാർക്ക് അന്നത്തേക്കാൾ കഠിനമായ മറ്റൊരു ദിവസം ഉണ്ടായിട്ടില്ല. തങ്ങളുടെ ശിരസ്സുകൾ വസ്ത്രങ്ങൾ കൊണ്ട് മൂടിക്കൊണ്ട്, അവർ തേങ്ങി കരഞ്ഞു കൊണ്ടിരുന്നു. അപ്പോൾ ഉമർ (رضي الله عنه) എഴുന്നേറ്റു കൊണ്ട് പറഞ്ഞു: "അല്ലാഹുവിനെ ഞങ്ങളുടെ റബ്ബായും, ഇസ്‌ലാമിനെ ഞങ്ങളുടെ ദീനായും,മുഹമ്മദ് നബിയെ (ﷺ) ഞങ്ങളുടെ നബിയായും ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു." അപ്പോൾ ഒരു വ്യക്തി എഴുന്നേറ്റു കൊണ്ട് നബിയോട് (ﷺ) ചോദിച്ചു: "ആരാണ് എൻ്റെ പിതാവ്?"
നബി (ﷺ) പറഞ്ഞു: "നിൻ്റെ പിതാവ് ഇന്നയാളാണ്." അപ്പോഴാണ് വിശുദ്ധ ഖുർആനിലെ ഈ വചനം അവതരിച്ചത്: "(അല്ലാഹുവിലും അന്ത്യനാളിലും) വിശ്വസിച്ചവരേ, ചിലകാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ക്ക് അവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത് മനഃപ്രയാസമുണ്ടാക്കും." [മാഇദ: 101]