أَنَّ نَاسًا مِنْ أَصْحَابِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالُوا لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ: يَا رَسُولَ اللهِ، ذَهَبَ أَهْلُ الدُّثُورِ بِالْأُجُورِ، يُصَلُّونَ كَمَا نُصَلِّي، وَيَصُومُونَ كَمَا نَصُومُ، وَيَتَصَدَّقُونَ بِفُضُولِ أَمْوَالِهِمْ، قَالَ: «أَوَلَيْسَ قَدْ جَعَلَ اللهُ لَكُمْ مَا تَصَّدَّقُونَ؟ إِنَّ بِكُلِّ تَسْبِيحَةٍ صَدَقَةً، وَكُلِّ تَكْبِيرَةٍ صَدَقَةً، وَكُلِّ تَحْمِيدَةٍ صَدَقَةً، وَكُلِّ تَهْلِيلَةٍ صَدَقَةً، وَأَمْرٌ بِالْمَعْرُوفِ صَدَقَةٌ، وَنَهْيٌ عَنْ مُنْكَرٍ صَدَقَةٌ، وَفِي بُضْعِ أَحَدِكُمْ صَدَقَةٌ»، قَالُوا: يَا رَسُولَ اللهِ، أَيَأتِي أَحَدُنَا شَهْوَتَهُ وَيَكُونُ لَهُ فِيهَا أَجْرٌ؟ قَالَ: «أَرَأَيْتُمْ لَوْ وَضَعَهَا فِي حَرَامٍ أَكَانَ عَلَيْهِ فِيهَا وِزْرٌ؟ فَكَذَلِكَ إِذَا وَضَعَهَا فِي الْحَلَالِ كَانَ لَهُ أَجْرٌ».
[صحيح] - [رواه مسلم] - [صحيح مسلم: 1006]
المزيــد ...
അബൂ ദർറ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- യുടെ സ്വഹാബിമാരിൽ ചിലർ അവിടുത്തോട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! സമ്പത്തുള്ളവർ പ്രതിഫലങ്ങളെല്ലാം കൊണ്ടു പോയിരിക്കുന്നു; ഞങ്ങൾ നിസ്കരിക്കുന്നത് പോലെ അവർ നിസ്കരിക്കുന്നു; ഞങ്ങൾ നോമ്പെടുക്കുന്നത് പോലെ അവർ നോമ്പുമെടുക്കുന്നു; തങ്ങളുടെ സമ്പത്തിൽ അധികമുള്ളതിൽ നിന്ന് അവർ ദാനം നൽകുകയും ചെയ്യുന്നു." നബി -ﷺ- പറഞ്ഞു: "നിങ്ങൾക്കും ദാനമായി അല്ലാഹു ചിലത് നിശ്ചയിച്ചിട്ടുണ്ടല്ലോ?! തീർച്ചയായും എല്ലാ തസ്ബീഹുകളും (സുബ്ഹാനല്ലാഹ്) ദാനമാണ്. എല്ലാ തക്ബീറുകളും (അല്ലാഹു അക്ബർ) ദാനമാണ്. എല്ലാ തഹ്മീദുകളും (അൽഹംദുലില്ലാഹ്) ദാനമാണ്. എല്ലാ തഹ്ലീലുകളും (ലാ ഇലാഹ ഇല്ലല്ലാഹ്) ദാനമാണ്. ഒരു നന്മ കൽപ്പിക്കൽ ദാനമാണ്. ഒരു തിന്മയിൽ നിന്ന് വിലക്കൽ ദാനമാണ്. നിങ്ങളുടെ (ഇണയുമായുള്ള)
ലൈംഗികവേഴ്ചയിൽ വരെ നിങ്ങൾക്ക് ദാനമുണ്ട്." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളിലൊരാൾ തൻ്റെ വികാരം നിറവേറ്റുന്നതിലും അവന് ദാനമുണ്ടെന്നോ?!" നബി -ﷺ- പറഞ്ഞു: "അവനത് ഹറാമായ മാർഗത്തിൽ ആക്കിയിരുന്നെങ്കിൽ അവൻ്റെ മേൽ പാപഭാരമുണ്ടാകുമായിരുന്നില്ലേ?! അതു പോലെ, അവനത് അനുവദനീയമായതിൽ നിറവേറ്റിയാൽ അതിന് അവന് പ്രതിഫലവുമുണ്ട്."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 1006]
സ്വഹാബികളിൽ പെട്ട ദരിദ്രരായ ചിലർ തങ്ങളുടെ സ്ഥിതിയും ദാരിദ്ര്യാവസ്ഥയും നബി (ﷺ) യോട് ആവലാതി ബോധിപ്പിക്കുകയും, തങ്ങളുടെ സഹോദരങ്ങളായ സമ്പന്നർ ദാനധർമ്മങ്ങളിലൂടെ നേടിയെടുക്കുന്ന പ്രതിഫലവും പുണ്യവും തങ്ങൾക്ക് നേടിയെടുക്കാൻ സാധിക്കുന്നില്ലെന്നും അവരെ പോലെ നന്മകൾ പ്രവർത്തിക്കാൻ തങ്ങൾക്ക് കഴിയുന്നില്ലെന്നും അവിടുത്തെ അറിയിച്ചു. ധനികരും ദരിദ്രരും ഒരു പോലെ നിസ്കരിക്കുകയും നോമ്പെടുക്കുകയും ചെയ്യുന്നു; എന്നാൽ സമ്പന്നർ തങ്ങളുടെ സമ്പത്തിൽ നിന്ന് അധികമുള്ളത് ദാനമായി നൽകുന്നു; പക്ഷേ ദരിദ്രർക്ക് അതിന് സാധിക്കുന്നില്ല! എന്നതായിരുന്നു അവരുടെ വേവലാതി. അപ്പോൾ നബി (ﷺ) അവർക്ക് സാധ്യമാകുന്ന ചില സ്വദഖകളെ കുറിച്ച് വിവരിച്ചു കൊടുത്തു. അവിടുന്ന് പറഞ്ഞു: നിങ്ങൾക്ക് സ്വന്തമായി ചെയ്യാൻ കഴിയുന്ന ചില ദാനധർമ്മങ്ങൾ അല്ലാഹു നിശ്ചയിച്ചു തന്നിരിക്കുന്നല്ലോ?! നിങ്ങൾ സുബ്‌ഹാനല്ലാഹ് എന്ന് പറയുന്നതിന് നിങ്ങൾക്ക് ഒരു ദാനത്തിൻ്റെ പ്രതിഫലമുണ്ട്. അല്ലാഹു അക്ബർ എന്ന് പറയുന്നതും, അൽഹംദുലില്ലാഹ് എന്ന് പറയുന്നതും, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുന്നതും ദാനധർമ്മങ്ങൾ തന്നെ. നന്മ കൽപ്പിക്കുന്നതും തിന്മ വിരോധിക്കുന്നതും ദാനം തന്നെ. എന്തിനധികം?! നിങ്ങളിലൊരാൾ തൻ്റെ ഇണയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് വരെ ദാനമായി രേഖപ്പെടുത്തപ്പെടും. ഇത് കേട്ടപ്പോൾ അവർക്ക് അത്ഭുതമായി. അവർ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളിലൊരാൾ തൻ്റെ ലൈംഗിക മോഹം തീർക്കുന്നതിനും അവന് പ്രതിഫലമുണ്ടാകുമെന്നോ?!" നബി (ﷺ) പറഞ്ഞു: "അവൻ അത് ഹറാമായ വ്യഭിചാരത്തിലൂടെയോ മറ്റോ ആയിരുന്നു പൂർത്തീകരിച്ചത് എങ്കിൽ അവൻ്റെ മേൽ അത് ഒരു തിന്മയായി രേഖപ്പെടുത്തപ്പെടുമായിരുന്നില്ലേ?! അതു പോലെത്തന്നെ, അവൻ അത് ഹലാലായ വഴിയിൽ പ്രയോഗിച്ചാൽ അവന് അതിന് പ്രതിഫലവുമുണ്ടായിരിക്കും."