+ -

عَنْ سَعْدِ بنِ أبي وَقَّاصٍ رَضيَ اللهُ عنه قَالَ:
كُنَّا عِنْدَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: «أَيَعْجِزُ أَحَدُكُمْ أَنْ يَكْسِبَ، كُلَّ يَوْمٍ أَلْفَ حَسَنَةٍ؟» فَسَأَلَهُ سَائِلٌ مِنْ جُلَسَائِهِ: كَيْفَ يَكْسِبُ أَحَدُنَا أَلْفَ حَسَنَةٍ؟ قَالَ: «يُسَبِّحُ مِائَةَ تَسْبِيحَةٍ، فَيُكْتَبُ لَهُ أَلْفُ حَسَنَةٍ، أَوْ يُحَطُّ عَنْهُ أَلْفُ خَطِيئَةٍ».

[صحيح] - [رواه مسلم] - [صحيح مسلم: 2698]
المزيــد ...

സഅ്ദ് ബ്നു അബീ വഖാസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഞങ്ങൾ നബി -ﷺ- യോടൊപ്പമായിരുന്ന ഒരു വേളയിൽ അവിടുന്ന് ചോദിച്ചു: "ഒരു ദിവസം ആയിരം നന്മകൾ നേടിയെടുക്കാൻ സാധിക്കാത്തവർ നിങ്ങളിലുണ്ടോ?" അപ്പോൾ നബി -ﷺ- യുടെ കൂടെയിരുന്നവരിലൊരാൾ ചോദിച്ചു: എങ്ങനെയാണ് ഞങ്ങളിലൊരാൾ ആയിരം നന്മകൾ നേടിയെടുക്കുക? നബി -ﷺ- പറഞ്ഞു: "അവൻ നൂറു തവണ തസ്ബീഹ് ചെയ്യട്ടെ; അതുമുഖേന അവന് ആയിരം നന്മകൾ രേഖപ്പെടുത്തപ്പെടും. അല്ലെങ്കിൽ ആയിരം തെറ്റുകൾ അവനിൽ നിന്ന് മായ്ക്കപ്പെടും."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2698]

വിശദീകരണം

നബി -ﷺ- തൻ്റെ സ്വഹാബികളോട് ഒരിക്കൽ ചോദിച്ചു: എല്ലാ ദിവസവും ആയിരം നന്മകൾ നേടിയെടുക്കാൻ നിങ്ങളിൽ ആർക്കെങ്കിലും സാധിക്കുമോ?! അപ്പോൾ അവിടുത്തെ സദസ്സിൽ ഉണ്ടായിരുന്ന ഒരാൾ ചോദിച്ചു: എങ്ങനെയാണ് ഒരാൾക്ക് ഒരു ദിവസം കൊണ്ട് ആയിരം നന്മകൾ എളുപ്പത്തിൽ നേടിയെടുക്കാൻ സാധിക്കുക?! നബി -ﷺ- പറഞ്ഞു: അവൻ സുബ്ഹാനല്ലാഹ് (എല്ലാ കുറവുകളിൽ നിന്നും ന്യൂനതകളിൽ നിന്നും ഞാൻ അല്ലാഹുവിൻ്റെ പരിശുദ്ധിയെ വാഴ്ത്തുന്നു) എന്ന് നൂറ്തവണ പറഞ്ഞാൽ അവന് ആയിരം നന്മകൾ രേഖപ്പെടുത്തപ്പെടും; കാരണം ഒരു നന്മ പത്ത് മടങ്ങായാണ് അല്ലാഹുവിങ്കൽ രേഖപ്പെടുത്തപ്പെടുക. അല്ലെങ്കിൽ അവൻ്റെ ആയിരം തിന്മകൾ അവനിൽ നിന്ന് മായ്ക്കപ്പെടുന്നതാണ്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നന്മകളുടെ ശ്രേഷ്ഠത വിവരിക്കൽ; സൽകർമങ്ങൾ ചെയ്യാനുള്ള ചവിട്ടുപടികളാണ് അവ.
  2. തസ്ബീഹിൻ്റെയും (സുബ്ഹാനല്ലാഹ് എന്ന് പറയൽ) ദിക്റിൻ്റെയും ശ്രേഷ്ഠത; ഒരാൾക്ക് അധികം പ്രയാസമില്ലാതെ ചെയ്യാൻ സാധിക്കുന്ന ഈ പ്രവർത്തനം കൊണ്ട് വലിയ പ്രതിഫലം നേടിയെടുക്കാൻ സാധിക്കും.
  3. നന്മകൾ പ്രവർത്തിക്കാൻ സ്വഹാബികൾക്കുണ്ടായിരുന്ന താൽപര്യവും ആവേശവും; അക്കാര്യത്തിൽ അവർ യാതൊരു അമാന്തവും കാണിച്ചിരുന്നില്ല.
  4. നന്മകൾക്ക് പ്രതിഫലം പത്തിരട്ടികളായാണ് പരലോകത്ത് നൽകപ്പെടുക; അല്ലാഹു പറഞ്ഞതു പോലെ: "ആരാണോ നന്മയുമായി വന്നത്; അവന് അതിൻ്റെ പത്തിരട്ടിയുണ്ടായിരിക്കും." (അൻആം: 160) ഒരു നന്മ ഏറ്റവും ചുരുങ്ങിയത് പത്ത് മടങ്ങ് ഇരട്ടിക്കപ്പെടുന്നതാണ്. ചില വേളകളിൽ, എഴുന്നൂറ് മടങ്ങ് വരെ നന്മകൾ ഇരട്ടിപ്പിക്കുന്നതാണെന്നും ഹദീഥുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്.
  5. 'ആയിരം നന്മകൾ രേഖപ്പെടുത്തുകയോ ആയിരം തിന്മകൾ മായ്ക്കപ്പെടുകയോ' ചെയ്യും എന്നാണ് മേലെ നൽകിയ ഹദീഥിലുള്ളത്; എന്നാൽ ചില നിവേദനങ്ങളിൽ 'ആയിരം നന്മകൾ രേഖപ്പെടുത്തുകയും ആയിരം തിന്മകൾ മായ്ക്കപ്പെടുകയും ചെയ്യുന്നതാണ്' എന്ന് വന്നിട്ടുണ്ട്. മുല്ലാ അലിയ്യുൽ ഖാരീ -رَحِمَهُ اللَّهُ- പറഞ്ഞു: ഇവ രണ്ടും തമ്മിൽ വൈരുദ്ധ്യമില്ല. 'ഒരാൾക്ക് ആയിരം നന്മകൾ രേഖപ്പെടുത്തപ്പെടുന്നതാണ്; അവൻ്റെ മേൽ തിന്മകളില്ലെങ്കിൽ. തിന്മകളുണ്ടെങ്കിൽ അവയിൽ ചിലത് മായ്ക്കപ്പെടുകയും ചില നന്മകൾ പുതുതായി രേഖപ്പെടുത്തപ്പെടുകയും ചെയ്യും.' മറ്റൊരു വിശദീകരണമുള്ളത് (അറബി ഭാഷാ നിയമപ്രകാരം) ഈ രണ്ട് കാര്യങ്ങളും ഒരുപോലെ നൽകപ്പെടും എന്ന അർത്ഥവും അവിടെ സാധ്യതയുണ്ട് എന്നതാണ്. അല്ലാഹുവിൻ്റെ ഔദാര്യം ഈ പറഞ്ഞതിനേക്കാളെല്ലാം വിശാലമാണ് എന്നതിൽ സംശയവുമില്ല." - അതായത് ആയിരം നന്മകൾ രേഖപ്പെടുത്തപ്പെടുന്നതിനോടൊപ്പം ആയിരം തിന്മകൾ മായ്ക്കപ്പെടുകയും ചെയ്യുന്നതാണ് എന്നർത്ഥം.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ