عنْ ابنِ مَسْعُودٍ رَضيَ اللهُ عنهُ قَالَ:
كُنَّا مَعَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي سَفَرٍ، فَانْطَلَقَ لِحَاجَتِهِ، فَرَأَيْنَا حُمَّرَةً مَعَهَا فَرْخَانِ، فَأَخَذْنَا فَرْخَيْهَا، فَجَاءَتِ الْحُمَرَةُ فَجَعَلَتْ تَفْرِشُ، فَجَاءَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: «مَنْ فَجَعَ هَذِهِ بِوَلَدِهَا؟ رُدُّوا وَلَدَهَا إِلَيْهَا»، وَرَأَى قَرْيَةَ نَمْلٍ قَدْ حَرَّقْنَاهَا، فَقَالَ: «مَنْ حَرَّقَ هَذِهِ؟» قُلْنَا: نَحْنُ. قَالَ: «إِنَّهُ لَا يَنْبَغِي أَنْ يُعَذِّبَ بِالنَّارِ إِلَّا رَبُّ النَّارِ».

[صحيح] - [رواه أبو داود] - [سنن أبي داود: 2675]
المزيــد ...

ഇബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഞങ്ങൾ നബി -ﷺ- യോടൊപ്പം ഒരു യാത്രയിലായിരുന്നു. അപ്പോൾ അവിടുന്ന് തന്റെ പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാനായി പോയി. അപ്പോഴാണ് ഞങ്ങൾ ഒരു ചെറിയ പക്ഷിയെ കണ്ടത്; അതിൻ്റെ കൂടെ രണ്ട് കുഞ്ഞുങ്ങളുണ്ടായിരുന്നു. ഞങ്ങൾ അതിൻ്റെ ആ രണ്ട് കുഞ്ഞുങ്ങളെ എടുത്തു. അപ്പോൾ ആ പക്ഷി ചിറകുകൾ അടിച്ചു വിഷമം കാണിച്ചു. നബി -ﷺ- തിരിച്ചെത്തിയപ്പോൾ അവിടുന്ന് ചോദിച്ചു: "ഈ പക്ഷിയെ അതിന്റെ കുഞ്ഞുങ്ങളെ എടുത്തു കൊണ്ട് വിഷമിപ്പിച്ചത് ആരാണ്? അതിന്റെ കുഞ്ഞുങ്ങളെ അതിന് തിരികെ നൽകുക." അവിടുന്ന് ഞങ്ങൾ തീ വെച്ച് കരിച്ച ഒരു ഉറുമ്പിൻ കൂട് കണ്ടപ്പോൾ ഞങ്ങളോട് ചോദിച്ചു: "ഇത് കത്തിച്ചത് ആരാണ്?" ഞങ്ങൾ പറഞ്ഞു: "ഞങ്ങളാണ്." അവിടുന്ന് പറഞ്ഞു: "തീയുടെ രക്ഷിതാവിനല്ലാതെ തീ കൊണ്ട് ശിക്ഷിക്കാൻ പാടില്ല."

[സ്വഹീഹ്] - [അബൂദാവൂദ് ഉദ്ധരിച്ചത്] - [سنن أبي داود - 2675]

വിശദീകരണം

അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: അവർ നബി -ﷺ- യോടൊപ്പം ഒരു യാത്രയിലായിരുന്നു. നബി -ﷺ- തന്റെ ആവശ്യങ്ങൾ നിർവഹിക്കാൻ പോയപ്പോൾ, സ്വഹാബികൾ ഒരു പക്ഷിയെയും അതിന്റെ രണ്ട് കുഞ്ഞുങ്ങളെയും കണ്ടു. അവർ കുഞ്ഞുങ്ങളെ എടുത്തു. അപ്പോൾ ആ പക്ഷി തന്റെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടതിലുള്ള ദുഃഖത്താൽ ചിറകുകൾ വിരിച്ച് വിഷമിക്കാൻ തുടങ്ങി. നബി -ﷺ- തിരികെ വന്നപ്പോൾ അവിടുന്ന് ചോദിച്ചു: "ഈ പക്ഷിയെ അതിന്റെ കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് ദുഃഖിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തത് ആരാണ്?!" എന്നിട്ട് അവിടുന്ന് അതിൻ്റെ കുഞ്ഞുങ്ങളെ അതിന് തിരികെ നൽകാൻ കൽപ്പിച്ചു. മറ്റൊരിക്കൽ, തീ വെച്ചു കരിച്ച ഒരു ഉറുമ്പിൻ കൂട് കണ്ടപ്പോൾ നബി -ﷺ- ചോദിച്ചു: "ഇത് കത്തിച്ചത് ആരാണ്?" ചില സ്വഹാബികൾ പറഞ്ഞു: "ഞങ്ങളാണ്." അപ്പോൾ അവിടുന്ന് അവരോട് പറഞ്ഞു: "അഗ്നിയുടെ സ്രഷ്ടാവായ അല്ലാഹുവിനല്ലാതെ ഒരു ജീവിയെയും തീ കൊണ്ട് ശിക്ഷിക്കാൻ അനുവാദമില്ല."

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. പ്രാഥമികാവശ്യങ്ങൾ നിറവേറ്റുമ്പോൾ മറ സ്വീകരിക്കാൻ വേണ്ടി അകലേക്ക് പോവുക എന്നത് ദീനിൻ്റെ മര്യാദകളിൽ പെട്ടതാണ്.
  2. മിണ്ടാപ്രാണികളെ അവയുടെ കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് ഉപദ്രവിക്കുന്നത് ഇസ്‌ലാം വിലക്കിയിരിക്കുന്നു.
  3. ഉറുമ്പുകളെയും പ്രാണികളെയും തീയിട്ട് കരിക്കുന്നത് ഇസ്‌ലാമിൽ വിലക്കപ്പെട്ടിരിക്കുന്നു.
  4. മൃഗങ്ങളോട് ദയയും കാരുണ്യവും കാണിക്കാൻ പ്രേരിപ്പിക്കുന്ന സംഭവമാണ് ഈ ഹദീഥിലുള്ളത്. ഈ വിഷയത്തിൽ ഇസ്‌ലാമിൻ്റെ അധ്യാപനം സമാനതകളില്ലാത്തതാണ്.
  5. മൃഗങ്ങളോട് നബി -ﷺ- പുലർത്തിയിരുന്ന കാരുണ്യം.
  6. തീ കൊണ്ട് ശിക്ഷിക്കുക എന്നത് അല്ലാഹുവിന് മാത്രമേ അനുയോജ്യമാവുകയുള്ളൂ.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الجورجية المقدونية الخميرية البنجابية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ