+ -

عَنْ عُثْمَانَ الشَّحَّامِ، قَالَ: انْطَلَقْتُ أَنَا وَفَرْقَدٌ السَّبَخِيُّ إِلَى مُسْلِمِ بْنِ أَبِي بَكْرَةَ وَهُوَ فِي أَرْضِهِ، فَدَخَلْنَا عَلَيْهِ فَقُلْنَا: هَلْ سَمِعْتَ أَبَاكَ يُحَدِّثُ فِي الْفِتَنِ حَدِيثًا؟ قَالَ: نَعَمْ، سَمِعْتُ أَبَا بَكْرَةَ رضي الله عنه يُحَدِّثُ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِنَّهَا سَتَكُونُ فِتَنٌ، أَلَا ثُمَّ تَكُونُ فِتْنَةٌ الْقَاعِدُ فِيهَا خَيْرٌ مِنَ الْمَاشِي فِيهَا، وَالْمَاشِي فِيهَا خَيْرٌ مِنَ السَّاعِي إِلَيْهَا، أَلَا فَإِذَا نَزَلَتْ أَوْ وَقَعَتْ فَمَنْ كَانَ لَهُ إِبِلٌ فَلْيَلْحَقْ بِإِبِلِهِ، وَمَنْ كَانَتْ لَهُ غَنَمٌ فَلْيَلْحَقْ بِغَنَمِهِ، وَمَنْ كَانَتْ لَهُ أَرْضٌ فَلْيَلْحَقْ بِأَرْضِهِ»، قَالَ فَقَالَ رَجُلٌ: يَا رَسُولَ اللهِ أَرَأَيْتَ مَنْ لَمْ يَكُنْ لَهُ إِبِلٌ وَلَا غَنَمٌ وَلَا أَرْضٌ؟ قَالَ: «يَعْمِدُ إِلَى سَيْفِهِ فَيَدُقُّ عَلَى حَدِّهِ بِحَجَرٍ، ثُمَّ لِيَنْجُ إِنِ اسْتَطَاعَ النَّجَاءَ، اللهُمَّ هَلْ بَلَّغْتُ؟ اللهُمَّ هَلْ بَلَّغْتُ؟ اللهُمَّ هَلْ بَلَّغْتُ؟»، قَالَ: فَقَالَ رَجُلٌ: يَا رَسُولَ اللهِ أَرَأَيْتَ إِنْ أُكْرِهْتُ حَتَّى يُنْطَلَقَ بِي إِلَى أَحَدِ الصَّفَّيْنِ، أَوْ إِحْدَى الْفِئَتَيْنِ، فَضَرَبَنِي رَجُلٌ بِسَيْفِهِ، أَوْ يَجِيءُ سَهْمٌ فَيَقْتُلُنِي؟ قَالَ: «يَبُوءُ بِإِثْمِهِ وَإِثْمِكَ، وَيَكُونُ مِنْ أَصْحَابِ النَّارِ».

[صحيح] - [رواه مسلم] - [صحيح مسلم: 2887]
المزيــد ...

ഉഥ്മാൻ അശ്ശഹ്ഹാം (رحمه الله) നിവേദനം: ഞാനും ഫർഖദ് അസ്സബഖിയും ഒരുമിച്ച് മുസ്‌ലിം ബ്നു അബീബക്റയെ സന്ദർശിക്കുന്നതിനായി പുറപ്പെട്ടു; അദ്ദേഹം തൻ്റെ ഭൂപ്രദേശത്ത് കഴിഞ്ഞു കൂടുകയായിരുന്നു. അദ്ദേഹത്തിൻ്റെ അടുത്ത് പ്രവേശിച്ചപ്പോൾ ഞങ്ങൾ ചോദിച്ചു: താങ്കളുടെ പിതാവ് ഫിത്‌നകളുടെ (കുഴപ്പങ്ങളുടെ) വിഷയത്തിൽ എന്തെങ്കിലും ഹദീഥ് പറയുന്നതായി കേട്ടിട്ടുണ്ടോ?!" അദ്ദേഹം പറഞ്ഞു: അതെ. അബൂബക്റ പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു. നബി (ﷺ) പറയുകയുണ്ടായി:
"ഫിത്‌നകൾ ഉടലെടുക്കുന്നതാണ്. അറിയുക; വീണ്ടും ഫിത്‌നകൾ ഉടലെടുക്കുന്നതാണ്. അത് ഉണ്ടായിക്കഴിഞ്ഞാൽ അതിൽ ഇരിക്കുന്നവനാണ് നടക്കുന്നവനേക്കാൾ നല്ലവൻ. നടക്കുന്നവനാണ് വേഗതയിൽ സഞ്ചരിക്കുന്നവനേക്കാൾ നല്ലവൻ. അറിയുക! ഫിത്നകൾ ഇറങ്ങിക്കഴിഞ്ഞാൽ ആർക്കെങ്കിലും ഒട്ടകമുണ്ടെങ്കിൽ അവൻ അതിലേക്ക് ചെല്ലട്ടെ. ആർക്കെങ്കിലും ആടുകളുണ്ടെങ്കിൽ അവൻ അവയോട് ചേരട്ടെ. ആർക്കെങ്കിലും ഒരു ഭൂമിയുണ്ട് എങ്കിൽ അവൻ തൻ്റെ ഭൂമിയിൽ ചെന്നുചേരട്ടെ." അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഒട്ടകമോ ആടുമാടുകളോ ഭൂമിയോ ഇല്ലാത്ത ഒരാൾ എന്തു ചെയ്യണം?" നബി ﷺ പറഞ്ഞു: "അവൻ തൻ്റെ ആയുധമെടുത്ത് അതിൻ്റെ മുന കല്ലിൽ വെച്ച് ഒടിച്ചൂ കളയട്ടെ. ശേഷം അവന് സാധിക്കുന്നുവെങ്കിൽ അവൻ രക്ഷപ്പെടട്ടെ." (അവിടുന്ന് തുടർന്നു) അല്ലാഹുവേ! ഞാൻ എത്തിച്ചു നൽകിയില്ലേ?! അല്ലാഹുവേ! ഞാൻ എത്തിച്ചു നൽകിയില്ലേ?! അല്ലാഹുവേ! ഞാൻ എത്തിച്ചു നൽകിയില്ലേ?!" അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! രണ്ട് അണികളിൽ ഏതെങ്കിലുമൊന്നിലോ, രണ്ട് കക്ഷികളിൽ ഒന്നിലോ ചേരാൻ ഞാൻ നിർബന്ധിക്കപ്പെടുകയും, ഒരാൾ അവൻ്റെ ആയുധം കൊണ്ട് എന്നെ വെട്ടുകയോ ഒരു അമ്പ് എന്നെ കൊലപ്പെടുത്തുകയോ ചെയ്യുന്നുവെങ്കിൽ?" നബി ﷺ പറഞ്ഞു: "അവൻ (നിന്നെ വധിച്ചവൻ) അവൻ്റെ തിന്മയും നിൻ്റെ തിന്മയും വഹിക്കുകയും, നരകക്കാരിൽ ഉൾപ്പെടുകയും ചെയ്യുന്നതാണ്."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2887]

വിശദീകരണം

ഉഥ്മാൻ അശ്ശഹ്ഹാമും ഫർഖദ് അസ്സബ്ഖിയും സ്വഹാബീവര്യനായ അബൂബക്റയുടെ മകൻ മുസ്‌ലിമിനോട് ഒരു കാര്യം ചോദിച്ചറിയാൻ വേണ്ടി യാത്ര പുറപ്പെട്ടു. അദ്ദേഹത്തിൻ്റെ പിതാവ് ഫിത്നയെ കുറിച്ചും മുസ്‌ലിംകൾക്കിടയിൽ ഉണ്ടാകുന്ന കുഴപ്പങ്ങളും യുദ്ധങ്ങളും പരാമർശിക്കുന്ന നബി ﷺ യുടെ ഹദീഥ് എന്തെങ്കിലും പറയുന്നതായി കേട്ടിട്ടുണ്ടോ എന്നായിരുന്നു അവർക്ക് ചോദിക്കാനുണ്ടായിരുന്നത്. അപ്പോൾ അദ്ദേഹം പറഞ്ഞു: "അതെ. നബി ﷺ അവിടുത്തെ വഫാത്തിന് (മരണത്തിന്) ശേഷം ഫിത്നകൾ ഉടലെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആ കുഴപ്പങ്ങളിൽ നടക്കുന്നവനേക്കാൾ നല്ലത് അതിനെ അവഗണിച്ചു കൊണ്ടും അക്കാര്യത്തെ കുറിച്ച് അന്വേഷിക്കുകയോ അതിൽ പങ്കുചേരുകയോ ചെയ്യാതെ മാറിയിരിക്കുന്നവനായിരിക്കുമെന്നും, കുഴപ്പങ്ങൾ തേടിപ്പിടിക്കുകയും അതിൽ പങ്കുചേരാനായി ഓടുകയും ചെയ്യുന്നവനേക്കാൾ നല്ലത് അതിൽ നടക്കുക മാത്രം ചെയ്യുന്നവനായിരിക്കുമെന്നും നബി ﷺ അറിയിച്ചിട്ടുണ്ട്. ഒരാളുടെ കാലഘട്ടത്തിൽ കുഴപ്പങ്ങൾ ഉടലെടുക്കുകയും അവൻ്റെ പക്കൽ അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയുന്ന ഒരു അഭയസ്ഥാനം ഉണ്ടായിരിക്കുകയുമാണെങ്കിൽ അവൻ അവിടെ അഭയം തേടട്ടെ എന്ന് നബി ﷺ ഉപദേശിക്കുന്നു. ആർക്കെങ്കിലും മേയ്ക്കാൻ ഒട്ടകമുണ്ടെങ്കിൽ അവൻ തൻ്റെ ഒട്ടകത്തിൻ്റെ അടുത്തേക്ക് പോകട്ടെ. ആർക്കെങ്കിലും ആടുമാടുകളുണ്ടെങ്കിൽ അവൻ അതിനെ മേയ്ച്ചു നടക്കട്ടെ. ആർക്കെങ്കിലും കുറച്ച് ഭൂപ്രദേശമോ കൃഷിയിടമോ ഉടമസ്ഥതയിലുണ്ടെങ്കിൽ അവൻ തൻ്റെ സ്ഥലത്ത് ഒതുങ്ങിയിരിക്കട്ടെ. അപ്പോൾ സ്വഹാബികളിൽ ഒരാൾ ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ! ഒരാൾക്ക് അഭയം തേടാൻ ഒട്ടകങ്ങളോ ആടുമാടുകളോ ഭൂമിയോ ഇല്ലെങ്കിൽ അവൻ്റെ കാര്യം എന്താണ്? നബി ﷺ പറഞ്ഞു: "അവൻ തൻ്റെ ആയുധം എടുത്ത് അത് ചതച്ച് ഒടിച്ചു കളയട്ടെ. ശേഷം അവൻ ഓടിരക്ഷപ്പെടുകയും തന്നെയും തൻ്റെ മക്കളെയും രക്ഷപ്പെടുത്താൻ സാധിക്കുമെങ്കിൽ അതിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യട്ടെ." ശേഷം നബി ﷺ അല്ലാഹുവിനെ സാക്ഷി നിർത്തി കൊണ്ട് മൂന്ന് തവണ ഇപ്രകാരം പറഞ്ഞു: "അല്ലാഹുവേ! ഞാൻ നിൻ്റെ സന്ദേശം എത്തിച്ചു നൽകിയില്ലേ?! അല്ലാഹുവേ! ഞാൻ നിൻ്റെ സന്ദേശം എത്തിച്ചു നൽകിയില്ലേ?! അല്ലാഹുവേ! ഞാൻ നിൻ്റെ സന്ദേശം എത്തിച്ചു നൽകിയില്ലേ?!" അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! മുസ്‌ലിംകൾക്കിടയിൽ സംഭവിച്ച കുഴപ്പത്തിൽ പരസ്പരം പോരടിക്കുന്ന രണ്ട് കക്ഷികളിലോ രണ്ട് അണികളിലോ ഏതെങ്കിലുമൊന്നിൽ ചേരാൻ ഞാൻ നിർബന്ധിക്കപ്പെട്ടാലോ?! തൻ്റെ ആയുധം കൊണ്ട് ഒരാൾ എന്നെ അക്രമിക്കുകയും, ആ കുഴപ്പത്തിൽ എയ്യപ്പെട്ട ഒരു അമ്പ് എന്നെ കൊലപ്പെടുത്തുകയും ചെയ്താലോ?!" നബി ﷺ പറഞ്ഞു: "അവൻ തൻ്റെ സ്വന്തം തിന്മകളും അവൻ വധിച്ചവരുടെ തിന്മകളും വഹിച്ചു കൊണ്ട് അന്ത്യനാളിൽ വന്നെത്തുകയും, നരക്കാരിൽ ഉൾപ്പെടുകയും ചെയ്യുന്നതാണ്."

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഫിത്നകളും കുഴപ്പങ്ങളും ഉടലെടുക്കുന്നതാണെന്ന് അറിയിക്കുന്നത് അതിൽ നിന്ന് താക്കീത് നൽകുന്നതിനും ജനങ്ങൾക്ക് ആ കുഴപ്പങ്ങൾ സംഭവിക്കുന്നതിന് മുൻപ് തയ്യാറെടുപ്പുകൾ നടത്തുന്നതിനും അവർ അതിൽ മുഴുകാതിരിക്കുന്നതിനും സഹായിക്കുന്നതാണ്. ഫിത്നകളുടെ സന്ദർഭങ്ങളിൽ അല്ലാഹുവിനോട് ക്ഷമക്ക് വേണ്ടി തേടുകയും, ഫിത്നയുടെ ഉപദ്രവങ്ങളിൽ നിന്ന് രക്ഷ തേടുകയുമാണ് ചെയ്യേണ്ടത്.
  2. നവവി (رحمه الله) പറയുന്നു: "ഫിത്നയിൽ ഇരിക്കുന്നവനാണ് നിൽക്കുന്നവനേക്കാൾ നല്ലത് എന്ന നബി ﷺ യുടെ വാക്ക് ഫിത്നകൾ കൊണ്ടുണ്ടാവുന്ന അപകടത്തിൻ്റെ വ്യാപ്തി ബോധ്യപ്പെടുത്തുന്നതാണ്. അതിൽ നിന്ന് അകന്നു നിൽക്കാനും ഓടിരക്ഷപ്പെടാനും പ്രേരിപ്പിക്കുകയും, ആ ഫിത്നകളുമായി ബന്ധപ്പെടുന്നതിൻ്റെ തോതനുസരിച്ചായിരിക്കും അത് മൂലമുള്ള ഉപദ്രവങ്ങൾ ഒരാളെ ബാധിക്കുക എന്നും ഈ വാക്കുകൾ അറിയിക്കുന്നു."
  3. നവവി (رحمه الله) പറയുന്നു: "ബലപ്രയോഗത്തിലൂടെ ഒരാളെ കുഴപ്പങ്ങളിലേക്കും ഫിത്‌നകളിലേക്കും കൊണ്ടുവന്നാൽ ബലംപ്രയോഗിക്കപ്പെട്ട വ്യക്തി അവിടെ സന്നിഹിതനായതിന് കുറ്റക്കാരനാവില്ല. എന്നാൽ ബലപ്രയോഗത്തിലകപ്പെട്ടു എന്നത് മറ്റൊരാളെ വധിക്കാനുള്ള ന്യായമല്ല. മറിച്ച്, ബലംപ്രയോഗിക്കപ്പെട്ടത് കൊണ്ടാണെങ്കിലും മറ്റൊരാളെ വധിച്ചാൽ അയാൾ കുറ്റക്കാരനാണ് എന്നതിൽ പണ്ഡിതമാർക്ക് ഏകാഭിപ്രായമുണ്ട്."
  4. ഇബ്നു ഹജർ (رحمه الله) പറയുന്നു: "ഇസ്‌ലാമിക ഭരണാധികാരിക്കെതിരെ ഒരു കക്ഷി ഇറങ്ങിപ്പുറപ്പെടുകയും, അവരുടെ മേലുള്ള നിർബന്ധബാധ്യത അംഗീകരിക്കാൻ അവർ തയ്യാറാകാതെ വരികയും, അവർ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്താൽ അവർക്കെതിരെ (ഭരണാധികാരിക്കൊപ്പം) പോരാടുക എന്നത് നിർബന്ധമാണ്. ഇതു പോലെ, രണ്ട് കക്ഷികൾ പരസ്പരം പോരടിക്കുന്ന വേളയിൽ തെറ്റുകാരുടെ കൈപിടിക്കാൻ കഴിയുന്നവർ അവരെ തടയുകയും ശരിയുടെ പക്ഷത്തെ സഹായിക്കുകയും ചെയ്യണമെന്നതും നിർബന്ധമാണ്. ഇതാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണം.
  5. മറ്റു ചിലർ ഈ സന്ദർഭത്തെ കൂടുതൽ വിശദമായി വിവരിച്ചത് കാണാം. അവർ പറഞ്ഞു: മുസ്‌ലിം ഭരണാധികാരിയുടെ കീഴിലല്ലാതെ, മുസ്‌ലിംകൾക്കിടയിലെ രണ്ട് കക്ഷികൾക്കിടയിൽ സംഭവിക്കുന്ന എല്ലാ പോരാട്ടങ്ങളും നിഷിദ്ധമാണ്. മേൽ പറയപ്പെട്ട ഹദീഥും ഈ വിഷയത്തിൽ വന്നിട്ടുള്ള മറ്റു ഹദീഥുകളും ഈ അർത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്."
  6. നവവി (رحمه الله) പറയുന്നു: "ഫിത്‌നയുടെ (കുഴപ്പങ്ങളുടെ) വേളയിലുള്ള യുദ്ധത്തിൻ്റെ കാര്യത്തിൽ പണ്ഡിതന്മാർക്ക് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. ചിലർ പറഞ്ഞു: മുസ്‌ലിംകൾക്കിടയിൽ ഫിത്ന പൊട്ടിപ്പുറപ്പെടുന്ന വേളയിൽ പോരാട്ടം തീർത്തും പാടില്ല. കുഴപ്പക്കാർ അവൻ്റെ വീട്ടിൽ പ്രവേശിക്കുകയും അവനെ വധിക്കാൻ തുനിയുകയും ചെയ്താൽ അവന് സ്വന്തത്തെ പ്രതിരോധിച്ചു കൊണ്ട് പോരാടുക എന്നതും അനുവദനീയമല്ല. കാരണം യുദ്ധം ചെയ്യുന്നവൻ തൻ്റെ ഭാഗം ശരിയാണെന്ന വ്യാഖ്യാനത്തിൻ്റെ മേലാണുള്ളത്. സ്വഹാബിയായ അബൂബക്റ (رضي الله عنه) വിൻ്റെയും മറ്റു ചിലരുടെയും വീക്ഷണം ഇതാണ്.
  7. ഇബ്നു ഉമർ, ഇംറാൻ ബ്നു ഹുസ്വൈൻ തുടങ്ങിയ സ്വഹാബികളും മറ്റു ചിലരും പറഞ്ഞു: മുസ്‌ലിംകൾക്കിടയിൽ സംഭവിക്കുന്ന കുഴപ്പങ്ങളിൽ അവൻ പങ്കുചേരാൻ പാടില്ല. എന്നാൽ ഒരാളെ കുഴപ്പക്കാർ ലക്ഷ്യം വെച്ചാൽ അവന് സ്വന്തത്തെ പ്രതിരോധിക്കാം.
  8. മുസ്‌ലിംകൾക്കിടയിൽ സംഭവിക്കുന്ന കുഴപ്പങ്ങളിൽ ഏതിലാണെങ്കിലും അവയിൽ പ്രവേശിക്കുന്നത് അനുവദനീയമല്ല എന്നതിൽ ഈ രണ്ട് വീക്ഷണക്കാരും ഒരേ നിലപാടിലാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
  9. സ്വഹാബികളിൽ ബഹുഭൂരിപക്ഷം പേരും താബിഈങ്ങളും പൊതുവെയുള്ള പണ്ഡിതാഭിപ്രായവും ഇനി പറയും വിധമാണ്: ഫിത്‌നയുടെ വേളയിലാണെങ്കിലും സത്യത്തിൻ്റെ വക്താവിനെ സഹായിക്കുക എന്നതും അവരോടൊപ്പം നിന്ന് അതിക്രമികൾക്കെതിരെ പോരാടുക എന്നതും നിർബന്ധമാണ്. അല്ലാഹു പറഞ്ഞതു പോലെ: "അതിക്രമം പ്രവർത്തിച്ചവർ അല്ലാഹുവിൻ്റെ വിധിയിലേക്ക് മടങ്ങുന്നത് വരെ അവരോട് യുദ്ധം ചെയ്യുക." ഇതാണ് ശരിയായ വീക്ഷണം.
  10. രണ്ട് കക്ഷികൾ തമ്മിൽ പോരടിക്കുമ്പോൾ ശരി ആരുടെ ഭാഗത്താണ് എന്ന് വ്യക്തമാവാത്തവർ യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കണം എന്ന അർത്ഥത്തിലും, പോരടിക്കുന്ന രണ്ട് കക്ഷികളും ഒരു പോലെ അതിക്രമികളാകുന്ന സന്ദർഭത്തിൽ അവരിൽ ആരോടൊപ്പവും ചേരരുത് എന്ന അർത്ഥത്തിലും ഈ ഹദീഥുകളെ മനസ്സിലാക്കാവുന്നതാണ്.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി തുർക്കി റഷ്യ സിംഹള ഇന്ത്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الموري Malagasy الولوف الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ