+ -

عَنْ عُبَادَةَ بْنِ الصَّامِتِ رَضيَ اللهُ عنهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«الذَّهَبُ بِالذَّهَبِ، وَالْفِضَّةُ بِالْفِضَّةِ، وَالْبُرُّ بِالْبُرِّ، وَالشَّعِيرُ بِالشَّعِيرِ، وَالتَّمْرُ بِالتَّمْرِ، وَالْمِلْحُ بِالْمِلْحِ، مِثْلًا بِمِثْلٍ، سَوَاءً بِسَوَاءٍ، يَدًا بِيَدٍ، فَإِذَا اخْتَلَفَتْ هَذِهِ الْأَصْنَافُ، فَبِيعُوا كَيْفَ شِئْتُمْ، إِذَا كَانَ يَدًا بِيَدٍ».

[صحيح] - [رواه مسلم] - [صحيح مسلم: 1587]
المزيــد ...

ഉബാദത്ത് ഇബ്നു സ്വാമിത്ത് -رَضِيَ اللَّهُ عَنْهُ- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു:
"സ്വർണ്ണം സ്വർണ്ണത്തിനും, വെള്ളി വെള്ളിക്കും, ഗോതമ്പ് ഗോതമ്പിനും, ബാർലി ബാർലിക്കും, ഈത്തപ്പഴം ഈത്തപ്പഴത്തിനും, ഉപ്പ് ഉപ്പിനും (പകരമായി കൈമാറുമ്പോൾ) തുല്യത്തിന് തുല്യവും ഒപ്പത്തിന് ഒപ്പവും, റൊക്കവുമായിരിക്കണം. എന്നാൽ ഈ ഇനങ്ങൾ വിഭിന്നമായാൽ നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ അവ കച്ചവടം ചെയ്തോളൂ; റൊക്കമായാൽ മതി."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 1587]

വിശദീകരണം

പലിശ ബാധകമാവുന്ന എട്ട് ഇനങ്ങൾ കച്ചവടം ചെയ്യേണ്ട ശരിയായ രൂപമാണ് നബി (ﷺ) ഈ ഹദീഥിൽ വിവരിക്കുന്നത്. സ്വർണ്ണം, വെള്ളി, ഗോതമ്പ്, ബാർലി, ഈത്തപ്പഴം, ഉപ്പ് എന്നിവ ഒരേ ഇനം പരസ്പരം കൈമാറ്റം ചെയ്തു കൊണ്ട് കച്ചവടം ചെയ്യുകയാണെങ്കിൽ രണ്ട് നിബന്ധനകൾ പാലിക്കണം. ഒന്ന്: സ്വർണ്ണവും വെള്ളിയും പോലെ തൂക്കം പരിഗണിക്കപ്പെടുന്നവയാണെങ്കിൽ നൽകുന്നതും വാങ്ങുന്നതും ഒരേ തൂക്കമായിരിക്കണം. (സ്വാഅ് പോലുള്ള) അളവ് പരിഗണിക്കപ്പെടുന്ന ബാർലിയും ഗോതമ്പും ഈത്തപ്പഴവും ഉപ്പും പോലുള്ളവയാണെങ്കിൽ രണ്ടിൻ്റെയും അളവ് ഒന്നായിരിക്കണം. രണ്ട്: വിൽപ്പനക്കാരൻ ചരക്കിൻ്റെ വില വാങ്ങുന്നതും വാങ്ങുന്നവൻ ചരക്ക് കൈപ്പറ്റുന്നതും ഒരേ സദസ്സിൽ തന്നെയായിരിക്കണം. എന്നാൽ സ്വർണ്ണം വെള്ളിക്ക് പകരമോ, ഈത്തപ്പഴം ഗോതമ്പിന് പകരമോ മറ്റോ ആണെങ്കിൽ ഇവയുടെ കച്ചവടത്തിൽ ഒരു നിബന്ധന മാത്രമേ പാലിക്കേണ്ടതുള്ളൂ. വിൽപ്പനക്കാരൻ ചരക്കിൻ്റെ വില വാങ്ങുന്നതും വാങ്ങുന്നവൻ / ഉപഭോക്താവ് വസ്തു കൈപ്പറ്റുന്നതും റൊക്കമായിരിക്കണം. അതല്ലായെങ്കിൽ ആ കച്ചവടം അസാധുവാണ്. നിശിദ്ധമായ പലിശയുടെ ഇനങ്ങളിൽ ഉൾപ്പെടുന്ന കച്ചവടമാണ് അവർ -വിൽപ്പനക്കാരനും വാങ്ങുന്നവനും ഒരു പോലെ- നടത്തിയിരിക്കുന്നത്,

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. പലിശ കടന്നുവരുന്ന സമ്പത്തുകൾ ഏതെല്ലാമാണെന്ന വിവരണവും, അവ ക്രയവിക്രയം നടത്തേണ്ട രൂപവും.
  2. പലിശക്കച്ചവടത്തിൽ നിന്നുള്ള വിലക്ക്.
  3. നാണയത്തിനും നോട്ടുകൾക്കുമെല്ലാം സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും വിധി ബാധകമാണ്. കാരണം അവ നിഷിദ്ധമാക്കപ്പെട്ടതിൻ്റെ കാരണം സമാനമാണ്.
  4. പലിശ ബാധകമാവുന്ന ആറ് കച്ചവടവസ്തുക്കളുടെ വിൽപ്പനയും വാങ്ങലും വ്യത്യസ്ത രൂപങ്ങളിലാണ്.
  5. 1- ഒരേ ഇനത്തിൽ പെട്ട വസ്തു പരസ്പരം കൈമാറ്റം ചെയ്യുക; ഉദാഹരണത്തിന് സ്വർണ്ണത്തിന് പകരം സ്വർണ്ണമോ ഈത്തപ്പഴത്തിന് പകരം ഈത്തപ്പഴമോ കൈമാറ്റം ചെയ്യപ്പെടുക. ഈ കച്ചവടം അനുവദിക്കപ്പെടണമെങ്കിൽ രണ്ട് നിബന്ധനകളുണ്ട്; (1) തൂക്കത്തിലും അളവിലും രണ്ടും തുല്യമായിരിക്കണം. (2) റൊക്കമായ കച്ചവടമായിരിക്കണം.
  6. 2- ഒരേ ആവശ്യത്തിന് ഉപയോഗിക്കുന്ന എന്നാൽ വ്യത്യസ്ത ഇനത്തിൽ പെട്ട വസ്തുക്കൾ പരസ്പരം കൈമാറ്റം ചെയ്യുക. ഉദാഹരണത്തിന് സ്വർണ്ണത്തിന് പകരം വെള്ളിയോ, ഗോതമ്പിന് പകരം ചോളമോ നൽകുക. കച്ചവടം റൊക്കമായിരിക്കണം എന്ന നിബന്ധനയല്ലാതെ, രണ്ടും ഒരേ തൂക്കത്തിലും അളവിലുമായിരിക്കണം എന്ന നിബന്ധന ഇവിടെയില്ല.
  7. 3- വ്യത്യസ്തമായ ആവശ്യത്തിന് ഉപയോഗിക്കുന്നതും, വ്യത്യസ്ത ഇനത്തിൽ പെട്ടതുമായ വസ്തുക്കൾ പരസ്പരം കൈമാറ്റം ചെയ്യുക; സ്വർണ്ണത്തിന് പകരം ഈത്തപ്പഴം വാങ്ങുക എന്നത് ഉദാഹരണം. ഇവിടെ റൊക്കമായി കച്ചവടം ചെയ്യണമെന്നോ, ഒരേ അളവ് പാലിക്കപ്പെടണമെന്നോ ഉള്ള രണ്ട് നിബന്ധനകളും ബാധകമല്ല.
  8. പലിശ കടന്നുവരുന്ന (ഹദീഥിൽ പരാമർശിക്കപ്പെട്ട) വസ്തുക്കൾക്ക് പുറമെയുള്ളവ പരസ്പരം കൈമാറ്റം ചെയ്യുന്നതിലോ, പലിശ കടന്നുവരുന്ന വസ്തുവും അല്ലാത്തതും തമ്മിൽ കൈമാറ്റം ചെയ്യുന്നതിലോ ഈ രണ്ട് നിബന്ധനകളും -റൊക്കമായിരിക്കണം എന്നതും, ഒരേ അളവിലും തൂക്കത്തിലുമായിരിക്കണം എന്നതും- പാലിക്കേണ്ടതില്ല. സ്വർണ്ണത്തിന് പകരം ഭൂമി വാങ്ങുക എന്നത് ഉദാഹരണം.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി തുർക്കി റഷ്യ ബോസ്‌നിയ സിംഹള വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية Malagasy الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക