عَنْ أَبِي أُمَامَةَ البَاهِلِيِّ رَضيَ اللهُ عنه قَالَ: ذُكِرَ لِرَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلاَنِ أَحَدُهُمَا عَابِدٌ وَالآخَرُ عَالِمٌ، فَقَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:
«فَضْلُ العَالِمِ عَلَى العَابِدِ كَفَضْلِي عَلَى أَدْنَاكُمْ»، ثُمَّ قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «إِنَّ اللَّهَ وَمَلاَئِكَتَهُ وَأَهْلَ السَّمَوَاتِ وَالأَرَضِينَ حَتَّى النَّمْلَةَ فِي جُحْرِهَا وَحَتَّى الحُوتَ لَيُصَلُّونَ عَلَى مُعَلِّمِ النَّاسِ الخَيْرَ».
[حسن لغيره] - [رواه الترمذي] - [سنن الترمذي: 2685]
المزيــد ...
അബൂ ഉമാമ അൽ-ബാഹിലി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അടുത്ത് രണ്ട് പേരെക്കുറിച്ച് പരാമർശിക്കപ്പെട്ടു, അവരിൽ ഒരാൾ അതിയായി ഇബാദത്തുകൾ നിർവ്വഹിക്കുന്ന ഒരു 'ആബിദും', മറ്റൊരാൾ ദീനിൽ വിജ്ഞാനമുള്ള പണ്ഡിതനായ 'ആലിമും' ആയിരുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു:
"ഒരു ആബിദിനേക്കാൾ ഒരു ആലിമിനുള്ള ശ്രേഷ്ഠത, നിങ്ങളിൽ ഏറ്റവും താഴെയുള്ളവന് മേൽ എനിക്കുള്ള ശ്രേഷ്ഠത പോലെയാണ്." പിന്നീട് നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും ആകാശങ്ങളിലുള്ളവരും ഭൂമികളിലുള്ളവരും, മാളത്തിലെ ഉറുമ്പുപോലും, മത്സ്യങ്ങൾ പോലും, ജനങ്ങൾക്ക് നന്മ പഠിപ്പിക്കുന്നവനുവേണ്ടി പ്രാർത്ഥിക്കുന്നു."
[മറ്റു റിപ്പോർട്ടുകളുടെ പിൻബലത്തോടെ ഹസനാകുന്നു] - [തുർമുദി ഉദ്ധരിച്ചത്] - [سنن الترمذي - 2685]
നബി -ﷺ- യുടെ അടുത്ത് രണ്ട് പേരെക്കുറിച്ച് പരാമർശിക്കപ്പെട്ടു. ഒരാൾ ആരാധനകളിൽ മുന്നേറിയ ആളും (ആബിദ്), മറ്റൊരാൾ പണ്ഡിതനും (ആലിം) ആണ്. അവരിൽ ആരാണ് കൂടുതൽ ശ്രേഷ്ഠൻ എന്നതായിരുന്നു ചോദ്യം.
അപ്പോൾ നബി -ﷺ- പറഞ്ഞു: ശരീഅത്ത് വിജ്ഞാനങ്ങൾ പഠിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്ന ഒരു പണ്ഡിതന്, തനിക്ക് മേൽ നിർബന്ധമായ അറിവ് മാത്രം മനസ്സിലാക്കിയ ശേഷം ആരാധനകളിൽ മുഴുകുന്ന ഒരു ആബിദിനേക്കാൾ ശ്രേഷ്ഠതയുണ്ട്; (ശ്രേഷ്ഠതയിൽ) ഏറ്റവും താഴ്ന്ന പദവിയിലുള്ള സ്വഹാബിയെക്കാൾ നബി -ﷺ- ക്കുള്ള ശ്രേഷ്ഠതയും പദവിയും പോലെയാണ് അവർ രണ്ടു പേർക്കുമിടയിലെ വ്യത്യാസം. പിന്നീട് നബി -ﷺ- ഇതിന്റെ കാരണം വിശദീകരിച്ചു: അല്ലാഹുവും, അർശിന്റെ വാഹകരായ മലക്കുകളും, ആകാശങ്ങളിലുള്ള എല്ലാ മലക്കുകളും, ഭൂമിയിലുള്ള മനുഷ്യരും ജിന്നുകളും എല്ലാ മൃഗങ്ങളും, -മാളത്തിലുള്ള ഉറുമ്പും, മത്സ്യങ്ങളും ഉൾപ്പെടെ (കരയിലെയും കടലിലെയും ജീവികളെല്ലാം ഇതിൽ ഉൾപ്പെടുന്നു)-; സൃഷ്ടികളെല്ലാം ജനങ്ങളുടെ രക്ഷയ്ക്കും വിജയത്തിനും കാരണമാകുന്ന ദീനിൻ്റെ വിജ്ഞാനങ്ങൾ പഠിപ്പിക്കുന്നവർക്ക് നന്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.