عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«لَا تَقَدَّمُوا رَمَضَانَ بِصَوْمِ يَوْمٍ وَلَا يَوْمَيْنِ إِلَّا رَجُلٌ كَانَ يَصُومُ صَوْمًا فَلْيَصُمْهُ».
[صحيح] - [متفق عليه] - [صحيح مسلم: 1082]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"റമദാനിന് തൊട്ടുമുൻപുള്ള ദിവസമോ രണ്ട് ദിവസങ്ങൾക്ക് മുൻപോ നിങ്ങൾ നോമ്പെടുത്തു തുടങ്ങരുത്; എന്നാൽ ഒരാൾ (സ്ഥിരമായി ഏതെങ്കിലും) നോമ്പ് എടുക്കാറുണ്ടായിരുന്നെങ്കിൽ അവനത് നോറ്റുകൊള്ളട്ടെ."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1082]
റമദാനിന് തൊട്ടുമുൻപുള്ള ഒരു ദിവസമോ രണ്ട് ദിവസങ്ങളോ നോമ്പെടുക്കുന്നത് നബി (ﷺ) വിലക്കിയിരിക്കുന്നു; ഈ ദിവസങ്ങൾ റമദാൻ മാസത്തിൽ ഉൾപ്പെട്ടതാണെങ്കിൽ എനിക്കത് ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെ അപ്രകാരം ചെയ്യരുത്. കാരണം റമദാനിലെ നോമ്പ് മാസപ്പിറവി കാണുക എന്നതുമായാണ് ബന്ധപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഈ വിഷയത്തിൽ അതിരുകവിഞ്ഞ 'സൂക്ഷ്മത'യുടെ ആവശ്യമില്ല. എന്നാൽ ഒരാൾ സാധാരണയായി നോമ്പെടുക്കാറുള്ള ഒരു സാഹചര്യം ഈ ദിവസത്തിനോട് സ്വാഭാവികമായി ഒത്തുവന്നാൽ അന്നേ ദിവസം നോമ്പെടുക്കുന്നതിൽ തെറ്റില്ല. ഉദാഹരണത്തിന് ഒരു ദിവസം നോമ്പെടുക്കുകയും തൊട്ടടുത്ത ദിവസം നോമ്പ് ഉപേക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയുടെ കാര്യം. അല്ലെങ്കിൽ തിങ്കളാഴ്ച്ചയും വ്യാഴാഴ്ച്ചയും സ്ഥിരമായി നോമ്പെടുക്കാറുള്ള ഒരാൾക്ക് ആ ദിവസം റമദാനിൻ്റെ തൊട്ടുമുൻപായി ചേർന്നു വരികയും അക്കാരണത്താൽ അയാൾ അന്ന് നോമ്പ് എടുക്കുകയും ചെയ്താൽ ഹദീഥിൽ പറഞ്ഞ വിലക്കിന്റെ പരിധിയിൽ അത് വരികയില്ല. നിർബന്ധമായും നോറ്റുവീട്ടാനുണ്ടായിരുന്ന ഖദാഇൻ്റെ നോമ്പും, നേർച്ചയുടെ നോമ്പും ഈ പറഞ്ഞതു പോലെത്തന്നെ; അതും നോൽക്കുന്നതിൽ തെറ്റില്ല.