+ -

عَنْ أُبَيِّ بْنِ كَعْبٍ رَضيَ اللهُ عنه قَالَ:
كَانَ رَجُلٌ لَا أَعْلَمُ رَجُلًا أَبْعَدَ مِنَ الْمَسْجِدِ مِنْهُ، وَكَانَ لَا تُخْطِئُهُ صَلَاةٌ، قَالَ: فَقِيلَ لَهُ: أَوْ قُلْتُ لَهُ: لَوْ اشْتَرَيْتَ حِمَارًا تَرْكَبُهُ فِي الظَّلْمَاءِ، وَفِي الرَّمْضَاءِ، قَالَ: مَا يَسُرُّنِي أَنَّ مَنْزِلِي إِلَى جَنْبِ الْمَسْجِدِ، إِنِّي أُرِيدُ أَنْ يُكْتَبَ لِي مَمْشَايَ إِلَى الْمَسْجِدِ، وَرُجُوعِي إِذَا رَجَعْتُ إِلَى أَهْلِي، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «قَدْ جَمَعَ اللهُ لَكَ ذَلِكَ كُلَّهُ».

[صحيح] - [رواه مسلم] - [صحيح مسلم: 663]
المزيــد ...

ഉബയ്യ് ബ്നു കഅ്ബ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
മസ്ജിദിൽ നിന്ന് ഏറെ അകലെ താമസിച്ചിരുന്ന ഒരാളുണ്ടായിരുന്നു; അദ്ദേഹത്തേക്കാൾ ദൂരെയുള്ള മറ്റൊരാളെയും എനിക്കറിയില്ലായിരുന്നു. ഒരു (ജമാഅത്ത്) നിസ്കാരവും അദ്ദേഹത്തിന് നഷ്ടമാകാറില്ലായിരുന്നു. ചിലർ അദ്ദേഹത്തോട് പറഞ്ഞു: "ഇരുട്ടിലും കടുത്ത ചൂടിലും സഞ്ചരിക്കാൻ താങ്കൾ ഒരു കഴുതയെ വാങ്ങിയിരുന്നെങ്കിൽ." അദ്ദേഹം പറഞ്ഞു: "എൻ്റെ വീട് മസ്ജിദിൻ്റെ തൊട്ടടുത്താവുന്നതിൽ എനിക്ക് സന്തോഷമേയില്ല. മസ്ജിദിലേക്കുള്ള എൻ്റെ ഓരോ കാൽവെപ്പുകളും, എൻ്റെ വീട്ടിലേക്കുള്ള മടക്കവും എൻ്റെ നന്മകളായി രേഖപ്പെടുത്തപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു." അപ്പോൾ നബി -ﷺ- പറഞ്ഞു: "അല്ലാഹു അതെല്ലാം താങ്കൾക്ക് ഒരുമിപ്പിച്ചു തന്നിരിക്കുന്നു."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 663]

വിശദീകരണം

മസ്ജിദുന്നബവിയിൽ നിന്ന് ഏറ്റവും അകലെ താമസിച്ചിരുന്ന ഒരാളെ കുറിച്ച് ഉബയ്യ് ബ്നു കഅ്ബ് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു; ഒരു നിസ്കാരവും അദ്ദേഹത്തിന് നഷ്ടമാകാറില്ലായിരുന്നു; എല്ലാ നിസ്കാരത്തിനും അദ്ദേഹം നബി -ﷺ- യോടൊപ്പം സന്നിഹിതനാകുമായിരുന്നു. അങ്ങനെയിരിക്കെ, അദ്ദേഹത്തോട് ചിലർ പറഞ്ഞു: താങ്കൾ ഒരു കഴുതയെ വാങ്ങിച്ചിരുന്നെങ്കിൽ രാത്രിയിലെ ഇരുട്ടിൽ സഞ്ചരിക്കാനും, പകലിലെ പൊരിവെയിലിൽ യാത്രചെയ്യാനും താങ്കൾക്ക് അതൊരു സഹായമാകുമായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: "എൻ്റെ വീട് മസ്ജിദിൻ്റെ അടുത്താവുക എന്നത് എന്നെ സന്തോഷിപ്പിക്കുന്നില്ല. മറിച്ച്, മസ്ജിദിൽ നിസ്കരിക്കാൻ വരുമ്പോഴുള്ള ഓരോ കാൽവെപ്പുകളും, എൻ്റെ വീട്ടുകാരുടെ അടുത്തേക്കുള്ള മടക്കവും എൻ്റെ മേൽ നന്മയായി രേഖപ്പെടുത്തപ്പെടണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്." - അദ്ദേഹത്തിൻ്റെ ഈ വാക്കുകൾ നബി -ﷺ- അറിഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹു താങ്കൾക്ക് അവയെല്ലാം ഒരുമിപ്പിച്ചു തന്നിരിക്കുന്നു."

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നന്മകൾ നേടിയെടുക്കാനും അത് അധികരിപ്പിക്കാനും അതിലൂടെ പ്രതിഫലങ്ങൾ വാരിക്കൂട്ടാനും സ്വഹാബികൾക്കുണ്ടായിരുന്ന അതീവ താൽപര്യം.
  2. നവവി -رَحِمَهُ اللَّهُ- പറഞ്ഞു: "മസ്ജിദിലേക്ക് പോകുമ്പോൾ നിൻ്റെ കാൽവെപ്പുകൾക്ക് പ്രതിഫലം നൽകപ്പെടും എന്നത് പോലെ, മസ്ജിദിൽ നിന്ന് മടങ്ങുന്ന വേളയിലുള്ള കാൽവെപ്പുകൾക്കും പ്രതിഫലം നൽകപ്പെടുന്നതാണ് എന്ന പാഠം ഈ ഹദീഥിലുണ്ട്."
  3. മുസ്‌ലിംകൾ പരസ്പരം നന്മയും പ്രയോജനകരമായ കാര്യങ്ങളും ഉപദേശിക്കുന്നവരായിരിക്കണം. തൻ്റെ സഹോദരന് എന്തെങ്കിലും പ്രയാസവും ബുദ്ധിമുട്ടും ഉണ്ടാകുന്നത് കാണുമ്പോൾ അത് നീക്കാൻ സഹായകമാകുന്ന ഉപദേശങ്ങൾ അവന് നൽകേണ്ടതാണ്.
  4. മസ്ജിദിൽ നിന്ന് വീട് അകലെയാണെന്നത് ജമാഅത്ത് നിസ്കാരം ഉപേക്ഷിക്കാനുള്ള ഒഴിവുകഴിവല്ല; ബാങ്ക് വിളി കേൾക്കുന്നുണ്ടെങ്കിൽ മസ്ജിദിൽ വന്നെത്തിക്കൊള്ളണം.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ