+ -

عَنْ عَبْدِ اللهِ بنِ مَسْعُودٍ رَضيَ اللهُ عنهُ قَالَ: نَامَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى حَصِيرٍ، فَقَامَ وَقَدْ أَثَّرَ فِي جَنْبِهِ، فَقُلْنَا: يَا رَسُولَ اللهِ، لَوِ اتَّخَذْنَا لَكَ وِطَاءً، فَقَالَ:
«مَا لِي وَلِلدُّنْيَا، مَا أَنَا فِي الدُّنْيَا إِلاَّ كَرَاكِبٍ اسْتَظَلَّ تَحْتَ شَجَرَةٍ ثُمَّ رَاحَ وَتَرَكَهَا».

[صحيح] - [رواه الترمذي وابن ماجه] - [سنن الترمذي: 2377]
المزيــد ...

അബ്ദുല്ലാഹി ബ്നു മസ്ഊദ് (رضي الله عنه) നിവേദനം: നബി (ﷺ) ഒരു പുൽപ്പായമേൽ കിടന്നുറങ്ങിയതിനാൽ അവിടുന്ന് ഉറക്കമെഴുന്നേറ്റപ്പോൾ അവിടുത്തെ പാർശ്വങ്ങളിൽ അതിൻ്റെ അടയാളങ്ങൾ വീണിരുന്നു. അപ്പോൾ ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ, ഞങ്ങൾ അങ്ങേക്ക് ഒരു വിരിപ്പ് തയ്യാറാക്കട്ടെയോ?!" അപ്പോൾ അവിടുന്ന് പറഞ്ഞു:
"എനിക്കും ദുനിയാവിനും തമ്മിലെന്താണ് (ബന്ധം?); ഞാൻ ഈ ദുനിയാവിൽ ഒരു യാത്രക്കാരനെ പോലെ മാത്രമാണ്; ഒരു മരത്തണലിൽ വിശ്രമിച്ച ശേഷം അയാൾ അവിടെ നിന്ന് പോവുകയും, ആ വൃക്ഷം ഉപേക്ഷിക്കുകയും ചെയ്യുന്നു."

[സ്വഹീഹ്] - [رواه الترمذي وابن ماجه] - [سنن الترمذي - 2377]

വിശദീകരണം

പുൽനാമ്പുകൾ മെടഞ്ഞുണ്ടാക്കിയ ഒരു ചെറിയ പായയിൽ നബി (ﷺ) കിടന്നുറങ്ങി; ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോൾ അവിടുത്തെ പാർശ്വങ്ങളിൽ ആ പുൽപായുടെ അടയാളങ്ങൾ വീണിരുന്നു. ഇബ്നു മസ്ഊദ് പറയുന്നു: "അപ്പോൾ ഞങ്ങൾ പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ, ഒരു മൃദുലമായ വിരിപ്പ് ഞങ്ങൾ അങ്ങേക്ക് നൽകട്ടെയോ? ഈ പരുത്ത പായക്ക് മേൽ കിടക്കുന്നതിനേക്കാൾ നല്ലതായിരിക്കുമല്ലോ അത്?" അപ്പോൾ നബി (ﷺ) പറഞ്ഞു: "ഇഹലോകത്തോട് താൽപ്പര്യവും ആഗ്രഹവും ജനിക്കാൻ എനിക്ക് അതിനോട് എന്തെങ്കിലും ഇഷ്ടമോ ഇണക്കമോ ഇല്ല; ഇഹലോകത്തുള്ള എൻ്റെ ഈ ദിനങ്ങളുടെ ഉപമ ഒരു വൃക്ഷത്തിന് കീഴിൽ തണൽ കൊണ്ടിരിക്കുന്ന ഒരു യാത്രികൻ്റെ ഉപമയാണ്. തണൽ കൊണ്ട ആ വൃക്ഷത്തെ ഉപേക്ഷിച്ചു കൊണ്ട് അയാൾ തൻ്റെ യാത്ര തുടരുന്നതാണ്."

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഐഹിക ജീവിതത്തോട് നബി (ﷺ) പുലർത്തിയിരുന്ന വിരക്തിയും, അതിൽ നിന്ന് അവിടുന്ന് തിരിഞ്ഞു കളഞ്ഞിരുന്ന രൂപവും.
  2. ഭൂമിയിൽ ജീവിക്കാൻ അനിവാര്യമായും വേണ്ട കാര്യങ്ങൾ ഉപേക്ഷിക്കണമെന്നല്ല ഈ ഹദീഥിൻ്റെ അർത്ഥം. മറിച്ച്, പരലോകത്തിൻ്റെ കാര്യത്തിൽ അശ്രദ്ധ ബാധിക്കുന്ന വിധത്തിൽ അതിൽ മുഴുകരുത് എന്ന് മാത്രമാണ്. വൃക്ഷത്തിന് താഴെ തണൽ കൊള്ളുന്ന മനുഷ്യൻ ആ തണൽ പ്രയോജനപ്പെടുത്തുകയും തൻ്റെ യാത്ര പൂർത്തീകരിക്കാൻ വേണ്ട പ്രയോജനങ്ങൾ എടുക്കുകയും ചെയ്തു; എന്നാൽ ആ വൃക്ഷത്തിൻ്റെ തണലിൽ അയാൾ മുഴുകുകയോ (യാത്ര വിസ്മരിക്കുകയോ ചെയ്തില്ല).
  3. നബിയുടെ (ﷺ) ജീവിതത്തിൽ നിന്ന് ഗുണപാഠമുൾക്കൊള്ളുക; അവിടുന്നാണ് ഏറ്റവും നല്ല മാതൃക. നബിയുടെ (ﷺ) കാൽപ്പാടുകൾ പിൻപറ്റുന്നവൻ സന്മാർഗത്തിലേക്ക് എത്തുകയും, ഇഹലോകത്തും പരലോകത്തും വിജയിയാവുകയും ചെയ്യും.
  4. നബിയുടെ (ﷺ) കാര്യത്തിൽ സ്വഹാബികൾക്കുണ്ടായിരുന്ന ശ്രദ്ധയും താൽപര്യവും അവിടുത്തോട് അവർക്കുണ്ടായിരുന്ന ഇഷ്ടവും.
  5. ഇസ്‌ലാമിക പ്രബോധനത്തിലും വിഷയങ്ങൾ പഠിപ്പിക്കുന്നതിലും ഉദാഹരണങ്ങളും ഉപമകളും വിവരിക്കുക എന്നത് നബിയുടെ (ﷺ) രീതിയായിരുന്നു.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി സിംഹള വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الموري الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ