+ -

عَنْ أَبِي سَعِيدٍ الْخُدْرِيِّ رضي الله عنه قَالَ:
كُنَّا نُخْرِجُ إِذْ كَانَ فِينَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ، عَنْ كُلِّ صَغِيرٍ وَكَبِيرٍ، حُرٍّ أَوْ مَمْلُوكٍ، صَاعًا مِنْ طَعَامٍ، أَوْ صَاعًا مِنْ أَقِطٍ، أَوْ صَاعًا مِنْ شَعِيرٍ، أَوْ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ زَبِيبٍ، فَلَمْ نَزَلْ نُخْرِجُهُ حَتَّى قَدِمَ عَلَيْنَا مُعَاوِيَةُ بْنُ أَبِي سُفْيَانَ رضي الله عنه حَاجًّا، أَوْ مُعْتَمِرًا فَكَلَّمَ النَّاسَ عَلَى الْمِنْبَرِ، فَكَانَ فِيمَا كَلَّمَ بِهِ النَّاسَ أَنْ قَالَ: إِنِّي أَرَى أَنَّ مُدَّيْنِ مِنْ سَمْرَاءِ الشَّامِ، تَعْدِلُ صَاعًا مِنْ تَمْرٍ، فَأَخَذَ النَّاسُ بِذَلِكَ، قَالَ أَبُو سَعِيدٍ: فَأَمَّا أَنَا فَلَا أَزَالُ أُخْرِجُهُ كَمَا كُنْتُ أُخْرِجُهُ، أَبَدًا مَا عِشْتُ.

[صحيح] - [متفق عليه] - [صحيح مسلم: 985]
المزيــد ...

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം:
"നബി (ﷺ) യുടെ കാലഘട്ടത്തിൽ (ഞങ്ങളുടെ കീഴിലുള്ള) ചെറിയ കുട്ടികളുടെയും വലിയവരുടെയും സ്വതന്ത്രരുടെയും അടിമകളുടെയും ഫിത്വർ സകാത്ത് ഒരു സ്വാഅ് ഭക്ഷണമായി ഞങ്ങൾ നൽകാറുണ്ടായിരുന്നു. ഒരു സ്വാഅ് വെണ്ണയോ, ഒരു സ്വാഅ് ഗോതമ്പോ, ഒരു സ്വാഅ് ഈത്തപ്പഴമോ, ഒരു സ്വാഅ് ഉണക്കമുന്തിരിയോ ആണ് നൽകാറുണ്ടായിരുന്നത്. മുആവിയഃ ബ്നു അബീ സുഫ്‌യാൻ (رضي الله عنهما) ഹജ്ജിനോ ഉംറക്കോ ആയി ഞങ്ങളിലേക്ക് വന്നെത്തുന്നത് വരെ ഞങ്ങൾ ഈ രീതിയിലായിരുന്നു തുടർന്നിരുന്നത്; അദ്ദേഹം മിമ്പറിന് മുകളിൽ നിന്നു കൊണ്ട് ജനങ്ങളോട് സംസാരിച്ചു. അദ്ദേഹം പറഞ്ഞ കൂട്ടത്തിൽ ഇപ്രകാരം പറയുകയുണ്ടായി: "ശാമിൽ നിന്നുള്ള രണ്ട് മുദ്ദ് ഗോതമ്പ് ഒരു സ്വാഅ് ഈത്തപ്പഴത്തിന് പകരമാകുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്." അതോടെ ജനങ്ങൾ ഈ അഭിപ്രായം സ്വീകരിച്ചു. അബൂ സഈദ് (-رَضِيَ اللَّهُ عَنْهُ-) പറയുന്നു: "എന്നാൽ ഞാൻ മുൻപ് കൊടുത്തിരുന്നത് പോലെത്തന്നെയാണ് ഇപ്പോഴും കൊടുക്കുന്നത്; ഇനിയങ്ങോട്ട് ഞാൻ ജീവിച്ചിരിക്കുന്നിടത്തോളവും അങ്ങനെത്തന്നെ."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 985]

വിശദീകരണം

നബി (ﷺ) യുടെ കാലഘട്ടത്തിൽ അവിടുത്തേക്ക് ശേഷമുള്ള നാല് ഖലീഫമാരുടെ കാലഘട്ടത്തിലും ചെറിയ കുട്ടികൾക്കും വലിയവർക്കുമായി ഒരു സ്വാഅ് ഭക്ഷണമാണ് മുസ്‌ലിംകൾ ഫിത്വർ സകാത്തായി നൽകാറുണ്ടായിരുന്നത്. അവരുടെ അക്കാലഘട്ടത്തിലെ ഭക്ഷണമായിരുന്ന ഗോതമ്പും ഉണക്കമുന്തിരിയും വെണ്ണയും ഈത്തപ്പഴവുമെല്ലാമാണ് അവർ നൽകാറുണ്ടായിരുന്നത്. ഒരു സ്വാഅ് എന്നാൽ നാല് മുദ്ദുകളാണ്; ഒരു മുദ്ദ് എന്നാൽ ഒത്തവണ്ണമുള്ള ഒരാളുടെ രണ്ട് കൈക്കുമ്പിളിലുമായി കൊള്ളുന്നത്രയും. പിന്നീട് മുആവിയഃ (رضي الله عنه) ഖലീഫയായി. അദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ ശാമിൽ നിന്നുള്ള ഗോതമ്പ് അധികരിച്ചിരുന്നു. അദ്ദേഹം നടത്തിയ ഒരു പ്രഭാഷണത്തിൽ ഇപ്രകാരം പറഞ്ഞു: "ശാമിലെ ഗോതമ്പ് അര സ്വാഅ് നൽകുന്നത് ഒരു സ്വാഅ് ഈത്തപ്പഴത്തിന് പകരമാകുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്." അദ്ദേഹം ഇത് പറഞ്ഞതോടെ ജനങ്ങൾ ഈ അഭിപ്രായം സ്വീകരിക്കാൻ തുടങ്ങി. എന്നാൽ അബൂ സഈദ് (رضي الله عنه) പറയുന്നു: "ഞാൻ നബി (ﷺ) യുടെ കാലഘട്ടത്തിൽ കൊടുത്തു കൊണ്ടിരുന്നത് എന്താണോ, അതു തന്നെ ഇപ്പോഴും കൊടുത്തു കൊണ്ടിരിക്കുന്നു. ഇനി ഞാൻ ജീവിക്കുന്ന കാലത്തോളം അതിൽ മാറ്റമുണ്ടാകുന്നതല്ല."

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الرومانية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നബി (ﷺ) യുടെ കാലഘട്ടത്തിലെ ഫിത്വർ സകാത്തിൻ്റെ അളവ് ഒരു സ്വാഅ് ഭക്ഷണമായിരുന്നു; ഇനമോ മൂല്യമോ മാറുന്നത് കൊണ്ട് അളവിൽ മാറ്റമുണ്ടാകാറുണ്ടായിരുന്നില്ല.
  2. മനുഷ്യർ ഭക്ഷിക്കുന്ന ഏതു ഭക്ഷണവും ഫിത്വർ സകാത്തായി നൽകാൻ അനുവാദമുണ്ട്. ഹദീഥിൽ നാലു ഭക്ഷ്യവിഭവങ്ങൾ പ്രത്യേകം എടുത്തു പറയപ്പെട്ടത് അവ നബി -ﷺ- യുടെ കാലത്തുള്ള പ്രധാനഭക്ഷണമായിരുന്നതിനാൽ മാത്രമാണ്.
  3. ഫിത്വർ സകാത്തായി ഭക്ഷണത്തിന് പകരം പണമോ മറ്റോ നൽകുന്നത് അനുവദനീയമല്ല.
  4. നവവി (رحمه الله) പറയുന്നു: "സ്വഹാബികൾ ഒരു വിഷയത്തിൽ ഭിന്നാഭിപ്രായത്തിലായാൽ അതിൽ ഏതെങ്കിലുമൊരു വീക്ഷണം മറ്റൊന്നിനേക്കാൾ ശരി എന്ന് പറയാവതല്ല. മറിച്ച്, പ്രസ്തുത വിഷയത്തിൽ മറ്റു വല്ല തെളിവുകളും ഉണ്ടോ എന്ന് നാം പരിശോധിക്കുകയാണ് വേണ്ടത്. ഹദീഥിൻ്റെ പ്രത്യക്ഷാർത്ഥവും ഖിയാസും (താരതമ്യവും) അറിയിക്കുന്നത് സ്വാഅ് എന്ന അളവിൽ മാറ്റം വരുത്താൻ പാടില്ല എന്നാണ്; അത് ഗോതമ്പോ മറ്റേതു ഭക്ഷണമോ ആണ് നൽകുന്നത് എങ്കിലും. അതിനാൽ ഈ വീക്ഷണം സ്വീകരിക്കലാണ് നിർബന്ധമായിട്ടുള്ളത്."
  5. ഇബ്നു ഹജർ (رحمه الله) പറയുന്നു: "അബൂ സഈദിൻ്റെ
  6. (رضي الله عنه) ഈ ഹദീഥിൽ നിന്ന് അദ്ദേഹം എത്ര ശക്തമായി നബി (ﷺ) യുടെ സുന്നത്തിനെ പിൻപറ്റുകയും അഥറുകളെ മുറുകെ പിടിക്കുകയും ചെയ്തിരുന്നു എന്ന് മനസ്സിലാക്കാം. വ്യക്തമായ പ്രമാണം വന്ന വിഷയത്തിൽ യാതൊരു അഭിപ്രായപ്രകടനത്തിനും വഴിയില്ല എന്നതായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്. എന്നാൽ മുആവിയഃയുടെ
  7. (رضي الله عنه) പ്രവർത്തിയിൽ നിന്നും ജനങ്ങൾ അതിനോട് യോജിച്ചതിൽ നിന്നും ദീനീ വിഷയങ്ങളിൽ
  8. ഗവേഷണത്തിന് അർഹതയുള്ള പണ്ഡിതന്മാർക്ക് അതാകാമെന്നുള്ള പാഠവും മനസ്സിലാക്കാം. അതാകട്ടെ, തെറ്റായ കാര്യവുമല്ല. എന്നാൽ വ്യക്തമായ പ്രമാണം സ്ഥിരപ്പെട്ടു കഴിഞ്ഞാൽ അതിന് പരിഗണനയില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്."