عَنْ أَبِي هُرَيْرَةَ رضي الله عنه:
أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ دَخَلَ المَسْجِدَ فَدَخَلَ رَجُلٌ، فَصَلَّى، فَسَلَّمَ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَرَدَّ وَقَالَ: «ارْجِعْ فَصَلِّ، فَإِنَّكَ لَمْ تُصَلِّ»، فَرَجَعَ يُصَلِّي كَمَا صَلَّى، ثُمَّ جَاءَ، فَسَلَّمَ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: «ارْجِعْ فَصَلِّ، فَإِنَّكَ لَمْ تُصَلِّ» ثَلاَثًا، فَقَالَ: وَالَّذِي بَعَثَكَ بِالحَقِّ مَا أُحْسِنُ غَيْرَهُ، فَعَلِّمْنِي، فَقَالَ: «إِذَا قُمْتَ إِلَى الصَّلاَةِ فَكَبِّرْ، ثُمَّ اقْرَأْ مَا تَيَسَّرَ مَعَكَ مِنَ القُرْآنِ، ثُمَّ ارْكَعْ حَتَّى تَطْمَئِنَّ رَاكِعًا، ثُمَّ ارْفَعْ حَتَّى تَعْدِلَ قَائِمًا، ثُمَّ اسْجُدْ حَتَّى تَطْمَئِنَّ سَاجِدًا، ثُمَّ ارْفَعْ حَتَّى تَطْمَئِنَّ جَالِسًا، وَافْعَلْ ذَلِكَ فِي صَلاَتِكَ كُلِّهَا».
[صحيح] - [متفق عليه] - [صحيح البخاري: 757]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി (ﷺ) മസ്ജിദിൽ പ്രവേശിച്ചതിന് ശേഷം ഒരാൾ അവിടേക്ക് വരുകയും നിസ്കരിക്കുകയും ചെയ്തു. നിസ്കാര ശേഷം അദ്ദേഹം നബി (ﷺ) യോട് സലാം പറഞ്ഞു. അവിടുന്ന് സലാം മടക്കിയ ശേഷം പറഞ്ഞു: "മടങ്ങിപ്പോയി നിസ്കരിക്കുക! നീ നിസ്കരിച്ചിട്ടില്ല." അദ്ദേഹം മടങ്ങിപ്പോയി മുൻപ് നിസ്കരിച്ചത് പോലെത്തന്നെ വീണ്ടും നിസ്കരിച്ചു. ശേഷം നബി (ﷺ) യുടെ അടുത്ത് വന്ന് സലാം പറഞ്ഞു. അപ്പോൾ നബി (ﷺ) പറഞ്ഞു: "മടങ്ങിപ്പോയി വീണ്ടും നിസ്കരിക്കുക! നീ നിസ്കരിച്ചിട്ടില്ല." മൂന്ന് തവണ ഇക്കാര്യം ആവർത്തിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "അങ്ങയെ സത്യമാർഗവുമായി നിയോഗിച്ചവൻ (അല്ലാഹു) തന്നെ സത്യം! ഇതല്ലാതെ എനിക്ക് അറിയുകയില്ല. അതിനാൽ അങ്ങ് എന്നെ പഠിപ്പിച്ചു തന്നാലും."
അപ്പോൾ നബി (ﷺ) പറഞ്ഞു: "നീ നിസ്കാരത്തിനായി നിന്നാൽ (അല്ലാഹു അക്ബർ) എന്ന് പറഞ്ഞു കൊണ്ട് തക്ബീർ ചൊല്ലുക. ശേഷം ഖുർആനിൽ നിന്ന് നിനക്ക് അറിവുള്ളത് പാരായണം ചെയ്യുക. ശേഷം റുകൂഅ് ചെയ്യുകയും, റുകൂഇൽ അടക്കത്തോടെ നിൽക്കുകയും ചെയ്യുക. പിന്നീട് (റുകൂഇൽ നിന്ന്) ഉയരുകയും, നേരെ നിൽക്കുകയും ചെയ്യുക. ശേഷം സുജൂദ് ചെയ്യുകയും, സുജൂദിൽ അടക്കത്തോടെ നിലകൊള്ളുകയും ചെയ്യുക. പിന്നീട് (സുജൂദിൽ നിന്ന്) ഉയരുകയും അടക്കത്തോടെ ഇരിക്കുകയും ചെയ്യുക. ഇപ്രകാരം നിൻ്റെ നിസ്കാരത്തിൽ മുഴുവൻ ചെയ്യുക."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 757]
ഒരു ദിവസം നബി (ﷺ) മസ്ജിദിൽ പ്രവേശിച്ചു. അവിടുന്ന് വന്നതിന് ശേഷം ഒരാൾ മസ്ജിദിൽ വരികയും രണ്ട് റക്അത്ത് വേഗത്തിൽ നിസ്കരിച്ചു തീർക്കുകയും ചെയ്തു. നിസ്കാരത്തിലെ തൻ്റെ നിർത്തമോ റുകൂഓ സുജൂദോ അദ്ദേഹം അടക്കത്തോടെയായിരുന്നില്ല നിർവ്വഹിച്ചിരുന്നത്. നബി (ﷺ) യാകട്ടെ, അയാളുടെ നിസ്കാരത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു കൊണ്ടിരുന്നു. അങ്ങനെ മസ്ജിദിൻ്റെ ചാരത്ത് ഇരിക്കുകയായിരുന്ന നബി (ﷺ) യുടെ അടുത്ത് അദ്ദേഹം വരികയും, അവിടുത്തോട് സലാം പറയുകയും ചെയ്തു. നബി (ﷺ) സലാം മടക്കിയ ശേഷം അയാളോട് പറഞ്ഞു: മടങ്ങി പോയി നിസ്കാരം വീണ്ടും മടക്കി നിർവ്വഹിക്കുക! നീ നിസ്കരിച്ചിട്ടില്ല. അദ്ദേഹം വീണ്ടും മടങ്ങിപ്പോയി നിസ്കാരം -മുൻപ് നിർവ്വഹിച്ചതു പോലെത്തന്നെ- വേഗത്തിൽ നിർവ്വഹിച്ചു തിരിച്ചു വന്നു. ശേഷം നബി (ﷺ) യുടെ അടുത്ത് വന്ന് സലാം പറയുകയും ചെയ്തു. അവിടുന്ന് അദ്ദേഹത്തോട് പറഞ്ഞു: :മടങ്ങി പോയി നിസ്കാരം വീണ്ടും മടക്കി നിർവ്വഹിക്കുക! നീ നിസ്കരിച്ചിട്ടില്ല." ഇത് മൂന്ന് തവണ ആവർത്തിച്ചു. അപ്പോൾ ആ വ്യക്തി പറഞ്ഞു: "താങ്കളെ സത്യമാർഗവുമായി നിയോഗിച്ചവനായ അല്ലാഹു തന്നെ സത്യം! ഇതല്ലാതെ മറ്റൊന്നും എനിക്ക് അറിയുകയില്ല. അതിനാൽ എനിക്ക് അങ്ങ് പഠിപ്പിച്ചു തന്നാലും." അപ്പോൾ നബി (ﷺ) അദ്ദേഹത്തോട് പറഞ്ഞു: നീ നിസ്കാരത്തിനായി നിന്നാൽ (അല്ലാഹു അക്ബർ എന്നു പറഞ്ഞു കൊണ്ട്) തക്ബീറത്തുൽ ഇഹ്റാം ചൊല്ലുക. ശേഷം സൂറത്തുൽ ഫാതിഹഃയും, ഖുർആനിൽ നിന്ന് സാധിക്കുന്നത്രയും പാരായണം ചെയ്യുക. പിന്നീട് റുകൂഅ് ചെയ്യുകയും, അതിൽ അടക്കത്തോടെ നിൽക്കുകയും ചെയ്യുക. നിൻ്റെ കൈപ്പത്തിയുടെ ഉൾഭാഗം കാൽമുട്ടുകളിൽ വെച്ചു കൊണ്ട്, മുതുക് പരത്തി വെച്ചു കൊണ്ട് റുകൂഅ് ശരിയായ രൂപത്തിൽ ചെയ്യണം. അതിന് ശേഷം നീ റുകൂഇൽ നിന്ന് ഉയരുകയും, നിൻ്റെ ഓരോ സന്ധികളും അതിൻ്റെ സ്ഥാനത്തേക്ക് മടങ്ങി വരുന്ന വിധത്തിൽ നീ നേരെ നിൽക്കുകയും ചെയ്യുക. പിന്നീട് സുജൂദ് ചെയ്യുകയും, സുജൂദിൽ അടക്കത്തോടെ നിലകൊള്ളുകയും ചെയ്യുക. നിൻ്റെ നെറ്റിയും മൂക്കും, രണ്ട് കൈപ്പത്തികളും കാൽമുട്ടുകളും കാൽപ്പത്തികളിലെ വിരലുകളും ഭൂമിയിൽ അമർത്തി വെച്ചു കൊണ്ടാണ് സുജൂദ് ചെയ്യേണ്ടത്. അതിന് ശേഷം രണ്ട് സുജൂദുകൾക്കിടയിൽ -അടക്കത്തോടെ- ഇരിക്കുന്നതിനായി സുജൂദിൽ നിന്ന് ഉയരുക. ഈ പറഞ്ഞത് നിസ്കാരത്തിൻ്റെ ഓരോ റക്അത്തുകളിലും ആവർത്തിക്കുകയും ചെയ്യുക.