عَنْ أَنَسِ بْنِ مَالِكٍ رَضيَ اللهُ عنهُ:
أَنَّ رَجُلًا دَخَلَ المَسْجِدَ يَوْمَ جُمُعَةٍ مِنْ بَابٍ كَانَ نَحْوَ دَارِ القَضَاءِ، وَرَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَائِمٌ يَخْطُبُ، فَاسْتَقْبَلَ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَائِمًا، ثُمَّ قَالَ: يَا رَسُولَ اللَّهِ، هَلَكَتِ الأَمْوَالُ وَانْقَطَعْتِ السُّبُلُ، فَادْعُ اللَّهَ يُغِيثُنَا، فَرَفَعَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَدَيْهِ، ثُمَّ قَالَ: «اللَّهُمَّ أَغِثْنَا، اللَّهُمَّ أَغِثْنَا، اللَّهُمَّ أَغِثْنَا» قَالَ أَنَسٌ: وَلا وَاللَّهِ، مَا نَرَى فِي السَّمَاءِ مِنْ سَحَابٍ وَلَا قَزَعَةً، وَمَا بَيْنَنَا وَبَيْنَ سَلْعٍ مِنْ بَيْتٍ وَلَا دَارٍ، قَالَ: فَطَلَعَتْ مِنْ وَرَائِهِ سَحَابَةٌ مِثْلُ التُّرْسِ، فَلَمَّا تَوَسَّطَتِ السَّمَاءَ انْتَشَرَتْ، ثُمَّ أَمْطَرَتْ، فَلَا وَاللَّهِ، مَا رَأَيْنَا الشَّمْسَ سِتًّا، ثُمَّ دَخَلَ رَجُلٌ مِنْ ذَلِكَ البَابِ فِي الجُمُعَةِ، وَرَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَائِمٌ يَخْطُبُ، فَاسْتَقْبَلَهُ قَائِمًا، فَقَالَ: يَا رَسُولَ اللَّهِ، هَلَكَتِ الأَمْوَالُ، وَانْقَطَعَتِ السُّبُلُ، فَادْعُ اللَّهَ يُمْسِكْهَا عَنَّا، قَالَ: فَرَفَعَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَدَيْهِ، ثُمَّ قَالَ: «اللَّهُمَّ حَوَالَيْنَا وَلَا عَلَيْنَا، اللَّهُمَّ عَلَى الآكَامِ وَالظِّرَابِ، وَبُطُونِ الأَوْدِيَةِ، وَمَنَابِتِ الشَّجَرِ» قَالَ: فَأَقْلَعَتْ، وَخَرَجْنَا نَمْشِي فِي الشَّمْسِ، قَالَ شَرِيكٌ: سَأَلْتُ أَنَسَ بْنَ مَالِكٍ: أَهُوَ الرَّجُلُ الأَوَّلُ؟ فَقَالَ: «مَا أَدْرِي».
[صحيح] - [متفق عليه] - [صحيح البخاري: 1014]
المزيــد ...
അനസ് ഇബ്നു മാലിക്-رَضِيَ اللَّهُ عَنْهُ- നിവേദനം:
ഒരു വെള്ളിയാഴ്ച ദിവസം, ദാറുൽ ഖദാഇന്റെ ഭാഗത്തുള്ള ഒരു വാതിലിലൂടെ ഒരാൾ മസ്ജിദിലേക്ക് വന്നു. നബി ﷺ എഴുന്നേറ്റു നിന്നു കൊണ്ട് ഖുതുബ നിർവ്വഹിക്കുകയായിരുന്നു അപ്പോൾ. അയാൾ എഴുന്നേറ്റു നിന്ന് നബിയെ ﷺ അഭിമുഖീകരിച്ചു കൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ, സ്വത്തുക്കൾ നശിക്കുകയും,
വഴികൾ മുടങ്ങുകയും ചെയ്തിരിക്കുന്നു, അതിനാൽ ഞങ്ങൾക്ക് മഴ നൽകാൻ വേണ്ടി അങ്ങ് അല്ലാഹുവോട് പ്രാർത്ഥിക്കേണമേ."
അപ്പോൾ നബി ﷺ തൻ്റെ കൈകളുയർത്തിയിട്ട് ഇപ്രകാരം പ്രാർത്ഥിച്ചു: "അല്ലാഹുവേ, ഞങ്ങൾക്ക് നീ മഴ നൽകേണമേ. അല്ലാഹുവേ, ഞങ്ങൾക്ക് നീ മഴ നൽകേണമേ. അല്ലാഹുവേ, ഞങ്ങൾക്ക് നീ മഴ നൽകേണമേ."
അനസ്
(رضي الله عنه) പറഞ്ഞു: "അല്ലാഹുവാണെ സത്യം! ആകാശത്ത് ഞങ്ങൾ ഒരു മേഘക്കീറ് പോലും കണ്ടിരുന്നില്ല. ഞങ്ങൾക്കും സൽഅ് മലയ്ക്കും ഇടയിൽ വീടുകളോ കെട്ടിടങ്ങളോ മറയിട്ടിരുന്നുമില്ല."
അനസ്
(رضي الله عنه) തുടർന്നു: "അപ്പോൾ നബിയുടെ ﷺ പിന്നിൽ നിന്ന് പരിചക്ക് സമാനമായി ഒരു മേഘം ഉയർന്നു വന്നു. അത് ആകാശത്തിൻ്റെ മധ്യത്തിൽ എത്തിയപ്പോൾ ആകാശത്ത് വ്യാപിക്കുകയും, മഴ പെയ്തു തുടങ്ങുകയും ചെയ്തു. അല്ലാഹുവാണെ സത്യം! അടുത്ത ആറ് ദിവസങ്ങൾ ഞങ്ങൾ സൂര്യനെ കണ്ടിട്ടില്ല.
പിന്നീട്, അടുത്ത വെള്ളിയാഴ്ച അതേ വാതിലിലൂടെ മറ്റൊരാൾ മസ്ജിദിലേക്ക് വന്നു. അപ്പോഴും നബി ﷺ ഖുതുബ നിർവ്വഹിക്കുകയായിരുന്നു. അയാൾ എഴുന്നേറ്റ് നിന്നു നബിയെ ﷺ അഭിമുഖീകരിച്ചു കൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ, സ്വത്തുക്കൾ നശിക്കുകയും ഉപജീവന മാർഗങ്ങൾ തടസ്സപ്പെടുകയും ചെയ്തിരിക്കുന്നു. ഞങ്ങളിൽ നിന്ന് മഴ പിടിച്ചു വെക്കാൻ വേണ്ടി അങ്ങ് അല്ലാഹുവോട് പ്രാർത്ഥിക്കേണമേ."
അനസ്
(رضي الله عنه) പറഞ്ഞു: അപ്പോൾ നബി ﷺ തൻ്റെ കൈകളുയർത്തിയിട്ട് പ്രാർത്ഥിച്ചു: "അല്ലാഹുവേ,(മഴയെ) ഞങ്ങൾക്ക് ചുറ്റു ഭാഗങ്ങളിലേക്ക് (നീക്കേണമേ), ഞങ്ങളുടെ മേൽ ആക്കരുതേ. അല്ലാഹുവേ, കുന്നിന്മേലും, ചെറുപർവതങ്ങളിലും, താഴ്‌വരകളിലും, മരങ്ങൾ വളരുന്ന സ്ഥലങ്ങളിലും (മഴ പെയ്യിക്കേണമേ)."
അനസ്
(رضي الله عنه) പറഞ്ഞു: അതോടെ മേഘം മാറിപ്പോവുകയും, ഞങ്ങൾ സൂര്യവെളിച്ചത്തിലൂടെ (വീട്ടിലേക്ക് തിരിച്ചു) നടന്നുപോവുകയും ചെയ്തു.
(ഹദീഥിൻ്റെ നിവേദകരിൽ പെട്ട) ശരീക്
(رحمه الله) അനസ് ഇബ്നു
മാലിക്കിനോട് ചോദിച്ചു: : 'ഇത് (മഴ നിറുത്താൻ വേണ്ടി ആവശ്യപ്പെട്ടയാൾ) ആദ്യത്തെ ആളായിരുന്നോ?' അദ്ദേഹം പറഞ്ഞു: "എനിക്കറിയില്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1014]
ഒരു വെള്ളിയാഴ്ച ദിവസം, ഉമർ ഇബ്നുൽ ഖത്താബിൻ്റെ (رضي الله عنه) വീടിന് അഭിമുഖമായി വരുന്ന, മസ്ജിദുന്നബവിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള വാതിലിലൂടെ ഒരു ഗ്രാമീണൻ മസ്ജിദിലേക്ക് വന്നു. നബി ﷺ ആ സമയം എഴുന്നേറ്റ് നിന്നു കൊണ്ട് ഖുതുബ നിർവ്വഹിക്കുകയായിരുന്നു. അയാൾ നബിയെ ﷺ അഭിമുഖീകരിച്ചുകൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ, കന്നുകാലികൾ നശിച്ചു; ആളുകളെ കൊണ്ടുപോകുന്ന മൃഗങ്ങൾ വിശപ്പ് കാരണം മരിക്കുകയോ ദുർബലരാവുകയോ ചെയ്തതിനാൽ വഴികളും യാത്രകളും മുറിഞ്ഞുപോയി. ഞങ്ങൾക്ക് മഴ നൽകാൻ അല്ലാഹുവോട് പ്രാർത്ഥിക്കേണമേ". അപ്പോൾ നബി ﷺ തൻ്റെ കൈകളുയർത്തിയിട്ട് പ്രാർത്ഥിച്ചു: "അല്ലാഹുവേ, ഞങ്ങൾക്ക് നീ മഴ നൽകേണമേ, അല്ലാഹുവേ, ഞങ്ങൾക്ക് നീ മഴ നൽകേണമേ, അല്ലാഹുവേ, ഞങ്ങൾക്ക് നീ മഴ നൽകേണമേ." അനസ് ഇബ്നു മാലിക് (رضي الله عنه) പറഞ്ഞു: അല്ലാഹുവാണെ സത്യം! ആകാശത്ത് ഒരു മേഘക്കീറ് പോലും ഞങ്ങൾ കണ്ടിരുന്നില്ല. മസ്ജിദിലുള്ള ഞങ്ങൾക്കും മസ്ജിദിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള സൽഅ് മലയ്ക്കും ഇടയിൽ മേഘമുണ്ടെങ്കിൽ അത് മറച്ചേക്കാവുന്ന ഒരു വീടോ കെട്ടിടമോ ഉണ്ടായിരുന്നുമില്ല." അനസ് (رضي الله عنه) തുടർന്നു: "പൊടുന്നനെ നബിയുടെ ﷺ പിന്നിൽ നിന്ന് ഒരു പരിചയുടെ വലുപ്പത്തിൽ വൃത്താകൃതിയിലുള്ള ഒരു മേഘം ഉയർന്നു വന്നു. അത് മദീനയുടെ ആകാശത്തിൻ്റെ മധ്യത്തിൽ എത്തിയപ്പോൾ ആകാശത്ത് വ്യാപിക്കുകയും, മഴ പെയ്തു തുടങ്ങുകയും ചെയ്തു. അല്ലാഹുവാണെ സത്യം! അടുത്ത വെള്ളിയാഴ്ച വരെ മഴ കാരണം ഞങ്ങൾ സൂര്യനെ കണ്ടിട്ടില്ല. അടുത്ത വെള്ളിയാഴ്ച ആ വ്യക്തി അതേ വാതിലിലൂടെ മസ്ജിദിലേക്ക് വന്നു. നബി ﷺ ഖുതുബ നിർവ്വഹിക്കുകയായിരുന്നു അപ്പോഴും. അയാൾ എഴുന്നേറ്റുനിന്ന് നബിയെ ﷺ അഭിമുഖീകരിച്ചു കൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ, സ്വത്തുക്കൾ നശിക്കുകയും വഴികൾ മുറിഞ്ഞുപോവുകയും ചെയ്തിരിക്കുന്നു. ഞങ്ങളിൽ നിന്ന് മഴ പിടിച്ചു നിറുത്താൻ വേണ്ടി അങ്ങ് അല്ലാഹുവോട് പ്രാർത്ഥിക്കേണമേ." അപ്പോൾ നബി ﷺ തൻ്റെ കൈകളുയർത്തിയിട്ട് ഇപ്രകാരം പ്രാർത്ഥിച്ചു: "അല്ലാഹുവേ, മഴ ഞങ്ങൾക്ക് ചുറ്റുമായി തിരിച്ചുവിടേണമേ; ഞങ്ങളുടെ മേൽ പെയ്യിക്കരുതേ. അല്ലാഹുവേ! ഉയർന്ന പ്രദേശങ്ങളായ കുന്നുകളുടെയും, ചെറുപർവതങ്ങളുടെയും, താഴ് വരകളുടെയും, മരങ്ങൾ വളരുന്ന സ്ഥലങ്ങളുടെയും മേൽ ഈ മഴ പെയ്യിക്കേണമേ." അനസ് (رضي الله عنه) പറഞ്ഞു: "അതോടെ മേഘം മാറിപ്പോവുകയും, ഞങ്ങൾ വെയിലത്ത് മസ്ജിദിൽ നിന്ന് തിരിച്ചു നടന്നുപോവുകയും ചെയ്തു.