عَنْ عَائِشَةَ أُمِّ المُؤْمِنين رَضيَ اللهُ عنها قَالَتْ:
كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَسْتَفْتِحُ الصَّلَاةَ بِالتَّكْبِيرِ، وَالقِرَاءَةِ، بِـ الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَكَانَ إِذَا رَكَعَ لَمْ يُشْخِصْ رَأْسَهُ وَلَمْ يُصَوِّبْهُ، وَلَكِنْ بَيْنَ ذَلِكَ، وَكَانَ إِذَا رَفَعَ رَأْسَهُ مِنَ الرُّكُوعِ لَمْ يَسْجُدْ حَتَّى يَسْتَوِيَ قَائِمًا، وَكَانَ إِذَا رَفَعَ رَأْسَهُ مِنَ السَّجْدَةِ لَمْ يَسْجُدْ حَتَّى يَسْتَوِيَ جَالِسًا، وَكَانَ يَقُولُ فِي كُلِّ رَكْعَتَيْنِ التَّحِيَّةَ، وَكَانَ يَفْرِشُ رِجْلَهُ اليُسْرَى وَيَنْصِبُ رِجْلَهُ اليُمْنَى، وَكَانَ يَنْهَى عَنْ عُقْبَةِ الشَّيْطَانِ، وَيَنْهَى أَنْ يَفْتَرِشَ الرَّجُلُ ذِرَاعَيْهِ افْتِرَاشَ السَّبُعِ، وَكَانَ يَخْتِمُ الصَّلَاةَ بِالتَّسْلِيمِ.

[صحيح] - [رواه مسلم] - [صحيح مسلم: 498]
المزيــد ...

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
നബി (ﷺ) തക്ബീർ ചൊല്ലിക്കൊണ്ടായിരുന്നു നിസ്കാരം ആരംഭിച്ചിരുന്നത്. 'അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ' എന്ന് പറഞ്ഞു കൊണ്ടായിരുന്നു അവിടുന്ന് (നിസ്കാരത്തിലെ) ഖുർആൻ പാരായണം ആരംഭിച്ചിരുന്നത്. അവിടുന്ന് റുകൂഇലേക്ക് പോകുമ്പോൾ തല ഉയർത്തിപ്പിടിക്കുകയോ, അടിയിലേക്ക് താഴ്ത്തുകയോ ചെയ്യുമായിരുന്നില്ല; മറിച്ച് അതിന് രണ്ടിനുമിടയിലുള്ള നിലയിലായിരുന്നു അവിടുന്നുണ്ടായിരുന്നത്. റുകൂഇൽ നിന്ന് തല ഉയർത്തിയാൽ നേരെ നിന്നതിന് ശേഷമല്ലാതെ സുജൂദ് ചെയ്യുമായിരുന്നില്ല. സുജൂദിൽ നിന്ന് തല ഉയർത്തിയാൽ നേരെ ഇരുന്നതിന് ശേഷമല്ലാതെ അടുത്ത സുജൂദ് ചെയ്യുമായിരുന്നില്ല. എല്ലാ രണ്ട് റക്അത്തിലും അവിടുന്ന് അത്തഹിയ്യാത്ത് ഓതുമായിരുന്നു. അവിടുന്ന് ഇടത് കാൽ വിരിച്ച് അതിന്മേൽ ഇരിക്കുകയും വലത് കാൽ നാട്ടിവെക്കുകയും ചെയ്യുമായിരുന്നു. 'പിശാചിൻ്റെ ഇരുത്തം' അവിടുന്ന് വിലക്കിയിരുന്നു, അതുപോലെ വന്യമൃഗങ്ങൾ കൈകൾ വിരിക്കുന്നതുപോലെ നിസ്കരിക്കുന്നവൻ തൻ്റെ മുഴംകൈ വിരിച്ചു വെക്കുന്നതും അവിടുന്ന് വിലക്കുമായിരുന്നു. സലാം ചൊല്ലിക്കൊണ്ടായിരുന്നു അവിടുന്ന് നിസ്കാരം അവസാനിപ്പിച്ചിരുന്നത്."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 498]

വിശദീകരണം

മുഅ്മിനീങ്ങളുടെ മാതാവ് ആഇശ (رضي الله عنها) നബിയുടെ (ﷺ) നിസ്കാരത്തെക്കുറിച്ചാണ് ഈ ഹദീഥിൽ വിവരിക്കുന്നത്. നബി (ﷺ) തക്ബീറത്തുൽ ഇഹ്റാം ചൊല്ലിക്കൊണ്ട് -"അല്ലാഹു അക്ബർ" എന്ന് പറഞ്ഞു കൊണ്ട്- നിസ്കാരം തുടങ്ങുമായിരുന്നു, ഖുർആൻ പാരായണം സൂറത്തുൽ ഫാത്തിഹ കൊണ്ട് -"അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ" എന്ന് ഓതിക്കൊണ്ടും- തുടങ്ങുമായിരുന്നു. അവിടുന്ന് നിസ്കാരത്തിലെ നിറുത്തത്തിനുശേഷം റുകൂഇലേക്ക് പോയാൽ, തല ഉയർത്തി പിടിക്കുകയോ താഴ്ത്തിപ്പിടിക്കുകയോ ചെയ്യാതെ നേരെ, നിവർന്ന നിലയിലാക്കുമായിരുന്നു. റുകൂഇൽ നിന്ന് തല ഉയർത്തിയാൽ സുജൂദ് ചെയ്യുന്നതിന് മുമ്പ് നിവർന്നു നിൽക്കുമായിരുന്നു. ആദ്യ സുജൂദിൽ നിന്ന് തല ഉയർത്തിയാൽ, രണ്ടാമത്തെ സുജൂദ് ചെയ്യുന്നതിന് മുമ്പ് അടങ്ങിയിരിക്കുമായിരുന്നു. അവിടുന്ന് എല്ലാ രണ്ട് റക്അത്തിലും തശ്ഹ്ഹുദിനായി ഇരിക്കുകയും, "അത്തഹിയ്യാത്തു ലില്ലാഹി വസ്വലവാത്തു വത്വയ്യിബാത്തു..." എന്ന് തുടങ്ങുന്ന തശഹ്ഹുദിലെ പ്രാർത്ഥന ചൊല്ലുകയും ചെയ്യുമായിരുന്നു. രണ്ട് സുജൂദുകൾക്കിടയിലോ തശഹുദിനോ ഇരിക്കുമ്പോൾ ഇടത് കാൽ വിരിച്ച് അതിന്മേൽ ഇരിക്കുകയും വലത് കാൽ നാട്ടിവെക്കുകയും ചെയ്യുമായിരുന്നു. നിസ്കരിക്കുന്നവൻ പിശാചിൻ്റെ ഇരുത്തത്തിന് സമാനമായി ഇരിക്കുന്നത് അവിടുന്ന് വിലക്കിയിരുന്നു. അതായത്, പാദങ്ങൾ നിലത്ത് വിരിച്ച ശേഷം മടമ്പുകൾക്ക് മേലായി ഇരിക്കുന്നത് അവിടുന്ന് വിലക്കിയിട്ടുണ്ട്. അതല്ലെങ്കിൽ, പൃഷ്ഠം നിലത്തു വെച്ചു കൊണ്ട്, കാലുകൾ നാട്ടിവെക്കുകയും കൈകൾ നായയെപ്പോലെ നിലത്ത് വെച്ച് ഇരിക്കുകയും ചെയ്യുന്നതും അവിടുന്ന് വിലക്കിയിട്ടുണ്ട്. അതുപോലെ, മൃഗങ്ങൾ കൈകൾ വിരിക്കുന്നതുപോലെ കൈത്തണ്ടകൾ നിലത്ത് വിരിച്ച വിധത്തിൽ സുജൂദ് ചെയ്യുന്നതും അവിടുന്ന് വിലക്കിയിട്ടുണ്ട്. സലാം ചൊല്ലിക്കൊണ്ടാണ് അവിടുന്ന് നിസ്കാരം അവസാനിപ്പിച്ചിരുന്നത്: വലതുവശത്തേക്ക് ഒരു തവണയും ഇടതുവശത്തേക്ക് ഒരു തവണയും "അസ്സലാമു അലൈകും വ റഹ്മത്തുല്ലാഹ്" എന്ന് പറഞ്ഞു കൊണ്ടായിരുന്നു അവിടുന്ന് സലാം വീട്ടിയിരുന്നത്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നബിയുടെ (ﷺ) നിസ്കാരത്തിന്റെ രൂപത്തിൽ നിന്ന് ചില കാര്യങ്ങൾ ഈ ഹദീഥ് വിവരിക്കുന്നു.
  2. നിസ്കാരത്തിൽ പ്രവേശിക്കുന്നതിനെ സൂചിപ്പിക്കുന്ന തക്ബീറത്തുൽ ഇഹ്റാം ചൊല്ലൽ നിർബന്ധമാണ്. നിസ്കാരത്തിൻ്റെ വാക്കുകൾക്കും പ്രവൃത്തികൾക്കും വിരുദ്ധമായ എല്ലാ വാക്കുകളെയും പ്രവൃത്തികളെയും തക്ബീറത്തുൽ ഇഹ്റാം നിഷിദ്ധമാക്കുന്നു. അല്ലാഹു അക്ബർ എന്നതല്ലാത്ത മറ്റൊരു വാക്കും ഈ സന്ദർഭത്തിൽ ചൊല്ലിയാലും അത് സാധുവാകില്ല.
  3. നിസ്കാരത്തിൽ സൂറത്തുൽ ഫാത്തിഹ പാരായണം ചെയ്യുന്നത് നിർബന്ധമാണ്.
  4. നിസ്കാരത്തിൽ റുകൂഅ് ചെയ്യൽ നിർബന്ധമാണ്. തല ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യാതെ തല നിവർത്തി പിടിച്ച നിലയിൽ റുകൂഅ് ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠം.
  5. റുകൂഇൽ നിന്ന് ഉയരുന്നതും അതിനുശേഷം നേരെ നിൽക്കുന്നതും നിർബന്ധമാണ്.
  6. സുജൂദ് നിർബന്ധമാണ്, അതിൽ നിന്ന് തല ഉയർത്തുന്നതും, അതിനുശേഷമുള്ള ഇരുത്തത്തിൽ അടങ്ങിയിരിക്കുന്നതും നിർബന്ധമാണ്.
  7. നിസ്കാരത്തിൽ ഇരിക്കുമ്പോൾ നിസ്കരിക്കുന്നവൻ ഇടത് കാൽ വിരിച്ച് അതിന്മേൽ ഇരിക്കുകയും വലത് കാൽ നാട്ടിവെക്കുകയും ചെയ്യണം. എന്നാൽ, മഗ്‌രിബ്, ഇശാഅ് പോലുള്ള രണ്ട് തശഹുദുള്ള നിസ്കാരങ്ങളിലെ അവസാനത്തെ തശഹുദിൽ തവറുക്ക് (ഇടത് കാൽ വലത് കാലിന്റെ താഴെ കൂടി പുറത്തേക്ക് വെച്ച് ഇരിക്കുന്നത്) ആണ് സുന്നത്ത്; ഇത് ഹദീഥുകളിൽ വന്നിട്ടുണ്ട്.
  8. പിശാചിനോട് സാദൃശ്യപ്പെടുന്ന വിധത്തിൽ ഇരിക്കുന്നത് വിലക്കിയിരിക്കുന്നു. മടമ്പുകൾക്ക് മേലായി ഇരിക്കുകയും, പാദങ്ങൾ നിലത്ത് വിരിക്കുകയും ചെയ്യുക എന്നതാണ് ഇതിൻ്റെ രൂപം. അല്ലെങ്കിൽ രണ്ട് കാലുകളും നാട്ടിവെക്കുകയും, അവക്കിടയിൽ പൃഷ്ഠം വരുന്ന വിധത്തിൽ ഇരിക്കുകയും ചെയ്യുക; ഇത് രണ്ടും പിശാചിൻ്റെ ഇരുത്തത്തിൽ പെട്ടതാണ്.
  9. വന്യമൃഗങ്ങളെപ്പോലെ നിസ്കാരത്തിൽ കൈകൾ വിരിക്കുന്നത് വിലക്കിയിരിക്കുന്നു. നിസ്കരിക്കുന്നവൻ സുജൂദിൽ തൻ്റെ മുഴം കൈ നിലത്ത് പരത്തി വെക്കുക എന്നതാണ് അത് കൊണ്ട് ഉദ്ദേശ്യം. മടിയുടെയും അലസതയുടെയും ലക്ഷണമാണ് ഈ രൂപം.
  10. പിശാചിനോടും മൃഗങ്ങളോടും പ്രവർത്തനത്തിൽ സാദൃശ്യം പുലർത്തുന്നത് വിലക്കപ്പെട്ടിരിക്കുന്നു.
  11. സലാം ചൊല്ലിക്കൊണ്ട് നിസ്കാരം അവസാനിപ്പിക്കുക എന്നത് നിർബന്ധമാണ്. നിസ്കരിക്കുന്നവർക്കും നിസ്കാരത്തിന് ഹാജരായവർക്കും അല്ലാത്തവരായ സജ്ജനങ്ങൾക്കും വേണ്ടി രക്ഷക്കായുള്ള പ്രാർത്ഥനയാണ് സലാം വീട്ടുന്ന സന്ദർഭത്തിൽ ഒരാൾ നിർവ്വഹിക്കുന്നത്.
  12. നിസ്കാരത്തിൽ 'ത്വുമഅ്നീനത്ത്' (അടക്കവും ഒതുക്കവും) നിർബന്ധമാണ്.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ