+ -

عَنْ سَلْمَانَ رَضيَ اللهُ عنه قَالَ:
قَالَ لَنَا الْمُشْرِكُونَ: إِنِّي أَرَى صَاحِبَكُمْ يُعَلِّمُكُمْ حَتَّى يُعَلِّمَكُمُ الْخِرَاءَةَ، فَقَالَ: أَجَلْ، إِنَّهُ نَهَانَا أَنْ يَسْتَنْجِيَ أَحَدُنَا بِيَمِينِهِ، أَوْ يَسْتَقْبِلَ الْقِبْلَةَ، وَنَهَى عَنِ الرَّوْثِ وَالْعِظَامِ وَقَالَ: «لَا يَسْتَنْجِي أَحَدُكُمْ بِدُونِ ثَلَاثَةِ أَحْجَارٍ».

[صحيح] - [رواه مسلم] - [صحيح مسلم: 262]
المزيــد ...

സൽമാനുൽ ഫാരിസി -رَضِيَ اللَّهُ عَنْهُ- നിവേദനം:
മുശ്‌രിക്കുകൾ ഞങ്ങളോട് പറഞ്ഞു: "നിങ്ങളുടെ കൂട്ടുകാരൻ നിങ്ങൾക്ക് (എല്ലാം) പഠിപ്പിച്ചു തരുന്നു; മലമൂത്ര വിസർജന മര്യാദകൾ വരെ അദ്ദേഹം നിങ്ങൾക്ക് പഠിപ്പിക്കുന്നുവല്ലോ?" അപ്പോൾ (സൽമാനുൽ ഫാരിസി) പറഞ്ഞു: "അതെ, തീർച്ചയായും! ഒരാൾ തൻ്റെ വലത് കൈകൊണ്ട് മലമൂത്ര വിസർജനാനന്തരം ശുദ്ധീകരിക്കുന്നതും, (മലമൂത്ര വിസർജന വേളയിൽ) ഖിബ്‌ലയെ അഭിമുഖീകരിക്കുന്നതും, (ശുദ്ധീകരണത്തിനായി) ചാണകം, എല്ലുകൾ എന്നിവ ഉപയോഗിക്കുന്നതും അവിടുന്ന് ഞങ്ങളോട് വിലക്കിയിട്ടുണ്ട്." അവിടുന്ന് പറഞ്ഞു: "നിങ്ങളിൽ ആരും മൂന്ന് കല്ലുകളിൽ കുറഞ്ഞത് കൊണ്ട് വിസർജനാനന്തരം ശുദ്ധീകരിക്കരുത്."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 262]

വിശദീകരണം

സൽമാനുൽ ഫാരിസി -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: മുശ്‌രിക്കുകൾ പരിഹാസ രൂപത്തിൽ ഞങ്ങളോട് പറഞ്ഞു: "നിങ്ങളുടെ നബി നിങ്ങൾക്ക് എല്ലാം പഠിപ്പിക്കുന്നുണ്ടല്ലോ, മലമൂത്രവിസർജനം എങ്ങനെ ചെയ്യണം എന്ന് പോലും പഠിപ്പിക്കുന്നുണ്ടല്ലോ!" അപ്പോൾ സൽമാൻ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അതെ, നബി -ﷺ- വിസർജന മര്യാദകൾ വരെ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. അതിൽ പെട്ടതാണ്; വിസർജന ശേഷം വലത് കൈകൊണ്ട് ശുദ്ധീകരിക്കുന്നത് അവിടുന്ന് വിലക്കി എന്നത്; വലത് കരത്തെ നജസിൽ നിന്ന് സംരക്ഷിക്കാനും വലതിനെ ആദരിക്കാനും വേണ്ടിയാണത്. അതുപോലെ, മലമൂത്ര വിസർജന വേളയിൽ കഅ്ബയെ അഭിമുഖീകരിക്കരുതെന്നും, മൃഗങ്ങളുടെ ചാണകം കൊണ്ടോ എല്ലുകൾ കൊണ്ടോ വിസർജന ശേഷം ശുദ്ധീകരിക്കരുതെന്നും, മൂന്ന് കല്ലുകളിൽ കുറഞ്ഞതു കൊണ്ട് വിസർജനാനന്തരം ശുദ്ധീകരിക്കരുതെന്നും അവിടുന്ന് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്."

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഇസ്‌ലാമിക ശരീഅത്ത് ജനങ്ങൾക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളിലും പൂർണ്ണവും സമഗ്രവുമാണെന്ന് ഈ ഹദീഥ് വ്യക്തമാക്കുന്നു.
  2. വിസർജ്ജനവുമായി ബന്ധപ്പെട്ടും ശുദ്ധീകരണവുമായി ബന്ധപ്പെട്ടുമുള്ള ചില മര്യാദകൾ ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു.
  3. മലമൂത്ര വിസർജന വേളയിൽ ഖിബ്‌ലയെ അഭിമുഖീകരിക്കുന്നത് ഹറാമാണ്; കാരണം "നബി -ﷺ- ഞങ്ങളെ വിലക്കി" എന്നാണ് സൽമാൻ -رَضِيَ اللَّهُ عَنْهُ- ഹദീഥിൽ പറഞ്ഞത്. നബി -ﷺ- ഒരു കാര്യം വിലക്കിയാൽ അതിൻ്റെ അടിസ്ഥാനം ഹറാമാണ്.
  4. വലത് കൈയ്യിനെ ആദരിക്കുന്നതിന്റെ ഭാഗമായി, വലത് കൈകൊണ്ട് മലമൂത്ര വിസർജ്ജനം ചെയ്യുന്നതോ ശുദ്ധീകരിക്കുന്നതോ നബി -ﷺ- വിലക്കിയിരിക്കുന്നു.
  5. വലതു കരത്തിന് ഇടത് കരത്തേക്കാൾ ശ്രേഷ്ഠതയുണ്ട്. കാരണം, ഇടത് കൈ നജസുകൾ നീക്കം ചെയ്യാനും വൃത്തികേടുകൾ നീക്കം ചെയ്യാനും ഉപയോഗിക്കുന്നു. വലത് കൈ അതല്ലാത്ത കാര്യങ്ങൾക്കാണ് ഉപയോഗിക്കേണ്ടത്.
  6. നജസ് കുറവാണെങ്കിലും കൂടുതലാണെങ്കിലും വെള്ളം കൊണ്ടോ കല്ലുകൾ കൊണ്ടോ അത് നീക്കം ചെയ്തിരിക്കണം എന്നത് നിർബന്ധമാണ്.
  7. മൂന്ന് കല്ലുകളിൽ കുറഞ്ഞത് കൊണ്ട് ഇസ്തിജ്മാർ ചെയ്യുന്നത് വിലക്കിയിരിക്കുന്നു. കാരണം, സാധാരണഗതിയിൽ മൂന്ന് കല്ലുകളിൽ കുറഞ്ഞത് കൊണ്ട് നജസ് ശുദ്ധീകരിക്കുക സാധ്യമല്ല.
  8. നജസിൽ നിന്ന് ശുദ്ധീകരിക്കാൻ കല്ല് തന്നെ വേണമെന്നില്ല; മറിച്ച് ആ ഉദ്ദേശ്യം നിറവേറ്റാൻ സഹായകമായ എന്ത് ഉപയോഗിച്ചാലും അത് മതിയാകുന്നതാണ്. എന്നാൽ നബി -ﷺ- കല്ലുകൾ പ്രത്യേകം എടുത്തുപറഞ്ഞത് സാധാരണയായി ജനങ്ങൾ അവയാണ് ഉപയോഗിക്കുക എന്നത് കൊണ്ട് മാത്രമാണ്; അല്ലാതെ അവ മാത്രമേ ഉപയോഗിക്കാവൂ എന്ന അർത്ഥത്തിലല്ല.
  9. മലമൂത്ര വിസർജ്ജനം ശുദ്ധീകരിക്കുന്നത് ഒറ്റ സംഖ്യയിൽ നിർത്തുന്നത് നല്ലതാണ്. അതിനാൽ, നാല് കല്ലുകൾ കൊണ്ട് നജസിൽ നിന്ന് ശുദ്ധിയായാൽ പോലും, അഞ്ചാമതൊന്ന് കൂട്ടിച്ചേർക്കുന്നത് അഭികാമ്യമാണ്. കാരണം നബി -ﷺ- പറഞ്ഞിരിക്കുന്നു: "ആരെങ്കിലും മലമൂത്ര വിസർജ്ജനം ശുദ്ധീകരിച്ചാൽ ഒറ്റ സംഖ്യയിലാക്കട്ടെ."
  10. ചാണകം കൊണ്ട് മലമൂത്ര വിസർജനാനന്തരം ശുദ്ധീകരിക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു; കാരണം അത് ഒന്നുകിൽ നജസാണ്, അല്ലെങ്കിൽ ജിന്നുകളുടെ മൃഗങ്ങൾക്കുള്ള ഭക്ഷണമാണ്.
  11. എല്ല് കൊണ്ട് മലമൂത്ര വിസർജന ശേഷം ശുചീകരിക്കുന്നത് വിലക്കിയിരിക്കുന്നു. കാരണം: ഒന്നുകിൽ അത് നജസിൽ പെട്ടതായിരിക്കും. അല്ലെങ്കിൽ ജിന്നുകളുടെ ഭക്ഷണമായിരിക്കും.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ