عَن أبِي هُرَيْرَةَ رضي الله عنه قَالَ:
كُنَّا قُعُودًا حَوْلَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، مَعَنَا أَبُو بَكْرٍ، وَعُمَرُ فِي نَفَرٍ، فَقَامَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنْ بَيْنِ أَظْهُرِنَا، فَأَبْطَأَ عَلَيْنَا، وَخَشِينَا أَنْ يُقْتَطَعَ دُونَنَا، وَفَزِعْنَا، فَقُمْنَا، فَكُنْتُ أَوَّلَ مَنْ فَزِعَ، فَخَرَجْتُ أَبْتَغِي رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ حَتَّى أَتَيْتُ حَائِطًا لِلْأَنْصَارِ لِبَنِي النَّجَّارِ، فَدُرْتُ بِهِ هَلْ أَجِدُ لَهُ بَابًا؟ فَلَمْ أَجِدْ، فَإِذَا رَبِيعٌ يَدْخُلُ فِي جَوْفِ حَائِطٍ مِنْ بِئْرٍ خَارِجَةٍ - وَالرَّبِيعُ الْجَدْوَلُ - فَاحْتَفَزْتُ، فَدَخَلْتُ عَلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: «أَبُو هُرَيْرَةَ» فَقُلْتُ: نَعَمْ يَا رَسُولَ اللهِ، قَالَ: «مَا شَأْنُكَ؟» قُلْتُ: كُنْتَ بَيْنَ أَظْهُرِنَا، فَقُمْتَ فَأَبْطَأْتَ عَلَيْنَا، فَخَشِينَا أَنْ تُقْتَطَعَ دُونَنَا، فَفَزِعْنَا، فَكُنْتُ أَوَّلَ مَنْ فَزِعَ، فَأَتَيْتُ هَذَا الْحَائِطَ، فَاحْتَفَزْتُ كَمَا يَحْتَفِزُ الثَّعْلَبُ، وَهَؤُلَاءِ النَّاسُ وَرَائِي، فَقَالَ: «يَا أَبَا هُرَيْرَةَ» وَأَعْطَانِي نَعْلَيْهِ، قَالَ: «اذْهَبْ بِنَعْلَيَّ هَاتَيْنِ، فَمَنْ لَقِيتَ مِنْ وَرَاءِ هَذَا الْحَائِطَ يَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ مُسْتَيْقِنًا بِهَا قَلْبُهُ، فَبَشِّرْهُ بِالْجَنَّةِ»، فَكَانَ أَوَّلَ مَنْ لَقِيتُ عُمَرُ، فَقَالَ: مَا هَاتَانِ النَّعْلَانِ يَا أَبَا هُرَيْرَةَ؟ فَقُلْتُ: هَاتَانِ نَعْلَا رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، بَعَثَنِي بِهِمَا مَنْ لَقِيتُ يَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ مُسْتَيْقِنًا بِهَا قَلْبُهُ، بَشَّرْتُهُ بِالْجَنَّةِ، فَضَرَبَ عُمَرُ بِيَدِهِ بَيْنَ ثَدْيَيَّ فَخَرَرْتُ لِاسْتِي، فَقَالَ: ارْجِعْ يَا أَبَا هُرَيْرَةَ، فَرَجَعْتُ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَأَجْهَشْتُ بُكَاءً، وَرَكِبَنِي عُمَرُ، فَإِذَا هُوَ عَلَى أَثَرِي، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَا لَكَ يَا أَبَا هُرَيْرَةَ؟» قُلْتُ: لَقِيتُ عُمَرَ، فَأَخْبَرْتُهُ بِالَّذِي بَعَثْتَنِي بِهِ، فَضَرَبَ بَيْنَ ثَدْيَيَّ ضَرْبَةً خَرَرْتُ لِاسْتِي، قَالَ: ارْجِعْ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «يَا عُمَرُ، مَا حَمَلَكَ عَلَى مَا فَعَلْتَ؟» قَالَ: يَا رَسُولَ اللهِ، بِأَبِي أَنْتَ، وَأُمِّي، أَبَعَثْتَ أَبَا هُرَيْرَةَ بِنَعْلَيْكَ، مَنْ لَقِيَ يَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ مُسْتَيْقِنًا بِهَا قَلْبُهُ بَشَّرَهُ بِالْجَنَّةِ؟ قَالَ: «نَعَمْ»، قَالَ: فَلَا تَفْعَلْ، فَإِنِّي أَخْشَى أَنْ يَتَّكِلَ النَّاسُ عَلَيْهَا، فَخَلِّهِمْ يَعْمَلُونَ، قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «فَخَلِّهِمْ».
[صحيح] - [رواه مسلم] - [صحيح مسلم: 31]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഞങ്ങൾ നബി -ﷺ- യുടെ ചുറ്റും സംഘമായി ഇരിക്കുന്ന വേളയിൽ -ഞങ്ങളുടെ കൂട്ടത്തിൽ അബൂബക്റും ഉമറും -رَضِيَ اللَّهُ عَنْهُمَا- ഉണ്ട്- അവിടുന്ന് ഞങ്ങൾക്കിടയിൽ നിന്ന് എഴുന്നേറ്റു പോയി. അവിടുന്ന് മടങ്ങി വരാൻ വൈകിയപ്പോൾ അവിടുത്തെ എന്തെങ്കിലും പ്രയാസം ബാധിച്ചോ എന്ന് ഞങ്ങൾ പേടിച്ചു പോയി. ആദ്യം ഭയം തോന്നി പുറപ്പെട്ടത് ഞാനായിരുന്നു.
അങ്ങനെ ഞാൻ നബി -ﷺ- യെ അന്വേഷിച്ചു പുറപ്പെട്ടു. ബനുന്നജ്ജാറുകാരിൽ പെട്ട ഒരു അൻസ്വാരിയുടെ തോട്ടത്തിനരികെ ഞാനെത്തി. അവിടേക്ക് പ്രവേശിക്കാൻ ഒരു വാതിൽ കണ്ടെത്താൻ കഴിയുമോ എന്നറിയാൻ ഞാൻ ആ തോട്ടത്തിന് ചുറ്റും കറങ്ങിനോക്കി. എന്നാൽ എനിക്ക് ഒരു വാതിലും കണ്ടെത്താൻ കഴിഞ്ഞില്ല.
അങ്ങനെയിരിക്കെ ഒരു ചെറിയ കനാൽ തോട്ടത്തിന് പുറത്തുള്ള കിണറ്റിൽ നിന്ന് അതിനുള്ളിലേക്ക് പ്രവേശിക്കുന്നതായി ഞാൻ കണ്ടു. ഞാൻ അതിലൂടെ തോട്ടത്തിലേക്ക് ഞൂണ്ടുകടന്നു. അങ്ങനെ നബി -ﷺ- യുടെ അരികിൽ ഞാൻ പ്രവേശിച്ചു.
(എന്നെ കണ്ടപ്പോൾ) അവിടുന്ന് പറഞ്ഞു: "അബൂ ഹുറൈറയോ?!" ഞാൻ പറഞ്ഞു: "അതെ! അല്ലാഹുവിൻ്റെ റസൂലേ!" അവിടുന്ന് ചോദിച്ചു: "എന്താണ് കാര്യം?" ഞാൻ പറഞ്ഞു: "അങ്ങ് ഞങ്ങൾക്കിടയിലായിരുന്നല്ലോ. എന്നാൽ ഞങ്ങളുടെ അരികിൽ നിന്ന് പോയതിന് ശേഷം അങ്ങ് തിരിച്ചു വരാൻ വൈകിയപ്പോൾ എന്തെങ്കിലും പ്രയാസം അങ്ങേക്ക് ബാധിച്ചോ എന്ന് ഞങ്ങൾ ഭയന്നു പോയി. ആദ്യം ഭയം തോന്നി പുറപ്പെട്ടത് ഞാനാണ്. അങ്ങനെ ഞാൻ ഈ തോട്ടത്തിൽ (അങ്ങയെ അന്വേഷിച്ചു) വന്നെത്തിയതാണ്. കുറുക്കൻ ഞൂണ്ടുകടക്കുന്നതു പോലെയാണ് ഞാൻ ഇതിനുള്ളിലേക്ക് കയറിയത്. എൻ്റെ പിറകിൽ (വാർത്ത അറിയാനിരിക്കുന്ന) മറ്റു ജനങ്ങളുമുണ്ട്."
അപ്പോൾ അവിടുത്തെ രണ്ട് ചെരുപ്പുകളും എൻ്റെ പക്കൽ തന്നു കൊണ്ട് നബി -ﷺ- പറഞ്ഞു: "അബൂ ഹുറൈറ! എൻ്റെ ഈ രണ്ട് ചെരുപ്പുകളുമായി പോവുക! ഈ തോട്ടത്തിനപ്പുറം 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്നത് ഹൃദയത്തിൽ ദൃഢവിശ്വാസത്തോടെ സാക്ഷ്യം വഹിക്കുന്ന ഏതൊരാളെ കണ്ടാലും അവനെ നീ സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിച്ചു കൊള്ളുക."
അങ്ങനെ (അവിടെ നിന്നിറങ്ങിയ ശേഷം) ഞാൻ ആദ്യം കണ്ട വ്യക്തി ഉമർ ബ്നുൽ ഖത്താബായിരുന്നു. അദ്ദേഹം ചോദിച്ചു: "എന്താണ് അബൂ ഹുറൈറ! ഈ രണ്ടു ചെരുപ്പുകൾ?" ഞാൻ പറഞ്ഞു: "ഇവ രണ്ടും അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ ചെരുപ്പുകളാണ്. അവിടുന്ന് ഇവ രണ്ടും തന്നു കൊണ്ട് എന്നെ നിയോഗിച്ചിരിക്കുകയാണ്. 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്നത് ഹൃദയത്തിൽ ദൃഢവിശ്വാസത്തോടെ സാക്ഷ്യം വഹിക്കുന്ന ഏതൊരാളെ കണ്ടാലും അവന് സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിച്ചു കൊള്ളാൻ വേണ്ടി..."
അപ്പോൾ ഉമർ തൻ്റെ കൈ കൊണ്ട് എൻ്റെ നെഞ്ചിലൊരടി വെച്ചു തന്നു. ഞാൻ പിറകുവശം കുത്തി താഴെവീണു പോയി! അദ്ദേഹം പറഞ്ഞു: "അബൂ ഹുറൈറ! തിരിച്ചു പോവുക!" ഞാൻ നബി -ﷺ- യുടെ അരികിലേക്ക് മടങ്ങിച്ചെന്നു; എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. എൻ്റെ പിറകെ തന്നെ ഉമറും ഉണ്ടായിരുന്നു; ഞാൻ നോക്കിയപ്പോൾ അദ്ദേഹമതാ പിറകിൽ!
നബി -ﷺ- ചോദിച്ചു: "എന്തു പറ്റി അബൂ ഹുറൈറ?!" ഞാൻ പറഞ്ഞു: "ഞാൻ ഉമറിനെ കണ്ടുമുട്ടി; അങ്ങ് എന്നെ നിയോഗിച്ച കാര്യം ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ എൻ്റെ നെഞ്ചിൽ അദ്ദേഹം അടിക്കുകയാണ് ചെയ്തത്; (അതു കാരണം) ഞാൻ പിറകുവശം കുത്തി വീണുപോയി."
നബി -ﷺ- ചോദിച്ചു: "ഉമർ! എന്തിനാണ് നീയങ്ങനെ ചെയ്തത്?"
അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! എൻ്റെ പിതാവും മാതാവും അങ്ങേക്ക് ബലിയായിരിക്കട്ടെ! അങ്ങയുടെ രണ്ട് ചെരുപ്പുകൾ നൽകിക്കൊണ്ട് അബൂ ഹുറൈറയെ അങ്ങ് നിയോഗിക്കുകയുണ്ടായോ; ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് ഹൃദയത്തിൽ ഉറച്ചു വിശ്വസിക്കുന്നവർക്ക് സ്വർഗമുണ്ട് എന്ന സന്തോഷവാർത്ത അറിയിക്കുന്നതിന് വേണ്ടി?"
നബി -ﷺ- പറഞ്ഞു: "അതെ!" ഉമർ പറഞ്ഞു: "അങ്ങ് അപ്രകാരം ചെയ്യരുത്! ജനങ്ങൾ അതിൽ മാത്രം ഒതുങ്ങിക്കൂടുമെന്ന് ഞാൻ ഭയക്കുന്നു. അവരെ വിട്ടേക്കുക. അവർ പ്രവർത്തനങ്ങൾ ചെയ്യട്ടെ." നബി -ﷺ- പറഞ്ഞു: "എങ്കിൽ അവരെ അങ്ങനെ വിട്ടേക്കുക."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 31]
നബി -ﷺ- അവിടുത്തെ സ്വഹാബികളിൽ പെട്ട ചിലരോടൊപ്പം ഇരിക്കുകയായിരുന്നു. അവരുടെ കൂട്ടത്തിൽ അബൂബക്റും ഉമറും ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ, നബി -ﷺ- അവിടെ നിന്ന് എഴുന്നേറ്റു പോവുകയും അവരിലേക്ക് തിരിച്ചുവരാൻ വൈകുകയും ചെയ്തു. നബി -ﷺ- യെ ആരെങ്കിലും തടഞ്ഞു വെക്കുകയോ മറ്റെന്തെങ്കിലും അവിടുത്തേക്ക് സംഭവിക്കുകയോ ചെയ്തുവെന്ന ഭയം അതോടെ അവരെ പിടികൂടി. അങ്ങനെ സ്വഹാബികളെല്ലാം ഭയവിഹ്വലരായി പിടഞ്ഞെഴുന്നേറ്റു; അവരുടെ കൂട്ടത്തിൽ ആദ്യം ഭയം ഉടലെടുത്തത് അബൂ ഹുറൈറയുടെ മനസ്സിലായിരുന്നു. അദ്ദേഹം ബനുന്നജ്ജാറുകാരുടെ ഒരു തോട്ടത്തിൽ ചെന്നെത്തി. എന്തെങ്കിലുമൊരു പ്രവേശനവഴി ഉണ്ടാകുമോ എന്നറിയാൻ അദ്ദേഹം ആ തോട്ടത്തിൻ്റെ ചുറ്റും കറങ്ങിനോക്കി. എന്നാൽ വെള്ളം പ്രവേശിക്കാനുള്ള ഒരു ചെറിയ വിടവ് മതിലിൽ കണ്ടതല്ലാതെ മറ്റൊന്നും അദ്ദേഹം കണ്ടില്ല. തൻ്റെ ശരീരം കൂട്ടിപ്പിടിച്ചു കൊണ്ട് അതിലൂടെ ആ തോട്ടത്തിലേക്ക് അദ്ദേഹം പ്രവേശിച്ചു; നബി (ﷺ) അവിടെയുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ നബി (ﷺ) ചോദിച്ചു: "അബൂഹുറൈറ! നീയായിരുന്നോ?!" അദ്ദേഹം പറഞ്ഞു: "അതെ." നബി (ﷺ) ചോദിച്ചു: "എന്താണ് കാര്യം?" അബൂഹുറൈറ (رضي الله عنه) പറഞ്ഞു: "നബിയേ! അങ്ങ് ഞങ്ങൾക്കിടയിൽ ഇരിക്കുന്ന വേളയിൽ എഴുന്നേറ്റു പോവുകയും, പിന്നീട് മടങ്ങിവരാൻ വൈകുകയും ചെയ്തപ്പോൾ അങ്ങേക്ക് എന്തോ പ്രയാസമുണ്ടായി എന്ന് ഞങ്ങൾ ഭയപ്പെട്ടു. ഞാനാണ് ആദ്യം പേടിച്ചത്; അങ്ങനെ ഈ തോട്ടത്തിലെത്തി, ഒരു കുറുക്കനെ പോലെ ഞൂണ്ടുകടന്നാണ് ഞാൻ ഈ തോട്ടത്തിൽ പ്രവേശിച്ചത്. എൻ്റെ പിറകിൽ ജനങ്ങൾ (വിവരമറിയാനായി) കാത്തുനിൽക്കുന്നുണ്ട്." അപ്പോൾ നബി (ﷺ) അദ്ദേഹത്തിൻ്റെ കയ്യിൽ തൻ്റെ രണ്ട് ചെരുപ്പുകൾ നൽകി; അബൂഹുറൈറ (رضي الله عنه) പറയുന്നത് സത്യമാണെന്ന് മറ്റുള്ളവർക്ക് ബോധ്യമാകാനുള്ള അടയാളമായിരുന്നു അത്. അവിടുന്ന് പറഞ്ഞു: "എൻ്റെ ഈ രണ്ട് ചെരുപ്പുകളുമായി അവരുടെ അടുത്ത് ചെല്ലുക; ഈ തോട്ടത്തിനപ്പുറം 'അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല' എന്ന കാര്യം ഹൃദയത്തിൽ ദൃഢവിശ്വാസത്തോടെ സാക്ഷ്യം വഹിക്കുന്നവരായി ആരെക്കണ്ടാലും അവർ സ്വർഗക്കാരിൽ ഉൾപ്പെടുന്നതാണ് എന്ന് അവരെ അറിയിച്ചു കൊള്ളുക." അബൂഹുറൈറ (رضي الله عنه) ആദ്യം കണ്ടത് ഉമർ ബ്നുൽ ഖത്താബി നെയായിരുന്നു. അദ്ദേഹം അബൂഹുറൈറയോട് ചോദിച്ചു: "എന്താണ് -അബൂഹുറൈറ- ഈ രണ്ട് ചെരുപ്പുകൾ?" അപ്പോൾ അബൂ ഹുറൈറ (رضي الله عنه) പറഞ്ഞു: "നബി (ﷺ) എൻ്റെ കയ്യിൽ തന്നേൽപ്പിച്ച അവിടുത്തെ ചെരുപ്പുകളാണിവ; ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് ഹൃദയത്തിൽ ദൃഢവിശ്വാസത്തോടെ സാക്ഷ്യം വഹിച്ചവർക്കെല്ലാം സ്വർഗമുണ്ട് എന്ന് സന്തോഷവാർത്ത അറിയിക്കാനായി അവിടുന്ന് എന്നെ ഏൽപ്പിച്ചതാണിവ." അപ്പോൾ ഉമർ (رضي الله عنه) തൻ്റെ കൈ കൊണ്ട് അബൂഹുറൈറയുടെ (رضي الله عنه) നെഞ്ചിൽ അടിക്കുകയും, അബൂഹുറൈറ (رضي الله عنه) തൻ്റെ പിറകുവശം കുത്തി താഴെ വീഴുകയും ചെയ്തു. അബൂഹുറൈറയോട് നബിയുടെ (ﷺ) അടുത്തേക്ക് മടങ്ങിച്ചെല്ലാൻ ഉമർ(رضي الله عنه) കൽപ്പിച്ചു. ഭയന്നു വിറച്ച നിലയിൽ, വിവർണ്ണമായ മുഖവുമായി, കരച്ചിലിൻ്റെ വക്കോളമെത്തിയ അവസ്ഥയിൽ അദ്ദേഹം നബിയുടെ (ﷺ) അടുത്തേക്ക് മടങ്ങി; ഉമർ (رضي الله عنه) അദ്ദേഹത്തിൻ്റെ പിറകിൽ തന്നെ അദ്ദേഹത്തെ പിന്തുടരുകയും ചെയ്തു. നബി (ﷺ) ചോദിച്ചു: "അബൂഹുറൈറ! എന്തു പറ്റി?!" അബൂഹുറൈറ (رضي الله عنه) പറഞ്ഞു: "ഞാൻ ഉമറിനെ കണ്ടു; അദ്ദേഹത്തോട് അങ്ങ് എന്നെ നിയോഗിച്ച കാര്യം അറിയിച്ചപ്പോൾ അദ്ദേഹം എന്നെ അടിക്കുകയും, ഞാൻ എൻ്റെ പിറകുവശം കുത്തി താഴെ വീഴുകയും ചെയ്തു. എന്നോട് മടങ്ങിച്ചെല്ലാനാണ് അദ്ദേഹം പറഞ്ഞത്." നബി (ﷺ) ചോദിച്ചു: "ഉമർ! എന്ത് കാരണത്താലാണ് താങ്കൾ അങ്ങനെ ചെയ്തത്?!" ഉമർ (رضي الله عنه) പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! എൻ്റെ മാതാപിതാക്കൾ അങ്ങേക്ക് ബലിയായിരിക്കട്ടെ! താങ്കളുടെ രണ്ട് ചെരുപ്പുകൾ ഏൽപ്പിച്ചു കൊണ്ട്, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ഹൃദയത്തിൽ ദൃഢവിശ്വാസത്തോടെ സാക്ഷ്യം വഹിച്ചവർക്ക് സ്വർഗമുണ്ട് എന്ന് സന്തോഷവാർത്ത അറിയാൻ അബൂഹുറൈറയെ താങ്കൾ നിയോഗിച്ചുവോ?!" നബി (ﷺ) പറഞ്ഞു: "അതെ." ഉമർ (رضي الله عنه) പറഞ്ഞു: "അങ്ങ് അപ്രകാരം ചെയ്യരുത്. ജനങ്ങൾ ശഹാദത്ത് കലിമ നാവ് കൊണ്ട് പറയുന്നതിൽ മാത്രം ഒതുങ്ങിക്കൂടുകയും, പ്രവർത്തനങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുമെന്ന് ഞാൻ ഭയക്കുന്നു. അതിനാൽ അവർ പ്രവർത്തനങ്ങൾ ചെയ്യുന്ന അവസ്ഥയിൽ അവരെ വിട്ടേക്കുക." അപ്പോൾ നബി (ﷺ) പറഞ്ഞു: "എങ്കിൽ അവരെ വിട്ടേക്കുക."