عَنْ أَبِي مُوسَى رَضِيَ اللهُ عَنْهُ قَالَ: قَامَ فِينَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِخَمْسِ كَلِمَاتٍ، فَقَالَ:
«إِنَّ اللهَ عَزَّ وَجَلَّ لَا يَنَامُ، وَلَا يَنْبَغِي لَهُ أَنْ يَنَامَ، يَخْفِضُ القِسْطَ وَيَرْفَعُهُ، يُرْفَعُ إِلَيْهِ عَمَلُ اللَّيْلِ قَبْلَ عَمَلِ النَّهَارِ، وَعَمَلُ النَّهَارِ قَبْلَ عَمَلِ اللَّيْلِ، حِجَابُهُ النُّورُ -وَفِي رِوَايَةٍ: النَّارُ- لَوْ كَشَفَهُ لَأَحْرَقَتْ سُبُحَاتُ وَجْهِهِ مَا انْتَهَى إِلَيْهِ بَصَرُهُ مِنْ خَلْقِهِ».
[صحيح] - [رواه مسلم] - [صحيح مسلم: 179]
المزيــد ...
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി (ﷺ) ഞങ്ങളുടെ ഇടയിൽ എഴുന്നേറ്റ് നിന്ന് (സുപ്രധാനമായ) അഞ്ച് കാര്യങ്ങൾ പറഞ്ഞു:
"തീർച്ചയായും അല്ലാഹു ഉറങ്ങുകയില്ല; ഉറങ്ങുക എന്നത് അവന് യോജിക്കുകയില്ല. അവൻ തുലാസ് താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു. പകലിലെ കർമ്മങ്ങൾ രാത്രിയാകുന്നതിന് മുമ്പും, രാത്രിയിലെ കർമ്മങ്ങൾ പകലിന് മുമ്പും അവനിലേക്ക് ഉയർത്തപ്പെടുന്നു. അവന്റെ മറ പ്രകാശമാണ് -മറ്റൊരു നിവേദനത്തിൽ 'അഗ്നി' എന്നാണ്-. അവൻ അത് നീക്കിയാൽ, അവന്റെ കാഴ്ച എത്തുന്നിടത്തോളമുള്ള സൃഷ്ടികളെ അവന്റെ തിരുമുഖത്തിൻ്റെ ശോഭ കരിച്ചുകളയും."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 179]
നബി (ﷺ) തന്റെ അനുചരന്മാർക്കിടയിൽ എഴുന്നേറ്റ് നിന്ന് അഞ്ച് പരിപൂർണ്ണമായ വാചകങ്ങൾ അവരെ കേൾപ്പിച്ചു. അവ താഴെ പറയുന്നവയാണ്: ഒന്നാമത്തേത്: അല്ലാഹു ഉറങ്ങുകയില്ല. രണ്ടാമത്തേത്: ഉറക്കം അവന്റെ കാര്യത്തിൽ അസംഭവ്യമാണ്. കാരണം, അവന്റെ 'ഖയ്യൂമിയ്യത്ത്' (അവൻ സ്വയം നിലനിൽക്കുന്നവനും മറ്റെല്ലാ സൃഷ്ടികളെയും നിലനിർത്തുന്നവനുമാണ് എന്നത്) പരിപൂർണ്ണമാണ്. മൂന്നാമത്തേത്: അവൻ തുലാസ് (മീസാൻ) താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു. അവനിലേക്ക് ഉയർത്തപ്പെടുന്ന അടിമകളുടെ കർമ്മങ്ങളും, സൃഷ്ടികൾക്ക് ഇറക്കപ്പെടുന്ന അവരുടെ ഉപജീവനവും അവനാണ് നിയന്ത്രിക്കുന്നത്. ഓരോ സൃഷ്ടിക്കുമുള്ള വിഹിതമാണ് 'ഖിസ്ത്വ്' (തുലാസ്) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ചിലർക്ക് അല്ലാഹു അവരുടെ ഉപജീവനത്തിൽ കുറവ് വരുത്തുകയും താഴ്ത്തുകയും ചെയ്യുന്നു; മറ്റു ചിലർക്ക് അത് വിശാലമാക്കി നൽകിക്കൊണ്ട് ഉയർത്തുകയും ചെയ്യുന്നു. നാലാമത്തേത്: അടിമകളുടെ രാത്രിയിലെ കർമ്മങ്ങൾ പിറ്റേന്നത്തെ പകലിന് മുമ്പായും, പകൽ സമയത്തെ കർമ്മങ്ങൾ രാത്രിക്ക് മുമ്പായും അവനിലേക്ക് ഉയർത്തപ്പെടുന്നു. കാവൽക്കാരായ മലക്കുകൾ രാത്രി അവസാനിക്കുമ്പോൾ (പകലിന്റെ തുടക്കത്തിൽ) രാത്രിയിലെ കർമ്മങ്ങളുമായി ഉപരിയിലേക്ക് കയറിപ്പോകുന്നു. പകൽ അവസാനിക്കുമ്പോൾ (രാത്രിയുടെ തുടക്കത്തിൽ) പകലിലെ കർമ്മങ്ങളുമായും അവർ ഉപരിയിലേക്ക് കയറിപ്പോകുന്നു. അഞ്ചാമത്തേത്: അല്ലാഹുവിനെ കാണുന്നതിൽ നിന്ന് മറയിടുന്ന അവന്റെ മൂടുപടം (ഹിജാബ്) പ്രകാശമാണ്; അല്ലെങ്കിൽ തീ ആണ്. അവൻ ആ മൂടുപടം നീക്കിയാൽ, അവന്റെ കാഴ്ച എത്തുന്നിടത്തോളമുള്ള സൃഷ്ടികളെല്ലാം അവന്റെ തിരുവദനത്തിൻ്റെ ശോഭ (സുബുഹാത്ത്) കരിച്ചുകളയുന്നതാണ്. 'സുബുഹാത്ത്' എന്നാൽ അല്ലാഹുവിൻ്റെ പ്രകാശവും, പ്രതാപവും, ഭംഗിയുമാണ്. അല്ലാഹുവിനെ കാണുന്നതിൽ നിന്ന് മറയിടുന്ന ആ മൂടുപടം അവൻ നീക്കുകയും, സൃഷ്ടികൾക്ക് അവൻ വെളിപ്പെടുകയും ചെയ്താൽ, അവന്റെ കാഴ്ച എത്തുന്ന സർവ്വ ചരാചരങ്ങളെയും അവന്റെ തിരുമുഖത്തിൻ്റെ പ്രതാപം കരിച്ചുകളയും. ഈ പറഞ്ഞതിൽ സകല സൃഷ്ടികളും ഉൾപ്പെടും; കാരണം അല്ലാഹുവിന്റെ കാഴ്ച എല്ലാ വസ്തുക്കളെയും ചൂഴ്ന്നു നിൽക്കുന്നതാണ്.