+ -

عَنْ أَبِي حُمَيْدٍ السَّاعِدِيِّ رَضيَ اللهُ عنه قَالَ:
اسْتَعْمَلَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ رَجُلًا عَلَى صَدَقَاتِ بَنِي سُلَيْمٍ، يُدْعَى ابْنَ اللُّتْبِيَّةِ، فَلَمَّا جَاءَ حَاسَبَهُ، قَالَ: هَذَا مَالُكُمْ وَهَذَا هَدِيَّةٌ. فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «فَهَلَّا جَلَسْتَ فِي بَيْتِ أَبِيكَ وَأُمِّكَ، حَتَّى تَأْتِيَكَ هَدِيَّتُكَ إِنْ كُنْتَ صَادِقًا» ثُمَّ خَطَبَنَا، فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ، ثُمَّ قَالَ: «أَمَّا بَعْدُ، فَإِنِّي أَسْتَعْمِلُ الرَّجُلَ مِنْكُمْ عَلَى العَمَلِ مِمَّا وَلَّانِي اللَّهُ، فَيَأْتِي فَيَقُولُ: هَذَا مَالُكُمْ وَهَذَا هَدِيَّةٌ أُهْدِيَتْ لِي، أَفَلاَ جَلَسَ فِي بَيْتِ أَبِيهِ وَأُمِّهِ حَتَّى تَأْتِيَهُ هَدِيَّتُهُ، وَاللَّهِ لاَ يَأْخُذُ أَحَدٌ مِنْكُمْ شَيْئًا بِغَيْرِ حَقِّهِ إِلَّا لَقِيَ اللَّهَ يَحْمِلُهُ يَوْمَ القِيَامَةِ، فَلَأَعْرِفَنَّ أَحَدًا مِنْكُمْ لَقِيَ اللَّهَ يَحْمِلُ بَعِيرًا لَهُ رُغَاءٌ، أَوْ بَقَرَةً لَهَا خُوَارٌ، أَوْ شَاةً تَيْعَرُ» ثُمَّ رَفَعَ يَدَهُ حَتَّى رُئِيَ بَيَاضُ إِبْطِهِ، يَقُولُ: «اللَّهُمَّ هَلْ بَلَّغْتُ» بَصْرَ عَيْنِي وَسَمْعَ أُذُنِي.

[صحيح] - [متفق عليه] - [صحيح البخاري: 6979]
المزيــد ...

അബൂ ഹുമൈദ് അസ്സാഇദി -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- ബനൂ സുലൈം ഗോത്രത്തിൽ നിന്ന് സകാത്ത് ശേഖരിക്കാൻ ഇബ്നുല്ലുത്ബിയ്യ എന്ന് പേരുള്ള ഒരാളെ നിയമിച്ചു. അദ്ദേഹം (സകാത്തുമായി) വന്നപ്പോൾ നബി -ﷺ- അദ്ദേഹത്തോട് കണക്ക് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: "ഇത് നിങ്ങളുടെ സ്വത്താണ്. ഇത് (എനിക്ക് ലഭിച്ച) സമ്മാനമാണ്." അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ സത്യവാനാണെങ്കിൽ, നിന്റെ പിതാവിന്റെയും മാതാവിന്റെയും വീട്ടിലിരുന്നിരുന്നെങ്കിൽ നിനക്ക് സമ്മാനം ലഭിക്കുമായിരുന്നോ എന്ന് നോക്കാമായിരുന്നില്ലേ?" പിന്നീട് അവിടുന്ന് ഞങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്ത ശേഷം അവിടുന്ന് പറഞ്ഞു: "അല്ലാഹു എന്നെ ഏൽപ്പിച്ച കാര്യങ്ങളിൽ നിന്ന് ഞാൻ നിങ്ങളിൽ ഒരാളെ ഒരു ജോലിക്ക് നിയമിക്കുന്നു. എന്നിട്ട് അയാൾ വന്ന് പറയുന്നു: ഇത് നിങ്ങളുടെ സ്വത്താണ്, ഇത് എനിക്ക് സമ്മാനമായി ലഭിച്ചതാണ്. തന്റെ പിതാവിന്റെയും മാതാവിന്റെയും വീട്ടിലിരുന്നിരുന്നെങ്കിൽ അവന് സമ്മാനം ലഭിക്കുമായിരുന്നോ എന്ന് അവന് നോക്കിക്കൂടായിരുന്നോ? അല്ലാഹു സത്യം! നിങ്ങളിൽ ആരെങ്കിലും അന്യായമായി എന്തെങ്കിലും എടുത്താൽ, ഖിയാമത്ത് നാളിൽ അത് ചുമന്നുകൊണ്ട് അവൻ അല്ലാഹുവിനെ കണ്ടുമുട്ടും. ഒച്ച വെക്കുന്ന ഒട്ടകത്തെയോ കരയുന്ന പശുവിനെയോ ശബ്ദമുണ്ടാക്കുന്ന ആടിനെയോ വഹിച്ചു കൊണ്ട് അല്ലാഹുവിനെ കണ്ടുമുട്ടിയ ഒരാളെ നിങ്ങളിൽ നിന്ന് ഞാൻ തിരിച്ചറിയുക തന്നെ ചെയ്യും." ശേഷം അവിടുന്ന് -തൻ്റെ കക്ഷത്തിന്റെ വെളുപ്പ് കാണാവുന്നതുവരെ- അവിടുത്തെ കൈകളുയർത്തി, അവിടുന്ന് പറഞ്ഞു: "അല്ലാഹുവേ, ഞാൻ എത്തിച്ചുകൊടുത്തിട്ടുണ്ടോ?" (അബൂ ഹുമൈദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു:) "(ഇക്കാര്യം) എന്റെ കണ്ണ് കൊണ്ട് ഞാൻ കാണുകയും, എൻ്റെ കാത് കൊണ്ട് ഞാൻ കേൾക്കുകയും ചെയ്തിരിക്കുന്നു."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6979]

വിശദീകരണം

നബി -ﷺ- ബനൂ സുലൈം ഗോത്രത്തിൽ നിന്ന് സകാത്ത് ശേഖരിക്കാൻ ഇബ്നുല്ലുത്ബിയ്യ എന്ന് പേരുള്ള ഒരാളെ നിയമിച്ചു. അദ്ദേഹം മദീനയിലേക്ക് തിരിച്ചെത്തിയപ്പോൾ, പിരിച്ചെടുത്തതും ചെലവഴിച്ചതുമായ കാര്യങ്ങളിൽ നബി -ﷺ- അദ്ദേഹത്തോട് കണക്ക് ചോദിച്ചു. അപ്പോൾ ഇബ്നുല്ലുത്ബിയ്യ പറഞ്ഞു: "ഞാൻ സകാത്തായി ശേഖരിച്ച നിങ്ങളുടെ സ്വത്താണിത്. ഈ സ്വത്ത് എനിക്ക് സമ്മാനമായി ലഭിച്ചതാണ്." അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "നീ സത്യവാനാണെങ്കിൽ നിന്റെ പിതാവിന്റെയും മാതാവിന്റെയും വീട്ടിലിരുന്നിരുന്നെങ്കിൽ നിനക്ക് സമ്മാനം ലഭിക്കുമായിരുന്നോ എന്ന് നിനക്ക് നോക്കിക്കൂടായിരുന്നോ? നീ പ്രവർത്തിച്ച നിൻ്റെ മേൽ ബാധ്യതയായ ജോലി നിർവ്വഹിച്ചു എന്നത് കൊണ്ടാണ് നിനക്ക് സമ്മാനം ലഭിച്ചത്. നീ നിന്റെ വീട്ടിൽ ഇരുന്നിരുന്നെങ്കിൽ നിനക്ക് ഒന്നും സമ്മാനമായി ലഭിക്കുമായിരുന്നില്ല. അതിനാൽ, സമ്മാനത്തിൻ്റെയും ഉപഹാരത്തിൻ്റെയും രൂപത്തിൽ ലഭിച്ചു എന്നതുകൊണ്ട് മാത്രം ആ സമ്പത്ത് നിനക്ക് അനുവദനീയമാണെന്ന് കരുതരുത്." പിന്നീട് നബി -ﷺ- കോപിഷ്ടനായ നിലയിൽ മിമ്പറിൽ കയറി നിന്നു കൊണ്ട് പ്രസംഗിച്ചു. അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്ത ശേഷം അവിടുന്ന് പറഞ്ഞു: "അല്ലാഹു എനിക്ക് കൈകാര്യം ചെയ്യാൻ അധികാരം നൽകിയിട്ടുള്ള സകാത്തുകൾ, ഗനീമത്ത് മുതലുകൾ തുടങ്ങിയ കാര്യങ്ങളിൽ ഞാൻ നിങ്ങളിൽ ഒരാളെ ഒരു ഉദ്യോഗസ്ഥനായി നിയമിക്കുന്നു. എന്നിട്ട് അവൻ തന്റെ ജോലിയിൽ നിന്ന് തിരികെ വന്നു കൊണ്ട് പറയുന്നു: 'ഇത് നിങ്ങൾക്കുള്ളതാണ്, ഇത് എനിക്ക് സമ്മാനമായി ലഭിച്ചതാണ്!' അവൻ തന്റെ പിതാവിന്റെയും മാതാവിന്റെയും വീട്ടിലിരുന്നിരുന്നെങ്കിൽ അവന് സമ്മാനം ലഭിക്കുമായിരുന്നോ? അല്ലാഹു സത്യം! അവകാശമില്ലാതെ ആരെങ്കിലും എന്തെങ്കിലും എടുത്താൽ, ഖിയാമത്ത് നാളിൽ അത് തന്റെ കഴുത്തിൽ ചുമന്നുകൊണ്ട് അവൻ അല്ലാഹുവിനെ കണ്ടുമുട്ടും. അത് ഒച്ചവെക്കുന്ന ഒട്ടകമാണെങ്കിൽ ഒച്ച വെക്കുന്ന നിലയിൽ അതിനെ ചുമന്നു കൊണ്ട്, അല്ലെങ്കിൽ കരയുന്ന പശുവാണെങ്കിൽ അതിനെ ചുമന്നു കൊണ്ട്, അല്ലെങ്കിൽ ശബ്ദമുണ്ടാക്കുന്ന ആടാണെങ്കിൽ അതിനെ ചുമന്നു കൊണ്ട് അവൻ വന്നെത്തുന്നതാണ്." പിന്നീട് അവിടുന്ന് തന്റെ കൈകൾ ഉയർത്തി, അവിടെ ഇരുന്നവർക്ക് അവിടുത്തെ കക്ഷത്തിന്റെ വെളുപ്പ് കാണാവുന്നതുവരെ. എന്നിട്ട് അവിടുന്ന് പറഞ്ഞു: "അല്ലാഹുവേ! ഞാൻ ഇവരിലേക്ക് അല്ലാഹുവിന്റെ വിധി എത്തിച്ചില്ലേ?" അബൂഹുമൈദ് അസ്സാഇദീ -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഇത് എൻ്റെ കണ്ണ് കൊണ്ട് ഞാൻ കണ്ടതും എൻ്റെ കാത് കൊണ്ട് ഞാൻ കേട്ടതുമായ കാര്യങ്ങളിൽ പെട്ടതാണ്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. തന്നോടൊപ്പം പ്രവർത്തിക്കുന്നവർക്ക് എന്ത് വേണമെന്നും, എന്തെല്ലാം പാടില്ലെന്നും ഭരണാധികാരി വ്യക്തമാക്കി നൽകിയിരിക്കണം.
  2. ജനങ്ങളുടെ സമ്പത്ത് അന്യായമായി എടുക്കുന്നവർക്കുള്ള താക്കീത്.
  3. ഒരു അക്രമിയും താൻ ചെയ്ത അക്രമം ചുമക്കാതെ ഖിയാമത്ത് നാളിൽ വരില്ല.
  4. സർക്കാർ ജോലിയിലുള്ള ഏതൊരു ഉദ്യോഗസ്ഥനും തൻ്റെ മേൽ ഏൽപ്പിക്കപ്പെട്ട ബാധ്യത നിർവഹിക്കണം. തന്റെ ജോലിയുമായി ബന്ധപ്പെട്ട് സമ്മാനങ്ങൾ സ്വീകരിക്കാൻ അയാൾക്ക് അവകാശമില്ല. അവ സ്വീകരിച്ചാൽ അത് പൊതുഖജനാവിലേക്ക് നൽകണം; അല്ലാതെ സ്വന്തമായി എടുക്കാൻ അവന് അനുവാദമില്ല. കാരണം, അത് തിന്മയിലേക്കുള്ള വാതിലും വിശ്വാസവഞ്ചനയുമാണ്.
  5. ഇബ്നു ബത്താൽ പറഞ്ഞു: "ഒരു ഗവണ്മെൻ്റ് ജീവനക്കാരന് ഒരാൾ സമ്മാനം നൽകുന്നത് അവൻ്റെ ഭാഗത്ത് നിന്ന് ലഭിച്ച ഒരു നന്മക്ക് നന്ദിയായി കൊണ്ടോ, അവനോട് സ്നേഹം കാണിക്കാനോ, തൻ്റെ മേലുള്ള ബാധ്യതകളിൽ എന്തെങ്കിലും ഇളവ് ആഗ്രഹിച്ചു കൊണ്ടോ ആയിരിക്കാം എന്ന് ഈ ഹദീഥ് അറിയിക്കുന്നു. എന്നാൽ അവന് ലഭിക്കുന്ന സമ്മാനങ്ങളിൽ അവൻ മറ്റേതൊരു സാധാരണക്കാരനായ മുസ്‌ലിമിനെയും പോലെയാണെന്നും, അതിൽ അവന് മറ്റുള്ളവരേക്കാൾ ഒരു പ്രത്യേകതയും ഇല്ലെന്നും, അങ്ങനെ ലഭിക്കുന്ന സമ്മാനങ്ങൾ വ്യക്തിപരമായി സ്വീകരിക്കാൻ പാടില്ലെന്നുമാണ്."
  6. ഇമാം നവവി പറഞ്ഞു: "ഈ ഹദീസിൽ, ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന സമ്മാനങ്ങൾ ഹറാമാണെന്നും 'ഗൂലൂൽ' (വഞ്ചന) ആണെന്നും വ്യക്തമാക്കുന്നു. കാരണം, അവൻ തന്റെ അധികാരത്തിലും വിശ്വാസത്തിലും ഇതിലൂടെ വഞ്ചന കാണിക്കുകയാണ് ചെയ്യുന്നത്. യുദ്ധമുതലിൽ വഞ്ചന കാണിക്കുന്നവന്റെ വിഷയത്തിൽ വന്ന ഹദീഥിലുള്ളത് പോലെ, ഖിയാമത്ത് നാളിൽ താൻ സ്വീകരിച്ച ഉപഹാരങ്ങൾ അവൻ ചുമക്കേണ്ടി വരുമെന്ന് നബി -ﷺ- അറിയിച്ചതിൽ ഈ സൂചനയുണ്ട്. സമ്മാനങ്ങളും ഉപഹാരങ്ങളും പൊതു പദവിയിലിരിക്കുന്ന വ്യക്തിക്ക് നിഷിദ്ധമാകാനുള്ള കാരണവും നബി -ﷺ- വ്യക്തമാക്കിയിരിക്കുന്നു; അയാൾ ഒരു പൊതു ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത് എന്നതാണത്. എന്നാൽ സാധാരണ വ്യക്തികളുടെ കാര്യത്തിൽ അവർക്ക് ഉപഹാരങ്ങളും സമ്മാനങ്ങളും നൽകുക എന്നത് ദീനിൽ പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമാണ്."
  7. ഇബ്നുൽ മുനയ്യിർ പറഞ്ഞു: "'നീ നിന്റെ പിതാവിന്റെയും മാതാവിന്റെയും വീട്ടിലിരുന്നിരുന്നെങ്കിൽ നിനക്ക് സമ്മാനം ലഭിക്കുമായിരുന്നോ' എന്ന വാക്കിൽ നിന്ന്, ഒരു വ്യക്തിക്ക് മുമ്പ് സമ്മാനങ്ങൾ നൽകിയിരുന്നവരിൽ നിന്ന് പൊതുജോലിയിൽ പ്രവേശിച്ച ശേഷവും സമ്മാനങ്ങൾ സ്വീകരിക്കുന്നത് അനുവദനീയമാണെന്ന് മനസ്സിലാക്കാം." ഇബ്നു ഹജർ പറഞ്ഞു: "എന്നാൽ മുൻപ് നൽകിയിരുന്നതിന് സമാനമായ ഉപഹാരങ്ങൾ മാത്രമേ പൊതു ജോലിയിൽ പ്രവേശിച്ച ശേഷം സ്വീകരിക്കാവൂ എന്നത് പ്രത്യേകം പറയേണ്ടതില്ലാത്ത വിധം വ്യക്തമാണല്ലോ?!"
  8. ഉപദേശങ്ങളും തിരുത്തലുകളും നൽകുമ്പോൾ 'ചിലർ ഇങ്ങനെ ചെയ്യുന്നു' എന്നു പറഞ്ഞു കൊണ്ട് മറച്ചു പിടിക്കലായിരുന്നു നബി -ﷺ- യുടെ ശൈലി. പേരെടുത്തു പറഞ്ഞു കൊണ്ട് അപകീർത്തിപ്പെടുത്തുന്നത് അവിടുത്തെ രീതിയായിരുന്നില്ല.
  9. ഇബ്നു ഹജർ പറഞ്ഞു: "ഉത്തരവാദിത്തങ്ങൾ വിശ്വസിച്ചേൽപ്പിക്കപ്പെട്ട ഒരാളോട് കണക്ക് ചോദിക്കുന്നത് അനുവദനീയമാണെന്നതിന് ഈ ഹദീഥിൽ സൂചനയുണ്ട്."
  10. ഇബ്നു ഹജർ പറഞ്ഞു: "തെറ്റ് ചെയ്തവരെ ശാസിക്കുന്നത് അനുവദനീയമാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം."
  11. പ്രാർത്ഥനയിൽ കൈകളുയർത്തുന്നത് സുന്നത്താണ്.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക