+ -

عَنْ عَبْدِ اللَّهِ بنِ مَسْعُودٍ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:
«مَنْ حَلَفَ عَلَى يَمِينٍ وَهُوَ فِيهَا فَاجِرٌ لِيَقْتَطِعَ بِهَا مَالَ امْرِئٍ مُسْلِمٍ، لَقِيَ اللَّهَ وَهُوَ عَلَيْهِ غَضْبَانُ». قَالَ: فَقَالَ الْأَشْعَثُ: فِيَّ وَاللَّهِ كَانَ ذَلِكَ؛ كَانَ بَيْنِي وَبَيْنَ رَجُلٍ مِنَ الْيَهُودِ أَرْضٌ، فَجَحَدَنِي، فَقَدَّمْتُهُ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ لِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «أَلَكَ بَيِّنَةٌ؟» قُلْتُ: لَا. قَالَ: فَقَالَ لِلْيَهُودِيِّ: «احْلِفْ». قَالَ: قُلْتُ: يَا رَسُولَ اللَّهِ، إِذَنْ يَحْلِفَ وَيَذْهَبَ بِمَالِي. فَأَنْزَلَ اللَّهُ تَعَالَى: {إِنَّ الَّذِينَ يَشْتَرُونَ بِعَهْدِ اللَّهِ وَأَيْمَانِهِمْ ثَمَنًا قَلِيلًا}. إِلَى آخِرِ الْآيَةِ.

[صحيح] - [متفق عليه] - [صحيح البخاري: 2416]
المزيــد ...

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"മുസ്‌ലിമായ ഒരാളുടെ സമ്പത്ത് വെട്ടിപ്പിടിക്കുന്നതിനായി ആരെങ്കിലും അല്ലാഹുവിൻ്റെ പേരിൽ കള്ളസത്യം ചെയ്താൽ അല്ലാഹുവിനെ അവൻ കണ്ടുമുട്ടുന്നത് കോപിക്കുന്നവനായിട്ടായിരിക്കും. അശ്അസ് (رضي الله عنه) പറഞ്ഞു: "അല്ലാഹു തന്നെ സത്യം! എൻ്റെ വിഷയത്തിലാണ് അവിടുന്ന് അത് പറഞ്ഞത്. എനിക്കും യഹൂദരിൽ പെട്ട ഒരാൾക്കും ഇടയിൽ ഒരു ഭൂമിയുടെ വിഷയമുണ്ടായിരുന്നു; അവൻ എൻ്റെ വാദം നിഷേധിക്കുകയും, ഞാൻ അവനെ നബിയുടെ (ﷺ) അടുത്ത് കൊണ്ടുപോവുകയും ചെയ്തു. അപ്പോൾ നബി (ﷺ) എന്നോട് പറഞ്ഞു: "നിൻ്റെ പക്കൽ എന്തെങ്കിലും തെളിവുണ്ടോ?" ഞാൻ പറഞ്ഞു: "ഇല്ല." അപ്പോൾ നബി (ﷺ) യഹൂദനോട് പറഞ്ഞു: "നീ (നിൻ്റെ വാദം) സത്യം ചെയ്തു പറയുക." അപ്പോൾ ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങനെയാകുമ്പോൾ അവൻ ശപഥം ചെയ്യുകയും എൻ്റെ സമ്പത്തുമായി കടന്നുകളയുകയും ചെയ്യില്ലേ?!" അപ്പോൾ അല്ലാഹു ഖുർആനിലെ ഈ വചനം അവതരിപ്പിച്ചു: "അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളും തുച്ഛവിലയ്ക്ക് വില്‍ക്കുന്നവരാരോ അവര്‍ക്ക് പരലോകത്ത് യാതൊരു ഓഹരിയുമില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ, അവരുടെ നേര്‍ക്ക് (കാരുണ്യപൂര്‍വ്വം) നോക്കുകയോ ചെയ്യുന്നതല്ല. അവന്‍ അവര്‍ക്ക് വിശുദ്ധി നല്‍കുന്നതുമല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്‌." (ആലു ഇംറാൻ: 77)

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 2416]

വിശദീകരണം

താൻ കളവാണ് പറയുന്നത് എന്ന ബോധ്യത്തോടെ അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്യുകയും, അതിലൂടെ മറ്റൊരാളുടെ സമ്പത്ത് കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവൻ അല്ലാഹുവിനെ കണ്ടുമുട്ടുന്ന വേളയിൽ അല്ലാഹു അവനോട് കഠിനമായി കോപിച്ചവനായിരിക്കും എന്ന് നബി (ﷺ) താക്കീത് നൽകുന്നു. അശ്അസ് ബ്നു ഖയ്സ് (رضي الله عنه) എന്ന സ്വഹാബി 'തൻ്റെ വിഷയത്തിലാണ് നബി (ﷺ) ഈ വാക്കുകൾ പറഞ്ഞത്' എന്ന് ഓർമ്മിപ്പിച്ചു. അദ്ദേഹത്തിനും യഹൂദരിലും പെട്ട മറ്റൊരാൾക്കും തമ്മിൽ ഒരു ഭൂമിയുടെ ഉടമസ്ഥാവകാശതർക്കം നിലനിന്നിരുന്നു. അങ്ങനെ നബിയുടെ (ﷺ) അടുത്ത് അവർ വിധി അന്വേഷിച്ചെത്തി. നബി (ﷺ) അശ്അസിനോട് ചോദിച്ചു: "നീ അവകാശപ്പെടുന്നത് പോലെയാണ് കാര്യത്തിൻ്റെ യാഥാർത്ഥ്യം എന്ന് തെളിയിക്കാൻ എന്തെങ്കിലും തെളിവ് നിൻ്റെ പക്കലുണ്ടോ?! അങ്ങനെ തെളിവ് കൊണ്ടുവരാൻ നിനക്ക് സാധിക്കില്ലെങ്കിൽ ആരോപണണവിധേയനായ നിൻ്റെ എതിർകക്ഷി ശപഥം ചെയ്യുക എന്നതല്ലാതെ നിനക്ക് മുൻപിൽ വേറെ വഴിയില്ല." അപ്പോൾ അശ്അസ് (رضي الله عنه) പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങനെയാണ് കാര്യമെങ്കിൽ ഈ യഹൂദൻ ശപഥം ചെയ്യാൻ തയ്യാറാകും; അവന് ഈ വിഷയത്തിൽ യാതൊരു ഭയവുമുണ്ടാവുകയില്ല. അതിലൂടെ എൻ്റെ സമ്പത്ത് അവൻ തട്ടിയെടുക്കുകയും ചെയ്യും." അപ്പോൾ അത് സത്യപ്പെടുത്തിക്കൊണ്ട് അല്ലാഹു വിശുദ്ധ ഖുർആനിലെ (ആലു ഇംറാൻ 77) വചനം അവതരിപ്പിച്ചു: പ്രസ്തുത ആയത്തിൻ്റെ ആശയസാരം ഇപ്രകാരമാണ്: "ഉത്തരവാദിത്തങ്ങളും വിശ്വസ്തതയും കാത്തുസൂക്ഷിക്കണമെന്ന അല്ലാഹുവിൻ്റെ കരാറിന് പകരമായി അല്ലാഹുവിൻ്റെ പേരിൽ കള്ളസത്യം ചെയ്തു കൊണ്ട് ഐഹികജീവിതത്തിലെ തുഛമായ വിഭവങ്ങൾ സ്വരുക്കൂട്ടുന്നവർ; അവർക്ക് അന്ത്യനാളിൽ യാാതൊരു വിഹിതവും ഉണ്ടായിരിക്കുന്നതല്ല. അവർക്ക് സന്തോഷമോ ആശ്വാസമോ പകരുന്ന ഒരു വാക്കും അല്ലാഹു അവരോട് സംസാരിക്കുകയില്ല. മറിച്ച് അവൻ അവരോട് കോപിക്കുകയാണ് ചെയ്യുക. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവരിലേക്ക് കാരുണ്യത്തോടെയും നന്മയോടെയും അല്ലാഹു നോക്കുന്നതുമല്ല. അല്ലാഹു അവരെ കുറിച്ച് നല്ലതു പറയുകയോ, അവരുടെ പാപങ്ങളും തിന്മകളും തെറ്റുകളും പൊറുത്തു നൽകിക്കൊണ്ട് അവരെ ശുദ്ധീകരിക്കുകയോ ചെയ്യില്ല. അവർ ചെയ്തുകൂട്ടിയ പാപങ്ങൾ കാരണത്താൽ അവർക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും."

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ജനങ്ങളുടെ സമ്പത്ത് അന്യായമായി അധീനപ്പെടുത്തുന്നതിനുള്ള വിലക്ക്.
  2. മുസ്‌ലിംകളുടെ ചെറുതോ വലുതോ ആയ അവകാശങ്ങളുടെ വിഷയത്തിൻ്റെ ഗൗരവം.
  3. തെളിവ് സ്ഥാപിക്കാനുള്ള ബാധ്യത വാദിയുടെ മേലാണ്. ആരോപിതൻ തൻ്റെ മേലുള്ള ആരോപണം നിഷേധിക്കുന്നുവെങ്കിൽ അയാൾ തൻ്റെ വാദം സത്യമാണെന്ന് അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്യുകയേ വേണ്ടതുള്ളൂ.
  4. ഒരു കാര്യത്തിന് രണ്ട് സാക്ഷികളുണ്ടെങ്കിൽ അത് അവകാശം സ്ഥിരപ്പെടാനുള്ള തെളിവാണ്. തെളിവ് കൊണ്ടുവരേണ്ട ബാധ്യത വാദിയുടേതാണ്. ആരോപിതൻ വാദിയുടെ ആരോപണം ശരിയല്ലെന്ന് സത്യം ചെയ്ത് പറയുകയേ ചെയ്യേണ്ടതുള്ളൂ.
  5. മറ്റുള്ളവരുടെ അവകാശങ്ങൾ തട്ടിപ്പറിക്കുക എന്ന ലക്ഷ്യത്തോടെ കള്ളസത്യം ചെയ്യുക എന്നത് (ഗമൂസ്) നിഷിദ്ധമായ ഹറാമാണ്. അല്ലാഹുവിൻ്റെ കോപവും അവൻ്റെ ശിക്ഷയും വരുത്തി വെക്കുന്ന വൻപാപങ്ങളിൽ പെട്ട തിന്മയുമാണത്.
  6. വാദിയെയും കുറ്റാരോപിതനെയും വിധികർത്താവ് ഗുണദോഷിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും, അവരിലൊരാൾ ശപഥം ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الموري الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ