عَنْ أَنَسِ بْنِ مَالِكٍ رَضيَ اللهُ عنهُ قَالَ:
لَمَّا نَزَلَتْ: {إِنَّا فَتَحْنَا لَكَ فَتْحًا مُبِينًا لِيَغْفِرَ لَكَ اللهُ} إِلَى قَوْلِهِ {فَوْزًا عَظِيمًا} [الفتح: ١-٥] مَرْجِعَهُ مِنَ الْحُدَيْبِيَةِ، وَهُمْ يُخَالِطُهُمُ الْحُزْنُ وَالْكَآبَةُ، وَقَدْ نَحَرَ الْهَدْيَ بِالْحُدَيْبِيَةِ، فَقَالَ: «لَقَدْ أُنْزِلَتْ عَلَيَّ آيَةٌ هِيَ أَحَبُّ إِلَيَّ مِنَ الدُّنْيَا جَمِيعًا».
[صحيح] - [رواه مسلم] - [صحيح مسلم: 1786]
المزيــد ...
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
"തീര്‍ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു." എന്ന വചനം മുതൽ "അല്ലാഹുവിന്‍റെ അടുക്കല്‍ അതൊരു മഹത്തായ വിജയമാകുന്നു." എന്നത് വരെയുള്ള വചനങ്ങൾ അവതരിച്ചത് നബി (ﷺ) ഹുദൈബിയ്യയിൽ നിന്ന് മടങ്ങുന്ന വേളയിലാണ്. ദുഃഖവും വ്യസനവും അവരെ (സ്വഹാബികളെ) ബാധിച്ച സന്ദർഭമായിരുന്നു അത്. ഹുദൈബിയ്യയിൽ വെച്ച് നബി (ﷺ) ബലിമൃഗത്തെ അറുക്കുകയും ചെയ്തിരുന്നു. (ഈ അയത്തുകൾ അവതരിച്ചപ്പോൾ) അവിടുന്ന് പറഞ്ഞു: "എൻ്റെ മേൽ ഒരു ആയത്ത് അവതരിച്ചിരിക്കുന്നു; ഇഹലോകം മുഴുവനും ലഭിക്കുന്നതിനേക്കാൾ എനിക്ക് പ്രിയങ്കരമാണവ."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 1786]
നബിക്ക് (ﷺ) സൂറത്തുൽ ഫത്ഹിലെ ആദ്യ വചനങ്ങൾ അവതരിക്കപ്പെട്ട സന്ദർഭമാണ് അനസ് ബ്നു മാലിക് (رضي الله عنه) വിവരിക്കുന്നത്. "തീര്‍ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു. നിന്‍റെ പാപത്തില്‍ നിന്ന് മുമ്പ് കഴിഞ്ഞുപോയതും പിന്നീട് ഉണ്ടാകുന്നതും അല്ലാഹു നിനക്ക് പൊറുത്തുതരുന്നതിനു വേണ്ടിയും, അവന്‍റെ അനുഗ്രഹം നിനക്ക് നിറവേറ്റിത്തരുന്നതിനു വേണ്ടിയും, നിന്നെ നേരായ പാതയിലൂടെ നയിക്കുന്നതിന് വേണ്ടിയുമാകുന്നു അത്. അന്തസ്സാര്‍ന്ന ഒരു സഹായം അല്ലാഹു നിനക്ക് നല്‍കാന്‍ വേണ്ടിയും. അവനാകുന്നു ഈമാനുള്ളവരുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കികൊടുത്തത്. അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി. അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമായിരിക്കുന്നു. വിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും താഴ്ഭാഗത്തു കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിത്യവാസികളെന്ന നിലയില്‍ പ്രവേശിപ്പിക്കാന്‍ വേണ്ടിയത്രെ അത്. അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ മായ്ച്ചുകളയുവാന്‍ വേണ്ടിയും. അല്ലാഹുവിന്‍റെ അടുക്കല്‍ അതൊരു മഹത്തായ വിജയമാകുന്നു." (ഫത്ഹ്: 1-5) - ഈ വചനങ്ങൾ അവതരിച്ചത് ഹുദൈബിയ്യയിൽ നിന്ന് അവിടുന്ന് മടങ്ങുമ്പോഴായിരുന്നു. ഉംറ നിർവ്വഹിക്കുക എന്ന ഉദ്ദേശ്യത്തിൽ പുറപ്പെട്ട സ്വഹാബികൾ തങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കാനാകാതെ, ദുഃഖവും പ്രയാസവും ബാധിച്ച നിലയിൽ മടങ്ങുന്ന സന്ദർഭമായിരുന്നു അത്. ഹുദൈബിയ്യയിൽ മുശ്രിക്കുകളുമായി നടന്ന സന്ധിയായിരുന്നു അതിൻ്റെ കാരണം; അത് മുസ്‌ലിംകൾക്ക് പ്രയോജനകരമായ വിധത്തിലായിരുന്നില്ല സംഭവിച്ചത് എന്നായിരുന്നു അവർ ധരിച്ചിരുന്നത്. അവർ ഹുദൈബിയ്യയിൽ വെച്ച്, ബലിമൃഗത്തെ അറുത്തതിന് ശേഷം തിരിച്ചു മടങ്ങുമ്പോഴാണ് ഈ വചനങ്ങൾ അവതരിച്ചത്. അപ്പോൾ നബി (ﷺ) പറഞ്ഞു: "ഇഹലോകവും അതിലുള്ളത് മുഴുവനും ലഭിക്കുന്നതിനേക്കാൾ പ്രിയങ്കരമായ ആയത്താണ് എനിക്ക് മേൽ അവതരിക്കപ്പെട്ടിരിക്കുന്നത്." ശേഷം ആ വചനങ്ങൾ നബി (ﷺ) പാരായണം ചെയ്തു കേൾപ്പിച്ചു.