عَنْ جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا قَالَ:
كُنَّا فِي غَزَاةٍ فَكَسَعَ رَجُلٌ مِنَ المُهَاجِرِينَ رَجُلًا مِنَ الأَنْصَارِ، فَقَالَ الأَنْصَارِيُّ: يَا لَلْأَنْصَارِ، وَقَالَ المُهَاجِرِيُّ: يَا لَلْمُهَاجِرِينَ، فَسَمَّعَهَا اللَّهُ رَسُولَهُ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَا هَذَا؟» فَقَالُوا: كَسَعَ رَجُلٌ مِنَ المُهَاجِرِينَ رَجُلًا مِنَ الأَنْصَارِ، فَقَالَ الأَنْصَارِيُّ: يَا لَلْأَنْصَارِ، وَقَالَ المُهَاجِرِيُّ: يَا لَلْمُهَاجِرِينَ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «دَعُوهَا فَإِنَّهَا مُنْتِنَةٌ» قَالَ جَابِرٌ: وَكَانَتِ الأَنْصَارُ حِينَ قَدِمَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَكْثَرَ، ثُمَّ كَثُرَ المُهَاجِرُونَ بَعْدُ، فَقَالَ عَبْدُ اللَّهِ بْنُ أُبَيٍّ: أَوَقَدْ فَعَلُوا، وَاللَّهِ لَئِنْ رَجَعْنَا إِلَى المَدِينَةِ لَيُخْرِجَنَّ الأَعَزُّ مِنْهَا الأَذَلَّ، فَقَالَ عُمَرُ بْنُ الخَطَّابِ رَضِيَ اللَّهُ عَنْهُ: دَعْنِي يَا رَسُولَ اللَّهِ أَضْرِبُ عُنُقَ هَذَا المُنَافِقِ، قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «دَعْهُ، لاَ يَتَحَدَّثُ النَّاسُ أَنَّ مُحَمَّدًا يَقْتُلُ أَصْحَابَهُ».

[صحيح] - [متفق عليه] - [صحيح البخاري: 4907]
المزيــد ...

ജാബിർ ഇബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
"ഞങ്ങൾ ഒരു സൈനിക യാത്രയിലായിരുന്നു. അപ്പോൾ മുഹാജിറുകളിൽ പെട്ട ഒരാൾ അൻസാരികളിൽ പെട്ട ഒരാളുടെ പിൻഭാഗത്ത് അടിച്ചു. അപ്പോൾ അൻസാരി വിളിച്ചുപറഞ്ഞു: 'ഹേ അൻസാരികളേ!' അപ്പോൾ മുഹാജിറുകളിൽ പെട്ടയാൾ വിളിച്ചുപറഞ്ഞു: 'മുഹാജിറുകളേ!' അല്ലാഹു അത് അവൻ്റെ റസൂലിനെ -ﷺ- കേൾപ്പിച്ചു. അവിടുന്ന് ചോദിച്ചു: 'എന്താണിത്?' അവർ പറഞ്ഞു: 'മുഹാജിറുകളിൽ പെട്ട ഒരാൾ അൻസാരികളിൽ പെട്ട ഒരാളുടെ പിൻഭാഗത്ത് അടിച്ചു. അപ്പോൾ അൻസാരി 'അൻസാരികളേ' എന്നും മുഹാജിർ 'മുഹാജിറുകളേ' എന്നും വിളിച്ചു.' അപ്പോൾ നബി -ﷺ- പറഞ്ഞു: "അത് നിങ്ങൾ ഉപേക്ഷിക്കുക; തീർച്ചയായും അത് ദുഷിച്ചതാണ്." ജാബിർ പറഞ്ഞു: "നബി -ﷺ- (മദീനയിൽ) വന്ന സമയത്ത് അൻസാരികളായിരുന്നു കൂടുതൽ. പിന്നീട് മുഹാജിറുകളുടെ എണ്ണം വർദ്ധിച്ചു. അപ്പോൾ (കപടവിശ്വാസിയായ) അബ്ദുല്ലാഹി ബ്നു ഉബയ്യ് പറഞ്ഞു: 'അവർ അങ്ങനെ ചെയ്തോ? അല്ലാഹുവാണെ സത്യം! നാം മദീനയിലേക്ക് മടങ്ങിയെത്തിയാൽ, പ്രതാപികൾ നിന്ദ്യരെ അവിടെ നിന്ന് പുറത്താക്കുക തന്നെ ചെയ്യും.' അപ്പോൾ ഉമർ ബ്നുൽ ഖത്ത്വാബ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, എന്നെ വിടൂ, ഈ കപടവിശ്വാസിയുടെ കഴുത്ത് ഞാൻ വെട്ടിക്കളയട്ടെ.' നബി -ﷺ- പറഞ്ഞു: 'അവനെ വിട്ടേക്കൂ. മുഹമ്മദ് സ്വന്തം അനുചരന്മാരെ കൊലപ്പെടുത്തുന്നുവെന്ന് ജനങ്ങൾ പറയാതിരിക്കട്ടെ.'"

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 4907]

വിശദീകരണം

നബി -ﷺ- മുഹാജിറുകളും അൻസാരികളുമായ തന്റെ സ്വഹാബികളോടൊപ്പം -رَضِيَ اللَّهُ عَنْهُمْ- ഒരു യുദ്ധത്തിന് വേണ്ടിയുള്ള യാത്രയിലായിരുന്നു. അപ്പോൾ മുഹാജിറുകളിൽ പെട്ട ഒരാൾ അൻസാരികളിൽ പെട്ട ഒരാളുടെ പിൻഭാഗത്ത് തന്റെ കൈകൊണ്ട് അടിച്ചു. അപ്പോൾ അൻസ്വാരി വിളിച്ചുപറഞ്ഞു: "അൻസ്വാരികളേ, എന്നെ സഹായിക്കുവിൻ!" അതോടെ മുഹാജിറുകളിൽ പെട്ടയാൾ വിളിച്ചുപറഞ്ഞു: "മുഹാജിറുകളേ, എന്നെ സഹായിക്കുവിൻ!" അല്ലാഹുവിൻ്റെ റസൂൽ -ﷺ- അത് കേൾക്കുകയും "എന്താണിത്?" എന്ന് ചോദിക്കുകയും ചെയ്തു. അവർ പറഞ്ഞു: "മുഹാജിറുകളിൽ പെട്ട ഒരാൾ അൻസ്വാരികളിൽ പെട്ട ഒരാളുടെ പിൻഭാഗത്ത് കൈകൊണ്ട് അടിച്ചു. അപ്പോൾ അൻസ്വാരി 'അൻസ്വാരികളേ, എന്നെ സഹായിക്കൂ' എന്നും മുഹാജിർ 'മുഹാജിറുകളേ, എന്നെ സഹായിക്കൂ' എന്നും വിളിച്ചു പറഞ്ഞു." അപ്പോൾ നബി -ﷺ- പറഞ്ഞു: ജാഹിലിയ്യാ (ഇസ്‌ലാമിന് മുമ്പുള്ള അജ്ഞാന കാലത്തെ) രീതിയിലുള്ള ഈ വിളി നിങ്ങൾ ഉപേക്ഷിക്കുക. തീർച്ചയായും അത് മോശവും വെറുക്കപ്പെട്ടതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമാണ്. ജാഹിലിയ്യഃ കാലഘട്ടത്തിൽ തന്റെ എതിരാളിക്ക് മേൽ വിജയം നേടാൻ, അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും, തൻ്റെ കക്ഷിയുടെയും ഗോത്രത്തിൻ്റെയുമെല്ലാം പേരിൽ സ്വന്തം ആളുകളെ സഹായത്തിന് വിളിക്കുന്ന രീതിയെയാണ് നബി (ﷺ) വിലക്കിയത്; ജാഹിലിയ്യഃ കാലഘട്ടത്തിലെ രീതിയായിരുന്നു അത്. ജാബിർ പറഞ്ഞു: "നബി -ﷺ- ഹിജ്റ ചെയ്ത് മദീനയിൽ എത്തിയ സമയത്ത് അൻസ്വാരികളായിരുന്നു കൂടുതൽ. പിന്നീട് മുഹാജിറുകളുടെ എണ്ണം വർദ്ധിച്ചു." അപ്പോൾ മുനാഫിഖുകളുടെ (കപടവിശ്വാസികളുടെ) തലവനായ അബ്ദുല്ലാഹി ബ്നു ഉബയ്യ് ബ്നു സലൂൽ പറഞ്ഞു: "കാര്യങ്ങൾ ഈ നിലയിൽ എത്തിയോ?! അല്ലാഹുവാണെ സത്യം! നമ്മൾ മദീനയിലേക്ക് മടങ്ങിയെത്തിയാൽ പ്രതാപമുള്ളവർ -അവൻ ഉദ്ദേശിച്ചത് അവനെയും കൂടെയുള്ളവരെയുമാണ്- നിന്ദ്യരായവരെ -അവൻ ഉദ്ദേശിച്ചത് നബിയെയും -ﷺ- കൂടെയുള്ളവരെയുമാണ്- മദീനയിൽ നിന്ന് പുറത്താക്കുക തന്നെ ചെയ്യും." അപ്പോൾ ഉമർ ഇബ്നുൽ ഖത്ത്വാബ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! എന്നെ വിടൂ, ഈ കപടവിശ്വാസിയുടെ കഴുത്ത് ഞാൻ വെട്ടിക്കളയട്ടെ." എന്നാൽ നബി -ﷺ- പറഞ്ഞു: "അവനെ വിട്ടേക്കൂ. മുഹമ്മദ് തന്റെ അനുയായികളെ കൊലപ്പെടുത്തുന്നുവെന്ന് ജനങ്ങൾ സംസാരിക്കാൻ ഇടയാകരുത്." ബാഹ്യമായി നോക്കുമ്പോൾ അവൻ ഒരു മുസ്‌ലിമാണല്ലോ എന്നതാണ് നബി (ﷺ) ഉദ്ദേശിച്ചത്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ജാഹിലിയ്യത്തിലെ (അജ്ഞാന കാലഘട്ടത്തിലെ) മോശമായ ശീലങ്ങളും ആചാരങ്ങളും, വാക്കിലോ പ്രവൃത്തിയിലോ ഉണ്ടാകുന്നത് വിലക്കപ്പെട്ട കാര്യമാണ്. ജനങ്ങളെ അതിൽ നിന്ന് അകറ്റാനും, അവരെ ശരിയിലേക്കും സത്യത്തിലേക്കും വഴികാണിക്കാനുമാണ് ഇസ്‌ലാം വന്നത്.
  2. അന്യായമായ പക്ഷപാതിത്വത്തിനും കക്ഷിത്വത്തിനുമെതിരെയുള്ള താക്കീത് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. ദുർഗന്ധം വമിക്കുന്ന വൃത്തികെട്ട വസ്തുവിനെ സൂക്ഷിക്കുന്നത് പോലെ അതിനെ സൂക്ഷിക്കേണ്ടതുണ്ട്.
  3. ശത്രുതയും വിദ്വേഷവും ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളെയും ഇസ്‌ലാം വിലക്കുന്നു.
  4. ഇമാം നവവി -رَحِمَهُ اللَّهُ- പറഞ്ഞു: "ഹദീഥിൽ വന്നതു പോലെ, 'ജാഹിലിയ്യത്തിന്റെ വിളി' എന്ന് നബി (ﷺ) അവരുടെ പരസ്പരമുള്ള സഹായത്തിന് വേണ്ടിയുള്ള വിളിക്ക് പേര് നൽകിയത്, അവിടുത്തേക്ക് അതിനോടുള്ള വെറുപ്പ് കാരണമാണ്. ദുനിയാവിന്റെ കാര്യങ്ങളിലും അതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഗോത്രങ്ങൾ പരസ്പരം സഹായിക്കുന്ന രീതി ജാഹിലിയ്യത്തിൽ ഉണ്ടായിരുന്നു. ജാഹിലിയ്യത്തിൽ ജനങ്ങൾ അവരുടെ അവകാശങ്ങൾ നേടിയിരുന്നത് സംഘബലത്തിലൂടെയും ഗോത്രങ്ങളിലൂടെയുമായിരുന്നു. എന്നാൽ ഇസ്‌ലാം വന്നത് അതിനെ ഇല്ലാതാക്കാനും, ഇസ്‌ലാമിക വിധിവിലക്കുകളിലൂടെ പരസ്പരമുള്ള തർക്കങ്ങൾ തീർപ്പാക്കാനുമാണ്. ഒരാൾ മറ്റൊരാളോട് അതിക്രമം കാണിച്ചാൽ, അവർക്കിടയിൽ ഖാദ്വി (ന്യായാധിപൻ) യാണ് വിധി കൽപ്പിക്കുക; ഇസ്‌ലാമിക നിയമങ്ങൾക്കനുസരിച്ച് അതിക്രമത്തിനുള്ള ശിക്ഷ അപ്രകാരമാണ് നടപ്പാക്കുക."
  5. ഇമാം സിൻദി -رَحِمَهُ اللَّهُ- പറഞ്ഞു: "ജാഹിലിയ്യഃ കാലഘട്ടത്തിൽ ചെയ്തിരുന്നതുപോലെ, സ്വന്തം ഗോത്രക്കാരനായതുകൊണ്ട് മാത്രം ഒരാളെ സഹായിക്കുന്നത് തെറ്റാണെന്ന് നബി (ﷺ) വ്യക്തമാക്കി. ഓരോരുത്തരും തങ്ങളുടെ ഗോത്രത്തെ പക്ഷപാതപരമായി വിളിച്ചുകൂട്ടുന്നതിന് യാതൊരു ന്യായവുമില്ല. എന്നാൽ സത്യത്തെ സഹായിക്കുക എന്നത് എല്ലാ വിശ്വാസികൾക്കും നിർബന്ധമായ കാര്യമാണ്; അത് തന്റെ ഗോത്രത്തിൽപ്പെട്ടവനായാലും അല്ലെങ്കിലും."
  6. മുനാഫിഖുകളുടെ മോശമായ സംസാരരീതിയും, നബിയോടും -ﷺ- അവിടുത്തെ സ്വഹാബികളോടും -رَضِيَ اللَّهُ عَنْهُمْ- അവർ കാണിച്ചിരുന്ന ധിക്കാരവും.
  7. മുനാഫിഖുകളിൽ നിന്ന് നേരിടേണ്ടിവന്ന ഉപദ്രവങ്ങളിൽ നബി -ﷺ- കാണിച്ച അതിയായ ക്ഷമയും സഹനവും.
  8. ഇസ്‌ലാമിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ജനങ്ങളെ അകറ്റിയേക്കാവുന്ന എല്ലാ പ്രവർത്തനങ്ങളിൽ നിന്നും താക്കീത് നൽകുന്ന ഹദീഥാണിത്. "മുഹമ്മദ് തന്റെ കൂട്ടുകാരെ കൊല്ലുന്നു" എന്ന് ജനങ്ങൾ പറയാതിരിക്കാൻ വേണ്ടി, മുനാഫിഖുകളെ നബി -ﷺ- കൊല്ലാതെ വിട്ടതിൽ ഈ പാഠമുണ്ട്.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി റഷ്യ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية الجورجية المقدونية الخميرية البنجابية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ