عَنْ عَائِشَةَ أُمِّ المُؤْمِنينَ رَضِيَ اللهُ عَنْها قَالَتْ:
كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا أَمَرَهُمْ أَمَرَهُمْ مِنَ الأَعْمَالِ بِمَا يُطِيقُونَ، قَالُوا: إِنَّا لَسْنَا كَهَيْئَتِكَ يَا رَسُولَ اللَّهِ، إِنَّ اللَّهَ قَدْ غَفَرَ لَكَ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ، فَيَغْضَبُ حَتَّى يُعْرَفَ الغَضَبُ فِي وَجْهِهِ، ثُمَّ يَقُولُ: «إِنَّ أَتْقَاكُمْ وَأَعْلَمَكُمْ بِاللَّهِ أَنَا».

[صحيح] - [رواه البخاري] - [صحيح البخاري: 20]
المزيــد ...

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
നബി ﷺ അനുചരന്മാരോട് വല്ല കാര്യങ്ങളും കൽപ്പിക്കുമ്പോൾ, അവർക്ക് സാധിക്കുന്ന കാര്യങ്ങളേ കൽപ്പിക്കാറുണ്ടായിരുന്നുള്ളൂ. എന്നാൽ അവർ പറയും: "അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ അങ്ങയെപ്പോലെയല്ലല്ലോ?! അങ്ങയുടെ മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുതന്നിട്ടുണ്ടല്ലോ." ഇതുകേൾക്കുമ്പോൾ നബി ﷺ അവിടുത്തെ മുഖത്ത് ദേഷ്യം പ്രകടമാവുന്ന വിധത്തിൽ കോപിക്കുമായിരുന്നു. ശേഷം അവിടുന്ന് പറയും: "നിങ്ങളിൽ അല്ലാഹുവിനെ ഏറ്റവുമധികം ഭയപ്പെടുന്നതും, അവനെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നതും ഞാനാണ്."

[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 20]

വിശദീകരണം

നബി ﷺ ജനങ്ങളോട് എന്തെങ്കിലും പ്രവർത്തിക്കാൻ കൽപ്പിക്കുമ്പോൾ, അവർക്ക് എളുപ്പമുള്ളതും പ്രയാസമില്ലാത്തതുമായ കാര്യങ്ങളേ കൽപ്പിക്കാറുണ്ടായിരുന്നുള്ളൂ എന്ന് ആഇശ (رضي الله عنها) അറിയിക്കുന്നു. അവർക്ക് അത് സ്ഥിരമായി ചെയ്യാൻ കഴിയാതെ വരുമോ എന്ന ഭയത്താലായിരുന്നു ഇത്. അവർക്ക് ഇളവ് നൽകിയതുപോലെത്തന്നെയായിരുന്നു അവിടുന്ന് സ്വയം പ്രവർത്തിച്ചിരുന്നതും. എന്നാൽ, സ്വഹാബികൾ കുറച്ചുകൂടി പ്രയാസമുള്ള കാര്യങ്ങൾ അവിടുന്ന് തങ്ങളോട് കൽപ്പിക്കണമെന്ന് ആഗ്രഹിക്കുമായിരുന്നു. നബിയുടെ ﷺ പാപങ്ങൾ പൊറുക്കപ്പെട്ടതിനാൽ അവിടുത്തേക്ക് കുറഞ്ഞ കർമ്മങ്ങൾ മതിയാകും; എന്നാൽ തങ്ങളുടെ പദവി ഉയർത്താൻ തങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട് എന്നായിരുന്നു അവർ ധരിച്ചത്. അതിനാൽ അവർ പറയുമായിരുന്നു: "അല്ലാഹുവിന്റെ റസൂലേ, ഞങ്ങളുടെ അവസ്ഥ അങ്ങയുടേത് പോലെയല്ലല്ലോ. അങ്ങയുടെ മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങൾ അല്ലാഹു പൊറുത്തുതന്നിട്ടുണ്ടല്ലോ." ഇതുകേൾക്കുമ്പോൾ നബിയുടെ ﷺ മുഖത്ത് ദേഷ്യം വ്യക്തമാവുന്ന വിധത്തിൽ അവിടുന്ന് കോപിക്കുമായിരുന്നു. അവിടുന്ന് പറയും: "നിങ്ങളിൽ അല്ലാഹുവിനെ ഏറ്റവുമധികം ഭയപ്പെടുന്നതും അവനെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നതും ഞാനാണ്. അതിനാൽ ഞാൻ കൽപ്പിക്കുന്നത് നിങ്ങൾ പ്രവർത്തിക്കുക."

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഇബ്നു ഹജർ (رحمه الله) പറഞ്ഞു: "സ്വഹാബികൾക്ക് സ്ഥിരമായി പ്രവർത്തിക്കാൻ സാധിക്കണം എന്ന ഉദ്ദേശ്യത്തിലാണ് നബി (ﷺ) അവർക്ക് എളുപ്പമുള്ള കാര്യങ്ങൾ കൽപ്പിച്ചത്. മറ്റൊരു ഹദീഥിൽ വന്നതുപോലെ: "അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കർമം, കുറവാണെങ്കിലും സ്ഥിരമായി ചെയ്യുന്നതാണ്."
  2. സദ്‌വൃത്തനായ ഒരാൾ, താൻ നല്ലവനാണെന്ന വിശ്വാസത്തിൽ കർമ്മങ്ങൾ ചെയ്യുന്നതിൽ നിന്ന് പിന്നോട്ട് പോകരുത്.
  3. അഹങ്കാരമോ സ്വയംപുകഴ്ത്തലോ ഉദ്ദേശ്യമില്ലെങ്കിൽ, -ആവശ്യമായ ഘട്ടങ്ങളിൽ- ഒരാൾക്ക് തൻ്റെ നന്മയെ കുറിച്ച് സംസാരിക്കാവുന്നതാണ്.
  4. അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നതിൽ മിതത്വവും സ്ഥിരതയുമാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്; അല്ലാതെ, ക്രമേണ ഇബാദത്തുകൾ ഉപേക്ഷിച്ചുപോകാൻ കാരണമായേക്കാവുന്ന അതിരുകവിച്ചിലല്ല.
  5. ഇബ്നു ഹജർ (رحمه الله) പറഞ്ഞു: "ഒരു അടിമ അല്ലാഹുവിനുള്ള ആരാധനയിലും അതിൻ്റെ ഫലങ്ങളിലും എത്രയെല്ലാം ഉന്നതിയിലെത്തിയാലും ആ കർമ്മങ്ങളിൽ പതിവായി മുഴുകുകയാണ് വേണ്ടത്; അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നിലനിൽക്കാനും, അവയിലേക്ക് തന്നെ നയിച്ചതിന് അല്ലാഹുവിന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് ഈ അനുഗ്രഹം അധികരിപ്പിക്കാനും അത് ആവശ്യമാണ്."
  6. ഇസ്‌ലാമിൻ്റെ വിധിവിലക്കുകൾക്ക് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിക്കുന്നത് കാണുമ്പോൾ ദേഷ്യപ്പെടുക എന്നത് അനുവദനീയമാണ്. കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവുള്ളവർക്ക് അബദ്ധം സംഭവിക്കുമ്പോൾ അവരെ ബോധവൽക്കരിക്കുന്നതിന് വേണ്ടി തിരുത്തുന്നതും ശരിയായ രീതിയിൽ പെട്ടതാണ്.
  7. നബി ﷺ തന്റെ സമുദായത്തോട് കാണിച്ചിരുന്ന കാരുണ്യം ഈ ഹദീഥിൽ നിന്ന് പ്രകടമാണ്. ദീൻ എളുപ്പമാണെന്നും ഇസ്‌ലാമിക ശരീഅത്തിലെ വിധിവിലക്കുകൾ ലളിതവും ഉദാരവുമാണെന്നും ഈ ഹദീഥിലെ ആശയം ഓർമ്മപ്പെടുത്തുന്നുണ്ട്.
  8. സ്വഹാബികൾക്ക് ഇബാദത്തുകൾ നിർവഹിക്കുന്നതിൽ ഉണ്ടായിരുന്ന അതിയായ ആഗ്രഹവും, തങ്ങളുടെ നന്മകൾ വർദ്ധിപ്പിക്കാനുള്ള അവരുടെ താൽപ്പര്യവും.
  9. ഇസ്‌ലാമിക വിധിവിലക്കുകളിൽ നിശ്ചയിച്ചിട്ടുള്ള ഇളവുകളും ഖണ്ഡിതമായ കൽപ്പനകളും ഒരു പോലെ പാലിക്കുക എന്നതാണ് ഒരു മുസ്‌ലിം ചെയ്യേണ്ടത്. ദീനിൻ്റെ വിധിവിലക്കുകളോട് യോജിക്കുന്ന വിധത്തിൽ എളുപ്പമുള്ള കാര്യങ്ങൾ സ്വീകരിക്കുന്നതാണ്, ദീനിൻ്റെ കൽപ്പനകൾക്ക് വിരുദ്ധമായി കഠിനമായ കാര്യങ്ങൾ ചെയ്തു കൂട്ടുന്നതിനേക്കാൾ ഉത്തമം എന്ന് അവൻ മനസ്സിലാക്കേണ്ടതുണ്ട്.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി റഷ്യ സിംഹള വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية الجورجية المقدونية الخميرية البنجابية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ