+ -

عَنِ الزُّبَيْرِ بْنِ العَوَّامِ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«لَأَنْ يَأْخُذَ أَحَدُكُمْ حَبْلَهُ، فَيَأْتِيَ بِحُزْمَةِ الحَطَبِ عَلَى ظَهْرِهِ، فَيَبِيعَهَا، فَيَكُفَّ اللَّهُ بِهَا وَجْهَهُ خَيْرٌ لَهُ مِنْ أَنْ يَسْأَلَ النَّاسَ أَعْطَوْهُ أَوْ مَنَعُوهُ».

[صحيح] - [رواه البخاري] - [صحيح البخاري: 1471]
المزيــد ...

സുബൈർ ബ്നുൽ അവ്വാം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങളിലൊരാൾ ഒരു കയർ എടുക്കുകയും, തൻ്റെ മുതുകിൽ വിറകുകൊള്ളികൾ ചുമക്കുകയും, അത് വിൽപ്പന നടത്തുകയും, അതിലൂടെ അല്ലാഹു അവൻ്റെ മുഖത്തെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് ജനങ്ങളോട് ചോദിക്കുന്നതിനേക്കാൾ നല്ലത്. അവർ അയാൾക്ക് വല്ലതും നൽകിയാലും ഇല്ലെങ്കിലും."

[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 1471]

വിശദീകരണം

ഒരാൾ എന്തെങ്കിലുമൊരു ജോലി ചെയ്യുകയും -അത് ഒരു കയറെടുത്ത് മുതുകിൽ വിറകുകൊള്ളികൾ കെട്ടിവെച്ച് വിൽപ്പന നടത്തലാണെങ്കിലും- അതിലൂടെ സമ്പാദിക്കുകയും, അങ്ങനെ സ്വന്തം പണം കൊണ്ട് ഭക്ഷിക്കുകയോ അതിൽ നിന്ന് ദാനം നൽകുകയോ ചെയ്യുകയും, ജനങ്ങളിൽ നിന്ന് ധന്യത പാലിക്കുകയും യാചനയുടെ നിന്ദ്യതയിൽ നിന്ന് സ്വന്തം മുഖത്തെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് ജനങ്ങളോട് ആവശ്യങ്ങൾ പറഞ്ഞു കൊണ്ട് യാചിക്കുകയും അവരിൽ നിന്ന് വല്ലതും ലഭിക്കുകയോ തടയപ്പെടുകയോ ചെയ്യുന്ന സ്ഥിതിയിലേക്ക് സ്വയം തരം താഴുകയും ചെയ്യുന്നതിനേക്കാൾ ഉത്തമമെന്ന് നബി -ﷺ- അറിയിക്കുന്നു. ജനങ്ങളോട് ചോദിക്കുക എന്നത് നിന്ദ്യതയും അപമാനവുമാണ്; മുഅ്മിനാകട്ടെ, അഭിമാനിയാണ്; നിന്ദ്യത തൃപ്തിപ്പെടാൻ അവന് സാധിക്കുകയില്ല.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. യാചന നടത്തുന്നതിൽ നിന്ന് അകന്നു നിൽക്കാനും ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കാനുമുള്ള പ്രോത്സാഹനം.
  2. സമ്പാദിക്കുന്നതിനും ഉപജീവനം കണ്ടെത്തുന്നതിനും വേണ്ടി ജോലി ചെയ്യാനുള്ള പ്രോത്സാഹനം. ജനങ്ങളുടെ കണ്ണിൽ നിസ്സാരവും ചെറുതുമായി ഗണിക്കപ്പെടുന്ന ജോലികൾ ചെയ്തു കൊണ്ടാണ് അത് സാധിക്കുകയെങ്കിലും അതിലാണ് അഭിമാനമുള്ളത്.
  3. തൊഴിലില്ലാതെ ഇരിക്കുകയും യാചന നടത്തുകയും ചെയ്യുന്നതിനെതിരെ ഇസ്‌ലാം യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. അതു കൊണ്ടാണ് ജോലി ചെയ്യാനും -അത് വിറക് ചുമക്കുന്നത് പോലുള്ള പ്രയാസകരമായ ജോലികളാണെങ്കിൽ പോലും- പണിയെടുക്കാനും ഇസ്‌ലാം നിർബന്ധമായും കൽപ്പിച്ചിരിക്കുന്നത്.
  4. ജോലിയെടുക്കാനുള്ള ശേഷിയും സമ്പാദിക്കാനുള്ള കഴിവുമുള്ള ഒരാൾ യാചിക്കുന്നതും മറ്റുള്ളവരോട് പണം ആവശ്യപ്പെടുന്നതും അനുവദനീയമല്ല.
  5. ആവശ്യമുള്ള കാര്യങ്ങൾ ഭരണാധികാരിയോട് ചോദിക്കുന്നത് അനുവദനീയമാണ്. അല്ലാഹു പറഞ്ഞിരിക്കുന്നു: "(യുദ്ധത്തിൽ പങ്കെടുക്കാത്തതിൽ) മറ്റൊരു വിഭാഗത്തിന്‍റെ മേലും കുറ്റമില്ല. (യുദ്ധത്തിനു പോകാന്‍) നീ അവര്‍ക്ക് വാഹനം നല്‍കുന്നതിന് വേണ്ടി അവര്‍ നിന്‍റെ അടുത്ത് വന്നപ്പോള്‍ നീ പറഞ്ഞു: നിങ്ങള്‍ക്ക് നല്‍കാന്‍ യാതൊരു വാഹനവും ഞാന്‍ കണ്ടെത്തുന്നില്ല. അങ്ങനെ (യുദ്ധത്തിന് വേണ്ടി) ചെലവഴിക്കാന്‍ യാതൊന്നും കണ്ടെത്താത്തതിന്‍റെ പേരിലുള്ള ദുഃഖത്താല്‍ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകിക്കൊണ്ട് അവര്‍ തിരിച്ചുപോയി." (തൗബഃ: 92) (ഇവിടെ യുദ്ധത്തിന് വേണ്ടി ഭരണാധികാരിയോട് വാഹനം ചോദിച്ചു വന്നവർ ചെയ്തതിൽ തെറ്റില്ല എന്ന് അല്ലാഹു അറിയിച്ചിരിക്കുന്നു.)
  6. ഒരാൾക്ക് ജോലി ചെയ്യാനും വിറക് ചുമക്കാനുമൊന്നും സാധിക്കാത്ത സ്ഥിതി വന്നെത്തുകയും, മറ്റുള്ളവരോട് ചോദിക്കാതെ നിവൃത്തിയില്ലെന്ന സാഹചര്യമുണ്ടാവുകയും ചെയ്താൽ അയാൾക്ക് മറ്റുള്ളവരോട് ചോദിക്കാൻ അനുവാദമുണ്ട്. എന്നാൽ ചോദ്യം ആവർത്തിക്കാനും ആവശ്യങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കാനും പാടില്ല. അല്ലാഹു പറഞ്ഞു: "അവർ ജനങ്ങളോട് ആവർത്തിച്ചു ചോദിച്ചു ബുദ്ധിമുട്ടിക്കുന്നവരല്ല." (ബഖറ: 273)
  7. നവവി -رَحِمَهُ اللَّهُ- പറഞ്ഞു: "ദാനധർമം ചെയ്യാനും, സ്വന്തം കരങ്ങൾ കൊണ്ട് സമ്പാദിക്കാനും അനുവദനീയമായ വഴികളിലൂടെ സമ്പത്ത് കണ്ടെത്താനും പ്രോത്സാഹിപ്പിക്കുന്ന ഹദീഥാണിത്."
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ