عَنْ أَبِي هُرَيْرَةَ رَضيَ اللهُ عنه:
أَنَّهُ لَقِيَهُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي طَرِيقٍ مِنْ طُرُقِ الْمَدِينَةِ وَهُوَ جُنُبٌ، فَانْسَلَّ فَذَهَبَ فَاغْتَسَلَ، فَتَفَقَّدَهُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَلَمَّا جَاءَهُ قَالَ: «أَيْنَ كُنْتَ يَا أَبَا هُرَيْرَةَ؟» قَالَ: يَا رَسُولَ اللهِ، لَقِيتَنِي وَأَنَا جُنُبٌ فَكَرِهْتُ أَنْ أُجَالِسَكَ حَتَّى أَغْتَسِلَ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «سُبْحَانَ اللهِ، إِنَّ الْمُؤْمِنَ لَا يَنْجُسُ».
[صحيح] - [متفق عليه] - [صحيح مسلم: 371]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
മദീനയിലെ വഴികളിലൊന്നിൽ വെച്ച് അദ്ദേഹത്തെ നബി -ﷺ- കണ്ടുമുട്ടി; (ആ സമയം അബൂഹുറൈറ) ജനാബത്തുകാരനായിരുന്നു. അദ്ദേഹം പതിയെ വലിഞ്ഞു പോവുകയും (ജനാബത്തിൽ നിന്ന്) കുളിക്കുകയും ചെയ്തു. നബി -ﷺ- അബൂ ഹുറൈറയെ അന്വേഷിച്ചു. അദ്ദേഹം വന്നപ്പോൾ അവിടുന്ന് പറഞ്ഞു: "ഹേ അബൂഹുറൈറ! നീ എവിടെയായിരുന്നു?!"
അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! താങ്കൾ എന്നെ കണ്ടുമുട്ടിയ സന്ദർഭത്തിൽ ഞാൻ ജനാബത്തുകാരനായിരുന്നു. കുളിക്കാതെ താങ്കളോടൊപ്പം ഇരിക്കുന്നതിൽ എനിക്ക് തൃപ്തിയുണ്ടായിരുന്നില്ല."
അപ്പോൾ നബി -ﷺ- പറഞ്ഞു: "സുബ്ഹാനല്ലാഹ്! തീർച്ചയായും ഒരു മുഅ്മിൻ അശുദ്ധിയാവുകയില്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 371]
നബി -ﷺ- അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- വിനെ മദീനയിലെ ഒരു വഴിയിൽ വെച്ച് കണ്ടുമുട്ടി. ആ സന്ദർഭത്തിൽ അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- ജനാബത്തിലായിരുന്നു. നബി -ﷺ- യോടുള്ള ആദരവ് കാരണത്താൽ ജനാബത്തുള്ള ആ അവസ്ഥയിൽ അവിടുത്തോടൊപ്പം ഇരിക്കുന്നതിലും സംസാരിക്കുന്നതിലും അദ്ദേഹത്തിന് ശരി തോന്നിയില്ല. താൻ അശുദ്ധനാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ ധാരണ. അതിനാൽ അദ്ദേഹം പതുക്കെ അവിടെ നിന്ന് വലിയുകയും, (ജനാബത്തിൽ നിന്ന് ശുദ്ധിയാകുന്നതിന് വേണ്ടി) കുളിക്കുകയും ചെയ്തു. ശേഷം മടങ്ങിവന്ന് നബി -ﷺ- യുടെ മുന്നിൽ ഇരുന്നപ്പോൾ അവിടുന്ന് അദ്ദേഹം എവിടെയായിരുന്നു എന്ന് അന്വേഷിച്ചു. അപ്പോൾ തൻ്റെ കാര്യം അദ്ദേഹം തുറന്നു പറഞ്ഞു. ജനാബത്തുകാരനായതിനാൽ താൻ അശുദ്ധിയിലായിരുന്നെന്നും, ആ അവസ്ഥയിൽ നബി -ﷺ- യോടൊപ്പം ഇരിക്കുന്നതിൽ അദ്ദേഹത്തിന് തൃപ്തിയുണ്ടായില്ലെന്നും അദ്ദേഹം വിവരിച്ചു. നബി -ﷺ- അതു കേട്ടപ്പോൾ അത്ഭുതം കൂറുകയും, അദ്ദേഹത്തെ ഇപ്രകാരം അറിയിക്കുകയും ചെയ്തു: "തീർച്ചയായും ഒരു മുഅ്മിൻ ശുദ്ധിയുള്ളവനാണ്; അവൻ ഒരവസ്ഥയിലും അശുദ്ധനാവുകയില്ല. ജീവിച്ചിരിക്കുമ്പോഴും മരിച്ചാലും അവൻ്റെ കാര്യം അപ്രകാരമാണ്."