«ضَعْ يَدَكَ عَلَى الَّذِي تَأَلَّمَ مِنْ جَسَدِكَ، وَقُلْ بِاسْمِ اللهِ ثَلَاثًا، وَقُلْ سَبْعَ مَرَّاتٍ أَعُوذُ بِاللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ».
[صحيح] - [رواه مسلم] - [صحيح مسلم: 2202]
المزيــد ...
ഉഥ്മാൻ ബ്നു അബിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഇസ്‌ലാം സ്വീകരിച്ചതു മുതൽ അദ്ദേഹം അനുഭവിക്കുന്ന ഒരു ശാരീരിക വേദനയുടെ പ്രയാസം നബി -ﷺ- യോട് അദ്ദേഹം പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു:
"നിൻ്റെ ശരീരത്തിൽ വേദനയുള്ള ഭാഗത്ത് കൈ വെച്ച ശേഷം മൂന്നു തവണ 'ബിസ്മില്ലാഹ്' (അല്ലാഹുവിൻ്റെ നാമത്തിൽ) എന്ന് പറയുക. ശേഷം ഏഴു തവണ ഈ ദുആ
പറയുക: (സാരം) അല്ലാഹുവിൻ്റെ പ്രതാപവും അവൻ്റെ ശക്തിയും മുൻനിർത്തി കൊണ്ട് ഞാൻ അനുഭവിക്കുകയും ഭയക്കുകയും ചെയ്യുന്ന ഈ ഉപദ്രവത്തിൽ നിന്ന് ഞാൻ അവനോട് രക്ഷ ചോദിക്കുന്നു."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2202]
ഉഥ്മാൻ ബ്നു അബിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- വിനെ മരണത്തിലേക്ക് എത്തിച്ചേക്കാവുന്ന വിധത്തിൽ ശക്തമായ ഒരു വേദന പിടികൂടി. അപ്പോൾ നബി -ﷺ- അദ്ദേഹത്തെ സന്ദർശിക്കാൻ വന്നെത്തുകയും, അദ്ദേഹത്തെ ബാധിച്ചിരിക്കുന്ന രോഗം അല്ലാഹു നീക്കിക്കൊടുക്കാൻ വേണ്ടി ഒരു ദുആ അദ്ദേഹത്തിന് പഠിപ്പിക്കുകയും ചെയ്തു. തൻ്റെ കൈ വേദനയുള്ള ഭാഗത്ത് വെച്ചു കൊണ്ട് മൂന്ന് തവണ ബിസ്മില്ലാഹ് എന്ന് പറയുവാനും, ശേഷം ഈ ആശയം വരുന്ന ദുആ ചൊല്ലുവാനും നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: അല്ലാഹുവിനെ കൊണ്ടും അവൻ്റെ ശക്തിയെ കൊണ്ടും എന്നെ നിലവിൽ ബാധിച്ചിരിക്കുന്ന ഈ വേദനയിൽ നിന്നും, അതു കാരണമായി ഭാവിയിൽ എന്നെ ബാധിച്ചേക്കാവുന്ന ഭയത്തിൽ നിന്നും ദുഃഖത്തിൽ നിന്നും, ഈ രോഗം തുടർന്നു പോയേക്കാവുന്നതിൽ നിന്നും അതിൻ്റെ വേദന ശരീരത്തിൽ വ്യാപിച്ചേക്കാവുന്നതിൽ നിന്നും ഞാൻ അഭയം തേടുകയും രക്ഷ ചോദിക്കുകയും ചെയ്യുന്നു.