«أَيُّهَا النَّاسُ، إِنَّ اللهَ طَيِّبٌ لَا يَقْبَلُ إِلَّا طَيِّبًا، وَإِنَّ اللهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ، فَقَالَ: {يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا، إِنِّي بِمَا تَعْمَلُونَ عَلِيمٌ} [المؤمنون: 51] وَقَالَ: {يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ} [البقرة: 172] ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ، يَمُدُّ يَدَيْهِ إِلَى السَّمَاءِ: يَا رَبِّ، يَا رَبِّ، وَمَطْعَمُهُ حَرَامٌ، وَمَشْرَبُهُ حَرَامٌ، وَمَلْبَسُهُ حَرَامٌ، وَغُذِيَ بِالْحَرَامِ، فَأَنَّى يُسْتَجَابُ لِذَلِكَ؟».
[صحيح] - [رواه مسلم] - [صحيح مسلم: 1015]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ജനങ്ങളേ! തീർച്ചയായും അല്ലാഹു അതീവ പരിശുദ്ധൻ (ത്വയ്യിബ്) ആകുന്നു. പരിശുദ്ധമായതല്ലാതെ അവൻ സ്വീകരിക്കുകയില്ല. തൻ്റെ ദൂതന്മാരോട് കൽപ്പിച്ച അതേ കാര്യം അല്ലാഹു എല്ലാ മുഅ്മിനീങ്ങളോടും കൽപ്പിച്ചിരിക്കുന്നു. അല്ലാഹു (അവൻ്റെ ദൂതന്മാരോടായി) പറഞ്ഞു: "ഹേ; ദൂതന്മാരേ, വിശിഷ്ടവസ്തുക്കളിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുവിൻ. തീർച്ചയായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു." (മുഅ്മിനൂൻ: 51) അല്ലാഹു (മുഅ്മിനീങ്ങളോടായി) പറഞ്ഞു: "സത്യവിശ്വാസികളേ, നിങ്ങൾക്ക് നാം നല്കിയ വസ്തുക്കളിൽ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക." (അൽ ബഖറ: 172) ശേഷം നബി -ﷺ- ഒരു വ്യക്തിയെ കുറിച്ച് പറഞ്ഞു. അയാൾ ദീർഘദൂരം യാത്ര ചെയ്തിരിക്കുന്നു; അയാളുടെ മുടി ജഢ കുത്തുകയും, (ശരീരമാസകലം) പൊടിപുരളുകയും ചെയ്തിരിക്കുന്നു. ആകാശത്തേക്ക് കൈകളുയർത്തി കൊണ്ട് അയാൾ "എൻ്റെ രക്ഷിതാവേ! എൻ്റെ രക്ഷിതാവേ!" എന്ന് പറയുന്നുണ്ട്. എന്നാൽ അവൻ ഭക്ഷിച്ചത് നിഷിദ്ധമാണ്, അവൻ്റെ വസ്ത്രവും നിഷിദ്ധമാണ്; അവൻ്റെ പാനീയവും നിഷിദ്ധമാണ്. അവൻ നിഷിദ്ധമുണ്ട് വളർന്നവനാണ്. അപ്പോൾ എങ്ങനെയാണ് ആ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുക?!"
അല്ലാഹു പരമപരിശുദ്ധനും എല്ലാ ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും മുക്തനും എല്ലാ പൂർണ്ണതകളും ഉള്ളവനുമാണെന്നും നബി -ﷺ- അറിയിക്കുന്നു. അതിനാൽ അല്ലാഹു പരിശുദ്ധമായ പ്രവർത്തനങ്ങളും വിശ്വാസങ്ങളും വാക്കുകളുമല്ലാതെ സ്വീകരിക്കുന്നതല്ല. അല്ലാഹുവിനെ മാത്രം ഉദ്ദേശിച്ചു കൊണ്ട് നിഷ്കളങ്കമായി പ്രവർത്തിക്കുകയും, നബി -ﷺ- യുടെ മാതൃകയോട് യോജിക്കുന്നതുമായ പ്രവൃത്തിയാണ് ഏറ്റവും ശുദ്ധമായ പ്രവൃത്തി. അതിനാൽ ഒരാൾ അല്ലാഹുവിലേക്ക് സാമീപ്യം ആഗ്രഹിക്കുന്നതും അന്വേഷിക്കുന്നതും ഈ രൂപത്തിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് മാത്രമായിരിക്കണം. ഒരു മുഅ്മിനിന് തൻ്റെ പ്രവർത്തനങ്ങൾ പരിശുദ്ധമാക്കാൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം അവൻ്റെ ഭക്ഷണം പരിശുദ്ധമാക്കുക എന്നതും, ഹലാലായ (അനുവദനീയമായ) മാർഗത്തിൽ നിന്നാവുക എന്നതുമാണ്. ഇതു കൊണ്ട് തന്നെ, അല്ലാഹു തൻ്റെ മുർസലുകളോട് കൽപ്പിച്ച അതേ കാര്യം മുഅ്മിനുകളായ എല്ലാ അടിമകളോടും കൽപ്പിച്ചതായി കാണാം. അല്ലാഹു (അവൻ്റെ റസൂലുകളോട്) പറഞ്ഞിരിക്കുന്നു: "വിശിഷ്ടവസ്തുക്കളിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുവിൻ. തീർച്ചയായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു." (മുഅ്മിനൂൻ: 51) അല്ലാഹു (മുഅ്മിനീങ്ങളോടായി) പറഞ്ഞു: "നിങ്ങൾക്ക് നാം നല്കിയ വസ്തുക്കളിൽ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക." (ബഖറ: 172)
നബി ﷺ ഇത്രയും പറഞ്ഞതിന് ശേഷം പ്രവർത്തനങ്ങളെ നശിപ്പിക്കുകയും അവ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടാൻ വേണ്ടി എത്ര ശ്രമിച്ചാലും അതിനെയെല്ലാം നിഷ്ഫലമാക്കുകയും ചെയ്യുന്ന തിന്മയിൽ നിന്ന് -ഹറാം ഭക്ഷിക്കുന്നതിൽ നിന്ന്- താക്കീത് നൽകുന്നു. (അവിടുന്ന് ഇത് ബോധ്യപ്പെടുത്താനായി പറഞ്ഞ ആ വ്യക്തിയുടെ ഉദാഹരണത്തിൽ നന്മ സ്വീകരിക്കാൻ കാരണമാകുന്ന ധാരാളം കാര്യങ്ങളുണ്ട്;) അവയിൽ പെട്ടതാണ്:
ഒന്ന്: ഹജ്ജ്, ജിഹാദ്, കുടുംബബന്ധം ചേർക്കൽ എന്നിങ്ങനെയുള്ള ഉദ്ദേശ്യവുമായി വിദൂര യാത്രയിലായിരിക്കുക എന്നത്.
രണ്ട്: അയാളുടെ മുടി ചീകാൻ കഴിയാത്തതിനാൽ ജട പിടിക്കുകയും, മണ്ണും പൊടിയുമേറ്റ് അയാളുടെ വസ്ത്രവും ശരീരവും നിറംമാറുകയും ചെയ്തിരിക്കുന്നു എന്നതിനാൽ അയാൾ അതീവ പ്രയാസത്തിൽ അകപ്പെട്ട വ്യക്തിയാണെന്ന് മനസ്സിലാക്കാം. (ഇതും നന്മ സ്വീകരിക്കപ്പെടാൻ സഹായിക്കുന്ന കാരണമാണ്.)
മൂന്ന്: തൻ്റെ പ്രാർത്ഥന സ്വീകരിക്കാനായി അയാൾ കൈകൾ ആകാശത്തേക്ക് ഉയർത്തിയിരിക്കുന്നു.
നാല്: 'എൻ്റെ റബ്ബേ! എൻ്റെ റബ്ബേ!' എന്നു വിളിച്ചു കൊണ്ട്, അല്ലാഹുവിൻ്റെ നാമങ്ങൾ മുൻനിർത്തിയാണ് അയാൾ പ്രാർത്ഥിക്കുന്നത്. ഇത് പ്രാർത്ഥന സ്വീകരിക്കപ്പെടാൻ സഹായിക്കുന്ന കാര്യമാണ്.
എന്നാൽ പ്രാർത്ഥന സ്വീകരിക്കപ്പെടാൻ സഹായിക്കുന്ന ഈ കാര്യങ്ങളെല്ലാം ഉണ്ടായിട്ടും അയാളുടെ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെട്ടില്ല. അതിൻ്റെ കാരണമായി നബി -ﷺ- പറഞ്ഞത്, അയാളുടെ ഭക്ഷണവും പാനീയവും വസ്ത്രവുമെല്ലാം ഹറാമായിരുന്നു എന്നതാണ്. ഹറാമിൽ മുങ്ങിക്കുളിച്ച നിലയിലുള്ള ഈ മനുഷ്യൻ്റെ പ്രാർത്ഥന സ്വീകരിക്കപ്പെടാനുള്ള സാധ്യത അതിവിദൂരമാണ് എന്നതിനാൽ, എങ്ങനെ അവൻ്റെ പ്രാർത്ഥന സ്വീകരിക്കപ്പെടും? എന്ന് നബി -ﷺ- ആശ്ചര്യത്തോടെ ചോദിക്കുന്നു.