عن جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا، قَالَ:
كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُعَلِّمُنَا الِاسْتِخَارَةَ فِي الْأُمُورِ كَمَا يُعَلِّمُنَا السُّورَةَ مِنَ الْقُرْآنِ، يَقُولُ: «إِذَا هَمَّ أَحَدُكُمْ بِالْأَمْرِ فَلْيَرْكَعْ رَكْعَتَيْنِ مِنْ غَيْرِ الْفَرِيضَةِ، ثُمَّ لِيَقُلِ: اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ، فَإِنَّكَ تَقْدِرُ وَلَا أَقْدِرُ، وَتَعْلَمُ وَلَا أَعْلَمُ، وَأَنْتَ عَلَّامُ الْغُيُوبِ، اللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الْأَمْرَ خَيْرٌ لِي فِي دِينِي، وَمَعَاشِي، وَعَاقِبَةِ أَمْرِي» أَوْ قَالَ: «عَاجِلِ أَمْرِي وَآجِلِهِ، فَاقْدُرْهُ لِي وَيَسِّرْهُ لِي ثُمَّ بَارِكْ لِي فِيهِ، وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الْأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي» أَوْ قَالَ: «فِي عَاجِلِ أَمْرِي وَآجِلِهِ، فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ، وَاقْدُرْ لِي الْخَيْرَ حَيْثُ كَانَ، ثُمَّ أَرْضِنِي» قَالَ: «وَيُسَمِّي حَاجَتَه».
[صحيح] - [رواه البخاري] - [صحيح البخاري: 1162]
المزيــد ...
ജാബിർ ബ്നു അബ്ദില്ല (റമ) നിവേദനം:
നബി (സ) ഖുർആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നത് പോലെ ഞങ്ങൾക്ക് ഇസ്തിഖാറഃ പഠിപ്പിക്കാറുണ്ടായിരുന്നു. അവിടുന്ന് പറയുമായിരുന്നു: "നിങ്ങളിലാരെങ്കിലും ഒരു കാര്യം തീരുമാനിച്ചാൽ അവൻ നിർബന്ധ നിസ്കാരമല്ലാത്ത രണ്ട് റക്അത്ത് നിസ്കരിക്കുകയും, ശേഷം ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യട്ടെ:
"അല്ലാഹുവേ! നിൻ്റെ അറിവ് കൊണ്ട് ഞാൻ നിന്നോട് അഭിപ്രായം തേടുകയും, നിൻ്റെ ശക്തി കൊണ്ട് ഞാൻ ശക്തി തേടുകയും ചെയ്യുന്നു. നിൻ്റെ മഹത്തരമായ ഔദാര്യത്തിൽ നിന്ന് ഞാൻ തേടുകയും ചെയ്യുന്നു. നീയാകുന്നു ശക്തിയുള്ളവൻ; ഞാൻ ശക്തിയില്ലാത്തവനും. നീയാകുന്നു എല്ലാം അറിയുന്നവൻ; ഞാൻ അറിവില്ലാത്തവനും. നീ എല്ലാ അദൃശ്യങ്ങളും അങ്ങേയറ്റം അറിയുന്നവനാകുന്നു.
അല്ലാഹുവേ! ഈ കാര്യം എൻ്റെ ദീനിലും എൻ്റെ ജീവിതത്തിലും എൻ്റെ കാര്യങ്ങളുടെ പര്യവസാനത്തിലും -(അതല്ലെങ്കിൽ ഇപ്രകാരമാണോ അവിടുന്ന് പറഞ്ഞത് എന്ന സംശയമുണ്ട്) എൻ്റെ ഐഹികവും പാരത്രികവുമായ കാര്യത്തിലും- എനിക്ക് ഉത്തമമാണെന്ന് നിനക്ക് അറിയുമെങ്കിൽ അക്കാര്യം നീ എനിക്ക് വിധിക്കുകയും അത് നീ എനിക്ക് എളുപ്പമാക്കുകയും, ശേഷം അതിൽ എനിക്ക് നീ ബറകത്ത് (അനുഗ്രഹം) ചൊരിയുകയും ചെയ്യേണമേ!
ഇക്കാര്യം എൻ്റെ ദീനിലും എൻ്റെ ജീവിതത്തിലും എൻ്റെ കാര്യങ്ങളുടെ പര്യവസാനത്തിലും -(അതല്ലെങ്കിൽ ഇപ്രകാരമാണോ അവിടുന്ന് പറഞ്ഞത് എന്ന സംശയമുണ്ട്) എൻ്റെ ഐഹികവും പാരത്രികവുമായ കാര്യത്തിലും- എനിക്ക് ഉപദ്രവകരമാണെന്ന് നിനക്ക് അറിയുമെങ്കിൽ അതിനെ എന്നിൽ നിന്നും, എന്നെ അതിൽ നിന്നും നീ അകറ്റുകയും, എവിടെയാണെങ്കിലും നീ എനിക്ക് ഏറ്റവും ഉത്തമമായത് വിധിക്കുകയും, ശേഷം എനിക്ക് അതിൽ തൃപ്തി വരുത്തുകയും ചെയ്യേണമേ!" നബി (സ) പറഞ്ഞു: "തൻ്റെ ആവശ്യം അവൻ പേരെടുത്ത് പറയുകയും ചെയ്യട്ടെ."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 1162]
ഒരു കാര്യത്തിലേക്ക് ഇറങ്ങിത്തിരിക്കുന്ന വേളയിൽ അതിൽ ഏതാണ് ശരിയായ രീതിയെന്ന് അറിയില്ലെങ്കിൽ ഒരു മുസ്‌ലിം 'ഇസ്തിഖാറത്തിൻ്റെ നിസ്കാരം' നിർവ്വഹിക്കണമെന്ന് നബി (സ) ഈ ഹദീഥിൽ പഠിപ്പിക്കുന്നു. അവിടുന്ന് ഖുർആനിലെ ഒരു സൂറത്ത് പഠിപ്പിച്ചു നൽകുന്നത് പോലെ, അവർക്ക് ഇസ്തിഖാറത്തിൻ്റെ നിസ്കാരം പഠിപ്പിക്കാറുണ്ടായിരുന്നു. നിർബന്ധമായ ഫർദ്വ് നിസ്കാരമല്ലാത്ത, ഐഛികമായ രണ്ട് റക്അത്തുകൾ നിസ്കരിക്കുകയും, ശേഷം ഹദീഥിൽ പഠിപ്പിക്കപ്പെട്ട പ്രാർത്ഥന ചൊല്ലുകയുമാണ് അവൻ ചെയ്യേണ്ടത്. "അല്ലാഹുവേ! നിൻ്റെ അറിവ് കൊണ്ട് ഞാൻ നിന്നോട് അഭിപ്രായം തേടുന്നു." അതായത് എല്ലാ വസ്തുക്കളെയും ചൂഴ്ന്നു നിൽക്കുന്ന നിൻ്റെ വിജ്ഞാനം കൊണ്ട്, രണ്ട് വഴികളിൽ ഏറ്റവും ഉത്തമമായതിലേക്ക് വഴികാണിക്കാൻ ഞാൻ നിന്നോട് തേടുന്നു. "നിൻ്റെ ശക്തി കൊണ്ട് ഞാൻ ശക്തി തേടുകയും ചെയ്യുന്നു." എനിക്ക് നീ ശക്തി പകരണമെന്നും ഞാൻ നിന്നോട് തേടുന്നു. കാരണം നിന്നെ കൊണ്ടല്ലാതെ ഒരു ശേഷിയോ ശക്തിയോ എനിക്കില്ല. നിൻ്റെ ശക്തി സമ്പൂർണ്ണമായി നടപ്പിലാക്കപ്പെടുന്നതാകുന്നു; നിനക്ക് അസാധ്യമായ യാതൊന്നുമില്ല. "നിൻ്റെ മഹത്തരമായ ഔദാര്യത്തിൽ നിന്ന് ഞാൻ തേടുകയും ചെയ്യുന്നു." നിൻ്റെ അതിവിശാലമായ നന്മയിൽ നിന്നും ഞാൻ നിന്നോട് ചോദിക്കുന്നു. നീ നൽകിയതെല്ലാം നിൻ്റെ ഔദാര്യം മാത്രമാകുന്നു. ഒരു അനുഗ്രഹവും നിൻ്റെ മുന്നിൽ ആർക്കും അവകാശമായുള്ളതല്ല. "നീയാകുന്നു ശക്തിയുള്ളവൻ; ഞാൻ ശക്തിയില്ലാത്തവനും." നീ എല്ലാത്തിനും കഴിവുള്ളവനാകുന്നു. ഞാനാകട്ടെ, ദുർബലനും അശക്തനുമാകുന്നു. നിൻ്റെ സഹായമില്ലാതെ എനിക്ക് യാതൊന്നും സാധ്യമല്ല. "നീയാകുന്നു എല്ലാം അറിയുന്നവൻ." എല്ലാത്തിനെയും ചൂഴ്ന്നു നിൽക്കുന്നതും പ്രകടവും അദൃശ്യവുമായതും നന്മയും തിന്മയും നീ അറിയുന്നു. "ഞാൻ അറിവില്ലാത്തവനും." നീ വഴികാട്ടുകയോ മാർഗദർശനം നൽകുകയോ ചെയ്യാതെ ഒരു കാര്യവും അറിയാൻ എനിക്ക് സാധ്യമല്ല. "നീ എല്ലാ അദൃശ്യങ്ങളും അങ്ങേയറ്റം അറിയുന്നവനാകുന്നു." നിനക്കാകുന്നു സർവ്വ അറിവുമുള്ളത്. നിനക്കാകുന്നു എല്ലാം സാധ്യമാക്കാൻ കഴിയുന്ന ശക്തിയുള്ളത്. നിനക്ക് പുറമെയുള്ള ഏതൊരാൾക്കും നീ വിധിച്ചതും ശക്തി നൽകിയതുമല്ലാത്ത ഒരു കാര്യവും സാധ്യമല്ല. ഇത്രയും പറഞ്ഞതിന് ശേഷം തൻ്റെ രക്ഷിതാവായ അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടും, തൻ്റെ ആവശ്യം എടുത്തു പറഞ്ഞു കൊണ്ടും അവൻ പ്രാർത്ഥിക്കണം. "അല്ലാഹുവേ!" എൻ്റെ കാര്യങ്ങളെല്ലാം ഞാൻ നിന്നെ ഏൽപ്പിച്ചിരിക്കുന്നു. "ഈ കാര്യം..." ഇവിടെ തൻ്റെ ആവശ്യമെന്താണോ, അത് അവൻ എടുത്തു പറയണം. ഉദാഹരണത്തിന് 'ഈ വീട് വാങ്ങുന്നത്', അല്ലെങ്കിൽ 'ഈ സ്ത്രീയെ വിവാഹം കഴിക്കുന്നത്' എന്നിങ്ങനെ പറയണം. "എൻ്റെ ദീനിലും..." ദീൻ നന്നാവുക എന്നതിലാണ് ഒരാളുടെ എല്ലാ സുരക്ഷയുമുള്ളത്. "എൻ്റെ ജീവിതത്തിലും എൻ്റെ കാര്യങ്ങളുടെ പര്യവസാനത്തിലും..." ദുൻയാവിൻ്റെ കാര്യത്തിലും എൻ്റെ കാര്യങ്ങളുടെ അന്ത്യത്തിലും എന്നർത്ഥം. -(അതല്ലെങ്കിൽ ഇപ്രകാരമാണോ അവിടുന്ന് പറഞ്ഞത് എന്ന സംശയമുണ്ട്) എൻ്റെ ഐഹികവും പാരത്രികവുമായ കാര്യത്തിലും- എനിക്ക് ഉത്തമമാണെന്ന് നിനക്ക് അറിയുമെങ്കിൽ അക്കാര്യം നീ എനിക്ക് വിധിക്കുകയും അത് നീ എനിക്ക് എളുപ്പമാക്കുകയും, ശേഷം അതിൽ എനിക്ക് നീ ബറകത്ത് (അനുഗ്രഹം) ചൊരിയുകയും ചെയ്യേണമേ!" അതായത് അക്കാര്യം നീ എനിക്ക് നടപ്പാക്കി തരികയും എളുപ്പമാക്കുകയും അതിലുള്ള നന്മ അധികരിപ്പിക്കുകയും ചെയ്യേണമേ! "ഇക്കാര്യം എൻ്റെ ദീനിലും എൻ്റെ ജീവിതത്തിലും എൻ്റെ കാര്യങ്ങളുടെ പര്യവസാനത്തിലും -(അതല്ലെങ്കിൽ ഇപ്രകാരമാണോ അവിടുന്ന് പറഞ്ഞത് എന്ന സംശയമുണ്ട്) എൻ്റെ ഐഹികവും പാരത്രികവുമായ കാര്യത്തിലും- എനിക്ക് ഉപദ്രവകരമാണെന്ന് നിനക്ക് അറിയുമെങ്കിൽ അതിനെ എന്നിൽ നിന്നും, എന്നെ അതിൽ നിന്നും നീ അകറ്റുകയും, എവിടെയാണെങ്കിലും നീ എനിക്ക് ഏറ്റവും ഉത്തമമായത് വിധിക്കുകയും, ശേഷം അതിൽ നീ എനിക്ക് തൃപ്തി വരുത്തുകയും ചെയ്യേണമേ!" നിൻ്റെ വിധിയിൽ എനിക്ക് ഇഷ്ടമുള്ളതും അനിഷ്ടകരമായതും തൃപ്തിപ്പെടുന്നവനാക്കണേ എന്നർത്ഥം.