عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا عَنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِيمَا يَرْوِي عَنْ رَبِّهِ تَبَارَكَ وَتَعَالَى، قَالَ:
«إنَّ اللهَ كَتَبَ الحَسَنَاتِ وَالسَّيِّئَاتِ، ثُمَّ بَيَّنَ ذَلِكَ، فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا؛ كَتَبَهَا اللهُ عِنْدَهُ حَسَنَةً كَامِلَةً، وَإِنْ هَمَّ بِهَا فَعَمِلَهَا؛ كَتَبَهَا اللهُ عِنْدَهُ عَشْرَ حَسَنَاتٍ إلَى سَبْعِمِائَةِ ضِعْفٍ إلَى أَضْعَافٍ كَثِيرَةٍ، وَإِنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا؛ كَتَبَهَا اللهُ عِنْدَهُ حَسَنَةً كَامِلَةً، وَإِنْ هَمَّ بِهَا فَعَمِلَهَا؛ كَتَبَهَا اللهُ سَيِّئَةً وَاحِدَةً».
[صحيح] - [رواه البخاري ومسلم في صحيحيهما بهذه الحروف] - [الأربعون النووية: 37]
المزيــد ...
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ തൻ്റെ രക്ഷിതാവായ അല്ലാഹുവിൽ നിന്ന് അറിയിക്കുന്നു:
"തീർച്ചയായും അല്ലാഹു നന്മകളും തിന്മകളും രേഖപ്പെടുത്തുകയും, പിന്നീട് അവ വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. ആരെങ്കിലും ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും, പിന്നീട് അത് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ പൂർണ്ണമായ ഒരു നന്മയായി അല്ലാഹു അത് അവൻ്റെ പക്കൽ രേഖപ്പെടുത്തും. ഇനി അവൻ ആ നന്മ ഉദ്ദേശിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്താൽ, അല്ലാഹു അവൻ്റെയരികിൽ അയാൾക്കായി പത്ത് നന്മകൾ മുതൽ എഴുന്നൂറ് ഇരട്ടിയും അതിലുമധികം മടങ്ങുകളായും ആ നന്മ രേഖപ്പെടുത്തുന്നതാണ്. ഒരാൾ ഒരു തിന്മ ഉദ്ദേശിക്കുകയും അത് അവൻ ചെയ്യാതെ (ഉപേക്ഷിക്കുകയും) ചെയ്താൽ അല്ലാഹു അത് അവൻ്റെയരികിൽ ഒരു നന്മയായി രേഖപ്പെടുത്തുന്നതാണ്. ഇനി അവൻ തിന്മ ഉദ്ദേശിക്കുകയും, പ്രവർത്തിക്കുകയും ചെയ്താലാകട്ടെ, ഒരു തിന്മ മാത്രമായി അവനത് രേഖപ്പെടുത്തും."
[സ്വഹീഹ്] - [رواه البخاري ومسلم في صحيحيهما بهذه الحروف] - [الأربعون النووية - 37]
അല്ലാഹു നന്മകളും തിന്മകളും കൃത്യമായി നിർണ്ണയിക്കുകയും, ശേഷം അവ എങ്ങനെ രേഖപ്പെടുത്തണം എന്ന് രണ്ട് മലക്കുകൾക്ക് (നന്മ തിന്മകൾ രേഖപ്പെടുത്തുന്ന മലക്കുകൾക്ക്) വിവരിച്ചു കൊടുക്കുകയും ചെയ്തതായി നബി ﷺ അറിയിക്കുന്നു.
ആരെങ്കിലും ഒരു നന്മ ഉദ്ദേശിക്കുകയും, അത് ചെയ്യണമെന്ന ഉറച്ച തീരുമാനമെടുക്കുകയും ചെയ്താൽ -ആ നന്മ പ്രവർത്തിച്ചിട്ടില്ലെങ്കിൽ കൂടി- അവന് അതൊരു നന്മയായി രേഖപ്പെടുത്തപ്പെടുന്നതാണ്. ഇനി ആ നന്മ അവൻ പ്രവർത്തിക്കുകയാണെങ്കിലോ; പത്ത് ഇരട്ടി മുതൽ എഴുന്നൂറ് ഇരട്ടി വരെയും, അതിലധികമായും അല്ലാഹു ആ നന്മ രേഖപ്പെടുത്തുന്നതാണ്. ഹൃദയത്തിലുള്ള നിഷ്കളങ്കതയുടെയും അല്ലാഹുവിൻ്റെ പ്രീതി മാത്രം ഉദ്ദേശിക്കുന്നതിലുള്ള ശക്തിയുടെയും, ചെയ്ത നന്മ കൊണ്ട് മറ്റുള്ളവർക്ക് ലഭിച്ച പ്രയോജനത്തിൻ്റെയും മറ്റുമെല്ലാം അടിസ്ഥാനത്തിലാണ് നന്മയുടെ പ്രതിഫലത്തിന് വർദ്ധനവ് നൽകപ്പെടുക.
ഇനി ഒരാൾ തിന്മ പ്രവർത്തിക്കാൻ ഉദ്ദേശിക്കുകയും അതിനായി ഉറച്ച തീരുമാനമെടുക്കുകയും, പിന്നീട് അത് അല്ലാഹുവിന് വേണ്ടി ഉപേക്ഷിക്കുകയും ചെയ്താൽ അതും അവന് ഒരു നന്മയായി രേഖപ്പെടുത്തപ്പെടും. എന്നാൽ തിന്മയിലേക്ക് എത്തിക്കുന്ന കാരണങ്ങൾ ചെയ്യാൻ സാധിക്കാത്തവണ്ണം തിരക്കുകൾ ബാധിച്ചതിനാലോ മറ്റോ ആണ് അതിൽ നിന്ന് അവൻ അകലം പാലിച്ചത് എങ്കിൽ അവന് യാതൊന്നും രേഖപ്പെടുത്തപ്പെടുന്നതല്ല. ഇനി എല്ലാ വഴികളും സ്വീകരിച്ചതിന് ശേഷവും അവന് ആ തിന്മ ചെയ്യാൻ കഴിയാതെ പോയതാണെങ്കിൽ തിന്മ പ്രവർത്തിക്കാൻ വേണ്ടിയുള്ള മനസ്സിൻ്റെ തീരുമാനം ഒരു തിന്മയായി രേഖപ്പെടുത്തപ്പെടുന്നതാണ്. ആ തിന്മ അവൻ പ്രവർത്തിച്ചാലാകട്ടെ, ഒരു തിന്മയായി അവൻ്റെ മേൽ അത് രേഖപ്പെടുത്തപ്പെടുന്നതാണ്.