عَنْ إِبرَاهِيمَ النَّخَعِيِّ عَنْ هَمَّامِ بنِ الحَارِثِ قَالَ:
بَالَ جَرِيرٌ، ثُمَّ تَوَضَّأَ، وَمَسَحَ عَلَى خُفَّيْهِ، فَقِيلَ: تَفْعَلُ هَذَا؟ فَقَالَ: نَعَمْ، رَأَيْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بَالَ، ثُمَّ تَوَضَّأَ وَمَسَحَ عَلَى خُفَّيْهِ. قَالَ الأَعْمَشُ: قَالَ إِبْرَاهِيمُ: كَانَ يُعْجِبُهُمْ هَذَا الحَدِيثُ؛ لِأَنَّ إِسْلَامَ جَرِيرٍ، كَانَ بَعْدَ نُزُولِ المَائِدَةِ.

[صحيح] - [متفق عليه] - [صحيح مسلم: 272]
المزيــد ...

ഇബ്‌റാഹീം അൻ-നഖഈ -رَحِمَهُ اللَّهُ- നിവേദനം: ഹമ്മാം ഇബ്നുൽ ഹാരിഥ് -رَحِمَهُ اللَّهُ- പറഞ്ഞു:
ജരീർ -رَضِيَ اللَّهُ عَنْهُ- മൂത്രമൊഴിക്കുകയും ശേഷം വുദൂഅ് നിർവ്വഹിക്കുകയും തന്റെ ഇരു ഖുഫ്ഫകൾക്ക് (കാലുറകൾക്ക്) മീതെ തടവുകയും ചെയ്തു. അപ്പോൾ (അദ്ദേഹത്തോട്) ചോദിക്കപ്പെട്ടു: "താങ്കൾ ഇങ്ങനെ ചെയ്യുന്നുവോ?" അദ്ദേഹം പറഞ്ഞു: "അതെ, അല്ലാഹുവിൻ്റെ റസൂൽ -صَلَّى اللهُ عَلَيْهِ وَسَلَّمَ- മൂത്രമൊഴിക്കുകയും ശേഷം വുദൂഅ് ചെയ്ത് തന്റെ ഇരു ഖുഫ്ഫകൾക്ക് മീതെ തടവുകയും ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്." അഅ്മശ് -رَحِمَهُ اللَّهُ- പറഞ്ഞു: ഇബ്‌റാഹീം -رَحِمَهُ اللَّهُ- പറയുമായിരുന്നു: "അവർക്ക് (പണ്ഡിതന്മാർക്ക്) ഈ ഹദീഥ് വളരെ പ്രിയങ്കരമായിരുന്നു.കാരണം, ജരീർ -رَضِيَ اللَّهُ عَنْهُ- ഇസ്‌ലാം സ്വീകരിച്ചത് സൂറത്തുൽ മാഇദ അവതരിച്ചതിന് ശേഷമായിരുന്നു."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 272]

വിശദീകരണം

ജരീർ ഇബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- മൂത്രമൊഴിക്കുകയും ശേഷം അദ്ദേഹം വുദൂഅ് നിർവ്വഹിക്കുകയും, കാലുകൾ കഴുകുന്നതിന് പകരം ഖുഫ്ഫകൾക്ക് (കാലുറകൾക്ക്) മീതെ തടവിക്കൊണ്ട് മതിയാക്കുകയും ചെയ്തു. അപ്പോൾ ചുറ്റുമുള്ളവർ അദ്ദേഹത്തോട് ചോദിച്ചു: "താങ്കൾ ഇങ്ങനെ ചെയ്യുന്നുവോ?!" (കാല് കഴുകുകയല്ലേ വേണ്ടത് എന്ന അർത്ഥത്തിൽ). അദ്ദേഹം പറഞ്ഞു: "അതെ, നബി -صَلَّى اللهُ عَلَيْهِ وَسَلَّمَ- മൂത്രമൊഴിക്കുകയും ശേഷം വുദൂഅ് എടുത്ത് തന്റെ ഖുഫ്ഫകൾക്ക് മീതെ തടവുകയും ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്." ജരീർ -رَضِيَ اللَّهُ عَنْهُ- ഇസ്‌ലാം സ്വീകരിച്ചത് ഏറെ വൈകിയായിരുന്നു; വുദൂഇന്റെ ആയത്തുകൾ അടങ്ങിയ സൂറത്തുൽ മാഇദ അവതരിച്ചതിന് ശേഷമായിരുന്നു അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. ഖുഫ്ഫകൾക്ക് മീതെ തടവുക എന്ന വിധി വുദൂഇൻ്റെ ഈ ആയത്ത് മുഖേന ദുർബലപ്പെടുത്തപ്പെട്ടിട്ടില്ല. (മൻസൂഖ് ആയിട്ടില്ല) എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നബിയുടെ -صَلَّى اللهُ عَلَيْهِ وَسَلَّمَ- സുന്നത്ത് പിൻപറ്റുന്നതിൽ സ്വഹാബികളും താബിഉകളും കാണിച്ചിരുന്ന അതിയായ താൽപ്പര്യം.
  2. ഇമാം നവവി -رَحِمَهُ اللَّهُ- പറഞ്ഞു: "ഇജ്മാഇൻ്റെ കാര്യത്തിൽ പരിഗണിക്കപ്പെടാവുന്ന എല്ലാവരും തന്നെ, യാത്രയിലായിരിക്കുമ്പോഴും നാട്ടിലായിരിക്കുമ്പോഴും ഖുഫ്ഫകൾക്ക് മീതെ തടവാം എന്ന കാര്യത്തിൽ ഏകോപിച്ചിരിക്കുന്നു. ഖുഫ്ഫയുടെ മേൽ തടവേണ്ട പ്രത്യേക സാഹചര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും അപ്രകാരം ചെയ്യുന്നതിൽ തെറ്റില്ല. വീട്ടിൽ തന്നെ ഇരിക്കുന്ന സ്ത്രീക്കും നടക്കാൻ കഴിയാത്ത രോഗിക്കും വരെ ഖുഫ്ഫയുടെ മേൽ തടവുന്നത് അനുവദനീയമാണ്."
  3. ജരീർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- വിന്റെ ശ്രേഷ്ഠത. അദ്ദേഹം വിശാലമനസ്കനായിരുന്നു. തന്റെ ശിഷ്യന്മാർ അദ്ദേഹത്തിൻ്റെ പ്രവർത്തിയെ ചോദ്യം ചെയ്ത വിധത്തിൽ സംസാരിച്ചപ്പോൾ, -അബദ്ധം അവരുടെ ഭാഗത്തായിട്ടു കൂടി- അദ്ദേഹം അത് ക്ഷമയോടെ കേട്ടു.
  4. ഖുഫ്ഫകൾക്ക് മീതെ തടവുന്നതിനെ നിഷേധിക്കുകയും, അത് ദുർബലപ്പെടുത്തപ്പെട്ട (മൻസൂഖ്) വിധിയാണെന്ന് വാദിക്കുകയും ചെയ്യുന്നവർക്കുള്ള മറുപടി. കാരണം, ജരീർ -رَضِيَ اللَّهُ عَنْهُ- വിന്റെ ഹദീസ് വുദൂഇന്റെ ആയത്ത് അവതരിച്ചതിന് ശേഷമുള്ളതാണ്.
  5. ആരെങ്കിലും താൻ ചെയ്യുന്ന ഒരു കാര്യത്തെ എതിർത്താൽ - താൻ ചെയ്യുന്നത് ശരിയാണെന്ന് ഉത്തമബോധ്യമുണ്ടെങ്കിൽ പോലും - എതിർക്കുന്നവരോട് ദേഷ്യപ്പെടാൻ പാടില്ലെന്ന പാഠം ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. മറിച്ച്, അവർ മനസ്സിലാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് അവർ തന്നോട് ചോദിക്കുന്നത് എന്ന് മനസ്സിലാക്കുകയും, താൻ അത് ചെയ്യുന്നതിനുള്ള പ്രമാണം ഇന്നതാണ് എന്ന് ഏറ്റവും നല്ല രീതിയിൽ അവർക്ക് വിശദീകരിച്ചു കൊടുക്കുകയുമാണ് വേണ്ടത്.
  6. ആയത്തിന്റെയും ഹദീഥിൻ്റെയും അവതരണ കാലഘട്ടത്തിൻ്റെ അടിസ്ഥാനത്തിൽ വിഷയങ്ങൾക്ക് തെളിവ് പിടിക്കുക എന്ന രീതി ഈ ഹദീഥിലുണ്ട്.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി റഷ്യ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية الجورجية المقدونية الخميرية البنجابية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ