عَنْ زِرِّ بْنِ حُبَيْشٍ قَالَ:
أَتَيْتُ صَفْوَانَ بْنَ عَسَّالٍ المُرَادِيَّ، أَسْأَلُهُ عَنِ المَسْحِ عَلَى الخُفَّيْنِ، فَقَالَ: مَا جَاءَ بِكَ يَا زِرُّ؟ فَقُلْتُ: ابْتِغَاءَ العِلْمِ، فَقَالَ: إِنَّ المَلاَئِكَةَ لَتَضَعُ أَجْنِحَتَهَا لِطَالِبِ العِلْمِ؛ رِضًا بِمَا يَطْلُبُ، فَقُلْتُ: إِنَّهُ حَكَّ فِي صَدْرِي المَسْحُ عَلَى الخُفَّيْنِ بَعْدَ الغَائِطِ وَالبَوْلِ، وَكُنْتَ امْرَأً مِنْ أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَجِئْتُ أَسْأَلُكَ: هَلْ سَمِعْتَهُ يَذْكُرُ فِي ذَلِكَ شَيْئًا؟ قَالَ: نَعَمْ، كَانَ يَأْمُرُنَا إِذَا كُنَّا سَفْرًا أَوْ مُسَافِرِينَ أَلَّا نَنْزِعَ خِفَافَنَا ثَلاَثَةَ أَيَّامٍ وَلَيَالِيهِنَّ إِلَّا مِنْ جَنَابَةٍ، لَكِنْ مِنْ غَائِطٍ وَبَوْلٍ وَنَوْمٍ، فَقُلْتُ: هَلْ سَمِعْتَهُ يَذْكُرُ فِي الهَوَى شَيْئًا؟ قَالَ: نَعَمْ، كُنَّا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي سَفَرٍ فَبَيْنَا نَحْنُ عِنْدَهُ إِذْ نَادَاهُ أَعْرَابِيٌّ بِصَوْتٍ لَهُ جَهْوَرِيٍّ: يَا مُحَمَّدُ، فَأَجَابَهُ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى نَحْوٍ مِنْ صَوْتِهِ: «هَاؤُمُ» وَقُلْنَا لَهُ: وَيْحَكَ اغْضُضْ مِنْ صَوْتِكَ، فَإِنَّكَ عِنْدَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَقَدْ نُهِيتَ عَنْ هَذَا، فَقَالَ: وَاللَّهِ لاَ أَغْضُضُ، قَالَ الأَعْرَابِيُّ: المَرْءُ يُحِبُّ القَوْمَ وَلَمَّا يَلْحَقْ بِهِمْ، قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «المَرْءُ مَعَ مَنْ أَحَبَّ يَوْمَ القِيَامَةِ»، فَمَا زَالَ يُحَدِّثُنَا حَتَّى ذَكَرَ بَابًا مِنْ قِبَلِ المَغْرِبِ مَسِيرَةُ عَرْضِهِ، أَوْ يَسِيرُ الرَّاكِبُ فِي عَرْضِهِ أَرْبَعِينَ أَوْ سَبْعِينَ عَامًا.
[صحيح] - [رواه الترمذي وابن ماجه وأحمد] - [سنن الترمذي: 3535]
المزيــد ...
സിർറ് ബ്നു ഹുബൈഷ്
(رضي الله عنه) പറഞ്ഞു:
ഖുഫ്ഫകളുടെ (തുകൽ പാദരക്ഷകൾ) മേൽ തടവുന്നതിനെക്കുറിച്ച് ചോദിക്കാൻ വേണ്ടി ഞാൻ സ്വഫ്‌വാനു ബ്നു അസ്സാൽ അൽ-മുറാദിയുടെ അടുക്കൽ ചെന്നു. അപ്പോൾ അദ്ദേഹം ചോദിച്ചു: "സിർറ്, നീ എന്തിനാണ് വന്നത്?" ഞാൻ പറഞ്ഞു: "വിജ്ഞാനം തേടിക്കൊണ്ട്."
അപ്പോൾ അദ്ദേഹം പറഞ്ഞു: "വിജ്ഞാനം തേടുന്നവരോടുള്ള തൃപ്തി കാരണത്താൽ മലക്കുകൾ അവർക്ക് വേണ്ടി തങ്ങളുടെ ചിറകുകൾ താഴ്ത്തിക്കൊടുക്കും."
അപ്പോൾ ഞാൻ പറഞ്ഞു: "മലമൂത്ര വിസർജ്ജനത്തിന് ശേഷം ഖുഫ്ഫകളുടെ മേൽ തടവുന്നതിനെക്കുറിച്ച് എൻ്റെ മനസ്സിൽ ഒരു സംശയം ഉടലെടുത്തു. താങ്കൾ നബി (ﷺ) യുടെ സ്വഹാബികളിൽപ്പെട്ട ഒരാളാണ്. അതിനാൽ, അവിടുന്ന് ഇക്കാര്യത്തിൽ വല്ലതും പറയുന്നത് കേട്ടിട്ടുണ്ടോ എന്ന് ചോദിക്കാനാണ് ഞാൻ വന്നത്."
അപ്പോൾ അദ്ദേഹം പറഞ്ഞു: "അതെ. യാത്രയിലായിരിക്കുമ്പോൾ മൂന്ന് രാവും പകലും മലമൂത്ര വിസർജ്ജനം, ഉറക്കം പോലുള്ളവ (ചെറിയ അശുദ്ധി സംഭവിച്ചാൽ) ഞങ്ങളുടെ ഖുഫ്ഫകൾ അഴിക്കേണ്ടതില്ലെന്ന് അവിടുന്ന് കൽപ്പിക്കുമായിരുന്നു; ജനാബത്ത് (വലിയ അശുദ്ധി) ഉണ്ടായാൽ ഒഴികെ."
അപ്പോൾ ഞാൻ ചോദിച്ചു: "സ്‌നേഹത്തെ സംബന്ധിച്ച് അവിടുന്ന് വല്ലതും പറയുന്നത് താങ്കൾ കേട്ടിട്ടുണ്ടോ?" അദ്ദേഹം പറഞ്ഞു: "അതെ, ഞങ്ങൾ നബി (ﷺ) യോടൊപ്പം ഒരു യാത്രയിലായിരുന്നു. ഞങ്ങൾ അവിടുത്തെ അടുക്കൽ ഇരിക്കുമ്പോൾ, ഒരു അഅ്റാബി (ഗ്രാമീണ അറബി) വളരെ ഉച്ചത്തിലുള്ള ശബ്ദത്തിൽ 'ഹേ മുഹമ്മദ്' എന്ന് വിളിച്ചു. അപ്പോൾ നബി (ﷺ) അദ്ദേഹത്തിന്റെ ശബ്ദത്തിന് സമാനമായ രീതിയിൽ 'ദാ വരുന്നു' എന്ന് മറുപടി നൽകി.
ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു: 'നിനക്കെന്താണ് പറ്റിയത്! നീ നിന്റെ ശബ്ദം താഴ്ത്തുക. നീ നബിയുടെ (ﷺ) അടുത്താണ്; (ഇവിടെ ശബ്ദമുയർത്തൽ) വിലക്കപ്പെട്ടതാണ്.)അപ്പോൾ അദ്ദേഹം പറഞ്ഞു: 'അല്ലാഹു സത്യം, ഞാൻ ശബ്ദം താഴ്ത്തുന്ന പ്രശ്നമില്ല.' ശേഷം അഅ്റാബി ചോദിച്ചു: 'ഒരാൾ ഒരു കൂട്ടരെ സ്നേഹിക്കുന്നു; എന്നാൽ അവരുടെ നിലയിൽ ഇതുവരെ എത്തിയിട്ടില്ലെങ്കിൽ (എന്താണ് അവൻ്റെ സ്ഥിതി)?'
നബി (ﷺ) പറഞ്ഞു: 'ഓരോരുത്തരും താൻ സ്നേഹിക്കുന്നവരോടൊപ്പമായിരിക്കും അന്ത്യനാളിൽ ഉണ്ടായിരിക്കുക.' ശേഷം അദ്ദേഹം (സ്വഫ്‌വാൻ) ഞങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നു. അവസാനം പടിഞ്ഞാറ് ഭാഗത്തുള്ള ഒരു കവാടത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു; ഒരു യാത്രക്കാരന് നാല്പതോ എഴുപതോ വർഷം അതിൻ്റെ വീതിയിൽ സഞ്ചരിക്കാൻ സാധിക്കുന്നതാണ്."
[സ്വഹീഹ്] - [رواه الترمذي وابن ماجه وأحمد] - [سنن الترمذي - 3535]
സിർറ് ബ്നു ഹുബൈഷ് സ്വഫ്‌വാൻ ബ്നു അസ്സാലിൻ്റെ (رضي الله عنه) അടുക്കൽ ഖുഫ്ഫകളുടെ മേൽ തടവുന്നതിനെക്കുറിച്ച് ചോദിക്കാൻ വന്നപ്പോൾ, സ്വഫ്‌വാൻ ചോദിച്ചു: "സിർറ്, നീ എന്തിനാണ് വന്നത്?" സിർറ് പറഞ്ഞു: "വിജ്ഞാനം തേടിക്കൊണ്ട്." സ്വഫ്‌വാൻ പറഞ്ഞു: "വിജ്ഞാനം തേടുന്നവന്റെ പ്രവൃത്തിയിലുള്ള തൃപ്തിയാൽ മലക്കുകൾ തങ്ങളുടെ ചിറകുകൾ അവനുവേണ്ടി താഴ്ത്തിക്കൊടുക്കുന്നതാണ്." സിർറ് പറഞ്ഞു: "മലമൂത്ര വിസർജ്ജനത്തിന് ശേഷം ഖുഫ്ഫകളുടെ മേൽ തടവുന്നതിനെക്കുറിച്ച് എൻ്റെ മനസ്സിൽ ഒരു ആശയക്കുഴപ്പം ഉണ്ടായി. താങ്കൾ നബിയുടെ (ﷺ) സ്വഹാബിയാണല്ലോ? അവിടുന്ന് ഇക്കാര്യത്തിൽ വല്ലതും പറയുന്നത് താങ്കൾ കേട്ടിട്ടുണ്ടോ?" സ്വഫ്‌വാൻ (رضي الله عنه) പറഞ്ഞു: "അതെ! യാത്രയിലായിരിക്കുമ്പോൾ, മലമൂത്ര വിസർജ്ജനവും ഉറക്കവും പോലുള്ള ചെറിയ അശുദ്ധി ഉണ്ടായാൽ മൂന്ന് രാപ്പകലുകൾ ഖുഫ്ഫകൾ അഴിക്കേണ്ടതില്ലെന്ന് അവിടുന്ന് ഞങ്ങളോട് കൽപ്പിക്കുമായിരുന്നു. എന്നാൽ ജനാബത്ത് (വലിയ അശുദ്ധി) ഉണ്ടായാൽ ഖുഫ്ഫ അഴിക്കണമെന്നും അവിടുന്ന് കൽപ്പിച്ചിട്ടുണ്ട്." അപ്പോൾ ഞാൻ ചോദിച്ചു: "സ്‌നേഹത്തെ സംബന്ധിച്ച് അവിടുന്ന് വല്ലതും പറയുന്നത് താങ്കൾ കേട്ടിട്ടുണ്ടോ?" അദ്ദേഹം പറഞ്ഞു: "അതെ, ഞങ്ങൾ നബിയോടൊപ്പം (ﷺ) ഒരു യാത്രയിലായിരുന്നു. ഞങ്ങൾ അവിടുത്തെ അടുക്കൽ ഇരിക്കുമ്പോൾ, ഒരു അഅ്റാബി ഉച്ചത്തിൽ 'ഹേ മുഹമ്മദ്' എന്ന് വിളിച്ചു. അപ്പോൾ നബി (ﷺ) അദ്ദേഹത്തിൻ്റെ ശബ്ദത്തിന് സമാനമായ രീതിയിൽ 'ഇങ്ങോട്ട് വരൂ' എന്ന് മറുപടി നൽകി. ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു: 'നിനക്കെന്താണ് പറ്റിയത്! നീ നിന്റെ ശബ്ദം താഴ്ത്തുക. നീ നബിയുടെ (ﷺ) സന്നിധിയിലാണ്, അവിടുത്തെ അടുക്കൽ ശബ്ദം ഉയർത്തുന്നത് വിലക്കപ്പെട്ടതാണ്. എന്നാൽ അഅ്റാബി തൻ്റെ തനതായ ശൈലിയിൽ പറഞ്ഞു: 'അല്ലാഹു സത്യം! ഞാൻ ശബ്ദം താഴ്ത്തുന്ന പ്രശ്നമില്ല.' ശേഷം അദ്ദേഹം ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, ഒരാൾ സദ്‌വൃത്തരായ ആളുകളെ ഇഷ്ടപ്പെടുന്നു; എന്നാൽ അവരുടെ അത്രയും സൽകർമ്മങ്ങൾ ചെയ്തിട്ടില്ലെങ്കിൽ എന്തായിരിക്കും അവൻ്റെ സ്ഥിതി?' നബി (ﷺ) പറഞ്ഞു: 'ഓരോ മനുഷ്യനും താൻ ഇഷ്ടപ്പെട്ടവരോടൊപ്പമായിരിക്കും അന്ത്യനാളിലുണ്ടായിരിക്കുക.' സിർറ് പറയുന്നു: 'ശേഷം സ്വഫ്‌വാൻ ഞങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നു. അവസാനം, ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച ദിവസം അല്ലാഹു സൃഷ്ടിച്ച, ശാമിൻ്റെ ഭാഗത്തുള്ള തൗബയുടെ (പശ്ചാത്താപത്തിൻ്റെ) ഒരു കവാടത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. അതിൻ്റെ വീതിയിൽ ഒരു യാത്രക്കാരന് നാല്പതോ എഴുപതോ വർഷം സഞ്ചരിക്കാൻ കഴിയും. സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നത് വരെ അത് അടക്കപ്പെടുകയുമില്ല."