عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«مَا مِنَ الأَنْبِيَاءِ نَبِيٌّ إِلَّا أُعْطِيَ مَا مِثْلهُ آمَنَ عَلَيْهِ البَشَرُ، وَإِنَّمَا كَانَ الَّذِي أُوتِيتُ وَحْيًا أَوْحَاهُ اللَّهُ إِلَيَّ، فَأَرْجُو أَنْ أَكُونَ أَكْثَرَهُمْ تَابِعًا يَوْمَ القِيَامَةِ».
[صحيح] - [متفق عليه] - [صحيح البخاري: 4981]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"മനുഷ്യർ വിശ്വസിക്കാൻ തക്കവണ്ണമുള്ള ഒരു ദൃഷ്ടാന്തം നൽകപ്പെടാത്ത ഒരു നബിയുമില്ല. എനിക്ക് നൽകപ്പെട്ടത് അല്ലാഹു എനിക്ക് നൽകിയ സന്ദേശമാണ്. അതുകൊണ്ട് ഖിയാമത്ത് നാളിൽ ഏറ്റവും കൂടുതൽ അനുയായികളുള്ളത് എനിക്കായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 4981]
എല്ലാ നബിമാർക്കും അല്ലാഹു അവൻ്റെ പക്കൽ നിന്നുള്ള ദൃഷ്ടാന്തങ്ങൾ കൊണ്ട് പിന്തുണ നൽകിയിട്ടുണ്ടെന്നും, അവർ അല്ലാഹുവിൽ നിന്നുള്ള യഥാർത്ഥ ദൂതരാണെന്നതിനുള്ള തെളിവാകുന്ന ദൃഷ്ടാന്തങ്ങൾ (മുഅ്ജിസത്തുകൾ) അവർക്ക് നൽകിയിട്ടുണ്ടെന്നും നബി (ﷺ) അറിയിക്കുന്നു. ആ ദൃഷ്ടാന്തങ്ങൾ കാണുന്നവർക്ക് നബിമാരുടെ സത്യസന്ധത ബോധ്യപ്പെടാനും അവരിൽ വിശ്വസിക്കാനും ഈ ദൃഷ്ടാന്തങ്ങൾ കാരണമാകുന്നതാണ്. ആർക്കും നിഷേധിക്കാൻ കഴിയാത്ത വിധം വ്യക്തമായ വെല്ലുവിളിയോടെയായിരിക്കും ഇത്തരം ദൃഷ്ടാന്തങ്ങൾ അവതരിക്കുക. എന്നാൽ നിഷേധികളിൽ ചിലർ സത്യം ബോധ്യപ്പെട്ടതിന് ശേഷവും അതിനെ തള്ളിക്കളയുകയും ധിക്കാരം പ്രകടിപ്പിക്കുകയും ചെയ്തേക്കാം. എന്നാൽ നബിക്ക് (ﷺ) നൽകപ്പെട്ട ഏറ്റവും വലിയ ദൃഷ്ടാന്തവും മുഅ്ജിസത്തും അല്ലാഹു അവിടുത്തേക്ക് നൽകിയ പരിശുദ്ധ ഖുർആൻ ആണ്. എക്കാലത്തും നിലനിൽക്കുന്ന വ്യക്തമായ അത്ഭുതമാണത്. വിശുദ്ധ ഖുർആനിലുള്ള പ്രയോജനങ്ങൾ അത്യധികമുണ്ട്. അതിൽ ഇസ്‌ലാമിലേക്കുള്ള ക്ഷണവും ഇസ്‌ലാം സത്യമാണെന്നതിനുള്ള തെളിവുകളും ഭാവി കാര്യങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളുമെല്ലാം അടങ്ങിയിരിക്കുന്നു.നബിയുടെ (ﷺ) കാലത്തുള്ളവർക്കും, അല്ലാത്തവർക്കും, അന്ന് ജീവിച്ചിരുന്നവർക്കും, ഇനി വരാനിരിക്കുന്നവർക്കുമെല്ലാം ഖുർആൻ ആകുന്ന ദൃഷ്ടാന്തം കൊണ്ടുള്ള പ്രയോജനം ലഭിക്കുന്നതാണ്. അതുകൊണ്ടാണ് "ഖിയാമത്ത് നാളിൽ ഏറ്റവും കൂടുതൽ അനുയായികൾ എനിക്കായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." എന്ന് അവിടുന്ന് പറഞ്ഞത്.