مَا خُيِّرَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بَيْنَ أَمْرَيْنِ إِلَّا أَخَذَ أَيْسَرَهُمَا، مَا لَمْ يَكُنْ إِثْمًا، فَإِنْ كَانَ إِثْمًا كَانَ أَبْعَدَ النَّاسِ مِنْهُ، وَمَا انْتَقَمَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لِنَفْسِهِ إِلَّا أَنْ تُنْتَهَكَ حُرْمَةُ اللَّهِ، فَيَنْتَقِمَ لِلَّهِ بِهَا.
[صحيح] - [متفق عليه] - [صحيح البخاري: 3560]
المزيــد ...
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
"നബി -ﷺ- ക്ക് രണ്ടു കാര്യങ്ങളിലൊന്ന് തിരഞ്ഞെടുക്കേണ്ടി വന്നാൽ അവിടുന്ന് അതിൽ ഏറ്റവും എളുപ്പമുള്ളതായിരുന്നു തിരഞ്ഞെടുത്തിരുന്നത്; (എളുപ്പമുള്ളത്) ഒരു തിന്മയാണെങ്കിലൊഴികെ. അതൊരു തിന്മയാണെങ്കിൽ ജനങ്ങളിൽ ഏറ്റവുമധികം അതിനോട് അകന്നു നിൽക്കുന്നത് അവിടുന്നായിരിക്കും. നബി -ﷺ- തനിക്ക് വേണ്ടി ഒരാളോടും ഒരിക്കൽ പോലും പ്രതികാരം ചെയ്തിട്ടില്ല; അല്ലാഹുവിന്റെ വിധിവിലക്കുകൾ ധിക്കരിക്കപ്പെട്ടാലൊഴികെ. അപ്പോൾ അല്ലാഹുവിന് വേണ്ടി അവിടുന്ന് പ്രതിക്രിയ നടപ്പാക്കുമായിരുന്നു."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 3560]
ആഇശ -رَضِيَ اللَّهُ عَنْهَا- നബി -ﷺ- യുടെ ചില സ്വഭാവമര്യാദകളാണ് ഈ ഹദീഥിലൂടെ അറിയിക്കുന്നത്. രണ്ട് കാര്യങ്ങൾക്കിടയിൽ ഒന്ന് തിരഞ്ഞെടുക്കാൻ അവിടുത്തേക്ക് അവസരം നൽകപ്പെട്ടാൽ അവയിൽ ഏറ്റവും ലളിതമായതായിരുന്നു അവിടുന്ന് തിരഞ്ഞെടുത്തിരുന്നത്; എന്നാൽ ഏറ്റവും ലളിതമായത് ഒരു തെറ്റിലേക്ക് വഴിനയിക്കുന്നതായിരിക്കരുതെന്ന നിർബന്ധം അവിടുത്തേക്ക് ഉണ്ടായിരുന്നു. തെറ്റിലേക്ക് നയിക്കുന്ന ഏതൊരു കാര്യത്തിൽ നിന്നും ജനങ്ങളിൽ ഏറ്റവും അകലം പാലിക്കുന്നവർ അവിടുന്നായിരുന്നു. അത്തരം സന്ദർഭങ്ങളിൽ പ്രയാസകരമാണെങ്കിലും തെറ്റിലേക്ക് നയിക്കാത്ത മാർഗം മാത്രമേ അവിടുന്ന് സ്വീകരിക്കുമായിരുന്നുള്ളൂ. നബി -ﷺ- തൻ്റെ വ്യക്തിപരമായ കാര്യത്തിന് വേണ്ടി ഒരിക്കലും പ്രതികാര നടപടി സ്വീകരിച്ചിരുന്നില്ല എന്നതാണ് അവിടുത്തെ മറ്റൊരു ഗുണം. മറിച്ച് തൻ്റെ വിഷയത്തിൽ മറ്റുള്ളവർ വരുത്തുന്ന കുറവുകളും അതിക്രമങ്ങളും അവിടുന്ന് പൊറുത്തു നൽകുകയും മാപ്പാക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അല്ലാഹു നിശ്ചയിച്ച ദീനിൻ്റെ അതിർവരമ്പുകൾ ആരെങ്കിലും ലംഘിച്ചാൽ അല്ലാഹുവിന് വേണ്ടി അവിടുന്ന് പ്രതിക്രിയാ നടപടി കൈക്കൊള്ളുമായിരുന്നു; ജനങ്ങളിൽ അല്ലാഹുവിന് വേണ്ടി ഏറ്റവും ശക്തമായി കോപിക്കുന്നവർ അവിടുന്നായിരുന്നു.