عَنْ رَافِعِ بْنِ خَدِيجٍ رَضيَ اللهُ عنهُ قَالَ:
كُنَّا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِذِي الحُلَيْفَةِ، فَأَصَابَ النَّاسَ جُوعٌ، فَأَصَابُوا إِبِلًا وَغَنَمًا، قَالَ: وَكَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي أُخْرَيَاتِ القَوْمِ، فَعَجِلُوا، وَذَبَحُوا، وَنَصَبُوا القُدُورَ، فَأَمَرَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِالقُدُورِ، فَأُكْفِئَتْ، ثُمَّ قَسَمَ، فَعَدَلَ عَشَرَةً مِنَ الغَنَمِ بِبَعِيرٍ فَنَدَّ مِنْهَا بَعِيرٌ، فَطَلَبُوهُ، فَأَعْيَاهُمْ وَكَانَ فِي القَوْمِ خَيْلٌ يَسِيرَةٌ، فَأَهْوَى رَجُلٌ مِنْهُمْ بِسَهْمٍ، فَحَبَسَهُ اللَّهُ، ثُمَّ قَالَ: «إِنَّ لِهَذِهِ البَهَائِمِ أَوَابِدَ كَأَوَابِدِ الوَحْشِ، فَمَا غَلَبَكُمْ مِنْهَا فَاصْنَعُوا بِهِ هَكَذَا»، فَقَالَ أي رافع: إِنَّا نَرْجُو -أَوْ نَخَافُ- العَدُوَّ غَدًا، وَلَيْسَتْ مَعَنَا مُدًى، أَفَنَذْبَحُ بِالقَصَبِ؟ قَالَ: «مَا أَنْهَرَ الدَّمَ، وَذُكِرَ اسْمُ اللَّهِ عَلَيْهِ فَكُلُوهُ، لَيْسَ السِّنَّ وَالظُّفُرَ، وَسَأُحَدِّثُكُمْ عَنْ ذَلِكَ: أَمَّا السِّنُّ فَعَظْمٌ، وَأَمَّا الظُّفُرُ فَمُدَى الحَبَشَةِ».
[صحيح] - [متفق عليه] - [صحيح البخاري: 2488]
المزيــد ...
റാഫിഅ് ബ്നു ഖദീജ് (رضي الله عنه) നിവേദനം:
ഞങ്ങൾ നബിയോടൊപ്പം (ﷺ) ദുൽ ഹുലൈഫഃയിലായിരുന്ന സന്ദർഭത്തിൽ ജനങ്ങൾക്ക് വിശപ്പ് പിടികൂടി. അങ്ങനെ അവർ ചില ഒട്ടകങ്ങളെയും ആടുകളെയും (യുദ്ധാർജ്ജിതസ്വത്തായി) പിടിച്ചെടുത്തു. നബി (ﷺ) സൈന്യത്തിൻ്റെ പിറകുവശത്തായിരുന്നു. അതിനാൽ അവർ ധൃതികൂട്ടുകയും അവയെ അറുക്കുകയും (പാചകം ചെയ്യുകയും) ചെയ്തു.
അങ്ങനെ നബി (ﷺ) (വിവരം അറിഞ്ഞപ്പോൾ) പാത്രങ്ങൾ കൊണ്ടുവരാനും, അവ ഒഴുക്കിക്കളയാനും കൽപ്പിച്ചു. ശേഷം അവിടുന്ന് യുദ്ധാർജ്ജിത സ്വത്തുക്കൾ വീതംവെക്കുകയും, പത്ത് ആടുകളെ ഒരു ഒട്ടകത്തിന് തുല്യമായി കണക്കാക്കുകയും ചെയ്തു.
അങ്ങനെയിരിക്കെ, അതിൽ ഒരു ഒട്ടകം ഓടിപ്പോയി; സ്വഹാബികൾ അതിൻ്റെ പിറകെ പോയെങ്കിലും അവർക്ക് അതിനെ പിടിക്കാൻ കഴിഞ്ഞില്ല. സൈന്യത്തിൽ കുറച്ച് കുതിരകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരിൽ ഒരാൾ അതിനെ അമ്പെയ്യുകയും, അല്ലാഹു ആ ഒട്ടകത്തെ പിടിച്ചു നിറുത്തുകയും ചെയ്തു.
അപ്പോൾ നബി (ﷺ) പറഞ്ഞു: "ഈ കന്നുകാലികളിൽ ചിലതിന് വന്യമൃഗങ്ങളുടേത് പോലുള്ള വന്യതയുണ്ട്; അതിനാൽ അവയിൽ ഏതെങ്കിലും നിങ്ങളുടെ പിടിവിട്ടു പോവുകയാണെങ്കിൽ ഇപ്രകാരം ചെയ്തു കൊള്ളുക."
അപ്പോൾ റാഫിഅ് ബ്നു ഖദീജ് പറഞ്ഞു: "നാളെ ശത്രുവിനെ കണ്ടുമുട്ടിയേക്കാം എന്ന് നാം പ്രതീക്ഷിക്കുന്നു -അല്ലെങ്കിൽ നാം ഭയക്കുന്നു-. നമ്മുടെ കൈകളിൽ കത്തികളില്ല. അതിനാൽ (മൂർച്ച വരുത്തിയ) മുളകൾ കൊണ്ട് ഞങ്ങൾ അറുക്കട്ടെയോ?!"
നബി (ﷺ) പറഞ്ഞു: "രക്തം ഒഴുക്കുകയും, അല്ലാഹുവിൻ്റെ പേര് ഉച്ചരിക്കപ്പെടുകയും ചെയ്ത (മാംസം) നിങ്ങൾ ഭക്ഷിച്ചോളൂ; പല്ലുകളോ നഖങ്ങളോ കൊണ്ട് അറുത്തവ ഒഴികെ. അവയുടെ കാര്യം ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം; പല്ലുകൾ എല്ലുകളാണ്; നഖങ്ങളാകട്ടെ, അബ്സീനിയക്കാരുടെ കത്തികളും."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 2488]
റാഫിഅ് ഇബ്നു ഖദീജ് (رضي الله عنه) അറിയിക്കുന്നു: അവർ നബിയുടെ (ﷺ) കൂടെ ദുൽ-ഹുലൈഫയിലായിരുന്ന വേളയിൽ ജനങ്ങൾക്ക് വിശപ്പ് ബാധിച്ചു. ബഹുദൈവാരാധകരിൽ നിന്ന് അവർ യുദ്ധാർജ്ജിത സ്വത്തായി ചില ഒട്ടകങ്ങളെയും ആടുകളെയും പിടികൂടിയിരുന്നു. അവർ യുദ്ധാർജ്ജിത സ്വത്ത് വിഹിതം വെക്കുന്നതിന് മുൻപ് അവയെ അറുക്കുകയും, നബിയോട് (ﷺ) അനുമതി ചോദിക്കാതെ അവ പാചകം ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. നബിയാകട്ടെ (ﷺ) , സൈന്യത്തിൻ്റെ പിറകുഭാഗത്തായിരുന്നു. എന്നാൽ, ഈ വിവരം അറിഞ്ഞപ്പോൾ നബി (ﷺ) അവരുടെ പാത്രങ്ങൾ മറിച്ചു കളയാനും, അതിലുള്ള കറി ഒഴുക്കിക്കളയാനും കൽപ്പിച്ചു. ശേഷം അവിടുന്ന് യുദ്ധാർജ്ജിത സ്വത്ത് അവർക്കിടയിൽ വീതം വെച്ചു. പത്ത് ആടുകളെ ഒരു ഒട്ടകത്തിന് തുല്യമായാണ് അവിടുന്ന് ഗണിച്ചത്. അങ്ങനെയിരിക്കെ, ഒരു ഒട്ടകം ഓടിപ്പോയി. സ്വഹാബികൾക്ക് അതിനോടൊപ്പം എത്താനോ അതിനെ പിടിച്ചു വെക്കാനോ കഴിഞ്ഞില്ല. അവരോടൊപ്പം കുറച്ച് കുതിരകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ അവരിലൊരാൾ അതിലൊന്നിനെ അമ്പ് കൊണ്ട് എറിയുകയും, അല്ലാഹു അവർക്കായി അതിനെ തടഞ്ഞു നിറുത്തുകയും ചെയ്തു. അപ്പോൾ നബി (ﷺ) പറഞ്ഞു: "മനുഷ്യരോട് ഇണക്കമുള്ള ജീവികളാണ് ഇവയെങ്കിലും വന്യമൃഗങ്ങളുടേതായ ഒരു പ്രകൃതം ഇവക്കുണ്ട്; അതിനാൽ അവയിൽ ഏതെങ്കിലുമൊന്ന് നിങ്ങളെ മറികടക്കുകയും, അവയെ പിടിച്ചു വെക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരികയും ചെയ്താൽ ഇപ്രകാരം നിങ്ങൾ ചെയ്തു കൊള്ളുക." അപ്പോൾ റാഫിഅ് ബ്നു ഖദീജ് നബിയോട് (ﷺ) ചോദിച്ചു: "ഞങ്ങൾ നാളെ ശത്രുക്കളെ നേരിടാം എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മൃഗങ്ങളെ ഞങ്ങളുടെ ആയുധങ്ങൾ കൊണ്ട് അറുത്താൽ അവയുടെ മൂർച്ച നഷ്ടമാവുകയും, അത് ഞങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുകയും ചെയ്തേക്കുമോ എന്ന് ഞങ്ങൾ ഭയക്കുന്നു. എന്നാൽ മൃഗങ്ങളെ അറുക്കുക എന്നത് ഇപ്പോൾ അനിവാര്യമാണ്. നമ്മുടെ കയ്യിൽ വേറെ കത്തികളൊന്നുമില്ല.അതിനാൽ ഉണങ്ങിയ മുളത്തണ്ടുകൾ കൊണ്ട് ഞങ്ങൾ മൃഗങ്ങളെ അറുക്കട്ടെയോ?!" നബി (ﷺ) പറഞ്ഞു: "രക്തം ചിന്തുകയും അവ ഒഴുകാനും ശക്തമായി പുറത്തേക്ക് തെറിക്കാനും സാധ്യമാകുന്ന വിധത്തിലുള്ള ഏതു വസ്തു കൊണ്ടും നിങ്ങൾക്ക് അറുക്കാം. ഇങ്ങനെ അറുക്കപ്പെടുകയും, അവയുടെ മേൽ അല്ലാഹുവിൻ്റെ നാമം ഉച്ചരിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ അവ നിങ്ങൾക്ക് ഭക്ഷിക്കാം. പക്ഷേ, ഈ പറഞ്ഞതിൽ നിന്ന് പല്ലും നഖവും ഒഴിവാണ്. അവയുടെ കാര്യം നിങ്ങൾക്ക് ഞാൻ പറഞ്ഞു തരാം; പല്ലുകൾ എല്ലുകളിലാണ് എണ്ണപ്പെടുക. നഖങ്ങൾ കൊണ്ട് അറുക്കുക എന്നത് കുഫ്ഫാറുകളായ നിഷേധികളായ അബ്സീനിയക്കാരുടെ രീതിയാണ്."