عَنْ لَقِيطِ بْنِ صَبِرَةَ رَضيَ اللهُ عنه قَالَ:
كُنْتُ وَافِدَ بَنِي الْمُنْتَفِقِ -أَوْ فِي وَفْدِ بَنِي الْمُنْتَفِقِ- إِلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: فَلَمَّا قَدِمْنَا عَلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَلَمْ نُصَادِفْهُ فِي مَنْزِلِهِ، وَصَادَفْنَا عَائِشَةَ أُمَّ الْمُؤْمِنِينَ، قَالَ: فَأَمَرَتْ لَنَا بِخَزِيرَةٍ، فَصُنِعَتْ لَنَا، قَالَ: وَأُتِينَا بِقِنَاعٍ -وَالْقِنَاعُ: الطَّبَقُ فِيهِ تَمْرٌ- ثُمَّ جَاءَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: «هَلْ أَصَبْتُمْ شَيْئًا؟ أَوْ أُمِرَ لَكُمْ بِشَيْءٍ؟» قَالَ: قُلْنَا: نَعَمْ، يَا رَسُولَ اللَّهِ، قَالَ: فَبَيْنَا نَحْنُ مَعَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ جُلُوسٌ، إِذْ دَفَعَ الرَّاعِي غَنَمَهُ إِلَى الْمُرَاحِ، وَمَعَهُ سَخْلَةٌ تَيْعَرُ، فَقَالَ: «مَا وَلَّدْتَ يَا فُلَانُ؟»، قَالَ: بَهْمَةً، قَالَ: «فَاذْبَحْ لَنَا مَكَانَهَا شَاةً»، ثُمَّ قَالَ: «لَا تَحْسِبَنَّ» وَلَمْ يَقُلْ: لَا تَحْسَبَنَّ «أَنَّا مِنْ أَجْلِكَ ذَبَحْنَاهَا، لَنَا غَنَمٌ مِائَةٌ لَا نُرِيدُ أَنْ تَزِيدَ، فَإِذَا وَلَّدَ الرَّاعِي بَهْمَةً، ذَبَحْنَا مَكَانَهَا شَاةً» قَالَ: قُلْتُ: يَا رَسُولَ اللَّهِ، إِنَّ لِي امْرَأَةً وَإِنَّ فِي لِسَانِهَا شَيْئًا -يَعْنِي الْبَذَاءَ- قَالَ: «فَطَلِّقْهَا إِذن»، قَالَ: قُلْتُ: يَا رَسُولَ اللَّهِ إِنَّ لَهَا صُحْبَةً، وَلِي مِنْهَا وَلَدٌ، قَالَ: «فَمُرْهَا» يَقُولُ: عِظْهَا، «فَإِنْ يَكُ فِيهَا خَيْرٌ فَسَتَفْعَلْ، وَلَا تَضْرِبْ ظَعِينَتَكَ كَضَرْبِكَ أُمَيَّتَكَ» فَقُلْتُ: يَا رَسُولَ اللَّهِ، أَخْبِرْنِي عَنِ الْوُضُوءِ، قَالَ: «أَسْبِغِ الْوُضُوءَ، وَخَلِّلْ بَيْنَ الْأَصَابِعِ، وَبَالِغْ فِي الِاسْتِنْشَاقِ إِلَّا أَنْ تَكُونَ صَائِمًا».
[صحيح] - [رواه أبو داود والترمذي والنسائي وابن ماجه] - [سنن أبي داود: 142]
المزيــد ...
ലഖീത്വ് ബ്നു സ്വബിറഃ -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- യുടെ അടുത്തേക്കുള്ള ബനൂൽ മുന്തഫിഖ് ഗോത്രത്തിന്റെ പ്രതിനിധിയായിരുന്നു ഞാൻ -അല്ലെങ്കിൽ ബനൂൽ മുന്തഫിഖ് ഗോത്രത്തിന്റെ പ്രതിനിധി സംഘത്തിൽ ഞാൻ ഉണ്ടായിരുന്നു-. അദ്ദേഹം പറയുന്നു: ഞങ്ങൾ നബി -ﷺ- യുടെ അടുത്ത് എത്തിയപ്പോൾ അവിടുത്തെ വീട്ടിൽ കണ്ടില്ല. വിശ്വാസികളുടെ മാതാവ് ആഇശാ -رَضِيَ اللَّهُ عَنْهَا- യാണ് അവിടെ ഉണ്ടായിരുന്നത്. അവർ ഞങ്ങൾക്ക് വേണ്ടി 'ഖസീറ' ഉണ്ടാക്കാൻ കൽപ്പിക്കുകയും, അങ്ങനെ അത് ഞങ്ങൾക്കായി പാചകം ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് ഞങ്ങൾക്ക് ഈന്തപ്പഴങ്ങളുള്ള ഒരു തളിക കൊണ്ടുവന്നു.
ശേഷം നബി -ﷺ- വന്നപ്പോൾ അവിടുന്ന് ഞങ്ങളോട് ചോദിച്ചു: "നിങ്ങൾക്ക് വല്ലതും ലഭിച്ചോ? അതല്ലെങ്കിൽ നിങ്ങൾക്ക് വേണ്ടി (ഭക്ഷണത്തിന്) വല്ലതും പറഞ്ഞിരുന്നോ?" ഞങ്ങൾ പറഞ്ഞു: "അതെ, അല്ലാഹുവിന്റെ റസൂലേ."
അദ്ദേഹം (ലഖീത്വ്) പറയുന്നു: അങ്ങനെ ഞങ്ങൾ നബി -ﷺ- യോടൊപ്പം ഇരിക്കുമ്പോൾ, ഒരു ആട്ടിടയൻ തന്റെ ആടുകളെ തൊഴുത്തിലേക്ക് തെളിച്ചുവന്നു. കൂടെ ഒച്ചവെക്കുന്ന ഒരു ആട്ടിൻകുട്ടിയും ഉണ്ടായിരുന്നു. അവിടുന്ന് ചോദിച്ചു: "ഹേ മനുഷ്യാ! (ആട്) എന്താണ്/എത്രയാണ് പ്രസവിച്ചത്?" അവൻ പറഞ്ഞു: "ഒരു ആട്ടിൻകുട്ടിയെ." അവിടുന്ന് പറഞ്ഞു: "എങ്കിൽ അതിന് പകരം നമുക്ക് വേണ്ടി ഒരു ആടിനെ അറുക്കുക."
പിന്നീട് അവിടുന്ന് പറഞ്ഞു: "ഞങ്ങൾ താങ്കൾക്ക് വേണ്ടി അതിനെ അറുത്തതാണെന്ന് വിചാരിക്കേണ്ട. നമുക്ക് നൂറ് ആടുകളുണ്ട്; ആടുകളുടെ എണ്ണം അതിൽ കൂടുതലാകാൻ നാം ആഗ്രഹിക്കുന്നില്ല. അതിനാൽ, ആട്ടിടയൻ ഒരു ആടിൻ്റെ പ്രസവമെടുത്താൽ, ഞങ്ങൾ അതിനുപകരമായി ഒരു ആടിനെ അറുക്കാറുണ്ട്."
ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! എനിക്കൊരു ഭാര്യയുണ്ട്; അവളുടെ നാവിന് ഒരു കുഴപ്പമുണ്ട് —അതായത് അശ്ലീലം സംസാരിക്കും—." അവിടുന്ന് പറഞ്ഞു: "എങ്കിൽ അവളെ വിവാഹമോചനം ചെയ്യുക." ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! അവൾ എന്നോടൊപ്പം കാലങ്ങളായി. അവളിൽ നിന്ന് എനിക്ക് കുട്ടികളുമുണ്ട്." അവിടുന്ന് പറഞ്ഞു: "എങ്കിൽ അവളോട് കൽപ്പിക്കുക —അഥവാ അവളെ ഉപദേശിക്കുക—. അവളിൽ നന്മയുണ്ടെങ്കിൽ അവൾ കൽപ്പിച്ചത് പ്രകാരം ചെയ്യും. നിന്റെ അടിമയെ അടിക്കുന്നത് പോലെ നിന്റെ ഭാര്യയെ നീ അടിക്കരുത്."
അപ്പോൾ ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, വുദൂഇനെക്കുറിച്ച് എനിക്ക് പറഞ്ഞുതരേണമേ." അവിടുന്ന് പറഞ്ഞു: "വുദൂഅ് നീ പൂർണ്ണമായി നിർവ്വഹിക്കുക! വിരലുകൾക്കിടയിൽ കോർത്തു കഴുകുകയും, മൂക്കിൽ വെള്ളം കയറ്റി ശക്തിയായി ചീറ്റുകയും ചെയ്യുക; നോമ്പുകാരനല്ലെങ്കിൽ."
[സ്വഹീഹ്] - - [سنن أبي داود - 142]
ലകീത് ബ്നു സബിറ -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു: താൻ ബനൂൽ മുന്തഫിഖ് ഗോത്രത്തിൽ നിന്നുള്ള ഒരു സംഘത്തോടൊപ്പം നബി -ﷺ- യെ സന്ദർശിക്കാൻ ചെന്നു. അദ്ദേഹം പറയുന്നു: ഞങ്ങൾ ചെന്നെത്തിയപ്പോൾ നബി -ﷺ- യെ ഞങ്ങൾ വീട്ടിൽ കണ്ടില്ല. വിശ്വാസികളുടെ മാതാവ് ആഇശാ -رَضِيَ اللَّهُ عَنْهَا- യാണ് അവിടെ ഉണ്ടായിരുന്നത്. അവർ ഞങ്ങൾക്ക് മാവും നെയ്യും ചേർത്ത ഒരുതരം കഞ്ഞി ഉണ്ടാക്കാൻ കൽപ്പിച്ചു. പിന്നീട് ഈത്തപ്പഴം വെച്ച ഒരു തളിക ഞങ്ങൾക്ക് നൽകപ്പെട്ടു. ശേഷം നബി -ﷺ- വന്നപ്പോൾ അവിടുന്ന് ചോദിച്ചു: "നിങ്ങൾക്ക് വല്ല ഭക്ഷണവും നൽകപ്പെട്ടോ?" ഞങ്ങൾ പറഞ്ഞു: "അതെ." ലകീത്വ് പറയുന്നു: അങ്ങനെ ഞങ്ങൾ നബി -ﷺ- യോടൊപ്പം ഇരിക്കുമ്പോൾ, നബി -ﷺ- യുടെ ആട്ടിടയൻ ആടുകളെ അവക്ക് രാത്രി തങ്ങാനുള്ള സ്ഥലത്തേക്ക് തെളിച്ചുകൊണ്ട് വന്നു. അവന്റെ കൂടെ കരയുന്ന ഒരു ആട്ടിൻകുട്ടിയും ഉണ്ടായിരുന്നു. അപ്പോൾ അവിടുന്ന് ചോദിച്ചു: "ആട് എന്തിനെയാണ് (അതായത് ആൺകുട്ടിയോ പെൺകുട്ടിയോ, അല്ലെങ്കിൽ ഒറ്റയേയോ ഇരട്ടകളെയോ ആണോ) പ്രസവിച്ചത്?" അവൻ പറഞ്ഞു: "ഒരു പെൺകുട്ടിയെ." അവിടുന്ന് പറഞ്ഞു: "അതിന് പകരം നമുക്ക് ഒരു വലിയ ആടിനെ അറുക്കുക." ശേഷം നബി -ﷺ- പറഞ്ഞു: "നാം നിങ്ങൾക്കുവേണ്ടി കഷ്ടപ്പെട്ട് അതിനെ അറുത്തതാണെന്ന് നിങ്ങൾ വിചാരിക്കരുത്. നമുക്ക് നൂറ് ആടുകളുണ്ട്; ഈ എണ്ണത്തിൽ കൂടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ, ഒന്ന് ജനിച്ചാൽ ഞങ്ങൾ അതിന് പകരം ഒന്നിനെ അറുക്കും." ലകീത് പറയുന്നു: ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, എന്റെ ഭാര്യയുടെ നാവിന് കുറച്ചു നീളമുണ്ട്; അതായത് ദുഷിച്ച വാക്കുകൾ പറയും. ഞാൻ അവളോട് എങ്ങനെ പെരുമാറണം?" അവിടുന്ന് പറഞ്ഞു: "എങ്കിൽ അവളെ നീ വിവാഹമോചനം ചെയ്തേക്കുക." ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, അവളുമായി എനിക്ക് നീണ്ട ദാമ്പത്യബന്ധമുണ്ട്. എനിക്ക് അവളിൽ മക്കളുമുണ്ട്." അവിടുന്ന് പറഞ്ഞു: "എങ്കിൽ അവളെ ഉപദേശിക്കുക. അവളിൽ നന്മയുണ്ടെങ്കിൽ അവൾ നിന്റെ ഉപദേശം സ്വീകരിക്കും. അവൾ അനുസരിച്ചില്ലെങ്കിൽ, വേദനയില്ലാത്ത വിധത്തിൽ അവളെ അടിക്കുക. നിന്റെ അടിമകളെ അടിക്കുന്നത് പോലെ അവളെ അടിക്കരുത്." പിന്നീട് ലകീത് പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, വുദൂഇനെക്കുറിച്ച് എനിക്ക് പറഞ്ഞുതന്നാലും." അവിടുന്ന് പറഞ്ഞു: "വുദൂഅ് ചെയ്യുമ്പോൾ വെള്ളം അതിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുക. ഓരോ അവയവവും അതിന് അർഹമായ വിധത്തിൽ കഴുകുകയും ചെയ്യുക; അതിന്റെ ഫർളുകളോ സുന്നത്തുകളോ ഒന്നും വിട്ടുപോകാതെ ശ്രദ്ധിക്കുക എന്നർത്ഥം. അതോടൊപ്പം കൈവിരലുകളും കാൽവിരലുകളും കഴുകുമ്പോൾ അവയ്ക്കിടയിൽ വിരലുകൾ കോർത്തു കൊണ്ട് വിരലുകൾ വേർപ്പെടുത്തി കഴുകുക. വുദൂഇനിടയിൽ മൂക്കിലേക്ക് വെള്ളം ശക്തിയായി വലിച്ചുകയറ്റി പുറത്തേക്ക് ചീറ്റുകയും ചെയ്യുക; നീ നോമ്പുകാരനാണെങ്കിൽ ഒഴികെ. വെള്ളം വയറ്റിൽ പ്രവേശിച്ചേക്കാമെന്നതിനാൽ നോമ്പുള്ളപ്പോൾ മൂക്കി ശക്തിയായി വെള്ളം കയറ്റി ചീറ്റരുത്."