عَنْ عُقْبَةَ بْنِ عَامِرٍ رَضيَ اللهُ عنه عَنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«كَفَّارَةُ النَّذْرِ كَفَّارَةُ اليَمِينِ».

[صحيح] - [رواه مسلم] - [صحيح مسلم: 1645]
المزيــد ...

ഉഖ്ബതു ബ്നു ആമിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നേർച്ചയുടെ പ്രായശ്ചിത്തം ശപഥലംഘനത്തിന്റെ പ്രായശ്ചിത്തം തന്നെയാണ്."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 1645]

വിശദീകരണം

ഒരു നിശ്ചിത കാര്യം ഞാൻ നിർബന്ധമായും ചെയ്തു കൊള്ളാമെന്ന് വ്യക്തമാക്കാതെയും പേരെടുത്തു പറയാതെയും നടത്തുന്ന പൊതുവായ നേർച്ചയുടെ (നദ്‌റുൽ മുത്‌ലഖ്) പ്രായശ്ചിത്തം, ശപഥം ലംഘിച്ചാൽ നൽകേണ്ട അതേ പ്രായശ്ചിത്തം (കഫ്ഫാറത്തുൽ യമീൻ) തന്നെയാണെന്ന് നബി (ﷺ) ഈ ഹദീഥിലൂടെ വ്യക്തമാക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നേർച്ച (നദ്‌റ്): പ്രായപൂർത്തിയും ബുദ്ധിയും സ്വയം തീരുമാനമെടുക്കാൻ കഴിവുമുള്ള ഒരാൾ (മുകല്ലഫ്), തനിക്ക് നിർബന്ധമല്ലാത്ത ഒരു കാര്യം അല്ലാഹുവിനുവേണ്ടി സ്വന്തത്തിന് മേൽ ബാധ്യതയാക്കുക എന്നതാണ് ഇസ്‌ലാമിൻ്റെ ഭാഷയിൽ നേർച്ച എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
  2. ശപഥലംഘനത്തിൻ്റെ പ്രായശ്ചിത്തം (കഫ്ഫാറത്തുൽ യമീൻ): പത്ത് പാവങ്ങൾക്ക് ഭക്ഷണം നൽകുക, അല്ലെങ്കിൽ അവർക്ക് വസ്ത്രം നൽകുക, അല്ലെങ്കിൽ ഒരു അടിമയെ മോചിപ്പിക്കുക എന്നതാണ്. ഈ പറഞ്ഞതൊന്നും സാധിക്കാത്തവർ മൂന്ന് ദിവസം നോമ്പ് അനുഷ്ഠിക്കണം.
  3. നേർച്ച തെറ്റിച്ചാൽ അതിന് പ്രായശ്ചിത്തം നിശ്ചയിച്ചതിൻ്റെ പിന്നിലെ യുക്തി: നേർച്ചയെന്ന ഇബാദത്തിന് ഒരു മുസ്‌ലിം ആദരവ് നൽകിയിരിക്കണം എന്നതാണ്. വീണ്ടും വീണ്ടും നേർച്ച നേരുന്നതിലേക്ക് അവൻ മടങ്ങാതിരിക്കുന്നതിനും, അവൻ്റെ നാവിൽ നേർച്ച നേരുക എന്നത് നിത്യസംഭവമാകാതിരിക്കാനും ഇത് സഹായിക്കുന്നതാണ്.
  4. നേർച്ചകൾ പലവിധമുണ്ട്:
  5. 1- പൊതുവായ നേർച്ച (നദ്‌റുൽ മുത്‌ലഖ്): ഉദാഹരണത്തിന്: "എനിക്ക് രോഗശമനം ലഭിച്ചാൽ അല്ലാഹുവിനുവേണ്ടി എനിക്കൊരു നേർച്ചയുണ്ട്" എന്ന് പറയുകയും, എന്താണ് നേർച്ചയെന്ന് വ്യക്തമാക്കാതിരിക്കുകയും ചെയ്യുക. രോഗശമനം ലഭിച്ചാൽ ഇയാൾ ശപഥലംഘനത്തിൻ്റെ പ്രായശ്ചിത്തം (കഫ്ഫാറത്തുൽ യമീൻ) നൽകണം.
  6. 2- വാശിയുടെയും ദേഷ്യത്തിന്റെയും വേളയിൽ സംഭവിക്കുന്ന നേർച്ച (നദ്റുൽ ഗദ്വബ്): ഒരു കാര്യം ചെയ്യുന്നതിൽ നിന്ന് (സ്വന്തത്തെയോ മറ്റാരെയെങ്കിലുമോ) തടയാനോ, അല്ലെങ്കിൽ ഒരു കാര്യം പ്രവർത്തിക്കാൻ വേണ്ടി നിർബന്ധം ചെലുത്തുന്നതിനോ വേണ്ടി നേർച്ചയെ ഒരു ഉപാധിയാക്കുക എന്നതാണ് ഈ പറഞ്ഞതിൻ്റെ ഉദ്ദേശ്യം. ഉദാഹരണത്തിന്: "ഞാൻ നിന്നോട് സംസാരിച്ചാൽ, ഒരു മാസം ഞാൻ നോമ്പ് അനുഷ്ഠിക്കണം എന്നത് എൻ്റെ നേർച്ചയാണ്." എന്നു പറയുക. ഇത്തരം നേർച്ചകൾ ഒരാൾ നേർന്നാൽ ഒന്നുകിൽ അവൻ പറഞ്ഞ കാര്യം അതേപടി പ്രവർത്തിക്കുക (സംസാരം ഒഴിവാക്കുക); അല്ലെങ്കിൽ നേർച്ച ലംഘിക്കുമ്പോൾ (അതായത്, സംസാരിച്ചാൽ) ശപഥലംഘനത്തിൻ്റെ പ്രായശ്ചിത്തം നൽകുക; ഇതിൽ രണ്ടിലൊന്ന് തിരഞ്ഞെടുക്കാം.
  7. 3- അനുവദനീയമായ നേർച്ച (നദ്‌റുൽ മുബാഹ്): ഉദാഹരണത്തിന്: "എന്റെ വസ്ത്രം ധരിക്കുമെന്ന് ഞാൻ അല്ലാഹുവിന് നേർച്ചയാക്കുന്നു." ഈ നേർച്ചയുടെ അടിസ്ഥാനത്തിൽ അവന് തൻ്റെ വസ്ത്രം ധരിക്കാം; അല്ലെങ്കിൽ ശപഥലംഘനത്തിൻ്റെ പ്രായശ്ചിത്തം നൽകാം. (രണ്ടിലൊന്ന് തിരഞ്ഞെടുക്കാം).
  8. 3- വെറുക്കപ്പെട്ട നേർച്ച (നദ്‌റുൽ മക്‌റൂഹ്): ഉദാഹരണത്തിന്: "എന്റെ ഭാര്യയെ വിവാഹമോചനം ചെയ്യുമെന്ന് ഞാൻ അല്ലാഹുവിന് നേർച്ചയാക്കുന്നു." ഇത്തരം സന്ദർഭങ്ങളിൽ പ്രായശ്ചിത്തം നൽകുന്നതാണ് സുന്നത്ത്; നേർച്ചയാക്കിയ കാര്യം (വിവാഹമോചനം) ചെയ്യാതിരിക്കുകയുമാണ് വേണ്ടത്. ഇനി ഒരാൾ നേർച്ച നിറവേറ്റുകയാണെങ്കിൽ അതിനുള്ള പ്രായശ്ചിത്തം നൽകേണ്ടതില്ല.
  9. 4- പാപത്തിനുള്ള നേർച്ച (നദ്‌റുൽ മഅ്‌സിയ): ഉദാഹരണത്തിന്: "ഞാൻ മോഷ്ടിക്കുമെന്ന് അല്ലാഹുവിന് നേർച്ചയാക്കുന്നു." ഇത്തരം നേർച്ചകൾ നിറവേറ്റൽ ഹറാമാണ് (നിഷിദ്ധമാണ്); പകരം നേർച്ച ലംഘിക്കുകയും ശപഥലംഘനത്തിൻ്റെ പ്രായശ്ചിത്തം നൽകുകയുമാണ് ചെയ്യേണ്ടത്. ഇനി അവൻ നേർച്ച പാലിച്ചു കൊണ്ട് ആ പ്രവൃത്തി ചെയ്യുകയാണെങ്കിൽ അവൻ്റെ മേൽ അത് പാപമായി രേഖപ്പെടുത്തപ്പെടും. നേർച്ച ലംഘിച്ചതിനുള്ള പ്രായശ്ചിത്തം ഇത്തരം സന്ദർഭത്തിൽ അവൻ നൽകേണ്ടതില്ല.
  10. 5- പുണ്യകർമ്മത്തിനുള്ള നേർച്ച (നദ്‌റു ത്വാഅ): ഉദാഹരണത്തിന്: "അല്ലാഹുവിന് വേണ്ടി ഞാൻ ഇന്ന നിസ്കാരം നിർവഹിക്കും" എന്ന് നേർച്ചയാക്കി പറയുക (അല്ലാഹുവിലേക്ക് അടുക്കുക എന്ന ഉദ്ദേശത്തോടെ). ഇതൊരു ഉപാധിയോടെയാണ് പറഞ്ഞതെങ്കിൽ (ഉദാ: രോഗം മാറിയാൽ ഞാൻ നിസ്കരിക്കും എന്നിങ്ങനെ രോഗശമനവുമായി ബന്ധപ്പെടുത്തിയാണെങ്കിൽ), ആ ഉപാധി നടന്നാൽ നേർച്ച നിറവേറ്റൽ നിർബന്ധമാണ്. ഉപാധികളില്ലാതെയാണ് പറഞ്ഞതെങ്കിൽ അത് നിറവേറ്റൽ നിരുപാധികം നിർബന്ധമാണ്.
പരിഭാഷ: ഇംഗ്ലീഷ് ഉർദു ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية الجورجية المقدونية الخميرية البنجابية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ