عَنْ عَبْدِ اللَّهِ بْنِ عَمْرٍو رضي الله عنهما قال: قال رَسولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«أَرْبَعٌ مَنْ كُنَّ فِيهِ كَانَ مُنَافِقًا، وَإِنْ كَانَتْ خَصْلَةٌ مِنْهُنَّ فِيهِ كَانَتْ فِيهِ خَصْلَةٌ مِنَ النِّفَاقِ حَتَّى يَدَعَهَا: مَنْ إِذَا حَدَّثَ كَذَبَ، وإِذَا وَعَدَ أَخْلَفَ، وإذَا خَاصَمَ فَجَرَ، وَإِذَا عَاهَدَ غَدَرَ».
[صحيح] - [رواه البخاري ومسلم] - [الأربعون النووية: 48]
المزيــد ...
അബ്ദുല്ലാഹി ബ്‌നു അംറ് ബ്‌നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നാല് കാര്യങ്ങൾ ആരിലെങ്കിലുമുണ്ടായാൽ അവൻ തനി മുനാഫിഖ് (കപടവിശ്വാസി) ആണ്, എന്നാൽ ആരിലെങ്കിലും ഇതിൽ നിന്ന് ഏതെങ്കിലുമൊരു കാര്യമുണ്ടായാൽ അവൻ ആ കാര്യം വെടിയുന്നത് വരെ കാപട്യത്തിന്റെ അംശം അവനിൽ ഉണ്ടായിരിക്കും, അവ: വിശ്വസിച്ചാൽ ചതിക്കും, സംസാരിച്ചാൽ കളവ് പറയും, കരാർ ചെയ്താൽ ലംഘിക്കും, തർക്കിച്ചാൽ ജയിക്കാൻ മോശമായ മാർഗങ്ങൾ സ്വീകരിക്കും.''
[സ്വഹീഹ്] - [رواه البخاري ومسلم] - [الأربعون النووية - 48]
നാല് സ്വഭാവങ്ങളിൽ നിന്ന് നബി -ﷺ- താക്കീത് നൽകുന്നു; അവ ഒരാളിൽ ഒരുമിച്ചാൽ അവനിൽ കപടവിശ്വാസിയോട് കടുത്ത സാദൃശ്യമുണ്ട്. ഹദീഥിൽ പറയപ്പെട്ട ഈ സ്വഭാവങ്ങൾ ഒരാളുടെ പൊതുസ്വഭാവമായി മാറിയാലുള്ള കാര്യമാണ് ഇവിടെ പറയുന്നത്; അതല്ലാതെ എപ്പോഴെങ്കിലും ഒരാളിൽ നിന്ന് ഇത്തരം കാര്യം സംഭവിക്കുന്നതിനെ കുറിച്ചല്ല.
ഒന്നാമത്തെ സ്വഭാവം: സംസാരിച്ചാൽ ബോധപൂർവ്വം കളവ് പറയുക എന്നതും, സംസാരത്തിൽ സത്യസന്ധത പാലിക്കാതിരിക്കുകയും ചെയ്യുക എന്നതാണ്.
രണ്ടാമത്തേത്; കരാർ ചെയ്താൽ അത് പാലിക്കാതിരിക്കുക എന്നതും, കരാർ ചെയ്തവനെ വഞ്ചിക്കുക എന്നതുമാണ്.
മൂന്നാമത്തേത്; വാഗ്ദാനം നൽകിയാൽ അത് പാലിക്കാതിരിക്കുക എന്നതും, വാഗ്ദാനം ലംഘിക്കുക എന്നതുമാണ്.
നാലാമത്തേത്, തർക്കിക്കുകയും വാദപ്രതിവാദത്തിൽ ഏർപ്പെടുകയും ചെയ്താൽ കഠിനമായി തർക്കിക്കുകയും, സത്യത്തിൻ്റെ വഴിയിൽ നിന്ന് തെറ്റിപ്പോകുകയും, മറുപടി നൽകാൻ കുതർക്കവും അന്യായവും പ്രയോഗിക്കുകയും, കളവും അസത്യവും പറയുക എന്നതുമാണ്.
കപടവിശ്വാസം (നിഫാഖ്) എന്നാൽ ഒരാൾ യാഥാർത്ഥ്യത്തിന് വിരുദ്ധമായത് പുറമേക്ക് പ്രകടിപ്പിക്കുക എന്നതാണ്. ഹദീഥിൽ പറയപ്പെട്ട നാല് സ്വഭാവങ്ങളിലും ഇത് പൊതുവായി കാണാം. സംസാരിക്കുമ്പോഴും വാഗ്ദാനം നൽകുമ്പോഴും വിശ്വസിച്ചേൽപ്പിക്കപ്പെടുമ്പോഴും, തർക്കിക്കുമ്പോഴുമെല്ലാം അവൻ തൻ്റെ എതിർപക്ഷത്ത് നിൽക്കുന്നവനോട് ഒരർത്ഥത്തിലുള്ള കപടതയാണ് പുലർത്തുന്നത്.
എന്നാൽ ഇസ്‌ലാമിൽ വിശ്വാസമില്ലാതെ, ഉള്ളിൽ നിഷേധം ഒളിപ്പിച്ചു കൊണ്ട് പുറമേക്ക് മുസ്‌ലിമാണെന്ന് പ്രകടിപ്പിക്കുന്ന തരത്തിലുള്ള നിഫാഖും യഥാർഥ കപടവിശ്വാസവും അവനുണ്ട് എന്ന് ഈ പറഞ്ഞതിന് അർത്ഥമില്ല. ആരിലെങ്കിലും ഈ ഹദീഥിൽ പറയപ്പെട്ട സ്വഭാവങ്ങളുണ്ടെങ്കിൽ മുനാഫിഖിൻ്റെ ആ വിശേഷണം അവൻ ഉപേക്ഷിക്കുന്നത് വരെ അവനിൽ അത് നിലനിൽക്കുന്നുണ്ട് എന്നു മാത്രം.