عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَقَفَ عَلَى نَاسٍ جُلُوسٍ، فَقَالَ:
«أَلاَ أُخْبِرُكُمْ بِخَيْرِكُمْ مِنْ شَرِّكُمْ؟» قَالَ: فَسَكَتُوا، فَقَالَ ذَلِكَ ثَلاَثَ مَرَّاتٍ، فَقَالَ رَجُلٌ: بَلَى يَا رَسُولَ اللهِ، أَخْبِرْنَا بِخَيْرِنَا مِنْ شَرِّنَا، قَالَ: «خَيْرُكُمْ مَنْ يُرْجَى خَيْرُهُ وَيُؤْمَنُ شَرُّهُ، وَشَرُّكُمْ مَنْ لاَ يُرْجَى خَيْرُهُ وَلاَ يُؤْمَنُ شَرُّهُ».

[صحيح] - [رواه الترمذي] - [سنن الترمذي: 2263]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- വിൽ നിന്നും നിവേദനം: ഇരിക്കുന്ന കുറച്ച് ആളുകൾക്ക് അരികിൽ അല്ലാഹുവിൻ്റെ റസൂൽ -ﷺ- നിന്നുകൊണ്ട് ചോദിച്ചു:
"നിങ്ങളിലെ നല്ലവരെയും മോശക്കാരെയും കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ?" (അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- പറയുന്നു): അപ്പോൾ അവർ മൗനം പാലിച്ചു. നബി -ﷺ- അത് മൂന്ന് തവണ ആവർത്തിച്ചു. അപ്പോൾ ഒരാൾ പറഞ്ഞു: "അതെ, അല്ലാഹുവിൻ്റെ റസൂലേ, ഞങ്ങളിലെ നല്ലവരെയും മോശക്കാരെയും കുറിച്ച് ഞങ്ങൾക്ക് പറഞ്ഞുതന്നാലും." നബി -ﷺ- പറഞ്ഞു: "ഒരാളുടെ നന്മ പ്രതീക്ഷിക്കപ്പെടുകയും, അയാളുടെ തിന്മയിൽ നിന്ന് നിർഭയത്വമുണ്ടായിരിക്കുകയും ചെയ്യുന്നെങ്കിൽ അവനാണ് നിങ്ങളിൽ ഏറ്റവും നല്ലവൻ. ഒരാളിൽ നിന്ന് നന്മ പ്രതീക്ഷിക്കപ്പെടാതിരിക്കുകയും അവൻ്റെ ഉപദ്രവത്തിൽ നിന്ന് നിർഭയത്വമില്ലാതിരിക്കുകയുമാണെങ്കിൽ, അവനാണ് നിങ്ങളിൽ ഏറ്റവും മോശക്കാരൻ."

[സ്വഹീഹ്] - [തുർമുദി ഉദ്ധരിച്ചത്] - [سنن الترمذي - 2263]

വിശദീകരണം

തൻ്റെ സ്വഹാബികളിൽ പെട്ട ചിലർ കൂടിയിരിക്കുന്നത് കണ്ടപ്പോൾ നബി -ﷺ- അവരുടെ അരികിൽ നിൽക്കുകയും അവരോട് ഇപ്രകാരം ചോദിക്കുകയും ചെയ്തു: 'നിങ്ങളിൽ ആരാണ് ഏറ്റവും നല്ലവൻ എന്നും ആരാണ് ഏറ്റവും മോശക്കാരനെന്നും ഞാൻ നിങ്ങൾക്ക് പഠിപ്പിച്ചു തരട്ടെയോ?' എന്നാൽ അവർ ഒന്നും മിണ്ടാതെ മൗനം പാലിച്ചു. തങ്ങളിലെ നല്ലവരും ചീത്തവരും വേർതിരിക്കപ്പെടുകയും, അങ്ങനെ തങ്ങൾ വഷളാവുകയും ചെയ്തേക്കുമോ എന്ന് അവർ ഭയന്നു. നബി -ﷺ- ആ ചോദ്യം മൂന്ന് തവണ ആവർത്തിച്ചു. അപ്പോൾ അവരിൽ ഒരാൾ മറുപടി പറഞ്ഞു: "അതെ അല്ലാഹുവിൻ്റെ റസൂലേ, ഞങ്ങളിലെ നല്ലവരെയും മോശക്കാരെയും കുറിച്ച് ഞങ്ങൾക്ക് പറഞ്ഞുതന്നാലും." അപ്പോൾ നബി -ﷺ- അവർക്ക് ഇപ്രകാരം വ്യക്തമാക്കി കൊടുത്തു: "ഒരാളിൽ നിന്ന് നന്മയും സഹായവും ഉപകാരവും പ്രതീക്ഷിക്കപ്പെടുകയും, അയാളിൽ നിന്ന് അതിക്രമമോ തിന്മയോ അനീതിയോ പേടിക്കേണ്ടതില്ലാത്ത സ്ഥിതിയുണ്ടായിരിക്കുകയുമാണെങ്കിൽ അവനാണ് നിങ്ങളിൽ ഏറ്റവും നല്ലവൻ. എന്നാൽ ഒരാളിൽ നിന്ന് എന്തെങ്കിലുമൊരു നന്മയോ ഉപകാരമോ സൽകർമ്മമോ പ്രതീക്ഷിക്കപ്പെടാതിരിക്കുകയും, അവൻ്റെ ഉപദ്രവത്തെ കുറിച്ച് ഭയക്കേണ്ടി വരികയും ചെയ്യുന്നുണ്ടെങ്കിൽ അവനാണ് നിങ്ങളിൽ ഏറ്റവും മോശക്കാരൻ."

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ജനങ്ങളിൽ വെച്ച് ഉത്തമരായവർ ആരാണെന്നും മോശക്കാർ ആരാണെന്നും ഈ ഹദീഥിലൂടെ നബി (ﷺ) വ്യക്തമാക്കിയിരിക്കുന്നു.
  2. മറ്റുള്ളവരിലേക്ക് എത്തുന്ന ഉപകാരവും ഉപദ്രവവുമാണ് സ്വന്തത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന നന്മ തിന്മകളെക്കാൾ ഗൗരവം.
  3. സൽസ്വഭാവം ശീലിക്കാനും ജനങ്ങളുമായി നല്ല രീതിയിൽ ഇടപഴകാനും ഈ ഹദീഥ് പ്രോത്സാഹിപ്പിക്കുന്നു. അക്രമവും തിന്മയും അനീതിയും ഒഴിവാക്കണമെന്ന് താക്കീത് നൽകുകയും ചെയ്യുന്നു.
വിവർത്തനം പ്രദർശിപ്പിക്കുക
ഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി കൂടുതൽ (21)
കൂടുതൽ